സഹയാത്രികൻ

ഇന്നലെ കട്ടപ്പന വരെ പോയി, തിരികെവരുംവഴി കുമളി എത്തിയപ്പോൾ തന്നെ ലേശം ഇരുട്ടിത്തുടങ്ങിയിരുന്നു. ഭാഗ്യത്തിനു കോട്ടയം ബസ് സ്റ്റാൻഡിൽ കിടപ്പുണ്ടായിരുന്നു. രാത്രി ആവുന്ന കാരണമായിരിക്കാം, അധികം യാത്രക്കാരും ഉണ്ടായിരുന്നില്ല. ബസ് എടുക്കുവാൻ തുടങ്ങിയപ്പോഴേക്കും ഒരാൾ ഓടി വരുന്നു .. ‘ എടുക്കല്ലേ, ഒരാൾ കൂടി ‘ എന്നു നിലവിളിച്ചും കൊണ്ട്.

ബസ് കിട്ടിയ സന്തോഷത്താൽ ആ ചെറുപ്പക്കാരൻ എന്റെ അടുത്തു വന്നിരുന്നു. ഓടി വന്നതിന്റെ ആവാം, അയാൾ നന്നേ വിയർത്തിരുന്നു. അപ്പോഴാണ് ഞാൻ അതു ശ്രദ്ധിച്ചത്.. അയാൾക്കു ഇടത്തെ കൈ ഇല്ല. തെല്ലും പരിഭവമോ ബുദ്ധിമുട്ടോ കൂടാതെ അയാൾ പാന്റിന്റെ പോക്കറ്റിൽ നിന്നും പേഴ്സെടുത്തു, തന്റെ ടിക്കറ്റ് ആവശ്യപ്പെട്ടു .. ‘ ഒരു കോട്ടയം ‘.

ഞാൻ ചിന്തിച്ചു തുടങ്ങി.. കുറേ വർഷങ്ങൾക്കു മുമ്പ് മൈസൂരിൽ വച്ച് ഒരു അപകടത്തിൽ എന്റെ ഇടത്തെ കൈ ഒടിഞ്ഞതും, ഏതാണ്ട് രണ്ടു മാസത്തോളം വലത്തെ കൈയ്യുടെ മാത്രം സഹായത്താൽ വളരെ ബുദ്ധിമുട്ടിയ സമയങ്ങളെകുറിച്ചും. കൈലി ഉടുക്കുവാനും പാന്റിന്റെ ഹുക്കിടുവാനും ഒക്കെ ആയിരുന്നു ഏറ്റം പ്രയാസം. ഏതാണ്ട് ഒരാഴ്ചയെടുത്തു എല്ലാം ഒന്നു ശീലിക്കുവാൻ. അന്നുമുതൽ ചിന്തിക്കുന്നതാ, ഈ കൈ ഇല്ലാത്തവരുടെ കഷ്ടപ്പാടുകൾ.

‘ സർ എങ്ങോട്ടാ ‘ .. അയാൾ സംസാരം തുടങ്ങി. പിന്നീടങ്ങോട്ടു ചോദ്യങ്ങൾ മാത്രമായിരുന്നു എനിക്കു നേരെ. എന്റെ പേരു്, പ്രായം, കുടുംബം, ജോലി, ജീവിതാനുഭവങ്ങൾ.. എന്നു വേണ്ട, ഞാൻ എങ്ങിനെ കുമളിയിൽ എത്തി എന്നു വരെ ചോദിച്ചറിഞ്ഞു. അയാളുടെ സംസാരത്തിൽ ഒരു പ്രത്യേകത തോന്നിയതു കൊണ്ട് എല്ലാത്തിനും ഉത്തരങ്ങൾ നൽകാൻ ഞാൻ മടിച്ചില്ല. ബഹുമാനം, സ്നേഹം, കരുതൽ …. മാത്രമല്ല, എപ്പോഴും ആ മുഖത്ത് ഒരു തരം സന്തോഷവും സംതൃപ്തിയും ഞാൻ കണ്ടു. യാത്രയിൽ തനിച്ചാണെന്നു തോന്നിയതുമില്ല. വണ്ടിപ്പെരിയാറും പീരുമേടും കടന്നുപോയത് ഞാൻ അറിഞ്ഞതും ഇല്ല.

