ശേഷം

1.
കുന്നിൻ ചരിവിൽ വച്ചു പരിചയപ്പെട്ട
മഴയെ ഞാൻ
കടത്തിക്കൊണ്ടു പോന്നു,
ആരുമറിയാതെ.

നേരിയ സംഭ്രമത്തോടെ,
എന്നാൽ അനുസരണയോടെ അത്
കാറിന്റെ ഡിക്കിയിലൊളിച്ചു

ആർത്തു പെയ്തുല്ലസിച്ചും
നൃത്തം ചെയ്തു രസിച്ചും
അപൂർവമായി മാത്രം
ഇരമ്പിപ്പെയ്തും,
കൂടുതൽ നേരം കിടന്നുറങ്ങിയും
ജീവിതം തള്ളിനീക്കിയ മഴ
ഇപ്പോളിവിടെ ഒതുങ്ങിയിരിക്കുന്നു
എന്ന ചിന്ത എന്നെ സന്തുഷ്ടനാക്കി.
എത്രയോ മികച്ച ഒരൊതുങ്ങൽ.

ഞാൻ വണ്ടി വിട്ടു.
ഹെയർപിൻ വളവുകളിറങ്ങി.
താഴത്തെ
ചെക്ക് പോയിൻറിൽ
ഞങ്ങൾ പിടിക്കപ്പെട്ടു

2.
ഇന്റെറൊഗേഷൻ ടേബിളിന്റെ
ഒരു വശം ഞാനും
മറുവശം പോലീസ് ഓഫീസറും ഇരുന്നു.
മുകളിൽ നിന്നുള്ള വെളിച്ചം
ഞങ്ങൾക്കു മേൽ ചാറി

” തട്ടിക്കൊണ്ട് വന്നതല്ല,
സ്വമേധയാ വന്നതാണ് “
ഞാൻ പറഞ്ഞു:

”മഴ ഒറ്റയ്ക്കായിരുന്നു താമസം.
കുന്നിൻ മുകളിലെ വീട്ടിൽ.
ഞാൻ അവിടെ പോകാറുണ്ട്.
നൃത്തമാടിയും
ഇരമ്പിയും
കലമ്പിയും
ഞങ്ങൾ ഉറ്റവരായിത്തീർന്നിരുന്നു”

എന്റെ വാക്ക് ആരും വിശ്വസിച്ചില്ല..
കോടതിപോലും.
മഴയ്ക്ക് സംസാരിക്കാനോ
എഴുതാനോ അറിയില്ലായിരുന്നു.

അതിന്റെ ഗോത്രഭാഷ
നമുക്കു മനസിലാക്കാനാവാത്തത്ര
ലളിതവും നശ്വരവുമായിരുന്നു.
മണ്ണിലാഴുന്ന തുള്ളി പോലായിരുന്നു
അതിന്റെ കരച്ചിൽ.
എനിക്കു മാത്രം അത് മനസിലാകുന്നത്.

എന്നെ ജയിലിലേക്കയച്ചു.
മഴയെ റിഹാബിലിറ്റേഷൻ കേന്ദ്രത്തിലേക്കും.

3.
മൂന്ന് വർഷമായിരുന്നു തടവ്.
ഒറ്റമുറിവീട്ടിൽ
ഒറ്റയ്ക്ക് കഴിഞ്ഞ എനിക്ക്
അത് സാരമുള്ളതല്ലായിരുന്നു.
എങ്കിലും മഴയെച്ചൊല്ലിയുള്ള ആധി
എന്നെ തളർത്തി.

ഇറ്റു വെളിച്ചത്തിന്റെ
ആ ദ്വാരത്തിലൂടെയെത്തുന്ന,
ഒരു നുള്ളു തണുപ്പിനെ
ഞാൻ കിനാക്കണ്ടു.

ശംഖിലെ കടലൊച്ച തേടും പോലെ
ഭിത്തിയിൽ ചെവി ചേർത്ത്
മഴയെ കേൾക്കാൻ ശ്രമിച്ചു.
[ശംഖിലെ കടലിനെ കേൾക്കുന്നത്
മഴയ്ക്ക് ഭയമായിരുന്നു
എന്നു ഞാനോർത്തു ]

തടവുമുറിയിൽ വന്നുപെട്ട പാറ്റയുമായി
ഞാൻ ചങ്ങാത്തത്തിലായി.
മഴയോട് പറയാൻ വച്ച
വാക്കുകളിലൂടെ,
പാറ്റയോടു ഞാൻ
മനസു തുറന്നു.
മാസങ്ങളോളം
എന്റെ രാത്രി പങ്കിട്ട ആ സുഹൃത്ത്
ഇരുന്നൂറു ദിവസങ്ങൾക്കു ശേഷം
മൃതിയടഞ്ഞു.
അന്നാദ്യമായി എനിക്ക് നിയമസംവിധാനങ്ങളോട് പക തോന്നി.
അതിന്റെ മൃതശരീരം
ദ്രവിച്ചു തീരും വരെ
ഞാൻ സൂക്ഷിച്ചു.
ആത്മാവോളം ഏകാന്തനായ ഒരുവന്റെ
ഏക സമ്പാദ്യമായിരുന്നു അത്.

ഫറവോയുടെ മമ്മിയെപ്പോലെ
അതിനൊരിക്കൽ
ജീവൻ മുളയ്ക്കുമെന്ന്
ഞാൻ വിശ്വസിച്ചു.

ഏറ്റവും മികച്ച സ്വപ്നങ്ങളിൽ
എന്റെ സമീപം വന്നിരിക്കാൻ
സമയം കണ്ടെത്തിയതിന്
അതിനോട് ഞാൻ
കടപ്പെട്ടു.

