ശിലയും ശില്പവും

ശില: ഇനിയൊരണു പോലും ചെത്തിക്കളയാനോ മിനുസപ്പെടുത്താനോ ഇല്ലാതെ എന്‍റെ രൂപം പൂർണ്ണമായെന്ന് നീയെങ്ങനെയുറപ്പിക്കും ?

ശില്പി: നിന്നിൽ ശിൽപം മറഞ്ഞിരിക്കുന്നതെനിക്ക് കാണാം. ആ മറയൊന്ന് നീക്കുകയേ ഞാൻ ചെയ്യേണ്ടു.

ഒന്ന്

അവൻ അവളെ നോക്കി. അവൾ അവനെയും.

“ഇനി എന്താ”? ഇതായിരുന്നു അവന്‍റെ നോട്ടത്തിന്‍റെ അർത്ഥം.

അവളുടേതിന്‍റെത് അവനെ കുഴക്കുന്നതും. അവൻ ഷർട്ടിന്‍റെ കോളറിൽ പിടിച്ച് നെഞ്ചിലേക്ക് വീണു കിടക്കുന്ന വലതു തുമ്പ് ഒന്ന് കടിച്ചു. അവളത് കണ്ടുവെന്നുറപ്പുണ്ടെങ്കിലും വീണ്ടും കാണട്ടെ എന്ന് കരുതി ഒന്ന് കൂടി കടിച്ചു. അവന് ദേഷ്യം വരുമ്പോഴാണ് അങ്ങനെ ചെയ്യാറുള്ളതെന്ന് അവൾക്കറിയാം. സാധാരണയായി അവൻ കോളർ കടിക്കാനൊരുങ്ങിയാൽ അവൾ ഓടിയെത്തും അരികിൽ.

“എന്‍റെ പൊന്നല്ലേ, ദേഷ്യം പിടിക്കല്ലേ” എന്ന് പറഞ്ഞുകൊണ്ടു അവന്‍റെയുള്ളിൽ ഗ്രീഷ്മ കാലത്തെ മഞ്ഞു പോലെ ഉറഞ്ഞിരിക്കുന്ന ദേഷ്യത്തെ അലിയിക്കാൻ തന്നാലാവുന്നതെല്ലാം ചെയ്യാൻ തുടങ്ങും. ആദ്യമായി അവനഭിമുഖമായി നിന്നുകൊണ്ട് തന്‍റെ നിറഞ്ഞ മാറിടം അവന്‍റെ രോമനിബിഢമായ നെഞ്ചോട് ചേർത്ത് വക്കും. ആ വാത്സല്യത്തിന്‍റെ അലകളിൽ അമരുമ്പോൾത്തന്നെ അവനൊന്ന് തണുക്കും. പിന്നെ തന്‍റെ സുദൃഢവും മധുരതരവും വ്യക്തിത്വത്തിന്‍റെ മുഖമുദ്രയുമായ സംഭാഷണ ശൈലി പൂർണ്ണമായും കൈവെടിഞ്ഞ് ഒരു കുറുകലിന്‍റെ ഭാഷയിൽ അവനെ കൊഞ്ചിക്കാൻ തുടങ്ങും. അവൾ ചെയ്തതെന്ന് അവന് മാത്രം കണ്ടെത്താവുന്ന ആ കുറ്റത്തിന് നിർലജ്ജം മാപ്പിരക്കും. ചിലപ്പോഴെല്ലാം എന്തിന് വേണ്ടിയാണ് താൻ കേഴുന്നതെന്ന് അവൾ തന്നെ സംശയത്തിലുമാകും. അവനെ സാധാരണഗതിയിലേക്ക് തിരികെയെത്തിക്കാൻ അവൾ ആരുടേയും സ്വപ്നങ്ങളിൽ മാത്രം വിഹരിക്കുന്ന ആ ദിവ്യപ്രണയിനിയായി മാറും.

അവളുടെ ആ രൂപമാറ്റവും ഭാവമാറ്റവും അവൻ നന്നായി ആസ്വദിക്കാറുണ്ട് എന്നതാണ് സത്യം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ദൈനംദിനജീവിതത്തിൽ അവൾ പുലർത്തിപോരുന്ന കയ്യടക്കവും ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും നിറഞ്ഞ മുഖത്തേക്കാൾ അവനിഷ്ടപ്പെടുന്നത് ഈ മുഹൂർത്തങ്ങളിലേതാണ്. എന്നാൽ ഇപ്പോഴോ, വീണ്ടും വീണ്ടും അവൻ കോളർ പിടിച്ച് കടിച്ചു വലിച്ചു. പിന്നീട് മീശയുടെ തുമ്പ് പിടിച്ച് വലിക്കാനും പിരിക്കാനും തുടങ്ങി. പിരിച്ചുവച്ച മീശ അവന്‍റെ മുഖത്തിന് യാതൊരു വിധത്തിലുള്ള അധികസൗന്ദര്യവും നൽകുന്നില്ല എന്നത് ആരെക്കാളും നന്നായി അവന് തന്നെ അറിയാമായിരുന്നു. എന്നാലും തുടർന്നും അവനത് തന്നെ ചെയ്തു കൊണ്ടിരുന്നു.

സാധാരണയായി മറ്റേതു കമിതാക്കളെയും പോലെ ഇവരും നിരന്തരം വഴക്കടിക്കുന്നവരാണ്. പിണക്കങ്ങളുടെ നൈരന്തര്യം അവരുടെ കാഴ്ചപ്പാടുകളെ മൊത്തത്തിൽ പ്രതികൂലമായി ബാധിക്കുമാറ് കടുപ്പമാണെന്നു തന്നെ പറയാം. ‘എന്നാൽ ഇപ്പോൾ നടന്നിരിക്കുന്ന ഈ കാര്യം’ അവനാലോചിച്ചു നോക്കി. മനസ്സിൽ ദേഷ്യം തോന്നിയാൽ അത് പ്രകടമാക്കാൻ തുടങ്ങുന്ന നിമിഷങ്ങളിൽ ഇങ്ങനെയൊരു പുനർചിന്ത അവന് പതിവുള്ളതല്ല. നേരമിത്ര കഴിഞ്ഞിട്ടും അവളൊന്നനങ്ങുന്നതു പോലുമില്ല. അവനൊന്നും മനസ്സിലായില്ല. അവനവളെ തുറിച്ചു നോക്കി. അവന് അങ്കലാപ്പ് തോന്നി. അവളാകട്ടെ കൂടുതൽ സുന്ദരിയായി കാണപ്പെട്ടു. ലക്ഷ്യവേധിയായിരുന്നു അവളുടെ നോട്ടം. താനിതുവരെ കാണാത്തൊരു മുഖം എന്നുപോലും അവന് തോന്നിപ്പോയി.

“നിനക്കൊന്നും പറയാനില്ലേ നാവിറങ്ങിപ്പോയോ” അവൻ ചോദിച്ചു.

അവൾ തന്‍റെ മനോഹരമായ നനുത്ത പൂച്ചനാവ് നീട്ടി മൃദുലമായ ചുണ്ടുകൾ നനച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. അവൾ ചെയ്ത തെറ്റിനുമപ്പുറം കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ താൻ പറഞ്ഞ ചീത്തവാക്കുകൾ അവളെ ഒരു കാമുകിയിൽ നിന്നും അഭിസാരികയിലേയ്ക്ക് വലിച്ചിഴച്ചതോർത്ത് അവന്‍റെ വായിൽ കയ്പ് പടർന്നു. ‘ഹെയ്, അവൾ അങ്ങനെയൊന്നുമല്ലെന്നും എല്ലാം ഒരു ധാരണപ്പിശക് മാത്രമാണെന്നും അവന് തോന്നി. എന്നാൽ താൻ അംഗീകരിക്കാൻ തയ്യാറായി നിൽക്കുന്ന ആ വസ്തുതയ്ക്ക് കരുത്തേകാനുള്ള വാക്കുകൾ അവൾ പറയാത്തതിൽ അവൻ അതിശയിച്ചു.

