സഞ്ചാരി

“നമ്മൾ ഇപ്പോൾ വർഷം രണ്ടായിരത്തി അറുപതിലാണ്.” ജയിലിലെ സമയത്തിൽ നിന്ന് നാൽപ്പതിലേറെ വർഷങ്ങൾക്കു മുന്നിൽ.”
“അത് സംഭവിക്കാൻ പ്രയാസമുള്ള ഒരു കാര്യമല്ലേ. എങ്ങനെയാണ് നമ്മൾ സമയത്തിൽ സഞ്ചരിക്കുന്നത്?”
“ഞാൻ ഒരു സമയ സഞ്ചാരി ആണ്. മറ്റുള്ളവർക്ക് വേണ്ടി യാത്ര ചെയുന്ന ഒരു ദൂതൻ. മരിച്ചു പോയ ഭർത്താവിനോട് പറയാൻ മറന്ന ഒരു നല്ല വാക്ക് പറയാൻ കൊതിക്കുന്ന ഒരു ഭാര്യക്ക് വേണ്ടി, നഷ്ടപ്പെട്ടുപോയ മകന് ഒരു മുത്തം കൂടി നൽകാൻ കൊതിക്കുന്ന അമ്മക്കുവേണ്ടി…”
കാലത്തേയും ഓർമ്മകളെയും കീഴ്മേൽ മറിക്കുന്ന മഹേഷ് രവിയുടെ കഥ: സഞ്ചാരി

തികച്ചും ആകസ്മികമായ കണ്ടുമുട്ടൽ

പുറത്തു മഴ പെയ്യുന്നുണ്ട്. മുകളിൽ കനം കുറഞ്ഞതെന്ന് തോന്നിപ്പിക്കുന്ന മേൽക്കൂരയിൽ വീണു ചിതറിപോവുന്ന വെള്ളത്തുള്ളികളുടെ ശബ്ദം വ്യക്തമായി കേൾക്കാം. എൻ്റെ  ഇരുവശവും ചേർന്ന് രണ്ടു പോലീസുകാർ  നടക്കുന്നുണ്ട്. ഞാൻ നിലത്തേക്ക് നോക്കിയാണ് നടന്നിരുന്നത്. കയ്യിൽ വിലങ്ങ് ഇട്ടിട്ടുണ്ട്. വളരെ പ്രതേകതയുള്ള ഒരു ഉപകരണം. ഭംഗിയായി പണിതിരിക്കുന്നു. വിലങ്ങിന്റെ വലതുവശത്തു വളരെ ചെറുതായി ‘ഹയാത്ത് ടൈപ്പ്’ എന്ന് എഴുതിയിട്ടുണ്ട്. നിർമ്മാതാവിന്റെ പേരാവണം. എൻ്റെ കൈകൾക്ക് വേണ്ടി പണിതീർത്ത പോലെ ഇണങ്ങി കിടക്കുന്നുണ്ട്. വിചാരിച്ചിരുന്ന അത്ര ബുദ്ധിമുട്ടില്ല. അത്യാവശത്തിനു  കൈകൾ  ചലിപ്പിക്കാം. ഒരു കൊളുത്തു എടുക്കാനോ മൂക്ക് ചൊറിയാനോ ഉള്ള സൗകര്യം ഉണ്ട്. ഞങ്ങൾ എവിടെയൊ എത്തിയിരിക്കുന്നു. വളരെ അധികം ദൂരം നടന്നതു പോലെ തോന്നി. എൻ്റെ  വലതുവശത്തു നിന്നിരുന്ന ഉദ്യോഗസ്ഥൻ മുന്നോട്ടു നടന്നു ഒരു ഇരുമ്പ് കാവാടത്തിൽ ശക്തിയായി തട്ടി. കതകു തുറക്കപ്പെട്ടു. എന്നെ മറ്റൊരാൾക്ക്  കൈമാറി രണ്ടുപേരും തിരിഞ്ഞു നടന്നു.

ഇപ്പോൾ ഞാൻ ഒരു ഇടനാഴിയിലാണ്. ഇരു വശവും സെല്ലുകൾ. ഇരുട്ടിൽ അകത്തുള്ളവരെ കാണാൻ കഴിഞ്ഞിരുന്നെങ്കിലും പലതിൽ  നിന്നും അവ്യക്തമായ മൂളലുകളും ഞരങ്ങലുകളും കേട്ടുകൊണ്ടിരുന്നു. മനസ്സിൽ കണ്ടിരുന്നത്  പോലെ തന്നെ ഉള്ള ഒരു അന്തരീക്ഷം. മുകളിലെ ടങ്സ്റ്റൺ ബൾബുകളിൽ നിന്നും അസുഖകരമായ ഒരു  മൂളൽ പുറപ്പെട്ടിരുന്നു. മങ്ങിയ ഓറഞ്ച് വെളിച്ചത്തിൽ ആ ജയിൽ കെട്ടിടം മുങ്ങി കിടന്നു. അധികം വൈകാതെ എൻ്റെ  മുന്നിൽ ഒരു സെൽ തുറക്കപ്പെട്ടു.

