സന്ധ്യയും നമ്മളും പോകുന്നിടം

മനുഷ്യന്റെ സ്വസ്ഥജീവിതത്തിന്റെയും പ്രകൃതിയുടെ നിലനിപ്പിന്റെയും ജനിതക രഹസ്യമലിഞ്ഞു ചേർന്നിരിക്കുന്നത്, കിടക്കുന്നത് സ്നേഹ സാന്ത്വനങ്ങളിലാണെന്നാണ് പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കിയാൽ പോയ കാലവും കണ്ടുമുട്ടിയ മനുഷ്യരും നമ്മോട് പറഞ്ഞിട്ടുണ്ടാവുക. ചിന്തയുടെ നിഗൂഢ മാർഗങ്ങളിലൂടെ സഞ്ചരിച്ച് ചുറ്റിലും കാണുന്നതിലെല്ലാം കവിതയെ തിരയുകയും കണ്ടതും കൊണ്ടതുമെല്ലാം വരികളിൽ അലിയിപ്പിച്ച് വായനക്കാരന്റെ മനസ്സകങ്ങളിൽ അക്ഷരങ്ങളാൽ കനൽ കോരിയിടുകയും ചെയ്യുമ്പോൾ എഴുത്തുകാരുടെ മനസ്സിൽ ഒരു കുളിർമഴ പെയ്യുന്നുണ്ടാവണം. സന്ധ്യ പോകുന്നിടമെന്ന അജിത ടി.പി കൃഷ്ണയുടെ കവിതാസമാഹാരം തപ്തഹൃദയവും കാർഗിലും പുനർജന്മവും ഓർമ്മയും ഇഷ്ടവുമൊക്കെ വരികളുടെ രൂപത്തിൽ വിറകുകളാക്കി വായനക്കാരുടെ മനസ്സിൽ തീ പടർത്തുന്നവയാണ്.

ഒരിക്കൽ കായ്കനികളേകിയ വൃക്ഷത്തെ കൈവിട്ട് പുതിയ പച്ചപ്പ് തേടി പറന്നകലുന്ന പക്ഷികളെപറ്റി പറയുന്ന തുരുത്ത് എന്ന ആദ്യ കവിതയിലൂടെ തുടങ്ങുന്ന കവിതാസമാഹാര സഞ്ചാരം തുടരുന്നത് സർവ്വതിനോടും നമുക്ക് തന്നോട് തന്നെയും ചുറ്റുമുള്ള മനുഷ്യരുമായും താരതമ്യം ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള വരികളുടെ മികവാർന്ന അടുക്കിവെക്കൽ ആസ്വദിച്ചു കൊണ്ടാണ്. വേനലിലെരിഞ്ഞ് അകവും പുറവും ഒരേപോലെ ചുട്ടപ്പോഴാണവർ കുളത്തെ തിരഞ്ഞത് എന്ന വരികൾ കൊണ്ടാണ് ഇന്നിവിടെയിങ്ങനെയെന്ന കവിതയുടെ തുടക്കം, ഉറവ നിലച്ചതിനാൽ മഞ്ഞ കുത്തി ഛർദ്ദിച്ച് അവശനായ ഒരു കിണർ താളുകളിലെന്ന പോലെ നമുക്ക് ചുറ്റുമുണ്ട്. തണുപ്പിച്ച കുപ്പിവെള്ളം കയ്യറക്കാതെ വാങ്ങാനുള്ള പ്രാപ്തിയും കയ്യെത്തും ദൂരത്ത് സുലഭമായി ലഭ്യമാവാനും തുടങ്ങിയ അന്നുമുതൽ ഇവിടം ഇങ്ങിനെയാണെന്ന കുറ്റബോധം തൂലിക ചലിപ്പിച്ചവളിൽ നിന്ന് താളുകളിൽ കണ്ണോടിച്ചവരിലും നിറയും.

