സന്തോഷത്തിന്റെ ഉപമകളും രൂപകങ്ങളും

ദരിദ്രനായ കുട്ടിയുടെ-
കോലൈസ് പോലെയാണ്
എന്റെ സന്തോഷങ്ങൾ !

തീർന്നു പോകുമെന്ന ആധിയാൽ,
നുണയാൻ പേടി !
വേഗത്തിലീമ്പിയെടുത്തില്ലെങ്കിൽ,
താനേ അലിഞ്ഞു തീരുമെന്ന ഭയം!
തീർന്നാൽ ഇനിയെന്ന് ഇങ്ങനെ-
ഒരുതുണ്ട് തണുത്ത മധുരമെന്നു സങ്കടം !

അലിഞ്ഞു തീരുന്ന ഒരു തുരുത്താണ്
എന്റെ ആനന്ദങ്ങൾ !
ഓരോ തിരക്കൊപ്പവും,
സങ്കടങ്ങളുടെ ഉപ്പുകടലിൽ-
അലിയുന്ന ദ്വീപ്.
കീറിപ്പറിഞ്ഞ പ്രതീക്ഷയാണ്
ആ മരിക്കുന്ന തുരുത്തിന്റെ
കൊടിയടയാളം….

വിചാരങ്ങളിൽ മാത്രം സംഭവിക്കുന്ന
യാത്രകളാണ് എന്റെ ആഹ്ലാദങ്ങൾ !
അനുഭവിക്കാനാകാത്ത
ചില അത്ഭുതങ്ങളുടെ
ഛായാ സങ്കൽപ്പങ്ങൾ !
സ്വപ്നമൂർച്ചയിൽ അറിഞ്ഞ
വളഞ്ഞു പുളഞ്ഞ വഴികൾ…
അഗ്നി കൂട്ടിയ മലമുകളിലെ മഞ്ഞ്!

മറന്നു പോയ ഒരിടത്ത് ഒളിപ്പിച്ച
നിധിയാണ് എന്റെ സന്തോഷങ്ങൾ !
ശിരസിൽ പൊള്ളുന്ന
കറുത്ത രത്നവുമായി,
ഞാൻ ആ ഇടം തേടിയലയുന്നു.
ആ തേടൽ എന്നെ മരണത്തോളം തണുപ്പിക്കുന്നു.

കണ്ണൂർ ചിന്മയ വിദ്യാലയത്തിന്റെ വൈസ് പ്രിൻസിപ്പൽ. തൃശൂർ സ്വദേശി. മലയാളം, ഭാഷാ ശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, ബി.എഡ്. കവിതകൾ, ലേഖനങ്ങൾ എന്നിവ പ്രിന്റ്, ഡിജിറ്റൽ മാഗസിനുകളിൽ പ്രസിദ്ധീകരിച്ചു വരുന്നു. അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർക്ക് വിവിധ വിഷയങ്ങളിൽ പരിശീലന ക്‌ളാസ് എടുക്കുന്നു