നന്നേ ഇടുങ്ങിയ ഒരു മുറിയിലേക്ക് ഞാൻ കയറി.  ഇരുട്ടിൽ ആകെ കാണാവുന്നത് വെള്ള തുണി വിരിച്ച ഒരു ഇരുമ്പു കട്ടിൽ മാത്രം. ഇനി ശേഷിക്കുന്ന ജീവിതത്തിൻറെ സിംഹഭാഗവും ഞാൻ ചിലവഴിക്കാൻ പോവുന്നത് ഇവിടെ ആകും. കൈ വിലങ്ങു അഴിച്ചു മാറ്റി രൂക്ഷമായി എന്നെ നോക്കി ജയിലർ നടന്നകന്നു. സെൽ വാതിൽ തുറന്നു തന്നെ കിടന്നു. അയാൾ മറന്നതാവുമോ. ഇറങ്ങി നടന്നാൽ ആരുടേയും കണ്ണിൽപ്പെടാതെ  ഒരുപക്ഷെ പുറത്തിറങ്ങാൻ പറ്റിയേക്കും. പക്ഷെ എന്തിന് ആ ചിന്തയിൽ ചിരിച്ചു കൊണ്ട് ഞാൻ കട്ടിലിലേക്ക് ചാഞ്ഞു.

ഇപ്പോൾ പുറത്തു മഴ പെയ്യുന്നുണ്ടാവുമോ? കണ്ണുകൾ അടച്ചു പുറത്തു ഇറങ്ങി നടന്നു മതിലുകൾ ചാടി കടന്ന് രക്ഷപ്പെടുന്നത് പല രീതികളിൽ മനസ്സിൽ വിഭാവന ചെയ്തുകൊണ്ട് ഞാൻ കിടന്നു. പെട്ടെന്നു ഒരു ശബ്ദം എന്നെ ഉണർത്തി. ആരോ പുറത്തു നിന്ന് എൻ്റെ സെൽ പൂട്ടുകയാണ്. അകത്തു ഒരു കുടവും ബക്കറ്റും കരിമ്പടകെട്ടും കൊണ്ട് വെച്ചിട്ടുണ്ട്. കുടത്തിൽ വെള്ളം ആവണം. ഇനിയുള്ള ജയിൽ ജീവിതം സന്തോഷകരമാക്കാനുള്ള വഴികൾ ആലോചിച്ചു ഞാൻ വീണ്ടും കണ്ണുകൾ അടച്ചു.

ഉറക്കം വരുന്നില്ല. നന്നായി വിയർക്കുന്നുണ്ട്. ചെയ്ത കൃത്യത്തിൻറെ കുറ്റബോധം ആയിരിക്കാൻ വഴിയില്ല. കാരണം ബോധപൂർവ്വം  ചെയ്തതാണ്. സംഭവിച്ചതൊന്നും കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ല. പണ്ടെങ്ങോ കണ്ട ഒരു ചലച്ചിത്രത്തിലെ നിറംമങ്ങിയ ഓർമ്മകൾ പോലെ ചിലതൊക്കെ കാണാം. വീട്ടിലേക്കു ഓടിക്കേറുന്നതും. ഒരു ഞെട്ടലോടെ അവൻ തരിച്ചിരുന്നതും അവൾ എൻ്റെ കാലിൽ വീണു കരഞ്ഞതും മുകളിൽ ഇരുന്നു ടെലിഫോൺ  കൊണ്ട് അവളുടെ തല തല്ലിപൊളിക്കുന്നതും. കുറെയധികം പ്രാവശ്യം ഞാൻ അവളുടെ തലയിൽ അടിച്ചു എന്നാണു കേട്ടത്. രണ്ടാമത്തെയോ മൂന്നാമത്തെയോ അടിയിൽ തന്നെ അവൾ മരിച്ചിട്ടുണ്ടാവണം.

ഈ ആലോചനകൾക്കിടയിൽ എപ്പോഴോ ഞാൻ ഉറങ്ങിപോയിട്ടുണ്ടാവണം. കാരണം ജയിലർ എന്നെ ടങ്സ്റ്റൺ  വെളിച്ചമുള്ള ഇടനാഴിയിലൂടെ നടത്തി തലയ്ക്കു പകരം ടെലിഫോൺ ഉള്ള ഒരു സ്ത്രീ ശരീരത്തിന് മുന്നിൽ എത്തിക്കുകയും എൻ്റെ മുന്നിൽ വെച്ച് ആ ശരീരത്തെ ഭോഗിക്കുകയും ചെയ്തു.

മുറിക്കുള്ളിൽ മറ്റാരോ ഉണ്ടെന്ന തോന്നലാണ്‌ എന്നെ ഉണർത്തിയത്. അരണ്ട വെളിച്ചത്തിൽ മൂലയിൽ ഒരു നിഴൽരൂപം അനങ്ങുന്നു. ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു. സെല്ലിൻറെ വാതിൽ പൂട്ടിത്തന്നെ കിടന്നിരുന്നു. ഇയാൾ എങ്ങനെ അകത്തു  കയറി.  ഇനി മുൻപെപ്പോഴോ ഇവിടെ കിടന്നു ചത്ത തടവുകാരന്റെ ആത്മാവായിരിക്കുമോ? ആരായാലും ഒരു ബീഡിയെങ്കിലും ചോദിച്ചു വാങ്ങണം എന്ന് തീരുമാനിച്ചു ഞാൻ എഴുന്നേറ്റ് വെള്ളകുടം തിരിച്ചു സെൽവാതിലിനു അഭിമുഖമായി വെച്ചു. ഇപ്പോൾ പുറത്തെ വെളിച്ചം അകത്തേക്ക് പ്രതിഫലിക്കുന്നുണ്ട്. പതുക്കെ ആ വെളിച്ചത്തിൽ മൂലയും അവിടെ നിൽക്കുന്ന രൂപവും ഏറെക്കുറെ വ്യക്തമായി കാണാൻ കഴിഞ്ഞു. ഉയരമുള്ള ഒരു കോട്ടുധാരി. എന്തായാലും ജയിൽ പുള്ളി അല്ല. ഷേവ്  ചെയ്തു വെടിപ്പാക്കിയ മുഖം. കണ്ണാടി വെച്ചിട്ടുണ്ട്‌. ഒരു ബിസ്സിനസ്സ്കാരനോ ജാലവിദ്യക്കാരനോ ആവാം. രണ്ടായാലും എൻ്റെ മുറിയിൽ ഇയാൾക്ക് എന്ത്  കാര്യം.