പ്രൗഢമായിരുന്നു അവളുടെ നിൽപ്പ്. കഴിഞ്ഞുപോയ ആ നിമിഷങ്ങളിൽ നിന്ന് എന്തോ ആർജ്ജവം ഉൾക്കൊണ്ടതുപോലെ അവളുടെ ശിരസ്സ് ഉയർന്നിരുന്നു. കണ്ണിലെ തിളങ്ങുന്ന കൃഷ്ണമണി എല്ലാത്തിനെയും വിഴുങ്ങാൻ ഒരുങ്ങി നിൽക്കുന്നതുപോലെ. തലയുടെ ദൃഢമായ എടുപ്പ് കഴുത്തിലെ പേശികൾക്ക് ഒരു അവാച്യഭംഗി നൽകി. ജനലിലൂടെ ചാഞ്ഞുവീണ വെയിൽക്കീറ് അവളുടെ ആഭരണങ്ങളെ ജ്വലിപ്പിച്ചു. ജനലിലൂടെ കടന്നു വന്ന കാറ്റ് അവൾക്കു ചുറ്റിലുമായി തത്തിക്കളിച്ചുകൊണ്ട് കൈത്തണ്ടകളിലെ നേർത്ത രോമങ്ങളോട് സല്ലപിച്ചു. അവൾ അങ്ങനെ നിന്നു. അവളുടെ മേനി സ്വർണ്ണവർണ്ണം പൂകിയിട്ടെന്നപോലെ തിളങ്ങി. അവന്‍റെ കണ്ണഞ്ചിപ്പോയി. അവൻ കണ്ണ് ചിമ്മുക തന്നെ ചെയ്തു.

“നീയെന്തിനത് ചെയ്തു” അവൻ ചോദിച്ചു.

“അത് അത്രയ്ക്ക് വലിയ തെറ്റാണോ” അവൾ തിരിച്ചു ചോദിച്ചു. ‘അത്’ അത്രയ്ക്ക് തന്നെ വലുതാണ് എന്നാൽ തെറ്റല്ല എന്നായിരുന്നു വ്യത്യസ്തമായി ഉച്ചാരണങ്ങൾ ഊന്നിയതിലൂടെ അവൾ ഉദ്ദേശിച്ചത്. അവനത് മനസ്സിലായില്ല.

“എന്‍റെ മുന്നിലിരിക്കുമ്പോൾ നിനക്കതിനെങ്ങനെ മനസ്സ് വന്നു”. എന്ന് പറഞ്ഞുകഴിഞ്ഞപ്പോഴാണ് തന്‍റെ വാക്കുകളിലെ മഠയത്തരം അവൻ തിരിച്ചറിഞ്ഞത്. അതിനർത്ഥം തന്‍റെ മുന്പിലല്ലാത്തപ്പോൾ അവൾക്കത് ചെയ്യാൻ താൻ സമ്മതം നല്കുന്നുവെന്നല്ലേ. അത് താൻ ശ്രദ്ധിച്ചുവെന്നും എന്നാൽ അതിൽ കടിച്ചു തൂങ്ങാൻ താത്പര്യമില്ലെന്നും അറിയിക്കുന്നത് പോലെ അവൾ ഇടതു കൈ കൊണ്ട് വലതുമുലയുടെ പാർശ്വങ്ങളിൽ ഒന്നമർത്തിയിട്ട് അലസമായ നിൽപ്പ് തുടർന്നു.

തങ്ങളുടെ കഴിഞ്ഞ വഴക്കിനെക്കുറിച്ച് അവൾ ഓർക്കുകയായിരുന്നു. കഴിഞ്ഞതെന്ന് പറയുമ്പോൾ കഴിഞ്ഞുപോയി എന്നല്ലാതെ എന്ന് എപ്പോൾ എന്നൊന്നും ഇഴകീറിയെടുക്കുവാൻ അവയുടെ ബാഹുല്യം അവളെ അനുവദിച്ചില്ല. അന്ന് കാണണമെന്ന്, തലേന്നത്തെ സംഭാഷണത്തിനിടയിൽ തീരുമാനിച്ചതായിരുന്നു. കാത്തുനിൽപ്പ് അവനിഷ്ടമുള്ള കാര്യമല്ല. “അതിനി നിന്നെയല്ല ആരെയായലും എന്തിനെയായാലും ശരി”. അവൻ പറയാറുണ്ട്. “അപ്പോൾ ഞാൻ നിന്നെ കാത്തുനിൽക്കണമെന്നാണോ” അവൾ ചോദിക്കും. “വേണ്ട, രണ്ടാളും ഒരേ സമയത്ത് വന്നാൽ മതിയല്ലോ”. അവൻ പറയും. അവളൊന്നും മിണ്ടില്ല. മനോഹരമായൊരു സായാഹ്നം മുഴുവൻ ഉദ്യാനങ്ങളിലും വഴിയരികിലും നടന്നും ഇരുന്നും പിണങ്ങി സംസാരിക്കുന്നതും നിറമിഴികൾ തുടയ്ക്കുന്നതും മറ്റുള്ളവരുടെ സഹതാപനോട്ടങ്ങൾ ഏറ്റുവാങ്ങുന്നത് ഒഴിവാക്കാനുമായി അവൾ എന്നും നേരത്തെ എത്തും. അന്ന് കാര്യങ്ങൾ തകിടം മറിഞ്ഞു. അവനല്പം നേരത്തെ ചെന്നു. കൃത്യസമയത്തു മാത്രം സമാഗമസ്ഥലത്തേക്ക് എത്തുന്ന വിധത്തിൽ എല്ലാം കണക്കുകൂട്ടിയാണ് ഇറങ്ങിയതെങ്കിലും വഴിയിൽ കണ്ട സുഹൃത്തിന്‍റെ വാഹനം അവനെ നേരത്തെ അവിടെ എത്തിച്ചു. കാത്തുനിൽപ്പ് വെറുപ്പായ അവന് ആ നിമിഷം മുതൽതന്നെ ദേഷ്യം അരിച്ചു കയറി. “ഇവളിതെവിടെപ്പോയിക്കിടക്കുന്നു” അവൻ ചിന്തിച്ചു. അങ്ങനെ മാന്തിയും ചുരണ്ടിയും നിൽക്കുമ്പോഴാണ് അവൾ മറ്റൊരുവന്‍റെ കൂടെ സംസാരിച്ചുകൊണ്ട് വരുന്നത്. അവൻ നൊടിയിടയിൽ അടുത്തുനിന്ന മരത്തിന്‍റെ പിന്നിലൊളിച്ചു. അവൻ സംശയിച്ചതുപോലെ തന്നെ നടന്നു. അവൾ അവനെ കാത്തുനിൽക്കാമെന്നു പറഞ്ഞിടത്ത് നിന്ന് അപരനോട് കൊഞ്ചിക്കുഴയുകയാണ്. അവന് കാലിനടിയിലെ മണ്ണ് ഊർന്നു പോകുന്നതുപോലെ തോന്നി. അതോ ചുരുട്ടിയ മുഷ്ടിയിൽ ഒരു തുള വീണത് പോലെയോ. അപരൻ മുന്നിൽ വന്നുനിറുത്തിയ ഒരു വാഹനത്തിൽക്കയറി യാത്രയായതും അവൾ ചുറ്റും നോക്കി. അവൻ പാഞ്ഞു ചെന്നു.

“ഒരുത്തൻ പോയി, ഇനി അടുത്തവൻ അല്ലെടി കൂത്തിച്ചി” അവൻ കലിപ്പിച്ചു.

തുടർന്ന് സംഭവിച്ച കാര്യങ്ങളിൽ പുതുമയൊന്നുമില്ല. അതോർത്തപ്പോൾ അവൾക്ക് ചിരി വന്നു. ജീവിതത്തിൽ പലപ്പോഴായി കടന്നുപോകേണ്ടിവന്നിട്ടുള്ള സംഘർഷഭരിതവും അതിസങ്കീർണവുമായ നിമിഷങ്ങളെപ്പറ്റി പിന്നീട് മനസ്സ് തെളിഞ്ഞിരിക്കുന്ന അവസരങ്ങളിൽ ഓർത്തെടുത്ത് നിസ്സാരവത്കരിച്ച് ഒരു ചിരിയോടെ എന്നെന്നേക്കുമായി തള്ളിക്കളയുന്നത് അവളുടെ ഒരു പതിവാണ്. കടന്നുപോയ ആ നിമിഷങ്ങളെപ്പറ്റി ഏറാത്ത ഹൃദയമിടിപ്പോടെ ചിന്തിക്കുമ്പോഴെല്ലാം താൻ കൈവരിച്ച പക്വതയും മനഃസ്ഥൈര്യവും ആ കുഞ്ഞുചിരിയിൽ ഒളിഞ്ഞിരിക്കും.

