‘താലാ ‘ എന്ന പേര് ഗ്രീക്ക് ഭാഷയിൽ നിന്ന് കടന്നുവന്നതാണ്. ചെറുചെടി, സുന്ദരി എന്നെല്ലാം പല ഭാഷകളില്‍ ആശയമുള്ള പദം. താലാ അല്‍ഖലീല്‍ അറബ് ലോകത്തിൻറെ അഭിമാനപുത്രിയായത് സേവനത്തിന്റെ നിലയ്ക്കാത്ത നീരുറവ ആയതിലൂടെയാണ്.
ഇറാഖിലെ അശരണരും അര്‍ബുദബാധിതരും ആശയറ്റവവരുമായ കുട്ടികള്‍ക്ക് ആശ്രയമായ വനിതയാണ് താലാ. ഫാര്‍മസിസ്റ്റ് ആണെങ്കിലും ആളുകള്‍ സ്നേഹപൂര്‍വം ‘ദോക്തൂറ ‘എന്നു വിളിച്ചു. രോഗത്തിന് മരുന്ന് തരുന്നവരെയെല്ലാം ഡോക്ടർ എന്ന് ആദരിച്ച് വിളിക്കുന്ന പതിവ് അറബ് സമൂഹത്തിനുണ്ട്.
യുദ്ധവും അധിനിവേശവും കൊണ്ട് ദുരിതഭൂമിയായ ഇറാഖിലെ ബസറയില്‍ ഭിന്നശേഷിക്കാരും രോഗികളും അവശരുമായ കുട്ടികളെ ജീവിതത്തിലേക്ക് കരകയറ്റാന്‍ ആയുസ്സ് ഉഴിഞ്ഞു വച്ച പുണ്യമാണ് താലായെ ദുബായില്‍ എത്തിച്ചത്.
ജന്മനാട്ടിലെ മനുഷ്യരില്‍ ‘ശുഭാപ്തിവിശ്വാസം സൃഷ്ടിക്കുന്നവരെ ‘ ആദരിക്കുന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പദ്ധയില്‍ ഈ വർഷം ആദ്യം പുരസ്കാരം ഏറ്റുവാങ്ങിയത് താലായായിരുന്നു.
കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ഒരു അക്കാദമി സ്ഥാപിച്ചായിരുന്നു സാമൂഹ്യസേവനത്തിലേക്കുള്ള അരങ്ങേറ്റം. 2015 ല്‍ അര്‍ബുദ രോഗികളായ കുട്ടികളെ ചികിത്സിക്കാന്‍ ഒരു ‘കാരവന് ‘ സ്ഥാപിച്ച് അതു ആശുപത്രിയാക്കി.
സ്വന്തം പഠനം മുന്നോട്ട് കൊണ്ടുപോകാനും സമൂഹത്തിലെ ഇതര ഇടപെടലുകള്‍ക്ക് സാധിക്കാതെയും വെല്ലുവിളികള്‍ അതിജീവിച്ചായിരുന്നു നിരാശരും നിരാലംബരുമായ കുട്ടികൾക്ക് ഭാവിയിലേക്കുള്ള വഴി വെട്ടിയത്.
രോഗികളായ കുരുന്നുകളും മരുന്നും മാത്രമായി താലായുടെ ലോകം. ബധിരരും മൂകരുമായ കുട്ടികള്‍ക്ക് കൺകണ്ട ഉമ്മയായി അവര്‍ മാറി. 2018 ല്‍ ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഒരു ആശുപത്രിയെന്ന ആശയവും പരസഹായത്തോടെ യാഥാർഥ്യമാക്കി. പലതരം രോഗങ്ങളുടെ പിടിയിലമര്‍ന്ന ഇരുനൂറിലധികം കുട്ടികളുടെ അഭയകേന്ദ്രമായി താലായുടെ ആശുപത്രി കാരുണ്യത്തിന്റെ തണലിട്ടു. കനിവിന്റെ തൊട്ടിലായ അവരുടെ സന്നദ്ധസേവന മനസ്സിനു പുരസ്കാരത്തിലൂടെ ഒപ്പ് പതിക്കുകയായിരുന്നു ദുബായ് ഭരണാധികാരി.