അയാൾ പതുക്കെ നടന്നു കട്ടിലിൽ വന്നിരുന്നു .

“മി. ഫിലിപ്പ്, ശബ്ദം വെച്ചു മറ്റുള്ളവരെ ഉണർത്താതിരുന്നതിനു നന്ദി.ദയവായി ഇവിടെ വന്നിരിക്കു. വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ നിങ്ങളോട്‌ സംസാരിക്കുവാൻ ഉണ്ട്.”

അയാൾ വളരെ പതിഞ്ഞ ശബ്ദത്തിൽ ഇത്രയും പറഞ്ഞു നിർത്തി. ഇയാൾ ആര് തന്നെ ആയാലും തർക്കിച്ചത് കൊണ്ടോ അനുസരിക്കാതെ ഇരുന്നതുകൊണ്ടോ എനിക്കൊരു ഗുണവും ഉണ്ടാവാൻ പോവുന്നില്ല എന്ന് തോന്നി. ഞാൻ കട്ടിലിൽ ഇരുന്നു. ഇനി ഇയാൾ പറയാൻ പോവുന്ന കാര്യങ്ങൾ എന്നെ അമ്പരിപ്പിക്കുന്നതാവാതെ തരമില്ല. ഇയാൾ എങ്ങനെ ഇതിനുള്ളിൽ എത്തിപ്പെട്ടു എന്നുള്ളത് തന്നെ ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉദ്വേഗജനകമായ കഥയാവും.

“മി. ഫിലിപ്പ്, നമ്മുക്ക് വളരെ അധികം സംസാരിക്കാൻ ഉണ്ട്. നേരം പുലരാൻ ഇനി അധികമില്ല. പക്ഷെ ഇത് സംസാരിക്കാൻ പറ്റിയ സ്ഥലവും സമയവും ഇതല്ല. നിങ്ങൾ തയ്യാറാണോ എൻ്റെ കൂടെ അൽപ്പസമയം ഇവിടെ നിന്ന് മാറി ചിലവഴിക്കാൻ .” അയാൾ എന്നെ തന്നെ നോക്കി കൊണ്ട് പറഞ്ഞു.

ഇയാൾ പറഞ്ഞുവരുന്നതിനെ പറ്റിയാതൊന്നും മുൻകൂട്ടി കാണാൻ എനിക്ക്  സാധിച്ചില്ലെങ്കിലും എൻ്റെ ജീവിതത്തിൽ ഇന്ന് രാത്രി സംഭവിക്കാൻ പോകുന്ന കാര്യങ്ങളേക്കാൾ ഞാൻ ഇഷ്ടപ്പെടുക ഇതാവും എന്ന് തോന്നി. “ശരി ഞാൻ തയ്യാറാണ്. ”

അയാൾ ചിരിച്ചുകൊണ്ടെഴുന്നേറ്റു  എനിക്ക് നേരെ കൈ നീട്ടി. ഒരു ഉൾപ്രേരണ കൊണ്ടെന്ന  പോലെ ഞാൻ അയാളുടെ കൈ പിടിച്ചു നിന്നു.

“ലോറൻസ്, അങ്ങനെ വിളിക്കാം. ” അയാളത് പറഞ്ഞു കോട്ടിൻറെ പോക്കറ്റിൽ നിന്ന് ഒരു കുപ്പി എടുത്തു. പച്ച നിറത്തിൽ ഉള്ള ഒരു ദ്രാവകം അതിൽ പകുതിയോളം ഉണ്ടായിരുന്നു.

“ഇത് നിങ്ങളുടെ ശരീരത്തെ നമ്മൾ പോവുന്ന സ്ഥലത്തിന് സജ്ജമാക്കും.” അയ്യാൾ കുപ്പി എനിക്ക് കൈമാറിയിട്ട്  പറഞ്ഞു. തെല്ല്  സംശയത്തോടെ ഞാൻ കുപ്പി തുറന്നു പച്ച ദ്രാവകം മുഴുവനായി വായിലേയ്ക്ക് ഒഴിച്ചു. പ്രതീക്ഷയ്ക്കു  വിപരീതമായി ആ ദ്രാവകത്തിനു മധുരമായിരുന്നു.

“അൽപ്പനേരം ഇരുന്നൊള്ളൂ.” അയാൾ അത് പറഞ്ഞുതീരുന്നതിനു മുൻപേ ഞാൻ ഇരുന്നു കഴിഞ്ഞിരുന്നു. ശരീരം തളരുന്നത് പോലെ.

“പരിഭ്രമിക്കണ്ട . ഇത് സ്വാഭാവികമാണ് .” അയാൾ പറഞ്ഞു. “മി.ഫിലിപ്പ്, ഒരല്പനേരം നിങ്ങൾ ഈ കട്ടിലിൽ കയറി എന്നോടൊപ്പം നിൽക്കുക.”

