എന്റെ മുറിയിലെ ജനാലയിലൂടെ നോക്കിയാൽ അവരുടെ ഉമ്മറപ്പടി കാണാം.
സന്ധ്യ നേരങ്ങളിൽ അവൾ ഉമ്മറത്തു വന്നിരിക്കുമായിരുന്നു. ഈറനായ മുടി അഴിച്ചിട്ട് നെറ്റിയിൽ ഭസ്മം ചാർത്തി പശ്ചാത്തലത്തിൽ റെക്കോർഡറിലൂടെയുള്ള സന്ധ്യാനാമവും……… ഐശ്വര്യപൂർണ്ണമായ കാഴ്ച
എപ്പോഴാ എന്റെ നോട്ടം അവളുടെ ശ്രദ്ധയിൽ പെട്ടിരിക്കണം. അങ്ങനെയാണ്.. അവിടെനിന്നാണ് ഞങ്ങൾ പ്രണയിച്ചു തുടങ്ങിയത്
മൊബൈലിലൂടെ കഥ പറയുമ്പോൾ ഇടയ്ക്ക് ഞാൻ തലയുയർത്തി നോക്കും. എന്റെ സന്ദേശങ്ങൾ കാണുമ്പോഴുള്ള അവളുടെ മുഖ ഭാവം കാണാൻ. അതൊരു സന്തോഷമായിരുന്നു.
ഇടവഴിയിലെ മതിൽക്കെട്ടുകൾക്ക് ഇരുവശം നിന്ന് ഞങ്ങൾ കൈകളുയർത്തി ശൂന്യതയെ ആലിംഗനം ചെയ്യുമായിരുന്നു. അത്രമേൽ നിഷ്ക്കളങ്കം ആയിരുന്നു ഞങ്ങളുടെ പ്രണയം.
ആദ്യ ചുംബനം ഒരു അനുഭൂതി തന്നെയാണ്. എന്റെ ചുംബനം അവളുടെ ചുണ്ടിൽ നിന്നടർന്ന് മാറുമ്പോൾ അവളിൽ ഒരു ചെറു പുഞ്ചിരി വിരിയും. ആ ചിരി കാണുവാൻ വേണ്ടി മാത്രം അവളെ ഞാൻ പിന്നെയും പിന്നെയും ചുംബിക്കും.
കണ്ടും കാണാതെയും എത്രയെത്ര കഥകൾ പറഞ്ഞു.! കാക്കതൊള്ളായിരം ചുംബനങ്ങൾ കൈമാറി സന്തോഷപൂർണമായദിനങ്ങൾ.
തൊഴിൽ അവൾക്കൊരു അനിവാര്യതയായിരുന്നു. അതവൾ നേടുകയും ചെയ്തു. ഭാഗ്യദോഷത്തിന്റെ കടുംകെട്ടിൽ ഞാനൊരു ഉദ്യോഗാർഥിയായും വിദ്യാർത്‌ഥിയായും തന്നെ കാലം തള്ളി നീക്കി.
പിന്നീടുള്ള സായാഹ്നങ്ങൾ ഞാൻ അവൾക്കായ് കാത്തിരിന്നു. തിരികെ എത്തുന്ന നേരം ഇടവഴി യിൽ നിന്നു ഞങ്ങളേറെ സൊറ പറയും. അവൾ കുലുങ്ങി ചിരിക്കും പിന്നീട് ജോലിയൊക്കെ കഴിഞ്ഞു സന്ധ്യക്ക് അവൾ പതിവ് പോലെ ഉമ്മറ പടിയിൽ വന്നിരിക്കും.
ഞങ്ങൾ പിന്നെയും കഥ പറയും, ചിരിക്കും ശൂന്യതയെ ആലിംഗനം ചെയ്യും. അങ്ങനെ ഏറെ നാൾ.