‘പ്രത്യാശയിൽ ജീവിക്കുന്നവനു നൃത്തം വയ്ക്കാൻ സംഗീതം വേണമെന്നില്ല’ കവിവാക്യം സാധൂകരിക്കുന്നതാണ് ഡോ.മുഹമ്മദ് നജ്ജാറിന്റെ ജീവിതം. കാൽപന്ത് കളിക്കുന്നവന് വലതു കാൽ നഷ്ടപ്പെട്ടാലുള്ള സങ്കടം സങ്കല്പിക്കാവുന്നതിലും അപ്പുറമാണ്. ആ മാനസിക, ശാരീരിക വേദന കടിച്ചിറക്കി വഴക്കമുള്ള കളിക്കാരനെപ്പോലെ ഡോ.മുഹമ്മദ് ജീവിതത്തിലേക്ക് കുതിച്ചു കയറി. എതിർ പോസ്റ്റിലെ പ്രതിസന്ധികളിലേക്ക് പ്രത്യാശയുടെ പന്തുകൾ അടിച്ചു കയറ്റിയാണ് വിജയശ്രീലാളിതനായത്. അരികുവൽക്കരിക്കപ്പെട്ടവരെ ചേർത്തു പിടിച്ചായിരുന്നു പോരാട്ടം.
ദുരിതക്കയം നീന്തിയ ഈ മനുഷ്യസ്നേഹി ഇറാഖില്‍ നിന്നു തന്നെയാണ് ദുബായില്‍ പുരസ്കാരം സ്വീകരിക്കാന്‍ എത്തിയത്. യുദ്ധത്തിലും മറ്റും ശരീരാവയവങ്ങള്‍ അറ്റുപോയവരുടെ ജീവിതം അണഞ്ഞുപോകാതിരിക്കാന്‍ അശ്രാന്തപരിശ്രമം മുഖമുദ്രയാക്കിയ മുഹമ്മദ് , ഇറാഖിലെ ജനങ്ങള്‍ക്ക് ഒരു പ്രചോദന പുസ്തകമായി.
യുദ്ധം ഒരു ജനതയില്‍ അടിച്ചേല്‍പ്പിച്ച ദുരിതങ്ങൾക്ക് ബഹുമുഖഭാവമായിരുന്നു. രാജ്യം യുദ്ധഭൂമിയായതിന്റെ ഭാഗമായി നാട്ടില്‍ വൈകല്യമുള്ളവരുടെ പെരുപ്പമുണ്ടായി. കാലിൽ തുളച്ചു കയറിയ വെടിയുണ്ട രണ്ടുമാസം അബോധാവസ്ഥയിൽ ആശുപത്രിയിലാക്കി. വലതു കാൽ നഷ്ടമായെങ്കിലും ഈ മുപ്പെത്തിയേഴുകാരന്റെ . മനസ്സിൽ ആത്മവിശ്വാസം നാമ്പെടുത്തത് ആശുപത്രി വാസകാലത്താണ്.
ജീവിതം കുടുസ്സായ നാടാണെങ്കിലും വിശാലമായ മനസ്സുണ്ടെങ്കിൽ ജീവിതത്തിനു പുതിയ അർഥം കണ്ടെത്താനാകുമെന്നു മുഹമ്മദ് നജ്ജാർ വിശ്വസിച്ചു. ഇറാഖിലെ ഊർജ മന്ത്രാലയത്തിലെ ജോലിയിലേക്ക് തിരിച്ചുകയറി. ലണ്ടനിൽ നിന്നും ഗവേഷണത്തിൽ ഡോക്ടറേറ്റ് നേടി. കൃത്രിമ കാൽ വച്ചുപിടിപ്പിച്ചു ദൈനംദിന ജീവിതത്തിലേക്ക് വീണ്ടും പിച്ചവച്ചു .
