ശലമോന്റെ വാക്യം

‘പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക’ — സദൃശ്യവാക്യങ്ങൾ

തൊമ്മി കയീനായി നടന്നു. ദൈവം ചോദിച്ചു:

“നീ എന്തിനിതു ചെയ്തു?”

തെളിമയുള്ള ഉച്ചകളിലെല്ലാം ജനലഴികളിലേക്ക് ചാഞ്ഞിറങ്ങിയ മരച്ചില്ലയിൽ ഒരു സ്കൈലാർക്ക് പക്ഷി വന്നിരുന്ന് പാടും. കരുവാക്കലിൽ ചാണ്ടിക്കുഞ്ഞിന്റെ മകൻ തൊമ്മി മാഞ്ചസ്റ്ററിലെ തന്റെ വീട്ടിൽ ഉച്ചയൂണ് കഴിഞ്ഞുള്ള ആലസ്യം ആസ്വദിച്ചുകൊണ്ടിരുന്നു. പുറത്ത് വീശുന്ന നേർത്ത ഇളങ്കാറ്റ് കുളിർമ സമ്മാനിക്കുന്നുണ്ട്. നിരത്തിലേക്ക് പ്രവേശിക്കുന്ന കാറുകളുടെ ശബ്ദം കേട്ടപ്പോൾ ഭാര്യ ജ്യോത്സന ജനലിന്നരികെ നിന്ന് പറയുന്നതുകേട്ടു.

“കൊണ്ടുപോകാനവർ വന്നെന്നാ തോന്നണേ…. രണ്ടോ മൂന്നോ വർഷം വരെ കിട്ടിയേക്കും”

“ങ്ഹും”

അസ്വസ്ഥതയുടെ ഉച്ചസ്ഥായിലേക്ക് തൊമ്മി ആഞ്ഞുണർന്നു. പക്ഷി പറന്നുപോയിരുന്നു.

ശ്രീമാൻ നിക്സണേയും, നാല്പതിനടുത്ത് പ്രായം വരുന്ന അയാളുടെ ഭാര്യയേയും നിരത്തിലൂടെ വിലങ്ങുവച്ച് കൊണ്ടുപോവുകയാണ്. കരഞ്ഞുകൊണ്ട് നിൽക്കുന്ന ആൺകുട്ടിയെ ഒരു പോലീസുദ്യോഹസ്ഥ സമാധാനിപ്പിക്കുന്നു. ദമ്പതികളുടെ നിർവികാരത കണ്ടപ്പോൾ വാതിലിന്നരികെ നിൽക്കുന്ന തൊമ്മി വക്രിച്ച ചുണ്ടുകളോടെ വീണ്ടും വിഷാദമുഖനായി. ചിന്തകൾ വല്ലാതെ ഹൃദയത്തെ പ്രഹരിക്കുന്നുണ്ടെന്ന് തോന്നും.

സ്മൃതിയിലെവിടെയോ, കലപ്പ ഉഴുത മൺകട്ടകളിൽ നിന്ന് പൊടി ഉയർത്തിക്കൊണ്ട് നീണ്ടു നിവർന്നു കിടക്കുന്ന പാടം. ഉച്ചവെയിലിൽ അത് കത്തിയെരിയുന്നു. തൊമ്മി തന്റെ ബാല്യം കടന്നുപോയ ഓച്ചിറക്കാലം ഓർക്കുകയാണ്.

എരുമകളുടേയും ഏകസന്താനത്തിന്റേയും പുറത്ത് ഒരുപോലെ നിപതിക്കുന്ന പ്രഹരം. ചാട്ടയുടെ വീര്യമുള്ള പുളിവാറോ ചൂരലോ ഓങ്ങി നിൽക്കുന്ന അപ്പന്റെ ഉപ്പൻകണ്ണുകൾ, ശകാരം.