പുലർച്ചെ അവൾ എന്നെ വിളിച്ചുണർത്തും.. ജോലിക്ക് പോകുന്ന കാഴ്ച്ചയിൽ വീണ്ടുമൊരു കണ്ടുമുട്ടൽ.. ചിലപ്പോൾ ഞാൻ അവളെ കൊണ്ടാക്കും…. മനസ്സ് കൊണ്ട് പതിയും പത്നിയും. പിന്നെയും മുന്നോട്ട്…
ജോലി സ്ഥലത്ത് അവൾ വല്ലാത്ത അപരിചിതത്വം അനുഭവിച്ചിരുന്നു, അമിത ജോലിഭാരവും. ക്ഷീണം കൊണ്ട് അവശയായ അവളുടെ മുഖം കാണുമ്പോൾ ഏറെ സങ്കടം തോന്നും. സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പോലും അവൾ അറിയാതെ ഉറങ്ങുമായിരുന്നു
പിന്നീട് അങ്ങോട്ട് പരസ്പരം ഉള്ള സന്ദേശങ്ങൾ കുറഞ്ഞു. ജോലി ഭാരം അവൾക്ക് ഏറെയായതിനാൽ ഞാനും ബുദ്ധിമുട്ടിച്ചില്ല. എന്നിരുന്നാലും പരസ്പരം കാണും, വല്ലപ്പോഴും. സമയം കഴിഞ്ഞു മാത്രം അവൾ വരുന്നതിനാൽ ഉമ്മറത്ത് അവളില്ലാതെയായ്… ഉമ്മറത്തെ ഐശ്വര്യം പോയി എന്നു വേണം പറയാൻ.
പിന്നെയും കുറെ കഴിഞ്ഞപ്പോൾ സന്ദേശങ്ങൾ പിന്നെ ശുഭ രാത്രിയിലും ശുഭദിനത്തിലുമായ് ഒതുങ്ങി. ഓഫീസിലെ അപരിചിതത്വമൊക്കെ അവൾക്ക് അപ്പോഴേയ്ക്കും മാറിയിരുന്നു. ചുരുങ്ങിയ വിളികളിൽ ഞങ്ങളുടെ സംസാരങ്ങൾ ഒതുങ്ങി. പുതിയ ഓഫീസ്, സ്വന്തം വരുമാനം, പുതിയ ജീവിതശൈലി, ഇവയെല്ലാം അവളുടെ വീട്ടിലേ കെട്ടുമാറാപ്പുകൾക്കും വീർപ്പുമുട്ടലുകൾക്കും പരിഹാരം ആയി. അവൾക്ക് മുന്നിൽ കാലം തുറന്നു കൊടുത്തത് സ്വാതന്ത്രത്തിന്റെ വലിയ കവാടങ്ങൾ ആയിരുന്നു.
ഇടയ്ക്കുള്ള ഫോൺ വിളികളിൽ ഞങ്ങൾക്കിടയിലും സ്വര ചേർച്ചയില്ലായ്മ വന്നു തുടങ്ങി. എനിക്കേറെ പറയാനുള്ളത് പരാതികൾ ആയിരുന്നു, അവൾക്ക് തിരക്കുകളെ പറ്റിയും.
തുടർന്നുള്ള സംഭാഷണങ്ങളിൽ എപ്പോഴൊക്കെയോ ഞങ്ങൾക്കിടയിൽ ഒരു പുതിയ പേര് വന്നു തുടങ്ങി. എന്റെ സ്വാർത്ഥത ആവാം എനിക്ക് ആ പേര് അംഗീകരിക്കാൻ പറ്റിയില്ല.
പലപ്പോഴും ആ പേര് ഞങ്ങൾക്കിടയിൽ എനിക്ക് അസ്വസ്ഥതയുണർത്തിക്കൊണ്ട് കടന്നുവന്നു. തിരക്കിലാണോ എന്ന് ചോദിക്കുമ്പോൾ അല്ല ഇദ്ദേഹവുമായ് സംസാരിക്കുകയായിരുന്നുവെന്ന് പറയും. ഉള്ളു നീറുമെങ്കിലും തമാശ എന്ന മട്ടിൽ അതിനെ വിട്ടുകളയാൻ ഞാൻ ശ്രമിച്ചു. ഒട്ടും സഹിക്കുവാൻ ആകാത്തത് എന്നെയും അയാളെയും തമ്മിലുള്ള താരതമ്യം ആയിരുന്നു.