കുട്ടിക്കാനം കഴിഞ്ഞപ്പോൾ കടുത്ത മൂടൽമഞ്ഞിൽ ബസ് ഓടിക്കുവാൻ ഡ്രൈവർ നന്നേ വിഷമിക്കുന്നതു അയാൾ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നതു ഞാൻ കണ്ടു. എന്നോടുള്ള സംസാരവും കുറഞ്ഞു. അത്രയും നേരം എന്നോടു വാതോരാതെ സംസാരിച്ച അയാൾ എന്തു കൊണ്ടായിരിക്കും പെട്ടെന്നു സംസാരം കുറച്ചത് ! എനിക്കു പെട്ടെന്നു ഉത്തരം കിട്ടി .. നന്മ നിറഞ്ഞ മനസ്സുമായി എനിക്കു കൂട്ടു നൽകിയ അയാൾ, അല്പനേരം ആ ഡ്രൈവറിനു വേണ്ടിയും പ്രാർത്ഥിച്ചിരുന്നതാവാം. അതെ, അയാൾക്കേ അതിനു കഴിയുമായിരുന്നുള്ളൂ.

‘മുണ്ടക്കയം കഴിഞ്ഞു സർ ‘ .. അപ്പോഴാണ് ഞാൻ അമ്പരന്നത്. അയാളുടെ പേരോ മറ്റൊരു വിവരമോ ഞാൻ ചോദിച്ചറിഞ്ഞില്ല. ഇനി അതിനു സമയവും ഇല്ല. എവിടെയോ ഒരു നോമ്പരം അനുഭവപ്പെട്ടു എനിക്ക്, അതോ കുറ്റബോധമായിരുന്നോ. മാനുഷിക ബലഹീനതയാലാണോ, അതോ എന്റെ അറിവില്ലായ്മയാലാണോ .. അറിയില്ല.. ഞാൻ അയാളോടു ആദ്യമായി ഒരു ചോദ്യം ചോദിച്ചു ‘ഒരു കൈ കൊണ്ട് മാത്രം ജീവിക്കുന്നതിൽ താങ്കൾക്കു പ്രയാസമില്ലേ ? ‘. അയാളുടെ മറുപടി പെട്ടെന്നായിരുന്നു .. ‘എനിക്കാരേയും ചേർത്തു പിടിക്കാൻ ഒരു കൈ പോരേ സർ, മറ്റുള്ളവർക്കെന്നെ ചേർത്തു പിടിക്കാൻ അവരുടെ നല്ല മനസ്സുകളും മതിയാവും ‘.

ഒരു സിംഗിൾ ബെല്ലടിക്കുന്നതും പാറത്തോടു, പാറത്തോടു എന്നു കണ്ടക്ടർ പറയുന്നതും കേട്ടു. എന്റെ സഹയാത്രികനോടു ഞാൻ വിട പറഞ്ഞിറങ്ങി. ഇറങ്ങുന്നതിനു മുമ്പ് അയാളുടെ മുഖം ഒന്നു കൂടി കാണുവാൻ ഞാൻ ആ സീറ്റിലേക്കൊന്നെത്തി നോക്കി. അയാൾ അവിടെയില്ല ! അയാൾ എവിടെപ്പോയി .. ഇത്ര പെട്ടെന്നു !!

സ്വപ്നങ്ങൾക്കും ഒരു മനോഹര യാത്രയുടെ സൗന്ദര്യമോ…

കാഞ്ഞിരപ്പള്ളി സ്വദേശി. കഴക്കൂട്ടം സൈനിക സ്കൂളിലും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലും ബാംഗ്ളൂർ വിശ്വേശ്വരയ്യാ ഗവ. എൻജിനീയറിംഗ് കോളേജിലും വിദ്യാഭ്യാസം. മാർക്കറ്റിംഗിലും ബാങ്കുകളുടെ ചെക്ക് ബുക്ക് പ്രിന്റിംഗിലും കരിയർ.