ശവത്തിന്റെ കഷ്ണം

മരിക്കാതിരിക്കാൻ
ജീവൻ അവശേഷിക്കണമെന്നില്ല

ജീവിക്കാതെയും
മരിക്കാതെയും
ഇടവഴിയിലൊരിടമുണ്ട്
മനോഹരമാം
പട്ടുമെത്തയോ പരവതാനിയോ
ഇല്ലാത്തിടം.
എന്തിനധികം,
പുഴുവരിക്കും
തെരുവിലെ മാലിന്യമണവും
ഇല്ലാത്തിടം,
മണ്ണടിയിൽ
അല്ലെങ്കിൽ
കടലിലോ പുഴയിലോ
അതുമല്ലെങ്കിൽ
ഇടിച്ചു പൊളിഞ്ഞൊരു
വാഹനത്തിൻ
അവശേഷിപ്പുകൾക്കിടയിൽ…..

ശവം കിട്ടുവോളം
മരണമെണ്ണപ്പെടുന്നില്ല.
ചീഞ്ഞളിഞ്ഞതെങ്കിലും
ഒരു കഷ്ണം മാംസമെങ്കിലും
കണ്ടെടുക്കാതെ
മരിക്കുന്നില്ല.

മരിക്കുന്നുമില്ല
ജീവിക്കുന്നുമില്ല
ചുരുക്കി പറഞ്ഞാൽ
ജനനത്തിനപ്പുറം
ഒരു പട്ടികയിലും
ഇടമില്ലാതെ,
ശവക്കഷ്ണത്തിന്റെ ദയ തേടി
ഒരു കണ്ടുപിടുത്തം കാത്ത്
നിൽക്കുന്നവർ.

പാലക്കാട്‌ സ്വദേശി. NISER ഭുവനേശ്വറിൽ ഗണിതശാസ്ത്രത്തിൽ ഗവേഷണവിദ്യാർത്ഥി. 'രാത്രിവെയിൽ' എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവമാധ്യമങ്ങളിലും എഴുതാറുണ്ട്.