അങ്ങനെയൊരു ചിരി അവർക്കിടയിൽ ഒരു ദിവസം വലിയ വഴക്കിനിടയാക്കി. താൻ തുടങ്ങാൻ പദ്ധതിയിട്ടിരിക്കുന്ന, മനസ്സിൽ വർഷങ്ങളായി മെനഞ്ഞുകൊണ്ടിരിക്കുന്ന ഒരു ബിസിനസ്സ് ആശയത്തിന്‍റെ ചുരുളഴിക്കുകയായിരുന്നു അവൻ. സംസാരിക്കുന്ന സമയത്തെല്ലാം തന്‍റെ ബിസിനസ്സ് പദ്ധതിയിലും ഭാവിജീവിതത്തിലും അവൾ നിർവഹിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് ആലോചിക്കാനും തുടങ്ങി. വിവാഹം കഴിഞ്ഞാൽ അവൾ കുഞ്ഞുങ്ങളെയും പ്രസവിച്ച് വീട്ടിലിരിക്കട്ടെ എന്ന് ചിന്തിക്കുമ്പോഴും താൻ ഒരു മികച്ച ജീവിതത്തിനായി നെട്ടോട്ടം ഓടുമ്പോൾ അവൾ വെറുതെയിരിക്കുമല്ലോ എന്ന ചിന്ത അവന് ആകെയൊരു പുകച്ചിൽ നൽകി. ആ നിമിഷത്തിലാണ് തികട്ടി വരുന്ന ചിരിയെ അവൾ അമർത്തിയമർത്തിയൊതുക്കുന്നത് കണ്ടത്. തന്‍റെ ആശയങ്ങളിൽ പൂർണ്ണമായ ആത്മവിശ്വാസം ഇല്ലാതിരുന്നതിനാൽ അവന് നൊടിയിടയിൽ അപഹാസ്യനായതുപോലെ തോന്നി. എന്നാൽ അതല്ല കാര്യമെന്ന് അവൾ ആണയിട്ടു. ‘ആനക്കാര്യത്തിനിടയിൽ ചേനക്കാര്യം’ എന്ന അടിസ്ഥാനത്തിൽ വഴക്ക് പുരോഗമിക്കുന്നതിനിടയിലാണ് അവന്‍റെ കൂട്ടുകാരൻ അവിടെയെത്തിയത്. പെട്ടന്ന് തന്നെ അവൻ തന്‍റെ പൂർവ്വസ്ഥിതിയിലേക്കെത്തി. എന്നാൽ അവൾക്കതിന് കഴിഞ്ഞില്ല. അവളുടെ പിണങ്ങിമാറിയുള്ള നിൽപ്പും അവന് വഴങ്ങാത്തതുപോലുള്ള ശരീരഭാഷയും തന്‍റെ കൂട്ടുകാരനെ അപമാനിച്ചുവെന്നും അതിനാൽ അവനോട് മാപ്പ് പറയണമെന്നുമായി പിന്നത്തെ ആവശ്യം. ഒരിക്കൽ പ്രസ്താവിച്ചുകഴിഞ്ഞാൽ പിന്നെ അതിൽനിന്ന് പിന്നോട്ടുപോകാൻ തയ്യാറാകാത്ത പ്രകൃതമായതിനാൽ അവനത് ആവശ്യപ്പെട്ട നിമിഷം തന്നെ താനത് ചെയ്യേണ്ടിവരുമെന്നും അത് കഴിഞ്ഞാൽ തനിക്ക് തന്‍റെ ഉള്ളിലേക്ക് നോക്കാൻ കഴിയില്ലെന്നും അവൾക്കറിയാമായിരുന്നു. ഒരു മണിക്കൂറെങ്കിലും ഷവറിന് കീഴിൽ നഗ്നയായി നിൽക്കണമെന്നുറപ്പിച്ചാണ് അവൾ അയാളോട് മാപ്പ് പറഞ്ഞത്.

മുകളിൽ നിന്ന് ശിരസ്സിലേക്ക് പതിച്ച് കവിളിലൂടെയും കണ്ണുകളിലൂടെയും ഒഴുകിയിറങ്ങി കണ്ണുനീരുമായി കലർന്ന് നെഞ്ചും കടന്ന് അടിവയറും താണ്ടി കാലുകളിലൂടെ വിരൽത്തുമ്പുകളിലെ നഖത്തിനോട് വിട പറഞ്ഞ് പോകുന്ന ജലകണങ്ങൾ തന്‍റെ ശരീരത്തിലേതെന്നുപോലെ മനസ്സിലെയും ചിലതെല്ലാം കഴുകിക്കളയാറുണ്ടെന്ന് അവൾ വിശ്വസിച്ചു. കുഞ്ഞിക്കാവിലമ്മയുടെ ഉത്സവത്തിന് നടന്ന സംഭവം അതിന് ഉദാഹരണമാണ്. അവളുടേത് മാത്രമല്ല ആ നാട്ടിൻപുറത്തെ പന്ത്രണ്ടുകരക്കാരുടെയും രക്ഷാധികാരിയാണ് കുഞ്ഞിക്കാവിലമ്മ. പന്ത്രണ്ടുകരയിലെ ആളുകളുടെയും ജീവിതത്തിലെ ആസൂത്രണങ്ങളും കണക്കുകൂട്ടലുകളുമെല്ലാം കുഞ്ഞിക്കാവിലമ്മയുടെ ഉത്സവത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഓരോ കരക്കാരുടെയും വെവ്വേറെ കമ്മറ്റിക്കാർ മുഖേന അവതരിപ്പിക്കപ്പെടുന്ന വ്യത്യസ്ത പരിപാടികൾക്ക് പുറമെ എല്ലാവരും മത്സരബുദ്ധിയില്ലാതെ ഒരുപോലെ പങ്കെടുക്കുന്ന കാര്യമാണ് ദേവിയുടെ തിടമ്പേറ്റി വരുന്ന ഗജവീരന് പിന്നിലുള്ള താലപ്പൊലിഘോഷയാത്ര. ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ഇതിൽ പങ്കുചേരാം. തങ്ങൾ ചെയ്യുന്നതിന്‍റെ ഗൗരവം മനസ്സിലാക്കാത്ത കുഞ്ഞുങ്ങൾ മുതൽ പൂർണ്ണാരോഗ്യം കൈമോശം വന്ന മുത്തശ്ശിമാരെ വരെ ഈ കൂട്ടത്തിൽ കാണാം. എന്തെങ്കിലും അസുഖങ്ങളുള്ള സ്ത്രീകൾ ഒരു വഴിപാടായും ഇത് ചെയ്യാറുണ്ട്. അവളും ഓർമ്മ വച്ചനാൾ മുതൽ താലമേന്താൻ തുടങ്ങിയതാണ്.