പ്രജ്ഞയറ്റവനെ പോലെ  ഞാൻ അയാളെ അനുസരിച്ചു.

“എൻ്റെ കൈ വിടാതെ പിടിക്കുക .ഞാൻ പറയുമ്പോൾ കൈ വിടാതെ താഴെ നിലത്തേക്ക് ചാടണം.” അയാൾ പറയുന്നതിൽ ഒരു യുക്തിയും എനിക്ക് തോന്നിയില്ല. ഇത് ഇനി എൻ്റെ തോന്നലുകളാണോ. തലയ്ക്കു പകരം ടെലിഫോൺ ഉള്ള ആ സ്ത്രീ ശരീരത്തെ പോലെ ഇയാളും എൻ്റെ സ്വപ്നം ആണോ .

“ഇപ്പോൾ” അത് പറഞ്ഞു അയാൾ എൻ്റെ കൈ വലിച്ചു താഴേക്കു ചാടി.

ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചിരിക്കുകയാണ് നിലം തൊട്ടിട്ടില്ല. വായുവിൽ പറന്നു നിൽക്കുകയാണ്. കട്ടിലിൽ നിന്ന് നിലത്തേക്ക് ദൂരമിത്രയുമുണ്ടായിരുന്നോ-എൻ്റെ വലതു കൈയിൽ അയാൾ ഇപ്പോഴും മുറുക്കെ പിടിച്ചിരിക്കുന്നു.

“മി. ഫിലിപ്പ് ,നമ്മൾ ഇപ്പൊ താഴേക്കു വീഴാൻ പോവുന്നു. ഭയപ്പെടേണ്ട . മൃദുവായ ഒരു പ്രതലത്തിലേയ്ക്കായിരിക്കും വീഴുക .” അയാൾ അത് പറഞ്ഞതും ശക്തിയായി ഞാൻ താഴത്തേക്കു  വീണു. അടിവയറ്റിൽ ആരോ ബലമായി പിടിച്ചു താഴേക്ക് വലിക്കുന്ന പോലെ. ഞാൻ നിലം തൊട്ടിരിക്കുന്നു. മുഖം ഇടിച്ചാണ് വീണത്. പക്ഷെ ഒട്ടും ബുദ്ധിമുട്ട്  തോന്നിയില്ല. അയാൾ പറഞ്ഞത് പോലെ മൃദുവായ ഒരു കിടക്കയിൽ വീണതുപോലെ. പതുക്കെ ഞാൻ കണ്ണുകൾ തുറന്നു. ജയിലിലെ ഇരുണ്ട മുറിയായിരുന്നില്ല  ഞാൻ കണ്ടത്. പ്രകാശത്തിന്റെ ഒരു പൊട്ടിത്തെറി. കണ്ണുകൾ പൊരുത്തപെടാനാവാതെ പകുതി തുറന്നിരുന്നു. തൊട്ടടുത്ത് ലോറൻസ് കിടക്കുന്നുണ്ട്. ഞാൻ കിടന്നുകൊണ്ട് തന്നെ ചുറ്റും നോക്കി. വെള്ളച്ചായം പൂശിയ ഒരു വലിയ മുറി. നീല നിറത്തിലുള്ള ഒരു കിടക്കമേൽ ആണ് ഞങ്ങൾ കിടക്കുന്നത്. മുറിയുടെ വാതിൽ തുറന്നു വെള്ളവസ്ത്രം ധരിച്ച മൂന്ന് പേർ കയറി വന്നു.

“എല്ലാം ശരിയായിരുന്നല്ലോ ?” ഉയരം കൂടിയ ശുഭവസ്‌ത്രധാരി ലോറൻസിനു കൈ കൊടുത്തുകൊണ്ട് ചോദിച്ചു.

“മി. ഫിലിപ്പ് നിങ്ങൾ പ രിഭ്രമിക്കേണ്ട  അൽപ്പസമയം കൂടി ക്ഷമിക്കണം. നിങ്ങളുടെ ചോദ്യങ്ങൾക്ക്  എല്ലാം മറുപടി ലഭിക്കും.ലോറൻസ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

വെളിപ്പെടുത്തലുകൾ 

അല്പസമയത്തിനു ശേഷം അവർ എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ട് പോയി. മുറിയിൽ നടുക്കായി പ്രതേകതയുള്ള  രണ്ടു കസേരകൾ ഇട്ടിരുന്നു. വെളുത്ത ദ്രാവകത്താൽ നിറഞ്ഞ വലിയ ഒരു ഗ്ലാസ് എൻ്റെ മുന്നിൽ കൊണ്ട് വന്നുവച്ചു. കസേരയിൽ എനിക്ക് എതിരെ ഇരുന്നുകൊണ്ട്  ലോറൻസ് പറഞ്ഞു തുടങ്ങി . “അത് കുടിച്ചോളൂ”.  മറ്റൊരു മരുന്നായിരിക്കണം. ഞാൻ കുടിച്ചു; പാലാണ്. “ഇനിയും സമയം കളയുന്നില്ല. താങ്കൾ മാനസികമായി തയ്യാറാണ്.” ലോറൻസ് തുടർന്നു.

“എന്തിനു തയ്യാറാണെന്ന് ?” ചോദിക്കേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നി.

“നമ്മൾ ഇപ്പോൾ ജയിലിൽ നിന്ന് ഇവിടെ എത്തിയപ്പോൾ സഞ്ചരിച്ചത് ആ സ്ഥലത്തു നിന്ന് മാത്രമല്ല . ഒന്ന് നിർത്തി അയാൾ പറഞ്ഞു .സമയത്തു നിന്നും കൂടിയാണ്.”