4.
ഒരിക്കൽ മഴ എന്നെ കാണാൻ വന്നു.
ഇരുമ്പുവലയ്ക്കപ്പുറം അത് നിന്നു.
ഞങ്ങൾ ഒന്നും ഉരിയാടിയില്ല
മഴ തിരിച്ചു പോയി.
മലയും മഞ്ഞുമിറങ്ങി
മരുഭൂമിയണഞ്ഞവനെപ്പോലെ
ഞാനനാഥനായി.

അന്നെനിക്കു ഭ്രാന്തിളകി.
കണ്ണിൽ കണ്ടതെല്ലാം അടിച്ചുതകർത്തു.
തടയാൻ വന്ന പോലീസുകാരനെ
തൂക്കിയെടുത്ത് തറയിലടിച്ചു.
അവിടം ചോരക്കളമായി

5.
പിന്നെ കഠിനതടവായിരുന്നു.
കൊടിയ പീഢനങ്ങളായിരുന്നു.
ചോരയിൽ മുങ്ങിയ ഒരു മാംസപിണ്ഡമായി ഞാൻ തൂങ്ങിക്കിടന്നു.
വേദനയുടെ പാരമ്യത്തിൽ പല്ലിളിച്ചു.

വായിൽ നിന്നിറ്റിയ ചോരത്തുള്ളി പയ്യെ കണ്മിഴിച്ച് ചിറകനക്കി.
പിന്നെ പല തുള്ളികളും
അതനുകരിച്ചു

ഇരുട്ടായപ്പോൾ അവ തിളങ്ങി.
ഡ്രാക്കുളക്കഥയിലെ മിന്നാമിനുങ്ങുകളായി
അവ പുറത്തേക്കു പറന്നു പോയി

6.
അന്നു രാത്രിയിൽ
ചതഞ്ഞ കാതുകൾ കൂർപ്പിച്ചു ഞാൻ കേട്ടു .
മഴയുടെ ആരവം.

മിന്നൽ പിണറുകൾ
ഒരു നിമിഷത്തേയ്ക്ക് രാത്രിയെ വെള്ളിപൂശി.
ജയിലഴികൾ വിറച്ചു.
പ്രണയപ്രഖ്യാപനത്തിന്റെ നിമിഷം
എല്ലാറ്റിനെയും കടപുഴക്കിക്കൊണ്ട് കടന്നു വന്നു.

പീരങ്കിയാൽ തുറുങ്കു തകർത്ത്,
കുതിരപ്പുറത്തെത്തുന്ന യോദ്ധാവായി
മഴ കടന്നു വന്നു.

വിറങ്ങലിച്ചു നിൽക്കുന്ന
ചുറ്റുപാടുകളെ വകവയ്ക്കാതെ,
വീരോചിതമായി
അതെന്നെ കോരിയെടുത്ത് മടങ്ങി.
പുറപ്പെടും മുമ്പ് എന്റെ
സുഹൃത്തു കിടന്നിടത്തേയ്ക്ക്
ഞാൻ നോക്കി.
വിട !!

7.
മിന്നാമിനുങ്ങുകളുടെ അകമ്പടിയോടെ
ഞങ്ങൾ യാത്രയാരംഭിച്ചു.
ഇരുട്ടിൽ
ഞങ്ങളുടെ യാത്ര മാത്രം തിളങ്ങി.
വീശുമ്പോൾ മാത്രം തെളിയുന്ന
ചൂട്ടുകറ്റകളായി അത്
രാത്രിയെ വക്രാക്ഷരങ്ങളിലെഴുതി.

രാത്രിയിൽ ഞങ്ങൾ മലകളേറി.
പുലർച്ചയിൽ ചെങ്കുത്തായ ഇറക്കമിറങ്ങി.

പൂക്കളുടെ വിശാല ഭൂമിക,
അരുവികളും വെള്ളച്ചാട്ടങ്ങളും,
പാടുന്ന കിളികൾ
ചെടികൾക്കു പോലും
പാൽ തൂകുന്ന എരുമകൾ,
വിമോഹന സൈകതങ്ങൾ,
നിറങ്ങൾ കുതിരുന്ന നൃത്തവേദി.

പൂർവജന്മത്തിലെ
പാട്ടുകാരായ പക്ഷികൾ
ഞങ്ങൾക്കു ചുറ്റും കൂടി.
അവിടെ വച്ച്
മഴ
അഭൗമമായ തന്റെ നൃത്തമാരംഭിച്ചു.
എന്റെ വേദനകൾ ഒപ്പിയെടുക്കപ്പെട്ടു.

8.
”നഷ്ടപ്പെട്ടവരും ലഭിച്ചവരും
എന്ന് രണ്ടു വർഗ്ഗങ്ങൾ
നിലവിൽ വന്നതിന്റെ ചരിത്രപശ്ചാത്തലം ഇതാണല്ലേ ?”
-ഒത്തിരിക്കാലം കഴിഞ്ഞ്,
ഒരു വൈകുന്നേരം
സ്കൂൾ വിട്ടു വന്നപ്പോൾ
മഴയുടെ മകൾ അമ്മയോടുമച്ഛനോടുമായി ചോദിച്ചു.

കവിയും ചലച്ചിത്ര സംവിധായകനുമായ രാ. പ്രസാദ് , ആലപ്പുഴ ജില്ലയിൽ തകഴി സ്വദേശിയാണ്. ഇല, കടൽ ഒരു കുമിള ,മേഘമൽഹാർ, പ്രേമത്തിന്റെ സുവിശേഷം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരണി എന്ന ചിത്രം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മണ്ണെഴുത്ത് മാസികയുടെ പത്രാധിപരാണ്.