ഭീകരർ തകർത്ത സ്വപ്നം ബ്രിട്ടനിൽ വച്ച് പൂവണിഞ്ഞു. ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുക്കാനായി. പേരെടുത്ത കളിക്കാരനായി ലണ്ടനിൽ നിന്നും തിരിച്ചെത്തിയപ്പോൾ ജന്മനാട്ടിൽ വൻവരവേൽപ് ലഭിച്ചു. കാലറ്റു പോയവർക്കായി ഫുട്ബോൾ ക്ലബ്ബുകളുണ്ടാക്കി രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. മന:ശക്തിയുണ്ടെങ്കിൽ ജീവിതം തകർക്കാൻ ആർക്കുമാകില്ലെന്നു തെളിയിച്ച തീച്ചൂള താണ്ഡിയ മനോവീര്യത്തിനായിരുന്നു ദുബായിൽ അഭൂതപൂർവമായ ആദരം ലഭിച്ചത്.
ഈജിപ്ഷ്യൻ വനിതയായ ഫത്ഹിയ അൽ മഹ്മൂദ് അനാഥകളുടെ അമ്മയാണ്. ഭർത്താവുമൊത്ത് സ്വന്തം വീട്ടിൽ മുപ്പത്തിനാല് അനാഥകൾക്ക് അന്നവും അഭയവും നൽകുന്ന മഹതി. എല്ലാം പെൺകുട്ടികൾ !
അറബിക്കുട്ടികൾ ‘മാമാ ഫത്ഹിയ്യ ‘ എന്നാണ് വാത്സല്യനിധിയായ ഈ ഉമ്മയെ വിളിക്കുന്നത്. 2005 മുതൽ ഫത്ഹിയയുടെ വീട് മാതാപിതാക്കൾ നഷ്ടമായ മക്കളുടെ കിളിക്കൊഞ്ചൽ കേട്ടാണ് ഉണരുന്നത് . മുപ്പത് വർഷം മുൻപ് വിവാഹിതരായ ദമ്പതികൾക്ക് കുഞ്ഞുങ്ങളില്ല. ഈ മനോവ്യഥ മറികടക്കാൻ ആരാരുമില്ലാത്ത മക്കളെ വീട്ടിൽ വളർത്തി ഉത്തമ പൗരകളാക്കുകയാണിവർ.
ഉമ്മാ, ഉപ്പാ എന്ന വിളി കേൾക്കാൻ കൊതിച്ച ഇവരെ ഇപ്പോൾ കുട്ടികൾ കൂട്ടത്തോടെ മാതൃത്വത്തിന്റെ മഹിതമായ ആ പേര് വിളിച്ച് ആനന്ദിപ്പിക്കുന്നു. പ്രതീക്ഷ മങ്ങിയ പെൺകുട്ടികൾക്ക് പ്രശോഭിത ഭാവി പകർന്നു നൽകാൻ കഴിഞ്ഞ നിർവൃതിയിൽ ഫത്ഹിയ്യ പുരസ്കാരത്തിനായി ദുബായിലെ വർണപ്പകിട്ടുള്ള വേദിയിലെത്തി.
