സിദ്ധാർത്ഥനോട്

നിന്നോടൊപ്പമാകുകയെന്നാൽ
കാടും മേടും ഒറ്റയടിപ്പാതയും
നെൽപ്പാടവുമിവൾക്കൊരുപോലെയെന്നാണ് …

കൊടുംകാട്ടിൽ വഴി മറക്കാതെയും
കാലുകളിടറാതെയും
യാത്ര തുടരുന്നവളെന്നാണ് ..

നിത്യം കണ്ട കാഴ്ചകളെന്നാലും
ദൃശ്യങ്ങൾക്ക്‌ പതിവിലേറെ
തിളക്കമെന്നാണ് …

സിദ്ധാർത്ഥാ  ……!
നിന്നോടൊപ്പമാകുകയെന്നാലിവൾക്ക്
ഓരോപുൽനാമ്പുകളാലും
പ്രണയിക്കപ്പെടുന്ന പോലെയാണ് …

നിന്നോട്ചേർത്തുനിർത്തുമ്പോൾ
ഏറെയെളുപ്പത്തിലൊരു
കുട്ടിയാകുകയെന്നാണ്…

മുടിയിഴ തലോടുമ്പോൾ
മേഘങ്ങളോടും നിലാവിനോടും ചേരുകയെന്നാണ്

നിന്നോടൊപ്പമാകുകയെന്നാൽ
ഇരുട്ടിൽനിന്നും വെളിച്ചത്തിലേയ്ക്കും
സ്നേഹത്തിലേക്കും നിറവിലേക്കും
യാത്രയാകുകയെന്നാണ് ..

നിന്നോടൊപ്പമെന്നാലിവൾ
കടന്നുപോയ കാറ്റിന്റെ രഹസ്യം
പോലുമറിഞ്ഞവളെന്നാണ്

നിന്നോടൊപ്പമാകുകയെന്നാലിവൾ
മഴനൂലുകൾക്കൊപ്പം നൃത്തം ചെയ്യുകയത്രേ

നിന്നോടൊപ്പമാകുകയെന്നാൽ
പിൻനടത്തങ്ങളില്ലാത്തവളെന്നാണ്

നിന്നോടൊപ്പമാകുമ്പോഴിവൾ
നിശ്ശബ്ദമായൊരു മുളന്തണ്ടാകില്ല
നിശ്ചലമായ തടാകമാകില്ല

സിദ്ധാർത്ഥാ…!
നിന്നെപ്പോലെ അഥവാ
നീയാകുക എളുപ്പമല്ലെന്നാലിവൾ
നിന്നോടൊപ്പമാകുമ്പോഴെല്ലാം
താനേ നിറയുന്നൊരു പുഴ
നിറഞ്ഞു പൂക്കും വനമുല്ല
തനിയെ പാടും  സ്വരവീണ ….!

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ അസ്സോസിയേറ്റ് പ്രൊഫസർ. കവിതയിൽ അഭിരുചി .