വൈകുന്നേരത്തോടെ, ആറാട്ട് കഴിഞ്ഞ് കാവിൽ നിന്ന് പുറപ്പെടുന്ന തിടമ്പ് പന്ത്രണ്ടുകരകളിലൂടേയും കടന്നു പോകുന്നു. ഇതിനിടയിൽ, പറ നിറയ്ക്കാനായി കമ്മറ്റി വഴി മുൻകൂട്ടി ഇടപാട് ചെയ്തവരുടെ വീട്ടിൽ നിൽക്കുകയും ചെയ്യും. ഉത്സവകാലമടുത്താൽ മുതിർന്ന എല്ലാ സ്ത്രീകളുടെയും ഭയമാണ് തങ്ങളിലെ ജീവചക്രം ആ ദിവസത്തിൽ ചോര പടർത്തുമോയെന്നത്. കാരണം രജസ്വലയായാൽ കാവിൽക്കയറി തൊഴാനും താലമേന്താനും പറ്റില്ല. എന്നാൽ അവൾക്ക് ഒരിക്കലും അങ്ങനെയൊരു തടസ്സം ഉണ്ടായിട്ടില്ല. വയസ്സറിയിച്ചതു മുതൽ കുഞ്ഞിക്കാവിലമ്മയാണ് അത് നിയന്ത്രിക്കുന്നതെന്ന് അവൾ ഉറച്ച് വിശ്വസിക്കുന്നു. എന്നാൽ അവനുമായി പ്രണയത്തിലായതിനു ശേഷം ചില വർഷങ്ങളിൽ അവൾ താലപ്പൊലിയിൽനിന്നും മാറി നിന്നു. അവന്‍റെ അനിഷ്ടം തന്നെ കാരണം. തേങ്ങാമുറിയിൽ കൊളുത്തിയ ദീപങ്ങൾ വിടർത്തുന്ന പ്രഭയിൽ അവൾ അതീവസുന്ദരിയായി കാണപ്പെട്ടതായിരുന്നു കാരണം. എന്നാൽ മാസങ്ങളുടെ ആലോചനയ്ക്കു ശേഷം കഴിഞ്ഞ വർഷത്തെ ഉത്സവത്തിന് അവൾ താലമേന്താൻ തീരുമാനിച്ചു. അവളും അവനും തമ്മിൽ ഇനിയും ജനിക്കാത്ത ആ മായികമായ മാനസികൈക്യത്തിന് വേണ്ടിയായിരുന്നു അവളതിന് മുതിർന്നത്. ഈ കാരണം, കാര്യസിദ്ധിക്കായി അവനിൽ നിന്നു മറച്ചു വച്ചിരുന്നു. എന്നാൽ ഇതറിഞ്ഞ നിമിഷം മുതൽ അവൻ തന്‍റെ വിസമ്മതവും അമർഷവും ദേഷ്യവും പതിയെപ്പതിയെ ഭീഷണിയും കാണിക്കാൻ തുടങ്ങി. ഒടുവിൽ സഹികെട്ടപ്പോൾ ഇത് നമുക്ക് വേണ്ടിയാണെന്ന് അവൾ പറഞ്ഞു നോക്കി. അവനിളകിയില്ല. വാഗ്വാദങ്ങൾ മുറുകിയപ്പോൾ വ്യക്തിപരമായ തീരുമാനത്തിനുമപ്പുറം വൃത്തികെട്ട ഒരു വാശിയായി അത് മാറി.

“നീ താലമെടുത്താൽ പിന്നെയെന്നെ ജീവനോടെ കാണില്ല” അവൻ തന്‍റെ അന്തിമ തീരുമാനം പറഞ്ഞു.

വാശി ജയിക്കാനായി എന്തിനും മുതിരുന്നവനാണെന്ന് അറിയാമായിരുന്ന അവൾ അങ്കലാപ്പിലായി. ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളു. അവസാനമായി അവനെയൊന്ന് തിരഞ്ഞെങ്കിലും എവിടെയെന്നറിയാൻ കഴിഞ്ഞില്ല. അവൾ കാവിലേക്ക് പോയില്ല. തന്‍റെ കരയിലൂടെ പോകുമ്പോൾ അവൾക്ക് താലവുമായി പങ്കു ചേരാം. അവൾ ഒരുങ്ങി നിന്നു. ഒരു ചെറിയ തളികയിൽ കുത്തരി നിറച്ച് സമാസമം മുറിച്ചെടുത്ത് ഭംഗിയായി ചകിരികളഞ്ഞ തേങ്ങാമുറികൾ ഉറപ്പിച്ചു. അതിൽ എണ്ണയൊഴിച്ച് എള്ളുതിരിയിട്ടു. കവുങ്ങിൻ പൂങ്കുലയും മറ്റു പൂവുകളും കൊണ്ട് അലങ്കരിച്ചു. ഇനി തിരി കൊളുത്തിയാൽ മാത്രം മതി. എന്നാൽ അവന്‍റെ മുഖം മനസ്സിൽ വന്നപ്പോഴെല്ലാം അവളുടെ അടിവയറു പിടഞ്ഞു, വലിഞ്ഞു മുറുകി. അവൾക്ക് തലചുറ്റി, ഛർദ്ദിക്കാനും തോന്നി. മണിക്കൂറുകളായി നടന്നുകൊണ്ടിരുന്ന വാഗ്വാദത്തിന്‍റെ സംഘർഷം അവളുടെ ശരീരത്തിൽ നടത്തിക്കഴിഞ്ഞിരുന്ന മാറ്റങ്ങൾ അവളറിഞ്ഞിരുന്നില്ല. വീട്ടിലെ പറനിറക്കുന്ന സമയത്ത് അവൾക്ക് ആകെ ഉലയുന്നത് പോലെ തോന്നി. അതും കഴിഞ്ഞ് നിലവിളക്കിൽ നിന്ന് താലത്തിലേയ്ക്ക് തീ പകരാനൊരുങ്ങവേയാണ് താനും സ്വയം ജനനിയായ ദേവിയായി മാറിയെന്നവളറിഞ്ഞത്. നിറകണ്ണുകളോടെ അകത്തേക്കോടി, കുളിമുറിയിൽക്കയറി ഷവറിനു കീഴിൽ നിന്നു. ആത്മസംഘർഷം ശരീരത്തിലെ ഗ്രന്ഥിസ്രവങ്ങളിൽ വരുത്തിയ വ്യതിയാനമാണ് അതിന് കാരണമായതെന്ന് സുഹൃത്തായ ഡോക്ടർ വഴി പിന്നീട് അവളറിഞ്ഞു. എന്നാൽ തന്‍റെ വാക്കിന് നൽകിയ വിലയാണ് അവളെ തടഞ്ഞതെന്ന് അവൻ വിശ്വസിച്ചു.

എന്നാൽ ഇപ്പോൾ നടന്നിരിക്കുന്നത് തീർത്തും വ്യത്യസ്തമായ മറ്റൊരു കാര്യമാണ്. പ്രണയത്തോടൊപ്പം അല്പം മധുരവും നുകരാനായി അവർ ഒരു ലഘുഭക്ഷണശാലയിലിരിക്കുകയായിരുന്നു. എന്നാൽ തുടർന്ന് സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ചെറിയൊരു ഒളിവെട്ടം പോലും അവൾക്ക് കിട്ടിയിരുന്നില്ല. ഒരു നിമിഷം, ഒരു നിമിഷത്തിനുള്ളിൽ എല്ലാമൊരു പുതുകാഴ്ചയായി. എന്താണ് കഴിക്കാൻ വേണ്ടതെന്ന് ചോദിച്ചുകൊണ്ട് അവൾക്കഭിമുഖമായി നിന്ന പരിചാരകൻ വശത്തേക്ക് തിരിഞ്ഞതും അവൾ കണ്ടു, അവളെ മാത്രം നോക്കി നിക്കുന്ന ആ മുഖം. അല്പം ദൂരെയായി കൈവരിയോട് ചാരി എരിയുന്നൊരു സിഗാറും പുകച്ച് ചെറിയ പരിഭവത്തോടെ എന്നാൽ ആകാംക്ഷയോടെ ചെറിയ ചിരിയോടെ ഒരുപാട് പ്രണയത്തോടെ ചെറിയ ചോദ്യത്തോടെ എന്നാൽ ഒരുപാട് ഉത്തരങ്ങളോടെ ആ അപരിചിതൻ നിന്നു. അവർ പരസ്പരം കണ്ടു. അവളിലെ, അവൾ പോലും കാണാത്ത തേജസ്സുറ്റ ആ സ്ത്രീത്വത്തെ അയാൾ കണ്ടു. അയാൾക്ക് കാണാനായി അവൾ തന്‍റെ പെട്ടെന്ന് മുളച്ചുവളർന്ന അദൃശ്യമായ ചിറകുകൾ വിടർത്തി. തന്‍റെ ശിരസ്സിനു ചുറ്റുമുള്ള ദിവ്യവലയം ജ്വലിപ്പിച്ചു. അവൾ ഒന്നിളകിയിരുന്നു. ചെറിയ വൈദ്യുതസ്ഫുരണങ്ങൾ അപ്പോൾ ചുറ്റിലും പടർന്നു. വർഷങ്ങളുടെ പരിചയം കൊണ്ടെന്നപോൽ അയാളുടെ നോട്ടം അവളെ, മറനീക്കി ഒരു ഉത്കൃഷ്ടസൃഷ്ടിയായി മാറ്റി. പെട്ടന്ന് അവൻ തിരിഞ്ഞു നോക്കി. അയാളെ കണ്ടു. അയാളുടെ കണ്ണിലെ പ്രണയവും അവളുടെ കണ്ണിലെ പ്രകാശവും കണ്ടു. അവനത് താങ്ങാൻ കഴിഞ്ഞില്ല. അതിനെപ്പറ്റിയാണ് അവരിപ്പോൾ സംസാരിക്കാൻ ശ്രമിക്കുന്നത്.