ആരോഗ്യം ക്ഷയിക്കുക എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഭൂമിയിലെ സകല രസങ്ങളും ഉൾവലിയുക എന്നതാണെന്ന ഉത്തമ ബോധ്യം പാലിയേറ്റിവ് കെയർ അംഗം എന്ന തൻറെ കർമ്മ മേഖല അനുഭവം കൊണ്ട് പഠിപ്പിച്ചിരിക്കുന്നു എന്നത് കൂടി പല അലങ്കാരങ്ങളിൽ കൂടിയും സന്ധ്യ പോകുന്നിടത്ത് മേഘങ്ങൾ കോറിയിട്ടത് പോലെ എഴുത്തുകാരി വരച്ചിടുന്നുണ്ട്. ആ അതായിരിക്കണം ആത്മഹത്യ ചെയ്തവന്റെ പുസ്തകത്തിൽ വീട്ടിനകത്തെ മുറിയിലായിരുന്നിട്ടും മരുഭൂമിയിലകപ്പെട്ട മനുഷ്യന്റെ പിടച്ചിലെന്ന വാചകം തെളിഞ്ഞു കണ്ടത്. നിരാലംബരും നിരാശാഭരിതരുമായി സ്വന്തം മനസ്സ് പോലും നഷ്ടപ്പെട്ടവർ ശരീരമുപേക്ഷിച്ച് മടങ്ങാതിരിക്കാൻ ഒരു കരണമുണ്ടെങ്കിൽ അത് തന്റെ വിയോഗം ഒരാളെയെങ്കിലും വേദനിപ്പിക്കുമല്ലോ എന്ന എണ്ണ വറ്റാറായ വിളക്കുപോലെയുള്ള നേർത്തൊരു ചിന്തമാത്രമാണ്. അല്ലെങ്കിൽ അജിത പറയുന്നത് പോലെ വായിച്ചെടുക്കാൻ അർത്ഥമില്ലാത്തതിനാൽ വെട്ടിയും കുത്തിയും തിരുത്താൻ നോക്കി വീണ്ടുമതുതന്നെ ആവർത്തിച്ച ചില താളുകൾ കീറിക്കളഞ്ഞതിന്റെ അവശേഷിപ്പായി മാറും ആത്മഹത്യ ചെയ്തവന്റെ പുസ്തകം.

അന്ധകാരത്തിൽ നിന്ന് പ്രത്യാശയുടെ പുലരിയിലേക്ക് എന്ന പോലെ കൊടിയ ചൂടിൽ മണ്ണിനും മനുഷ്യനും ജീവജലമാണ് ചാറ്റൽ മഴ. നെഞ്ചിൽ നൊമ്പരങ്ങളുടെ ഇടിമുഴങ്ങുമ്പോൾ മുഖത്ത് കൊള്ളിയാൻ തെളിയും. പതിയെ പതിയെ നമ്മളൊരു ചാറ്റൽ മഴയാവും. ആണത്തമെന്ന അലിഖിതമായ നിയമങ്ങൾ ശൈശവ ദശയിൽ തന്നെ ലോകം കുത്തിവെച്ചത് കൊണ്ടാവണം കവയത്രിയുടെ ചാറ്റൽ മഴയാവണം എന്ന ആഗ്രഹം “ചാറ്റൽ മഴപ്പെണ്ണാവണം” എന്ന രണ്ടിലൊരാളുടെ ആഗ്രഹം മാത്രമായി പരിമിതപ്പെട്ടത്. മായ്ച്ചെടുക്കാൻ ഒരു കുഞ്ഞിളം വെയിലിനെയെങ്കിലും കൂട്ടു പ്രതീക്ഷിക്കാതെ ഒരു ചാറ്റൽ മഴയും മണ്ണിലേക്ക് വന്നുവീണിട്ടില്ലല്ലോ. എണ്ണപ്പാടങ്ങളിൽ ഡോളറിനായി വലവീശുന്ന പ്രവാസിയുടെ ഉള്ളിലും തന്നെ കാത്തിരിക്കുന്ന ഒരു ചാറ്റൽ മഴയുടെ ചിത്രമുണ്ട്. പ്രവാസി എന്ന കവിതയിൽ കൂടപ്പിറപ്പുകളുടെ സ്വപ്നങ്ങൾക്ക് ആശ്വാസത്തിന്റെ തൂവാല തുന്നുന്നവൻ എന്ന് പറയാനുള്ള പ്രേരണ സ്വന്തം ആമാശയം നിറക്കുന്നതിനേക്കാൾ കാത്തിരിക്കുന്നവരുടെ ആഗ്രഹങ്ങൾക്ക് മുൻഗണന കൊടുക്കുന്ന പ്രവാസി ജീവിതങ്ങളെ അടുത്തറിയുന്നത് കൊണ്ടുതന്നെയാവണം.