“ഞാറ്റടിയിൽ ഓടിക്കളിക്കാതെ വന്ന് മരമടിയെടാ കഴുവേറി. കട്ടയുടച്ച് നാളെ വിത്തെറിയാനുള്ളതാ”

“പോത്തുകളെ കുളിപ്പിച്ച് കയറ്റെടാ.. എന്നിട്ട് ചെന്ന് തേങ്ങാ പെറുക്കിക്കൂട്ട്”

“കുഞ്ഞിനെ ഇങ്ങനെ തല്ലാണ്ടിരി ചാണ്ടിച്ചായോ” എന്നും പറഞ്ഞ് കൂട്ടുകൃഷിക്കാരൻ വർഗ്ഗീസ് ഇടക്ക് കയറുമ്പോൾ അപ്പൻ മറുപടി പറയും:

“കിടാങ്ങളെ അടിച്ചു തെളിയിച്ചില്ലേൽ കർത്താവ് ഒരപ്പനോടും പൊറുക്കുകേലാ വർഗ്ഗീസേ”

ഈറ്റയോ ചൂരലോ പാകത്തിന് വെട്ടിയെടുത്ത് തട്ടിൻപുറത്ത് കരുതി വയ്ക്കും അപ്പൻ. അല്ലെങ്കിൽ എണ്ണയും കുരുമുളകുപൊടിയും ചേർത്ത് പുരട്ടി ഉണക്കിയെടുത്ത പുളിങ്കമ്പുകൾ. ഒന്നിന്പുറകെ ഒന്നായി ഉപയോഗിക്കാൻ. ജീവനെ ഉദരത്തിൽ മുളപ്പിച്ച് പേറിയവൾ കണ്ട് തളർന്നുപോകുന്ന അടി.

ശിക്ഷയിൽ അപ്പന് മൂന്നിന്റെ ഗുണിതങ്ങളെ അറിയാമായിരുന്നുള്ളു. നെല്ല് ചിക്കുമ്പോൾ പരമ്പിനപ്പുറത്തേങ്ങാനും പോയാൽ മൂന്നടി, പറഞ്ഞതനുസരിച്ചില്ലേൽ ആറടി, ബൈബിൾ വായിച്ചില്ലേൽ ഒൻപതടി, അൾത്താർ ബാലകനായിരിക്കുമ്പോൾ വെള്ളകീറുന്നതിന് മുമ്പ് എണീറ്റ് കുർബ്ബാനക്ക് പോയില്ലെങ്കിൽ പന്ത്രണ്ടി, കള്ളം പറഞ്ഞാൽ പതിനഞ്ചടി…. എങ്കിലും തന്നെ സ്നേഹിക്കുന്നു എന്ന് വിശ്വസിപ്പിക്കാൻ അപ്പന് കഴിഞ്ഞു. അതാണ് അപ്പന്റെ വിജയം.

കൂടെപ്പിറപ്പില്ലാത്ത ബാല്യത്തിൽ തൊമ്മി വീടിന്റെ വടക്കേപ്പറമ്പിൽ പീടിക കെട്ടിക്കളിച്ചു. മുളഞ്ചീളുകൾ വഴുതനാരുകൊണ്ട് കെട്ടിയ, വയ്ക്കോൽ മേൽക്കൂരയുള്ള തൊമ്മിയുടെ പീടിക. ആവശ്യക്കാർ അന്യദേശത്ത് നിന്ന് അനേകം കാതങ്ങൾ താണ്ടിവരും. ആദമിന്റെ മകൻ ഹാബേൽ, അബ്രഹാമിന്റെ മകൻ ഇസ്ഹാക്ക്, രൂത്ത്, ഇയ്യോബ്, ദാവീദിന്റെ മകൻ ശലമോൻ, കന്യാമറിയവും ജോസഫും പിതാവും പരിശുദ്ധാത്മാവും തന്നെ. നക്ഷത്രങ്ങൾ കണ്ണുചിമ്മുന്ന നീലരാവുകളിൽ കർത്താവ് പീടികയിലെത്തും. തൊമ്മി വയ്ക്കോൽ കൂടാരത്തിനുകീഴെ നിവർന്നു കിടക്കുന്നുണ്ടാവും.

“യേശുവപ്പച്ചാ കഥ പറഞ്ഞുതാ. പണ്ട് പണ്ട് കൂട്ടംതെറ്റിപ്പോയ കുഞ്ഞാടിന്റെ കഥ. പിന്നെ ദൈവം മന്ന പൊഴിച്ചപ്പോൾ അത് പെറുക്കാനായി ഓടിനടന്ന കിടാങ്ങളുടെ കഥ”

അതുകേട്ട് കർത്താവും യഹോവയും ചിരിക്കും. വർഷങ്ങൾക്ക് ശേഷം തൊമ്മി ഏകാന്തതയൊക്കെ വിട്ട് ജ്യോത്സനയുടെ പ്രണയക്കിടക്കയിലേക്ക് ഒതുങ്ങിക്കൂടിയപ്പോഴും അവർ ചിരിച്ചു.