അവഗണയും അകലവും വല്ലാതെ കൂടുന്നുവെന്നു തോന്നുന്ന ചില സമയങ്ങളിൽ ഞാൻ അറിയാതെ പ്രകോപിതനാവും. അപ്പോഴൊക്കെ ഓരോ കാര്യങ്ങൾ പറഞ്ഞു എന്നെ സമാധാനിപ്പിക്കും. ഇനി മുതൽ എല്ലാം ശെരിയാകുമത്രേ.
ഒന്നും ശെരിയായില്ല. പിന്നെയും പോയി ഒരുപാടു ദിനങ്ങൾ, മാസങ്ങൾ… കൃത്യമായി പറഞ്ഞാൽ രണ്ട് വർഷം..! ഇടയ്ക്കിടെ റേഷൻ കിട്ടുന്നത് പോലെ ഒരു വിളി വരും, ഞാൻ പറയുന്ന സങ്കടങ്ങളെഎല്ലാം കേട്ട് സ്വയമേ തതയ്യാറാക്കിയ ഒരു ശാസ്ത്രം പറയും, അവൾ തന്നെ ചിരിക്കും എന്നിട്ട് വീണ്ടും പറയും
“എല്ലാം ശെരിയാകും”
പിന്നീട് സന്ധ്യകളിലൊന്നും ഞാൻ അവളെ ഉമ്മറത്തു കണ്ടിട്ടില്ല. കാണണം എന്നൊരുപാട് ആഗ്രഹം തോന്നിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല. സന്ധ്യക്ക് അവളുടെ വീട്ടിലെ ഗേറ്റുകൾ ചലിക്കുമ്പോഴൊക്കെ ഞാൻ പതിയെ അവിടേക്ക് നോക്കും.ആ ഗേറ്റ് തുറക്കാൻ എങ്കിലും അവൾ വരുമ്പോൾ ഒന്ന് കാണാൻ…. എന്റെ കാത്തിരുപ്പുകളെല്ലാം വിഫലമായ.
ഒരിക്കൽ.. ഒരു പകൽ ആ ഉമ്മറപടിയിൽ അവളെ ഞാൻ കണ്ടു.അവൾ എന്നെയും കണ്ടു. പരസ്പരം അന്നും ഞങ്ങൾ ചിരിച്ചു.
പിന്നീട് ഉള്ള ദിനങ്ങൾ എല്ലാം ഓൺലൈനിൽ അവളെ കാണുന്നുണ്ടെങ്കിലും എനിക്ക് സന്ദേശങ്ങൾ ഒന്നും വന്നില്ല.
കുറെയേറെ കഴിഞ്ഞപ്പോൾ ഞാൻ അവളോട് തന്നെ ചോദിച്ചു ഇത് ഇങ്ങനെ മുന്നോട്ട് കൊണ്ടു പോകണോ എന്ന്. പതിവ് ഉത്തരങ്ങൾ തന്നെ…. കുറെയേറെ ന്യായികരണങ്ങൾ! കൂടാതെ പരിഹാസമാണോ സ്നേഹമാണോ എന്നറിയാത്ത ഒരു ചിരിയും.
അന്ന് ഞാൻ എന്നെ തന്നെ കുറെ ശപിച്ചു. പണ്ടൊക്കെ അവളുടെ ഇമ ഒന്നനങ്ങിയാൽ എനിക്കറിയാമാരുന്നു ഇന്നിപ്പോൾ സംസാരിക്കുമ്പോൾ പോലും എന്താണ് പറയുന്നത് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവുന്നില്ലല്ലോ എന്നോർത്ത്.
അങ്ങനെ കാര്യങ്ങൾക്ക് ഒരു വ്യക്തതയും ഇല്ലാതെ മുന്നോട്ട് പോകുന്നതിനിടയിലാണ് അവളുടെ ജോലി സ്ഥലത്തേക്ക് പോകാൻ എനിക്ക് ഒരു അവസരം കിട്ടുന്നത്. നല്ല കാറ്റും കോളും ഉള്ള ദിവസം മഴയൊന്നും നനയാതെ എങ്ങനെയോ ഞാനവളുടെ ഓഫീസിൽ എത്തി. അവിടെനിന്നു അവളെ മൊബൈലിൽ വിളിച്ചു, ഓഫീസിൽ ഉണ്ടായിരുന്നില്ല. കാത്തു നിൽക്കുവാൻ പറഞ്ഞു. കാത്തു നിന്നു. കുറേക്കഴിഞ്ഞു അവൾ വന്നു , പുഞ്ചിരിയോടെ ..