എല്ലാം തന്‍റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവൻ തിരിച്ചറിയുന്നത് പ്രത്യേകിച്ചൊരു നഷ്ടബോധവും കൂടാതെ അവൾ മനസ്സിലാക്കി. കഠിനമായ കയ്പോടെ അവൻ ചോദിച്ചു:

“നീ എന്തിന് അയാളെ അങ്ങനെ നോക്കി”.

അയാളെ ഞാൻ നോക്കിയത് പോലെ നിന്നെ ഞാൻ നോക്കാതിരുന്നത് അതിനുള്ള പ്രണയം നീ എന്നിൽ ജനിപ്പിക്കാഞ്ഞിട്ടല്ലേ. അതെങ്ങനെ എന്‍റെ കുറ്റമാകും. ഒരു നോട്ടം കൊണ്ട് അയാൾ എന്നെ തിരിച്ചറിഞ്ഞപ്പോൾ നീ എന്നെ എന്താണ് ആക്കിത്തീർത്തിരിക്കുന്നത്. ഇനി വീണ്ടെടുക്കാനാവാത്തവിധം ഞാൻ എന്നെന്നേക്കുമായി നഷ്ടമായിരിക്കുന്നത് നീ കാണുന്നില്ലേ. ഒന്നും നിന്‍റെയും കുറ്റമല്ല. നിന്നെക്കൊണ്ട് എന്നിൽ ചെയ്യാവുന്നത് ഒരു പ്രണയം ചെയ്യേണ്ടതല്ല. അതിന് നിന്ന് തരുന്നതിലൂടെ തെറ്റ് ചെയുന്നത് ഞാനാണ്. എന്‍റെ ആത്മാവിനെ മോചിപ്പിക്കാൻ നീയെന്നെ അനുവദിക്കണം. ഇതൊന്നും അവൾ പറഞ്ഞില്ല. ഒരു ചെറുചിരിയോടെ അവൾ പോയി. അവൻ തടഞ്ഞില്ല.

രണ്ട്

ഒരിക്കൽ പ്രഗത്ഭനായ ഒരു ശില്പി തന്‍റെ ഗുരുവിനോടൊത്ത് ഒരു രാജാവിന്‍റെ സംഘത്തോടൊപ്പം വലിയൊരു കാട്ടിലൂടെ യാത്ര ചെയ്യുകയായിരുന്നു. പ്രജാവത്സലനും ആയോധനകലകളിൽ അഗ്രഗണ്യനും മുൻശുണ്ഠിക്കാരനുമായ രാജാവ് സ്ത്രീവിഷയത്തിൽ അതീവതത്പരനായിരുന്നു. അതിസുന്ദരിയായ രാജ്ഞി ആരോഗ്യത്തോടെയിരിക്കെ അദ്ദേഹം അനേകം ബന്ധങ്ങൾ വച്ചുപുലർത്തി. തന്‍റെ സഭാപ്രമുഖന്മാരുടെയും പ്രമാണിമാരുടെയും മക്കളെപ്പോലും അദ്ദേഹം വെറുതെ വിട്ടില്ല. വല്ലപ്പോഴുമുള്ള അന്ത:പുരസന്ദർശനങ്ങൾ പോലും രാജ്ഞിയുടെ തോഴിമാരിൽ നിന്ന് ഒരു തിരഞ്ഞെടുപ്പ് നടത്താനായിരുന്നു. അവരിൽ ചിലർ അറിഞ്ഞു കൊണ്ടുതന്നെ രാജാവുമായി രഹസ്യ ബന്ധവും പുലർത്തിപ്പോന്നു. ഇക്കൂട്ടത്തിൽ മിടുക്കിയായ ഒരുവൾ തന്‍റെ ശാരീരികമികവിനു ബദലായി തനിക്കു സ്വന്തമായി ഒരു കൊച്ചുഗ്രാമത്തിൽ, എല്ലാ സൗകര്യങ്ങളോടും കൂടിയ കൊട്ടാരത്തിൽ, താമസിക്കണമെന്ന് വാശി പിടിച്ചു. കാമത്തിന്‍റെ ചൂടിൽ പൊള്ളിയ നേരം അതിവേഗം തീരത്തണയാൻ വെമ്പിയ രാജാവ് എല്ലാം സമ്മതിച്ചു കൊടുത്തു. അവൾക്കായുള്ള അന്തഃപുരം തന്‍റെ തന്നെ അധികാരപരിധിയിലുള്ള വനത്തിനപ്പുറം പണി കഴിപ്പിക്കാനാണീ യാത്ര. മന്ത്രിയും സർവസൈന്യാധിപനുമൊഴികെ മറ്റു പ്രമുഖരെല്ലാം ഈ സംഘത്തിലുണ്ട്. എല്ലാ വിഭാഗത്തിലുമുള്ള പണിക്കാരും ആവശ്യമായ പണിയായുധങ്ങളും ഭക്ഷണവസ്തുക്കളുടെ ചുമടെടുക്കുന്ന മൃഗങ്ങളുമെല്ലാം കൊണ്ട് സംഘം അരിച്ചരിച്ചാണ് നീങ്ങുന്നത്. ഏറെക്കുറെ അവർ ലക്ഷ്യസ്ഥാനത്തോടടുത്തിരുന്നു.

ശിഷ്യൻ ഗുരുവുനേക്കാൾ കേമനായിരുന്നു. ഇക്കാര്യം സ്വയം തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഗുരുവിനെ വിട്ടുപോകാൻ അവൻ ഒരിക്കലും മുതിർന്നില്ല. ഗുരു-ശിഷ്യൻ എന്നതിനുമപ്പുറം അച്ഛൻ-മകൻ എന്ന നിലയിലേയ്ക്ക് അവരുടെ ബന്ധം വളർന്നിരുന്നു. യാത്രയുടെ അവസാന ഘട്ടത്തിൽ അവർ ഒരു കാട്ടരുവിത്തടം ഇടത്താവളമായി തിരഞ്ഞെടുത്ത് താവളമടിച്ചു. യാത്ര പുനരാരംഭിക്കേണ്ടതിന്‍റെ തലേന്ന് എല്ലാവരും കൂടാരങ്ങളിൽ നിദ്രയിലാണ്ടു കഴിഞ്ഞ സമയത്ത് എവിടെ നിന്നോ ഒരു ശബ്ദമുയർന്നു. ബന്ധിതമായ ദൈന്യതയായിരുന്നു അതിന്‍റെ മുഖമുദ്ര. അത് കേട്ടതോ, ശിഷ്യൻ മാത്രവും. തന്നെ വന്നു മൂടിയിരുന്ന എന്തെല്ലാമോ കുടഞ്ഞെറിയാനും സ്വയം തിരിച്ചറിയാനും എടുത്ത നിമിഷങ്ങൾക്ക് ശേഷം നിസ്സംശയം തന്‍റെ പണിയായുധങ്ങളുമെടുത്ത് അവൻ കാട്ടിലേക്കിറങ്ങി. അല്പസമയത്തിനുള്ളിൽ അവന്‍റെ കണ്ണുകൾ ഇരുട്ടുമായി സന്ധിയിലെത്തി. അവൻ വേഗത്തിൽ തന്നെ നടന്നു. കുറച്ചു നേരത്തിനു ശേഷം ശബ്ദത്തിനുറവിടം എന്നുറപ്പുവന്ന സ്ഥലത്തെത്തിയപ്പോൾ അവൻ കൂട്ടത്തിലുയർന്നു നിൽക്കുന്ന പാറയിലേക്കു കയറി. കാൽക്കീഴിൽനിന്നാണ് ശബ്ദം എന്നറിഞ്ഞതും അവൻ പിടഞ്ഞിറങ്ങി മാറി നിന്നു. സാമാന്യം വലിയ ഒന്ന്. കാട്ടരുവിയിൽനിന്നകന്നു മാറിയിട്ടാണെങ്കിലും ആ ഭാഗത്ത് എവിടെ നിന്നു നോക്കിയാലും അത് ഭംഗിയായി കാണാം. മനുഷ്യസ്പർശം ഏറ്റിട്ടെന്നപോലെ ചില ഭാഗങ്ങൾ തേഞ്ഞിരിക്കുന്നു. ബാക്കിഭാഗം പായലുകളാലും കാട്ടുവള്ളികളാലും മൂടിക്കിടക്കുന്നു.