ഒറ്റത്തടിയിൽ ഏകാഗ്രമായി തപസ്സനുഷ്ഠിക്കുന്ന ഋഷിവര്യന്മാരെ പോലെയും ദേശത്തിന്റെ കാവലിനായി അതിർത്തിയിൽ ജീവൻ വെടിയാനും തയ്യാറുള്ള സൈനികനെ പോലെയുമൊക്കെയാണ് ഒരു കുടുംബിനിയും. ഏത് കൊടുങ്കാറ്റിനും കടപുഴക്കാനാവാത്ത വൻ വൃക്ഷമായി തന്റെ കുടുംബത്തിന് മുകളിൽ തണൽ വിടർത്തിയും കുടുംബാംഗങ്ങളുടെ ഉള്ളിൽ ആഴത്തിൽ വേരാഴ്ത്തിയും അചഞ്ചലമായി അവർ നിൽക്കും.

അടിതെറ്റി വീണപ്പോൾ ആൾക്കൂട്ടത്തെ തുറിച്ചു നോക്കിയ ഇടവപ്പാതിയും കാത്തിരിക്കും വയറിന്റെ കാളലിൽ നിന്നുൾക്കൊണ്ട ഊർജ്ജവും ഒരിക്കലും ഇളക്കിമാറ്റാനാവാതെ ഏകാന്തതയിൽ തലോടാനായി സൂക്ഷിച്ചു വെച്ച പച്ചത്തുരുത്തായ ഓർമ്മയും പുനർജ്ജനിക്കാൻ കൊതിക്കുന്ന നിന്റെ അക്ഷരങ്ങളായ കാവ്യവും അറ്റുവീഴുമ്പോൾ താങ്ങാവുമെന്ന വ്യാമോഹവുമൊക്കെ അടുക്കളച്ചുവരിൽ പുക ചിത്രം വരച്ചത് പോലെ ജീവിതം കുറിച്ചിട്ട വരികളാണ്. തോളിൽ കയ്യിട്ടു നടന്നവരൊക്കെ ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ പാതി വാടിയ സ്വപ്നങ്ങൾക്ക് ഇത്തിരി വെള്ളം തളിക്കാമായിരുന്നു എന്ന വേദന വാടിക്കൊഴിഞ്ഞ കാഴ്ച്ചകളൊരുപാട് കണ്ടതിന്റെ ആവലാതികൂടിയാണ്. കയ്യൊന്നു പൊങ്ങിയിരുന്നെങ്കിൽ വാരിയുണ്ടില്ലെങ്കിലും ചൊറിയുന്നിടമൊന്നു തുടയ്ക്കാനെങ്കിലും കഴിയാതെ നിസ്സഹായരായവരുടെ ആത്മഗതത്തെ ഉച്ചത്തിൽ വിളിച്ചുപറയുകയാണ് അജിത ടി.പി കൃഷ്ണ.

വായനക്കാരനെ വരികളുടെ തോണിയിൽ കയറ്റി നമ്മൾ മുഴുവനായി കാണാത്ത നമ്മുടെ തന്നെ നാട്ടിലേക്കും നമ്മൾ ഒരു വിലയും കൊടുക്കാത്ത നമ്മളിലേക്ക് തന്നെയും കൊണ്ടുപോവുകയാണ് ‘സന്ധ്യ പോകുന്നിടം’ എന്ന ഈ കവിതാ സമാഹാരത്തിലൂടെ അജിത. ലോകത്തിന്റെ ഏതു കോണിലിരുന്നു മുകളിലേക്ക് കണ്ണെറിഞ്ഞാലും നമ്മൾ കാണുന്നത് ഒരേ ആകാശമാണെന്നത് പോലെ സുജിലി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച സന്ധ്യ പോകുന്നിടം വായനക്കാരന് അവരുടെ ചിന്തകൂടിയായി തോന്നുമെന്നത് സുനിശ്ചിതം.

മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിൽ ജനനം. കാഴ്‌ച, പരാജിതൻ, നെല്ലിക്ക, ചെക്കൻ, നാലുവരക്കോപ്പി, ഒമ്പതാളും ഒരോന്തും എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്‌. സ്വന്തം പേരിൽ ആനുകാലികങ്ങളിലും പരാജിതൻ എന്ന തൂലികാ നാമത്തിൽ സോഷ്യൽ മീഡിയയിലും എഴുതുന്നു