“ഏറെ നാളുകൾക്കു ശേഷം ആ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ മനസ്സ് നിറഞ്ഞു എന്നു വേണം പറയാൻ…. എനിക്ക് എന്തെങ്കിലും പറയാനാവുന്നതിനു മുന്നേ ഓഫീസറെ കാണുവാൻ അവൾ വീണ്ടും ഉള്ളിലോട്ടു പോയി. ഞാൻ പിന്നെയും കാത്തു നിന്നു…
പെട്ടെന്നൊരാൾ ഓഫീസിലേക്ക് കയറി വന്നു, നല്ല പരിചിതമുള്ള മുഖം. ഒരുപാടു ആലോചിക്കേണ്ടി വന്നില്ല, ഞങ്ങളുടെ സംഭാഷങ്ങൾക്കിടയിലുണ്ടാവാറുള്ള അതിഥി. അയാൾ എന്നെയും കണ്ടു. എന്നേക്കാൾ മുതിർന്ന മനുഷ്യൻ. മുൻപ് അവൾ അയച്ചു തന്നിട്ടുള്ള ചിത്രങ്ങളിലെല്ലാം ആ മുഖം ആയിരുന്നു.
തികഞ്ഞ ഇഷ്ടക്കേടോടെ തന്നെയാണ് അയാളെ ഞാൻ നോക്കിയത്. അത്ഭുതം ഒന്നും തോന്നിയില്ല, അയാളും അതെ രീതിയിൽ എന്നെ നോക്കി. അല്പം കഴിഞ്ഞു അയാൾ അവിടുന്ന് അവളെ ഫോണിൽ വിളിച്ചു, അവൾ പുറത്തേക്ക് ഇറങ്ങി വന്നു. അയാൾ അല്പം മാറി ഒരു മറവിൽ നിന്നു. അവൾ അയാൾക്കരികിലേക്ക് പോയി
ഞാൻ ജിജ്ഞാസയോടെ അവരെ നോക്കി, അവരുടെ പരസ്പരം ഉള്ള നോട്ടം എന്നിൽ അസ്വസ്ഥത ഉണർത്തിയിരുന്നു. അയാളിൽ ഒരു ദേഷ്യഭാവം അവളിൽ ആണേൽ ഒരു വിധേയത്വം.! ഇടയ്ക്ക് അവൾ എന്നെ ചൂണ്ടി കാണിക്കുന്നുമുണ്ട്. അവളെ പാടെ അവഗണിച്ചു അയാൾ തിരിഞ്ഞു നില്ക്കുന്നു,
പിന്നീട് ശാന്തമാകുന്നു.
അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഇട നെഞ്ച് വല്ലാതെ തുടിച്ചു കൊണ്ടിരുന്നു. അത് പിന്നെയും കൂടിക്കൂടി വന്നു. മനസ്സിൽ ലക്‌ഷ്യമില്ലാത്ത ഒരു തീവണ്ടി കൂകി പാഞ്ഞു മുന്നോട്ടു പോയി കൊണ്ടേയിരുന്നു
“നെഞ്ചകം വിതുമ്പുന്നു എന്നിലേറ്റ വഞ്ചനയോർത്ത്
കണ്ടുകൊൾക പ്രിയേ നീ എന്നുടൽ വിറക്കുന്നതെന്തിനെന്ന്”
അസ്വസ്ഥത കൂടിയപ്പോൾ ഒരു ഡോക്ടറെ കണ്ടു. രക്ത സമ്മർദ്ദം കുറയ്ക്കുവാനുള്ള താത്കാലിക മരുന്നുകൾ… കുറെ വ്യായാമ മുറകൾ. അയാൾ എന്നെ തിരിച്ചയച്ചു.
