സമാധി

വീട്ടുമുറ്റം ഇന്നലെ സമാധിയായി!
കോൺക്രീറ്റ് കല്ലറയ്ക്കുള്ളിൽ
അത് അന്ത്യനിദ്ര പുൽകി.
ചിണുങ്ങിയെത്തിയ മഴ
ഒഴുകാൻ കഴിയാതെ പിണങ്ങിപ്പോയി
ക്ഷണിക ജീവിതം കാട്ടിത്തന്ന
നീർക്കുമിളകൾ
ആരെയും കാക്കാതെ
ഉടഞ്ഞുപോയി
പെട്ടന്നൊരുദിവസം
തലയുയർത്തുന്ന
പുൽത്തകിടികൾ
വെളിച്ചം വന്നതറിയാതെ
ഉറങ്ങിപ്പോയി
വീട്ടുമുറ്റം ഇന്നലെ സമാധിയായി
കോൺക്രീറ്റ് കല്ലറയ്ക്കുള്ളിൽ
അത് അന്ത്യനിദ്ര പുൽകി.

കണ്ണൂർ ജില്ലയിലെ തൊടീക്കളം, കണ്ണവം സ്വദേശി. ഇപ്പോൾ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ഗവേഷക. കഥകളും കവിതകളും എഴുതുന്നു.