‘ലക്ഷണമൊത്ത കല്ല്’ അവൻ ചിന്തിച്ചു. മടിച്ചു നിൽക്കാതെ കിഴക്കോട്ടു തിരിഞ്ഞ് ഗുരുവുനേയും പിതാക്കന്മാരെയും സൂര്യഭഗവാനെയും മനസ്സിൽ ധ്യാനിച്ച് വണങ്ങി തന്‍റെ പണിയായുധങ്ങളെടുത്ത് നിസ്സംശയം ശിൽപം കൊത്താൻ തുടങ്ങി. പുലരാൻ പോകുന്ന രാത്രിയുടെ അന്ത്യയാമത്തിൽ ഉളി കല്ലിൽ പതിയുന്ന നനുത്ത മണിനാദം ഒരു ഉണർത്തുപാട്ട് പോലെ കാട്ടിലെങ്ങും പ്രതിധ്വനിച്ചു. ഗുരു ഉണർന്നു. ശിഷ്യനരികിലേക്കെത്താൻ അയാൾക്കധികനേരം വേണ്ടി വന്നില്ല. ധൃതിയിലും അരണ്ടവെളിച്ചത്തിലും എല്ലാം മറന്നു കർമ്മനിരതനായിരിക്കുന്ന അവനെ കണ്ട് ഗുരു അമ്പരന്നു.

“നീയെന്താണീ ചെയ്യുന്നത് മകനെ” അദ്ദേഹം ചോദിച്ചു.

സ്വപ്നത്തിൽനിന്നെപോലുണർന്ന ശിഷ്യൻ ഗുരുവിനെ വണങ്ങിയതിന് ശേഷം പറഞ്ഞു:

“ഗുരോ, ഞാൻ ഭാഗ്യവാനാണ്. ശില്പനിർമ്മിതിയെപ്പറ്റി അങ്ങെന്നെ പഠിപ്പിച്ചതും ഞാൻ പഠിച്ചതും പ്രവൃത്തിയിൽ വരുത്താൻ സൂര്യഭഗവാൻ എനിക്കിന്നവസരം നൽകിയിരിക്കുന്നു. അങ്ങ് പറഞ്ഞ കഥകളിലെപ്പോലെ ഈ കല്ല് എന്നെ വിളിക്കുകയായിരുന്നു. ഞാൻ അടുത്ത് വന്നപ്പോഴാണ് എന്‍റെ ഉളി പതിച്ചപ്പോഴാണ് ഇവളൊന്നടങ്ങിയത്. എനിക്കിവിടെ ഒന്നും ചെയ്യേണ്ടതായിട്ടില്ല. എല്ലാം എന്നേ തീരുമാനിക്കപ്പെട്ടതാണ്”.

ശിഷ്യന്‍റെ മറുപടി കേട്ട് പുഞ്ചിരിയോടെ ഗുരു പ്രതിവചിച്ചു: “നീ വിഡ്ഢിത്തം പറയരുത്. പുലർച്ചെ തന്നെ ഇവിടെ നിന്നും യാത്ര തിരിക്കേണ്ടവരാണ് നാം. ഇനി അവശേഷിക്കുന്നത് ഏതാനും നാഴികകൾ മാത്രം. അതിനുള്ളിൽ ഇത് പൂർത്തീകരിക്കുവാൻ നിനക്ക് കഴിയുകയില്ല. നാം പുതിയ കൊട്ടാരത്തിൽ ചെയ്യാനിരിക്കുന്ന ശില്പങ്ങളിൽ വലിയ പ്രതീക്ഷയുള്ള രാജൻ, ഇവിടെ തുടരാൻ നിന്നെ അനുവദിക്കുകയുമില്ല. രാജശാസന എതിർത്താൽ മരണമായിരിക്കും ഫലം”.

“എനിക്കറിയാം” അവൻ പറഞ്ഞു: “എനിക്കെല്ലാമറിയാം. പക്ഷെ ഈ ശിൽപം പൂർത്തീകരിക്കാത്ത പക്ഷം ഞാൻ ജീവനോടെ തുടരുന്നതിൽ അർത്ഥമില്ല ഗുരോ. ആത്മഹത്യ ചെയ്യാനുള്ള മനക്കരുത്തില്ലാത്ത എനിക്ക് അതിനാൽ ആ ശിക്ഷ ഒരനുഗ്രഹമായിരിക്കും”.

“പ്രിയമകനെ” ഗുരു വികാരാധീനനായി. ഒൻപതു ശിഷ്യന്മാരിൽ നീ എനിക്കേറ്റവും പ്രിയപെട്ടവനാണ്. നീ വന്നുചേർന്നതിത്തിൽ പിന്നെ മാത്രം എന്‍റെ ശില്പങ്ങൾ പൂർണ്ണത പ്രാപിച്ചുവെന്നു വിശ്വസിക്കുന്നവനും അത് മറയില്ലാതെ സമ്മതിക്കുന്നവനുമാണ് ഞാൻ. അത് ഏവർക്കും അറിയാവുന്നതിനാലാണ് നിന്നെ നിർബന്ധമായും ഈ സംഘത്തിൽ വേണമെന്ന് രാജൻ നേരിട്ട് കൽപ്പിച്ചത്. ഈ ശില്പത്തിന് വേണ്ടി യാത്ര തുടരാൻ നീ വിസമ്മതിച്ചാൽ രാജാവിന്‍റെ പ്രതികരണം ഞാൻ നേരത്തെ പറഞ്ഞതല്ലാതെ മറ്റൊന്നാകില്ല. ഉറപ്പ്. ആവശ്യമില്ലാതെ മനസ്സിനെ കുഴപ്പിക്കാതെ നീ വരൂ. ഞാൻ പറഞ്ഞ കഥകളെല്ലാം വെറും കഥകൾ മാത്രമാണ് മകനെ. ശില്പി ശില്പത്തെയെന്നപോൽ ശില ശില്പിയെയുണർത്തുന്നത് ഒരു സങ്കൽപം മാത്രമാണ്. അതൊരു കാഴ്ചപ്പാടാണ്. നല്ലൊരു സൃഷ്ടിയിലേക്ക് മനസ്സിനെ ഏകാഗ്രമാക്കാൻ ഉപകരിക്കുന്ന ഒരു ചിന്ത. നമുക്ക് ഇനി ഗ്രാമത്തിലേക്ക് രണ്ടു ദിനരാത്രങ്ങളുടെ ദൂരം മാത്രം ബാക്കി. അവിടെ നമുക്ക് ലഭിക്കുന്നതിൽ ഏറ്റവും മികച്ചത് അല്ലെങ്കിൽ നിനക്കിഷ്ടമുള്ളത് തെരഞ്ഞെടുക്കാം. അവിടെ രാജാവിന്‍റെ നിർദ്ദേശങ്ങൾ നോക്കാതെ ഇപ്പോൾ നിന്‍റെ മനസ്സിലുള്ള ശിൽപം നിനക്ക് കൊത്തിയെടുക്കാം. അതിന് വേണ്ട എല്ലാ സൗകര്യവും ഞാൻ ചെയ്തു തരാം”.