രണ്ട് മൂന്നു ദിവസം ഉയർന്ന രക്ത സമ്മർദ്ദത്തിന്റെ പാർശ്വഫലം എന്നെ കിടക്കയിൽ തന്നെയാക്കി. ആർത്തലച്ചു കരയുവാൻ കഴിയാത്തതിനാൽ തലയിണകളിൽ ദുഃഖം കടിച്ചമർത്തി. ഇഷ്ടം ഇല്ലാത്തത് എത്ര തവണ ചിന്തിക്കേണ്ട എന്ന് കരുതിയാലും അതൊരു ബൂമറാങ് പോലെ നമ്മളിലേക്ക് തിരികെഎത്തും. രക്ത സമ്മർദ്ദം കൂടുമ്പോൾ ചിന്തകൾ മാറാൻ വെറുതെ പുറത്തിറങ്ങി നടക്കും, പൂജാമുറിയിൽ ചമ്രം പടിഞ്ഞിരിക്കും. എന്തൊക്ക ചെയ്തിട്ടും ഒറ്റപ്പെടൽ വല്ലാതെ അലട്ടിയിരുന്നു. കണ്ട കാഴ്ചകൾ…. ഒന്നാമനിൽ നിന്നും രണ്ടാമനാവുന്ന കഥാപാത്ര മാറ്റം, അവളിലെ വിധേയത്വം, അയാളുടെ നോട്ടം ഒന്നും മനസ്സിൽ നിന്ന് മാഞ്ഞില്ല. പഴകിയ വീഡിയോ കാസറ്റ് കാണുന്ന പോലെ ആ രംഗങ്ങൾ വീണ്ടും വീണ്ടും…
മൂന്നു ദിവസങ്ങൾക്ക് ശേഷം അവൾ എന്നെ വിളിച്ചു. ആശുപത്രിയിൽ ആയിരുന്നു എന്നറിഞ്ഞു വിളിച്ചതാണ്…. മൗനം ആണ് തുടക്കം. പിന്നീട് ഡോക്ടർ പറഞ്ഞ ഉപദേശങ്ങളുടെ തനിയാവർത്തനം.
എന്നിട്ട് അവൾ തന്നെ ചോദിച്ചു “ഓഫീസിൽ വന്നതിന് ശേഷമാണോ രക്ത സമ്മർദ്ദം അധികമായത് “
“അതെ, എന്ന് പറഞ്ഞപ്പോൾ മുതൽ, പിന്നെയും ഒരുപാട് ഉപദേശങ്ങൾ… ന്യായീകരണങ്ങൾ… വിശദീകരണങ്ങൾ ” അയ്യാൾ എന്നെ നോക്കിയ രീതിയും അതിലെ രൂക്ഷതയും, ഞാൻ നോക്കിയാ ശൈലിയും പറഞ്ഞപ്പോൾ ഒരു ചിരിയാണ്… പിന്നീട് അവൾ പറഞ്ഞു “അറിയില്ല എന്താ കാര്യം എന്ന്”….. പിന്നെയും ഏറെ വിശദീകരണങ്ങൾ… അയാൾ അവളിൽ കാണിക്കുന്ന ആത്മാർത, അയാളിലെ നന്മമരം , കർമ്മരംഗത്തുള്ള സഹായം എല്ലാം വാനോളം പുകഴ്ത്തി. പലതും എന്നോട് മുന്നേ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ… എന്നോട് പറയാത്ത ഇനിയും എന്തൊക്കയോ അവളുടെ ഉള്ളിൽ ഉണ്ടെന്ന് തോന്നിപ്പോയി… കാരണം പണ്ടൊക്കെ ഞങ്ങൾ കുന്നിമണിയോളം ഉള്ള കാര്യങ്ങൾ പോലും വരെ പങ്കു വെച്ചിരുന്നു
മുൻപേ എനിക്ക് ചുറ്റും ഉണ്ടായിരുന്ന സ്ത്രീ സൗഹൃദങ്ങൾ അവൾക്കായി അതുമല്ലെങ്കിൽ അവൾക്ക് ഇഷ്ട്ടം അല്ലാത്തതിനാൽ ഒഴിവാക്കിയിരുന്നു. ഇത് ഞാൻ ചോദിച്ചപ്പോൾ അവൾ എന്നോട് പറഞ്ഞു
“ഞാൻ ഇങ്ങനെയാണ് മറ്റൊരാളുടെ വാക്കുകൾ കേട്ട് ബന്ധങ്ങൾ ഒഴിവാക്കിയാൽ എനിക്ക് ദഹിക്കില്ല “
ഭൂമിയും ആകാശവും തിരിച്ചറിയാൻ പറ്റാതൊരു നിമിഷം ആയിരുന്നു കണ്ണുകളിൽ കയറിയ ഇരുട്ട് എങ്ങനെ മാറ്റിയെന്ന് ഇന്നും നിശ്ചയം ഇല്ല……….