“മനസിലായില്ല. ” ഞാൻ അയാൾ പറഞ്ഞതിൽ ഒരു അർത്ഥം കണ്ടെത്താൻ ശ്രമിച്ചു .

“നമ്മൾ ഇപ്പോൾ വർഷം രണ്ടായിരത്തി അറുപതിലാണ്.” ജയിലിലെ സമയത്തിൽ നിന്ന് നാൽപ്പതിലേറെ വർഷങ്ങൾക്കു മുന്നിൽ.”

എന്തുകൊണ്ടോ അയാൾ പറയുന്നത് വിശ്വസിക്കാതിരിക്കാൻ തോന്നിയില്ല . ജയിലിൽ  കിടന്ന ഞാൻ ഇവിടെ എത്തിയത് വ്യാഖ്യാനിക്കാൻ എനിക്ക് കഴിയാത്തിടത്തോളം കാലം അത് ഇയാൾക്ക് വിട്ടു കൊടുക്കുന്നതാണ് നല്ലത്  എന്ന് തോന്നി. എങ്കിലും ഞാൻ ചോദിച്ചു.

“അത് സംഭവിക്കാൻ പ്രയാസമുള്ള ഒരു കാര്യമല്ലേ. എങ്ങനെയാണ് നമ്മൾ സമയത്തിൽ സഞ്ചരിക്കുന്നത്?”

ലോറൻസ് പുഞ്ചിരി വിടാതെ ശാന്തമായി പറഞ്ഞു.” ഞാൻ ഈ കാലഘട്ടത്തിൽ  നിന്നുള്ള ഒരു വ്യക്തിയാണ് .നിങ്ങൾ നാല്പതു വര്ഷം പിന്നിൽ നിന്നും. നിങ്ങൾക്ക് പരിചിതമായ സംഭവങ്ങൾ കൊണ്ടും വാക്കുകൾ കൊണ്ടും സമയ – സഞ്ചാരത്തെ കുറിച്ച് വിവരിക്കാൻ പ്രയാസമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരാൾക്ക് മൊബൈൽ ഫോണുകളുടെ പ്രവർത്തനം മനസിലാക്കി കൊടുക്കുക ദുഷ്‌കരമാണ് .” ലോറൻസ് ചിരിച്ചു കൊണ്ട് തുടർന്നു.” എങ്കിലും നിങ്ങൾ  ഇത് മനസിലാക്കേണ്ടത് ഒരു ആവശ്യമാണ്. വളരെ ലളിതമായി ഇതേകുറിച്ചു ഞാൻ   സംസാരിക്കാം. നമ്മൾക്ക് അധികം സമയവും ഇല്ല.” ഞാൻ മനസുകൊണ്ട് തയ്യാറായി മുന്നോട്ടു അൽപ്പം ചാഞ്ഞിരുന്നു.

ലോറൻസ് തൻ്റെ കോട്ടിൻറെ പോക്കറ്റിൽ നിന്ന് ഒരു പേന എടുത്തു മേശപ്പുറത്തു വെച്ചിട്ടു പറഞ്ഞു. “ഈ പേന ഈ നിമിഷം മേശയിൽ ഇത്രയും വ്യാപ്തി ഉപയോഗിക്കുന്നു. ഞാൻ വിരൽ കൊണ്ട് ഈ പേന മുന്നോട്ടു നീക്കിയാൽ”…. ലോറൻസ് പേന ചൂണ്ടു വിരൽ കൊണ്ട് അൽപ്പം നീക്കിയിട്ടു തുടർന്നു. “ഇത് ഒരു സെക്കന്റിനു ശേഷം പേന  ഉപയോഗിക്കുന്ന വ്യാപ്തി മുൻപ് പേന  ഇരുന്ന സ്ഥലം ഇപ്പോൾ ഒരു ഓർമ്മ മാത്രമാണ്. തിരിച്ചു പോവാൻ കഴിയാത്ത ഒരു അവസ്ഥ അല്ലെ?” ഞാൻ മൂളി .

“ഇവിടെ സമയവും വ്യാപ്തിയും ബന്ധപെട്ടു കിടക്കുന്നു . ടൈം -സ്പേസ് കണ്ടിന്യൂയിം കേട്ടിട്ടുണ്ടാവും?” ലോറൻസ് ഗൂഢമായി മന്ദഹസിച്ചുകൊണ്ടു  ചോദിച്ചു.

“മ് ”