“കല്ല് വന്ന് ശില്പിയെ ഉണർത്തുന്ന ആ കഥ എന്നെ സംബന്ധിച്ചിടത്തോളം സത്യമായിരിക്കുന്നു ഗുരോ, അവൻ പറഞ്ഞു: “അതിനായി പ്രവൃത്തിക്കാത്തപക്ഷം തലമുറകളായി കൈമാറി ആ കഥ പറഞ്ഞവരോട് ഞാൻ ചെയ്യുന്ന പൊറുക്കാനാവാത്ത അപരാധമായിരിക്കില്ലേ.? കാരണം എല്ലാ സങ്കല്പിക കഥകളും ഒരിക്കൽ സത്യമാവേണ്ടവയല്ലേ.? അല്ലെങ്കിൽ വരും കാലത്തിൽ അവയുടെ വിശ്വാസ്യത നഷ്ടപ്പെടും. വരും തലമുറ അവയെ കൈവിടും. അതിനാൽ ഞാൻ ഈ ശിൽപം പൂർത്തിയാക്കുന്നതിലൂടെ രക്ഷിച്ചെടുക്കുന്നത് എന്നെയും ഈ കല്ലിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന ശില്പത്തെയും ഈ കഥയറിഞ്ഞ് ഓരോ കല്ലുകളിലും ശില്പത്തെ തേടാൻ പ്രേരിതരാവുന്ന വരുംതലമുറയെയുമല്ലേ.? മാത്രമല്ല ഈ ശിലയിൽ ഞാൻ കൊത്താനൊരുങ്ങുന്ന ശിൽപം മറ്റൊന്നിൽ ജനിപ്പിക്കാൻ എനിക്ക് കഴിയില്ലല്ലോ. ശിൽപം എത്ര മാത്രം ശില്പിയുടേതാണോ അത്ര തന്നെ ശിലയുടേതുമല്ലേ”.

അവൻ പറഞ്ഞ കാര്യങ്ങൾ ഗുരു തന്നെ അവനെ പഠിപ്പിച്ചവയായിരുന്നതിനാൽ ആ നേരമത്രയും അദ്ദേഹം അവനെ നിരീക്ഷിക്കുകയായിരുന്നു. തികഞ്ഞ ആത്മാർത്ഥതയോടെ നിഷ്കപടമായി വാക്കുകൾ പ്രയോഗിക്കുകയായിരുന്നു ശിഷ്യൻ. തന്‍റെ വാക്കുകൾ കേൾക്കുന്നവനിൽ എന്ത് പ്രതികരണമുളവാക്കുമെന്ന് ചിന്തിക്കാതെ തന്‍റെ സ്വത്വത്തോടുള്ള സത്യസന്ധതയായിരുന്നു അതിൽ തുടിച്ചു നിന്നത്. ഗുരുവിന് എതിർത്ത് പറയാൻ വാക്കുകളില്ലായിരുന്നു.

ശിഷ്യൻ ധൃതിയിൽ പണി തുടർന്നു. ലക്ഷണമൊത്ത കല്ല് തന്നെയെന്ന് ഗുരുവിനും തോന്നിയെങ്കിലും ശിഷ്യൻ പറഞ്ഞത്ര മഹിമയൊന്നും അദ്ദേഹത്തിന് കാണാൻ കഴിഞ്ഞില്ല. അതിൽ തെല്ല് നിരാശനായെങ്കിലും ഗുരു ശാന്തത പാലിച്ചു. ഒരു മനുഷ്യരൂപത്തിന്‍റെ മുഖമാണ് ശിഷ്യൻ കൊത്തിയെടുത്തിരിക്കുന്ന വടിവുകൾ എന്ന് ഗുരു അനുമാനിച്ചു. നേരം വെളുത്തതോടെ കണ്ടറിഞ്ഞവരും കണ്ടവർ പറഞ്ഞ് കേട്ടറിഞ്ഞവരും എല്ലാം മറന്നുള്ള ദ്രുതചലനങ്ങൾ കാണാൻ ശിഷ്യന് ചുറ്റുമായി കൂടി നിന്നു. ‘ഇന്ന് നമുക്ക് യാത്ര തിരിക്കേണ്ടതാണെന്ന്’ സ്വയം പറഞ്ഞുകൊണ്ട് പതിയെ പിരിഞ്ഞു പോവുകയും ചെയ്തു. ഇവരിൽ രാജാവിന്‍റെ സേവകരുമുണ്ടായിരുന്നതിനാൽ, അദ്ദേഹത്തിന്‍റെ ദിനചര്യകളിലും ഭക്ഷണക്രമത്തിലും നിസ്സാരമെങ്കിലും പൊറുക്കാനാവാത്ത പിശകുകൾ വന്നു പോയി. എല്ലാത്തിനും കാരണം ശിഷ്യന്‍റെ അസമയത്തുള്ള അഹങ്കാരപ്രകടനമാണെന്ന് തിരിച്ചറിഞ്ഞ രാജാവ് ഗുരുവിനെ വിളിപ്പിച്ചു. ശിഷ്യന്‍റെ ജീവനെയോർത്ത് പരവശനായിരുന്ന ഗുരു രാജാവിന്‍റെ ചോദ്യത്തിന് മുൻപായി, തന്‍റെ ശിഷ്യൻ ഒരു മഹത്കർമ്മത്തിലേർപ്പെട്ടിരിക്കുകയാണെന്നും അവനെ ഇവിടെ തുടരാൻ അനുവദിക്കണമെന്നും പറഞ്ഞു. ഗുരുവിനോട് പുറത്തുപോകാൻ വിരലുകൾ കൊണ്ട് ആംഗ്യം നൽകിയ രാജാവ് തന്‍റെ സഹസൈന്യാധിപനെ ഒന്ന് നോക്കുക മാത്രം ചെയ്തു. സംഘം തയ്യാറെടുപ്പുകൾ കഴിഞ്ഞ് ഒന്നൊന്നായി യാത്ര തുടങ്ങിയപ്പോഴും ശിഷ്യൻ തന്‍റെ പ്രവൃത്തിയിൽ മുഴുകിയിരിക്കുകയായിരുന്നു. അവനെത്തന്നെ നോക്കി ഗുരു നിന്നിരുന്നെങ്കിലും അടുത്തായി അദ്ദേഹത്തിന്‍റെ ഭാണ്ഡക്കെട്ട് തയ്യാറായിരുന്നു. സഹസൈന്യാധിപൻ കുതിരപ്പുറത്തേറി അവിടേയ്ക്കു ചെന്നു. അത് കണ്ടതും നിറകണ്ണുകളോടെ ഭാണ്ഡക്കെട്ട് തന്‍റെ ഊന്നുവടിയിൽ കൊരുത്ത് തോളത്ത് ഞാത്തികൊണ്ട് ഗുരു തിരഞ്ഞു നോക്കാതെ നടക്കാൻ തുടങ്ങി.

മുട്ട് മടക്കിയിരുന്ന് പാദവിരലുകൾ നിലത്ത് അമർത്തിയൂന്നി നടുപുറകിലേക്ക് വളച്ച് തല ഉയർത്തിപ്പിടിച്ച് ഉളി കുത്തിയ പാറയുടെ ഭാഗങ്ങളിൽ മൃദുവായൂതി പൊടി കളഞ്ഞ് കൃത്യത ഉറപ്പു വരുത്തുകയായിരുന്നു ശിഷ്യൻ. ഒറ്റ വീശ്‌. അയാൾ അതിൽ വിദഗ്ദ്ധനായിരുന്നു. വാൾ അവന്‍റെ ശിരസ്സിനെ ഉടലിൽ നിന്ന് വേർപെടുത്തി. ചെറിയൊരു ജലധാരയന്ത്രത്തിൽ നിന്നെന്നപോലെ ചുടുചോര ചീറ്റിയൊടുങ്ങി. അൽപനേരം കൂടി അതേ നില തുടർന്ന കബന്ധം പിന്നിലേക്ക് മറഞ്ഞു. പിടച്ചിൽ പതിയെ ഒടുങ്ങി. അയാളും കുതിരപ്പുറത്തേറി യാത്രയായി.