സമൂഹമാധ്യമത്തിലൂടെ സാമൂഹ്യ സേവനം അതിവേഗത്തിലാക്കാമെന്ന് തെളിയിച്ചതിന്റെ തെളിച്ചമാണ് മൊറോക്കോയിൽ നിന്നുമെത്തിയ അമീൻ ഇംനീറിന്റെ മുഖത്തെളിച്ചം. പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ കണ്ടെത്തി ഉന്നതിയിലെത്തിക്കാനായിരുന്നു അമീൻ ഉറക്കമൊഴിച്ചത്. നിർധന കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ അമീൻ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു. കിണറുകൾ കുഴിച്ചും കുടിനീർ എത്തിച്ചും അവശ്യസാധനങ്ങൾ വിതരണം ചെയ്തും സമൂഹത്തിലേക്ക് സാമൂഹ്യ സേവനത്തിന്റെ പാലം പണിതു. മൊറോക്കോയുടെ ഉൾപ്രദേശങ്ങളിലെ ജനങ്ങൾ വരെ സഹായം സ്വീകരിച്ചു അമീനു വേണ്ടി സദാ പ്രാർഥിച്ചു. പ്രാന്തപ്രദേശങ്ങളിൽ പട്ടിണി ഇടതടവില്ലാത്ത മാറ്റാൻ വഴിഞ്ഞൊഴുകിയ സാഹായം കൊണ്ടു സാധിച്ചു. പ്രായമായവർക്കും അശരണർക്കും ഔഷധങ്ങളും നിർലോഭം നൽകി. 2023 ൽ നടത്തിയത് 217 സൗജന്യ ശസ്ത്രക്രിയകൾ. കായ്ഫലമുള്ളങ്ങൾ 2800 മരങ്ങൾ വച്ചുപിടിപ്പിച്ചു നാട് ഹരിതാഭമാക്കാനും അമീൻ സമയം കണ്ടെത്തി.
സൗജന്യ വൈദ്യസഹായവും ശസ്ത്രക്രിയയും സേവന പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ രോഗം കൊണ്ട് നിരാശയിലാഴ്ന്നവരിൽ ജീവിതത്തിന്റെ പുത്തൻ മിടിപ്പുണ്ടായി . വൈദ്യുതിയില്ലാത്ത വീടുകളെ സൗരോർജ പദ്ധതിയിലാക്കി. അനാഥരും വിധവകളും ജീവിതത്തിന്റെ പുതിയ പ്രഭാതം കണ്ടത് അമീൻ വഴിയായിരുന്നു. ഒന്നര ലക്ഷം പേരാണ് അമീൻ കെട്ടിയ പ്രത്യാശയുടെ പാശത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകയറിയത്
മനുഷ്യരുടെ മനസ്സിൽ ശുഭാപ്തി വിശ്വാസത്തിന്റെ തൂവെളിച്ചം തളിച്ച നാല് വ്യക്തിത്വങ്ങൾക്ക് ദുബായ് ഭരണാധികാരി നൽകിയത് പത്ത് ലക്ഷം ദിർഹം വീതമാണ്. ( ഏകദേശം രണ്ടു കോടി ഇരുപത്തി അഞ്ചു ലക്ഷം രൂപ ). ഈ തുകയൊന്നും അവരുടെ വ്യക്തി ജീവിതം മാറ്റിമറിച്ചില്ല എന്നതാണ് ശ്രദ്ധേയം. ‘ നാട്ടിലെ സന്നദ്ധസേവന രംഗത്ത് കൂടുതൽ സജീവമാകാൻ പ്രചോദനമേകുന്നതാണ് പുരസ്ക്കാരത്തുക ‘ എന്നാണ് നാല് പേരും ഓരേ സ്വരത്തിൽ പറഞ്ഞത്.
പുരസ്കാരം അർഹതപ്പെട്ടവരെ ഏൽപ്പിച്ച ശേഷം ഷെയ്ഖ് മുഹമ്മദ് സമൂഹമാധ്യമത്തിൽ കുറിച്ചു. ‘ ആരെങ്കിലും പ്രത്യാശയിൽ വിശ്വസിക്കുന്നൂവെങ്കിൽ പുതുതലമുറകളോട് നല്ലത് പറയട്ടെ, അതിനാകുന്നില്ലെങ്കിൽ അവർ മിണ്ടാതിരിക്കട്ടെ…’
ദുരിതപ്പെയ്ത്തുള്ള അറബ് ലോകത്തെ പ്രതീക്ഷയുടെ പച്ചപ്പിലേക്ക് നയിക്കുന്ന ഒരു നേതാവിന്റെ വാക്കുകളാണിത്. തങ്കലിപികളിൽ എഴുതപ്പെടേണ്ട വാക്യമായി അതു എക്കാലവും അറബ് ദേശങ്ങളിൽ അലയടിക്കും.