“നിങ്ങൾക്ക് അറിയാവുന്ന വസ്തുക്കൾ വെച്ച് ഒരു വ്യക്തിക്ക് മുകളിലേക്കോ താഴേക്കോ വശങ്ങളിലേക്കോ സഞ്ചരിക്കാം. പക്ഷേ സമയത്തിൽ അതിൻ്റെ സ്വാഭാവികമായ മുന്നോട്ടുള്ള വേഗത്തിലെ  അയാൾക്ക് സഞ്ചരിക്കാൻ കഴിയൂ. ഒരു നിമിഷം പോലും പിന്നിലേക്ക് പോവാൻ അയാൾക്ക് കഴിയില്ല. ഈ പേന നിങ്ങൾ ആണെന്ന് കരുതൂ. ഈ മേശ നിങ്ങൾ ആണെന്ന് കരുതൂ. ഈ മേശ സമയവും. ഈ പേനയ്ക്കു ഒരിക്കലും മേശയുടെ ഭൗതിക അവസ്ഥയെ മാറ്റാനുള്ള ശക്തിയില്ല. എന്നാൽ ഈ മേശയ്ക്കു പകരം കനം കുറഞ്ഞ ഒരു തുണി ആണെങ്കിലോ ? പേനയുടെ ചലനത്തിന് അനുസരിച്ചു തുണിയുടെ അവസ്ഥയും മാറും. മി.ഫിലിപ്പ്, നിങ്ങൾ മേശമേൽ ഇരിക്കുന്ന പേന ആണ്. ഞാൻ തുണിയ്ക്കു മേൽ ഇരിക്കുന്ന പേനയും. എൻ്റെ ഇഷ്ടത്തിന് എനിക്ക് ആ തുണിയെ സ്വാധീനിക്കാം. അതായത് സമയത്തെ .” ലോറൻസ് ഇത്രയും പറഞ്ഞു നിർത്തി.

“നിങ്ങൾക്ക് എങ്ങനെയാണ് ഇത് സാധിക്കുന്നത്. സമയത്തിൽ സഞ്ചാരിക്കാൻ കഴിയുന്ന ഒരു യന്ത്രം നിങ്ങൾ കണ്ടുപിടിച്ചിട്ടുണ്ടാവണം. അല്ലെ?” എനിക്കിപ്പോൾ ശരിക്കും ആകാംക്ഷ  തോന്നി തുടങ്ങി.

“യന്ത്രങ്ങൾ എന്ന വാക്കിൻറെ അർത്ഥം തന്നെ ഈ നാല്പതു വർഷം കൊണ്ട് വളരെ മാറിയിരിക്കുന്നു. അതെ, യന്ത്രവും ഈ യാത്രയിൽ അത്യാവശ്യം ആണ്. പക്ഷെ യാത്ര ചെയുന്ന ആളുകൾ ആണ് യഥാർത്ഥത്തിൽ ഈ വിപ്ലവത്തിന്റെ നാഡി. ഡ്രൈവിംഗ് അറിയാത്ത ഒരു കുട്ടിയെ നിങ്ങൾ ഒരു കാറിൽ ഇരുത്തിയാൽ ഒരിക്കലും  ലക്‌ഷ്യം കാണില്ലല്ലോ. അതുപോലെ തന്നെയാണ് സമയസഞ്ചാരവും. വളരെ ആഴത്തിലുള്ള പരിജ്ഞാനം അത്യാവശ്യമാണ് .” ലോറൻസ് തുടർന്നു. “ഞാൻ ഒരു സമയ സഞ്ചാരി ആണ്. എന്നെ പോലെ അധികം ആളുകൾ ഇല്ല ഇതുവരെ. എല്ലാവർക്കും സമയത്തിൽ യാത്ര ചെയാവുന്ന ഒരു കാലം അധികം ദൂരെയുമല്ല. ഞാൻ മറ്റുള്ളവർക്ക് വേണ്ടി യാത്ര ചെയുന്ന ഒരു ദൂതൻ. മരിച്ചു പോയ ഭർത്താവിനോട് പറയാൻ മറന്ന ഒരു നല്ല വാക്ക് പറയാൻ കൊതിക്കുന്ന ഒരു ഭാര്യക്ക് വേണ്ടി, നഷ്ടപ്പെട്ടുപോയ മകന് ഒരു മുത്തം കൂടി നൽകാൻ കൊതിക്കുന്ന അമ്മക്കുവേണ്ടി….”.

ലോറൻസ് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപ് ഞാൻ ചോദിച്ചു. “നിങ്ങൾ എന്തിനാണ് എന്നെ കൊണ്ട് വന്നത് ആർക്കു വേണ്ടി ?”

“പറയാം” ലോറൻസ് കസേരയിൽ നിന്ന് എഴുന്നേറ്റു നടന്നു കൊണ്ട്  പറഞ്ഞു. “എൻ്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ ഒരു ദൗത്യമായിരുന്നു ഇത്. ആദ്യമായി ഒരു വ്യക്തിയെ എന്നോടൊപ്പം യാത്ര ചെയ്യിപ്പിച്ചു കൊണ്ട്. ഒരു വർഷത്തിലധികം പരിശ്രമം വേണ്ടി വന്നു ഇത് വിജയകരമായി നടത്താൻ. കട്ടിലിൽ നിന്ന് നമ്മൾ ചാടിയതു ഓർമയില്ലേ. എൻ്റെ ശരീരം മറ്റൊരു ഭൗതിക വസ്തുവിൽ സ്പർശിച്ചിരുന്നു എങ്കിൽ ഒരു അപകടത്തിൽ കലാശിച്ചെനെ ഈ യാത്ര.”

ലോറൻസ് പെട്ടെന്നു നിർത്തി എന്നെ തന്നെ നോക്കി നിന്നു. എന്നിട്ടു എൻ്റെ അടുത്ത് വന്നു മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ട്‌ പറഞ്ഞു. “പണവും പ്രശസ്തിയും മാത്രമല്ല എന്നെ ഇത് ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്.നിങ്ങളെ ഇങ്ങോട്ടു കൊണ്ട് വരാൻ എന്നെ ചുമതലപ്പെടുത്തിയത് നിങ്ങൾ തന്നെയാണ്.”

വിചിത്രമായ കൂടിക്കാഴ്ച

ഒരൽപം അത്ഭുതത്തോടെ ഞാൻ ലോറൻസിനെ നോക്കി ചോദിച്ചു.”ഞാൻ തന്നെയോ ? എന്തിനു?”