മൂന്നാണ്ടോളം അവർ പുതിയ കൊട്ടാരത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങളിലേർപ്പെട്ടു. ഇതിനിടയിൽ രാജാവും കുറച്ചു പ്രമുഖരും മടങ്ങിപ്പോയിരുന്നു. പിന്നീട് തിരികെ വന്നതുമില്ല. ശിഷ്യനെയും അവന്‍റെ ഭ്രാന്തമായ പരിശ്രമത്തെയും ദാരുണമായ പരിണതിയെയും എല്ലാവരും ഏറെക്കുറെ മറന്നെങ്കിലും ഗുരുവിന് മാത്രം അതിന് കഴിഞ്ഞില്ല. രാജാവിന്‍റെ (ഉപസ്‌ത്രീയായ തോഴിയുടെ) വിചിത്രമായ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനായി ഓരോ കല്ലും തിരഞ്ഞെടുക്കുമ്പോഴും അയാൾക്ക് അതൃപ്തി തോന്നി. ഓരോ തവണയും ഒരു കല്ലും തന്‍റെ മനസ്സിനെ സ്പർശിച്ചില്ലെന്ന് അദ്ദേഹം ഞെട്ടലോടെ തിരിച്ചറിഞ്ഞു. അതിമനോഹരമെന്ന് ഓരോ സൃഷ്ടിയെയും കൂടെയുള്ളവർ പുകഴ്ത്തിയപ്പോഴും അദ്ദേഹത്തിന് ആശയക്കുഴപ്പമുണ്ടായി. മുട്ട് മടക്കി, പാദവിരലുകൾ നിലത്തൂന്നിയിരിക്കുമ്പോഴെല്ലാം വീശി വരുന്നൊരു വാൾ വായുവിൽ സൃഷ്ടിക്കുന്ന പ്രതിചലനം അദ്ദേഹത്തിന്‍റെ പിൻകഴുത്തിൽ പതിക്കുക പതിവായി. എല്ലാം അവസാനിപ്പിക്കാൻ ഒരേയൊരു വഴി മാത്രം. പണിയെല്ലാം കഴിഞ്ഞ് അവശ്യപൂജകളും കഴിച്ച് സംഘം മടങ്ങവേ ശിഷ്യൻ മരണപ്പെട്ടിടത്ത് തങ്ങാൻ ഗുരു തീരുമാനിക്കുകയും അങ്ങനെ ചെയ്യുകയും ചെയ്തു.

അവനെ തിരഞ്ഞെടുക്കുകയും അവന്‍റെ മരണത്താൽ അനാഥമാക്കപ്പെടുകയും ചെയ്ത ആ ശില വെറുമൊരു പാഴ്വസ്തുവെന്നപോൽ കാട്ടിൽ കിടന്നിരുന്നു. അതിനെ കാട്ടുവള്ളികൾ വീണ്ടും ആക്രമിച്ചിരുന്നു. മൃഗങ്ങളുടെ അമേദ്യവും കുറുനരിയോ മറ്റോ കടിച്ചുകൊണ്ടുവന്നിട്ട വലിയ ഒരു എല്ലിൻകഷണവും അതിനെ അലങ്കരിച്ചു. അതുവഴി കടന്നു പോയ ഏതോ ഒരുവന്‍റെ കരവിരുത് ശിഷ്യന്‍റെ ഉളി പതിഞ്ഞിടത്തിന് കരിക്കട്ട കൊണ്ടോ മറ്റോ വരഞ്ഞിട്ടെന്ന പോലൊരു വൈകൃതം സമ്മാനിച്ചിരുന്നു. ഒറ്റനോട്ടത്തിൽ ഇതെല്ലം കണ്ട് ഗുരുവിന് വിഷമം തോന്നി. ധൃതിയിൽ അത് വൃത്തിയാക്കിയതിനു ശേഷം ഗുരു കല്ലിനെത്തന്നെ നോക്കി നിന്നു. ആ രൂപം പുരുഷന്റേതോ സ്ത്രീയുടെതോയെന്ന് രൂപരേഖയിൽ നിന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അങ്ങനെ നോക്കിനിൽക്കെ അതിസുന്ദരിയായ ഒരു സ്ത്രീരൂപം ഗുരുവിന്‍റെ മനസ്സിൽ തെളിഞ്ഞു. താമസിയാതെ അദ്ദേഹം തുടങ്ങുകയും ചെയ്തു. മുഖം ഏറെക്കുറെ പൂർത്തിയായെന്ന് തോന്നിയ സമയത്താണ് വീണ്ടും സംശയം തലപൊക്കിയത്. ആ നെറ്റിത്തടത്തിന്‍റെ വിസ്താരവും താടിയെല്ലിന്‍റെ ദൃഢതയും ഒരു പുരുഷന്റേതല്ല. തന്‍റെ ശിഷ്യൻ ഒരു തികഞ്ഞ ശിവഭക്തനായിരുന്നുവെന്ന് അദ്ദേഹമോർത്തു. അത് തന്നെ. പരമശിവൻ.

അദ്ദേഹം ശില്പത്തിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങി. അത് പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ആ പുഞ്ചിരിയിലെ സൗമ്യതയും കവിളുകളിലെ തുടിപ്പും എന്തിനെയാണ് സൂചിപ്പിക്കുന്നത്. ശിവന്‍റെ അടിസ്ഥാന ഭാവം രൗദ്രതയായിരിക്കാം എന്നാൽ പൂർണ്ണ ഭാവം ശിവശക്തിയാണ്. അർദ്ധനാരീശ്വരൻ. ഗുരു പിന്നെയും തന്‍റെ ഉളിഎടുത്തു. എന്നാലോ സംശയങ്ങൾക്ക് അറുതിയുണ്ടായില്ല. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിരുന്നു. ഒന്നിലും ഉറച്ചു നില്ക്കാൻ കഴിയാതിരുന്നത് അദ്ദേഹത്തിന് മനസികവിഭ്രാന്തി നല്കാൻ തുടങ്ങി. അദ്ദേഹം തത്കാലത്തേക്ക് എല്ലാം നിർത്തിവെച്ചു. ഇത് ശിഷ്യനെ തിരഞ്ഞെടുത്ത ശിലയല്ലേ, എന്നെ തേടുന്ന ശിലയല്ലേ ഞാൻ തിരഞ്ഞെടുക്കേണ്ടത്, അദ്ദേഹം ചിന്തിച്ചു. ഗുരു കാട്ടിലാകെ അലയാൻ തുടങ്ങി. രാത്രികളിൽ അയാൾ ആ നിലവിളിക്കായ് കാതോർത്തു. ധ്യാനത്തിന് ശ്രമിച്ചെങ്കിലും ഏകാഗ്രത ലഭിക്കാതെ പിടഞ്ഞുകൊണ്ടിരുന്നു. മാസങ്ങൾ കടന്നു പോകവേ ഗുരു കാട്ടിൽ നിന്നപ്രത്യക്ഷനായി. ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം. സ്ത്രീയായും പരുഷനായും അർദ്ധനാരീശ്വരനായും വികലമാക്കപ്പെട്ട ആ ശിലയെ വീണ്ടും പായലും മാലിന്യങ്ങളും കാട്ടുവള്ളികളും വിഴുങ്ങി.

ശിഷ്യനാൽ വെളിപ്പെടുമായിരുന്ന അവന്‍റെ ഉളിസ്പർശം മാത്രം കാത്തിരുന്ന ആ അപൂർവ്വ ശിൽപം ആരാലും കണ്ടെടുക്കപ്പെടാനാവാതെ അദൃശ്യമായി തുടർന്നു.

എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശി. ഇപ്പോൾ അബുദാബിയിൽ ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്