ആ സൗഹൃദം ശെരിയല്ല എന്ന് പറഞ്ഞപ്പോൾ ശെരിയാണെന്നുള്ള വാദം. അയാളെക്കുറിച്ചുള്ള അവളുടെ വാദങ്ങൾക്ക് ശക്തി കൂടി വന്നതല്ലാതെ ഞാൻ പറയുന്നതൊന്നും ഉൾക്കൊണ്ടില്ല… സമയക്കുറവ്വ് മൂലം ഫോൺ വെക്കുമ്പോൾ അവൾ പറഞ്ഞു..
“ഇനി മുതൽ എല്ലാം ശെരിയാവുമായിരിക്കും, എന്നും വിളിക്കുമെന്നൊന്നും പറയുന്നില്ല നോക്കാം, സമയക്കുറവ് ആണ് “
എന്നിലെ ശുനകനെ തിരിച്ചറിഞ്ഞ ദിനം ആയിരുന്നു അത്….അവളിൽ ഞാൻ അർപ്പിച്ച സ്നേഹം പ്രണയത്തെക്കാളുപരി വിധേയത്വം ആയതിന്റ പരിണിത ഫലങ്ങൾ ആയിരുന്നു ഇതെല്ലാം. അർഥമില്ലാത്ത, നിഷ്ഫലം ആയി മുന്നോട്ടു പോകുന്ന ഈ ബന്ധം എന്നിൽ തീരാനഷ്ടങ്ങളും അവളിലൊരു ക്രൂരതയിൽ ആനന്ദിക്കുന്ന സാഡിസ്റ്റും ജനിപ്പിക്കുന്നു എന്ന് ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു. അവസാനം ആയി ഞാൻ അവളോട് പറയുവാൻ ഞാൻ പപ്പേട്ടന്റെ (പി.പത്മ രാജൻ-“ലോല”) വാക്കുകൾ തന്നെ കടമെടുക്കുക അല്ലാതെ വേറെ നിവർത്തി ഇല്ലായിരുന്നു
“നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കുക, ചുംബിച്ച ചുണ്ടുകൾക്ക് വിട “
അവളുടെ ഓർമകളുടെ വസന്തകാലത്തിന്റെ ഏടുകളിൽ ഒന്നിലും എന്റെ മുഖമില്ല എന്ന തിരിച്ചറിവിലൂടെയുള്ള പ്രയാണമാണ് ഇപ്പോഴത്തെ എന്റെ ജീവിതം.
ഇന്ന് ഇന്ന് ഞാനറിയുന്നുണ്ട്, ഓരോ അവഗണനയും ഓരോ ഓർമപ്പെടുത്തലുകളായിരുന്നു. എന്റെ
അർഹതയില്ലായ്മയെക്കുറിച്ചെന്ന്; അർഹമല്ലാത്തടുത്തുനിന്ന് സ്വയമേ മാറികൊടുക്കാൻ.
ഓരോ വേദനകളും ഇന്നിപ്പോൾ ഓരോ പാഠങ്ങളാണ്. ഏകാന്തത ഒരു ലഹരിയും.
സർവ്വവിധ ഭാവുകങ്ങളും നേരുന്നു പ്രിയേ…,
ശുഭം സംഭവിക്കട്ടെ.