ലോറൻസ് എൻ്റെ ചോദ്യത്തെ  അവഗണിച്ചു കൊണ്ട്  പറഞ്ഞു “ഞാൻ തയ്യാറാക്കുക ആയിരുന്നു മി. ഫിലിപ്പ്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിചിത്രമായ മുഹൂർത്തത്തിന് വേണ്ടി നിങ്ങളുടെ കൂടിക്കാഴ്ചയ്ക്കു  നിങ്ങൾ തയ്യാറാണ്. “ഒരു ദീർഘനിശ്വാസത്തോടെ  ലോറൻസ് മുറി വിട്ടു  പുറത്തേക്കു നടന്നു. അതോടൊപ്പം മറ്റൊരു വാതിൽ തുറന്നു. ശക്തിയോടെ മുറിയിലേക്ക് കടന്നു വരുന്ന പ്രകാശത്തിനിടയിലൂടെ ഒരു നിഴൽ കാണുന്നുണ്ടായിരുന്നു. വെള്ള വസ്ത്രം ധരിച്ച മൂന്നുപേർ  ചേർന്ന് വീൽ ചെയറിൽ ഒരു വൃദ്ധനെ പതിയെ ആ വാതിലിൽ കൂടി മുറിയിലേക്ക് കൊണ്ടു വന്നു എനിക്കഭിമുഖമായി ഇരുത്തി അധികം വൈകാതെ ഞങ്ങളെ തനിച്ചാക്കി അവരും  ലോറൻസ് പോയ വാതിലിൽ കൂടി പുറത്തേക്കു പോയി.

ഞാൻ കസേരയിൽ  നിന്ന് എഴുന്നേറ്റു. ആ വൃദ്ധന്റെ അടുത്തേക്ക് ചെന്നു. ചുക്കിച്ചുളിഞ്ഞ ശോഷിച്ച ശരീരം. തല ഇടതു വശത്തേക്ക് ചരിച്ചു വെച്ചിരിക്കുന്നു. കുറെ അധികം ട്യൂബുകളാൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കൈകാലുകൾ.

ഒരു നടുക്കത്തോടെ ഞാൻ തിരിച്ചറിഞ്ഞു. അത് ഞാനായിരുന്നു.

“ഭയപ്പെടേണ്ട ഇത് നീ തന്നെയാണ് “. ആ രൂപം സംസാരിച്ചു തുടങ്ങി. വളരെ സുപരിചതമായ  ശബ്ദം. എൻ്റെശബ്ദം. “അധികനേരം നമ്മൾക്ക് ഇങ്ങനെ ചിലവഴിക്കാൻ സാധിക്കില്ല. ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടാൽ മതിയാവും .” അയാൾ അല്ലെങ്കിൽ ഞാൻ തുടർന്നു .”നിന്നെ, അല്ലെങ്കിൽ നാൽപതു വർഷം  മുൻപുള്ള എന്നെ ഇവിടെ വരുത്തിയത് ഒരവസരം കൂടി നൽകാനാണ്. അതെത്രത്തോളം സാധ്യം ആണ് എന്ന് എനിക്കറിയില്ല. അത് സാക്ഷ്യപെടുത്താൻ  എനിക്ക് മുന്നിൽ മറ്റു ഉദ്ദാഹരണങ്ങളും ഇല്ല. ഒരു ശ്രമം അത്ര മാത്രം.” തളർന്നതെങ്കിലും ഉറച്ച ശബ്ദം. വ്യക്തമായ ഒരു കണ്ണാടിയിൽ നോക്കി സ്വയം  സംസാരിക്കുന്നത് പോലെയാണ് എനിക്കപ്പോൾ തോന്നിയിരുന്നത്. “ഇതിനുള്ളിൽ ഒരിക്കലെങ്കിലും നീ ചെയ്തുപോയ തെറ്റിനെ ഓർത്തു പശ്ചാത്തപിച്ചോ ?” അയാൾ ചോദിച്ചു . “ഇല്ല ഇത് ചെയ്തത് തെറ്റായി പോയെന്നു തോന്നിയിട്ടില്ല. ” ഞാൻ ആത്മാർത്ഥമായി തന്നെ പറഞ്ഞു .

“കഴിഞ്ഞ നാല്പതു വർഷങ്ങളിൽ ഞാൻ എന്നെ തന്നെ ശപിക്കാത്ത ദിവസങ്ങൾ ഇല്ല. ആ  നശിച്ച നിമിഷത്തെ ഓർത്തു .രണ്ടാമത് ഒരു അവസരം കിട്ടില്ല എന്നുറപ്പു ഉണ്ടായിട്ടും എന്നും ഞാൻ ദൈവത്തോട് അപേക്ഷിച്ചിരുന്നു. അത്രയേറെ ദുരിതപൂർണമായിരുന്നു എൻ്റെ ഇത് വരെയുള്ള ജീവിതം.”

“ഞാൻ അനുഭവിച്ച യാതനകളെ കുറിച്ചോ ഇതുവരെ നടന്ന വഴികളെ കുറിച്ചോ നിന്നോട് പറയാൻ ഇവിടത്തെ നിയമം അനുവദിക്കുന്നില്ല. പക്ഷെ ഒന്നു മാത്രം പറയാം, ഈ ജീവിതം നീ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല. കിതച്ചുകൊണ്ട് ഇത്രയും പറഞ്ഞു അയാൾ നിർത്തി.

