സമരിയാക്കാരൻ

ജീവിതത്തിൽ കളഞ്ഞുപോയവനെ

പള്ളിമേടയുടെ കണ്ണാടിയിൽ കണ്ടെത്തി.

കരിയില പോലെ വിറച്ച്

കനൽപോലെ തിളച്ച്

ധ്യാനത്തിനും, ബോധത്തിനും മധ്യേ

ഉരുകിയുരുകിയങ്ങിനെ…

വിശ്വാസങ്ങളാൽ കെട്ടിയിടപ്പെട്ട ആചാരങ്ങളിൽ

അവൻ മുട്ടുകുത്തി പ്രാർത്ഥിച്ചു.

മജ്ജയ്ക്കും, രക്തത്തിനുമിടയിൽ

ഒളിച്ചോടുന്ന വികാരങ്ങളിൽ

നീതിബോധത്തിന്റെ മരക്കുരിശുകൊണ്ട്

പത്തുകൽപ്പനകളാൽ വെഞ്ചെരിച്ചു.

നിശ്വാസങ്ങളുടെ ജപമണികൾ

ഭയത്തിലും കോപത്തിലും നിമിഷങ്ങളെണ്ണി 

യൗവന തീഷ്ണമായൊരുടൽ വിളികളിൽ

വേദപുസ്തകത്തിലെ 

വാലുമൂട്ടകളുടെ മണം തിണർത്തു.

മൂകത വിതച്ച നാട്ടുവഴികളിൽ

കറുത്തിരുണ്ട നിഴൽപോലെ

അടക്കിപ്പിടിച്ച ശബ്ദങ്ങളെ 

വിതച്ചുവിതച്ച്

ഒരു രൂപമെന്നു തോന്നിപ്പിച്ചുകൊണ്ട്

ഓരോയിലയ്ക്കും മറപിടിച്ച്

ഒരേകാന്തത നാടിറങ്ങിപ്പോയി.

വിശപ്പിന്റെ വീട്ടുവാതുക്കൽ 

കരിഞ്ഞുണങ്ങിയ പാത്രങ്ങൾ

നിരത്തിവെച്ചിട്ടുണ്ടായിരുന്നു.

ആർത്തിയുടെ ഓരോ കയറ്റത്തിലും

 ആകാംക്ഷകളെ മറന്നുവെച്ചു.

സ്നേഹത്തിന്റെ നിലവിളികളിൽ 

വേട്ടയാടുന്ന ന്യായവിധിയിൽ

നിരപരാധിയുടെ 

കൊലക്കയർ സ്വപ്നം കണ്ടു.

മഴവില്ലുദിച്ച ആകാശത്തിന്റെ 

വിശാലതയിൽ

വെള്ളിമേഘങ്ങൾ 

ആടുമേയ്ക്കാനിറങ്ങുമ്പോൾ

ഒരാട്ടിടയന്റെ മേലങ്കിയണിയാൻ മോഹിച്ചു.

ബലിച്ചോരകൊണ്ട് 

അനശ്വരമാക്കപ്പെട്ട നഗരത്തിൽ

ശവപ്പെട്ടിയിലടച്ച ഭൂതത്തിന്റെ ജഡശരീരം പോലെ

ഓരോ പുലർച്ചയിലും ബോധത്തിലേക്ക് ഉയിർത്തെഴുന്നേറ്റു.

ജീവിതത്തിന്റെയകലം കുറയുംതോറും

ആകാശം താഴേക്കിറങ്ങിവരുന്ന സായാഹ്നത്തിൽ

തലകുമ്പിട്ട്, അപ്രതീക്ഷിത പതനത്തിന്റെ

വിശ്വാസത്തകർച്ചയിലേക്ക് മനമൂന്നി

നല്ല സമരിയാക്കാരൻ വിശപ്പ് കടിച്ച് മരിച്ചു.

ഇടവകപ്പുസ്തകത്തിൽ മാമോദീസാദിനമെഴുതാത്തതിനാൽ

മരണത്തിൽ അവൻ സമുദായ ഭ്രഷ്ടനാക്കപ്പെട്ടു.

ശരീരംകൊണ്ടും വേഷംകൊണ്ടും 

സാഹചര്യത്തെളിവുകളിലും

ജ്ഞാനസ്നാനപ്പെട്ടവനെങ്കിലും

ആഭിചാരങ്ങളുടെ ഉപക്രമത്തിൽത്തന്നെ

വേരിനു തീപിടിച്ചവനെന്നു മുദ്രചാർത്തിയവൻ.

പേരിനുപോലും ബന്ധംതെളിയിക്കപ്പെടാത്തവൻ

ആകാശത്തോളമുയർന്ന 

മരക്കുരിശിനുമേൽ

ചോരനിറമാർന്നൊരു 

കൊടികെട്ടിയതിന്റെ പേരിൽ

കമ്മ്യൂണിസ്റ്റ്പച്ചകൾ 

കാടുപിടിച്ചതെമ്മാടിക്കുഴിയിൽ

ഒരുകൂദാശയിലും മലിനപ്പെടാതെ 

ഭൂതകാലത്തേക്ക് ചെമ്മണ്ണു പുതച്ചു.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.