ട്യൂബുകളിൽ കൂടെ രക്തം ഒഴുകുന്നത് എനിക്ക് കാണാമായിരുന്നു .

“ഞാൻ, ഞാൻ എന്താണ് ചെയ്യേണ്ടത്?” ഞാൻ ചോദിച്ചു.

അയാളുടെ കണ്ണുകൾ ചുവരിലേക്കു  നോക്കികൊണ്ടേയിരുന്നു. ചലനം നിലച്ചിരിക്കുന്നു . എൻ്റെ കൺമുന്നിൽ വെച്ച് ഞാൻ മരിച്ചിരിക്കുന്നു.

എൻ്റെ തോളിൽ ഒരു സ്പർശം ഞാൻ അറിഞ്ഞു -ലോറൻസ്.

“നിങ്ങളുടെ ജീവൻ ഈ ഒരു കൂടിക്കാഴ്ചക്ക് വേണ്ടി മാത്രം  ദീർഘിപ്പിക്കുകയായിരുന്നു. ഇത് നേരിട്ട് ചെയ്യണം എന്ന് നിങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു.” അയാൾ എൻ്റെ കൈ  പിടിച്ചു അടുത്ത മുറിയിലേക്ക് നടന്നു കൊണ്ടു പറഞ്ഞു. നമ്മൾ തിരിച്ചു പോവാനാവുന്നു .”

“എനിക്ക് എനിക്കിതു വേണ്ട ലോറൻസ്; ഈ ഒരു ജീവിതം. ഈ ഒരു മരണം ഇത് എനിക്ക് വേണ്ട.” ഞാനാ പറഞ്ഞു.

“നിങ്ങളുടെ കർമ്മം അതിൻ്റെ  ഫലമാണിത് .”

ഞങ്ങൾ പിന്നെയും ആ നീല കിടക്കയുടെ മേലേക്ക് നടന്നെത്തി. എൻ്റെ കൈ  വിടാതെ  തന്നെ ഒരു ചിരിയോടുകൂടി ലോറൻസ് പറഞ്ഞു “തിരിച്ചു ചെല്ലുമ്പോൾ ഈ കിടക്ക ഇവിടെ ഉണ്ടാവില്ല. ശ്രദ്ധിക്കണം.” അയാൾ അത് പറഞ്ഞു കഴിഞ്ഞതും ഞങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയരാൻ തുടങ്ങി. എല്ലാ ലോക ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടതു പോലെ.

ഒരു നിമിഷം. അതിശക്തമായ വെളിച്ചം കണ്ണുകളിലേക്കു ഇരച്ചുകയറി. അതിവേഗം ഞാൻ താഴേക്കു വലിക്കപെട്ടു.

കൂരിരുട്ട്. മുഖമടിച്ചാണ് ഞാൻ വീണത്. എവിടെ  നിന്നൊക്കെയോ വേദന അറിയാൻ കഴിയുന്നുണ്ട്. എവിടെനിന്നെന്നു വ്യക്തമല്ല. തലയിൽനിന്നു രക്തം ഇറങ്ങി കണ്ണുകളിൽ തൊട്ടു. ഞാൻ കണ്ണുകൾ തുറന്നു. ഇപ്പോൾ നല്ല വെളിച്ചം ഉണ്ട്. ജയിൽ മുറിയിൽ അല്ല. ഞാൻ തറയിൽ വീണു കിടക്കുകയാണ്. എൻ്റെ വാച്ച് പൊട്ടി എൻ്റെ മുഖത്തിനു അടുത്തായി കിടക്കുന്നുണ്ട്. സ്ട്രാപ്പിൽ വളരെ ചെറുതായി “ഹയാത്ത് ടൈപ്പ്’ എന്ന് എഴുതിയിരിക്കുന്നു. ഞാൻ എഴുന്നേറ്റ് ചുറ്റും നോക്കി.

എൻ്റെ വീടിൻ്റെ  മുറ്റത്താണ് ഞാൻ നിന്നിരുന്നത്. അകത്തു അവളുടെ ചിരി കേൾക്കാം. ഞാൻ വാതിൽ തള്ളി തുറന്നു അകത്തു കയറി. ഞെട്ടിത്തരിച്ചു നിൽക്കുന്ന അവൻ. എൻ്റെ കാലിൽ വീണു കരയുന്ന അവൾ.

കണ്ടു മറന്ന രംഗങ്ങൾ. ടെലിഫോൺ സമീപത്തിരുന്നു ചിലക്കുന്നുണ്ട്. ഞാൻ അവളെ പിടിച്ചെഴുനേൽപ്പിച്ചു. തരിപ്പ് മാറാതെ നിന്നിരുന്ന അവനെ നോക്കി ഞാൻ പുറത്തേക്കിറങ്ങി നടന്നു. ലോറൻസിനെപോലെ ഗൂഢമായി ചിരിച്ചുകൊണ്ട്.

എതിർദിശ എന്ന ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു. മുമോ ലൂപ്പ എന്ന നോവലെറ്റും ലേഖനങ്ങളും ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചലച്ചിത്രമേളകളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ സൊൽ എന്ന ഹൃസ്വചിത്രം എഴുതി സംവിധാനം ചെയ്തു. ഇപ്പോൾ ബാംഗളൂരിൽ വിസ്ടൂൺസ് അക്കാദമിയിൽ സിനിമവിഭാഗം മേധാവിയായി പ്രവർത്തിക്കുന്നു.