നിക്സൺ, വേലികൾ ആവശ്യമില്ലാത്ത അയൽക്കാരനായിരുന്നു. കേട്ടുവളർന്ന കഥകളിലെ നല്ല ശമര്യക്കാരൻ.

മാഞ്ചസ്റ്ററിൽ, ഓരോദിവസവും, ഓജസ്സും ഉണർവ്വും തരുന്ന പ്രഭാതങ്ങളെ യാന്ത്രികമായി അപഹരിക്കുന്ന ഓഫീസ് ജോലികൾക്ക് ശേഷം സായാഹ്നങ്ങളിൽ തൊമ്മി വീട്ടിന്നടുത്തുള്ള ഒരു കഫേയിൽ തുറന്നുവച്ച ലാപ്ടോപ്പിനുമുന്നിൽ ഒരു കപ്പ് കാപ്പിച്ചിനോയുമായി ഇരിക്കാറുണ്ട്. ജോലികഴിഞ്ഞ്, ചിലപ്പോൾ അടുത്തുള്ള ‘ ഈസിപിക്കി’ൽ നിന്ന് ചെറിയൊരു ഷോപ്പിംഗും കഴിഞ്ഞ് ഭാര്യ എത്തുന്നതുവരെ. പുറപ്പാടു കഴിഞ്ഞെത്തിയ പുതിയ ഭൂമികയിലിരുന്ന് വെർച്വൽ ലോകത്തിലെങ്കിലും ഓച്ചിറയുടെ തനിയാവർത്തനം സൃഷ്ടിക്കാൻ കഴിയുമോ എന്ന ചിന്തയിൽ മുഴുകി അയാൾ സായാഹ്നങ്ങൾ ചെലവഴിച്ചു.

കട്ടയുടച്ച പാടത്ത് നിന്ന് പുതുമഴ കൊണ്ടെത്തരുന്ന സുഗന്ധം. വടക്കേപ്പുറത്തെ തോട്ടിൽ കുളിക്കാനിറങ്ങുമ്പോൾ കൈക്കുമ്പിളിൽ കോരിയെടുക്കുന്ന വെള്ളത്തിൽ പുളയുന്ന മാനത്ത് കണ്ണി. ഗൃഹാതുരത്വത്തിന്റെ മുഗ്ദ്ധത. ഒരിക്കൽ കളിപ്പീടികയും താനുണ്ടാക്കിയ യന്ത്രം ഘടിപ്പിച്ച ചെറുവള്ളവും വടക്കുനോക്കിയന്ത്രവും സസൂക്ഷ്മം നിരീക്ഷിച്ച ശേഷം ഇട്ടിക്കലച്ചൻ അപ്പനോട് പറഞ്ഞതോർത്തു.

“ചാണ്ടിയേ നിന്റെ മോൻ കൊള്ളാമല്ലോടാ… ഇവൻ വലിയവനാകും. ഇവനും ഭാവിയിൽ ഇവന്റെ സന്തതികളും ചേർന്ന് നിന്റെ യശസ്സ് വർദ്ധിപ്പിക്കാനായി മുട്ടിപ്പായി പ്രാർത്ഥിക്ക്”

നിക്സണും കുടുംബവും കഫേയിലെ നിത്യസന്ദർശകരായിരുന്നു. വിവേചനവും വംശവെറിയുമൊന്നും മനസ്സിൽ സൂക്ഷിക്കാത്ത ഒരു സാധുമനുഷ്യനായിരുന്നു അയാൾ. എപ്പോഴും പുഞ്ചിരിക്കുന്ന പ്രകൃതം. പതിന്നാല്, എട്ട്, മൂന്ന് എന്നിങ്ങനെ വയസ്സുകളുള്ള മൂന്ന് കുട്ടികളുടെ അച്ഛൻ. ഓച്ചിറയിലെ പാടങ്ങളെക്കുറിച്ചും, ആലപ്പുഴയിലെ ഹൗസ് ബോട്ടുകളെക്കുറിച്ചും, മാതൃരാജ്യം ഉപേക്ഷിച്ച് ഇംഗ്ലണ്ടിലേക്ക് കുടിയേറുന്ന മലയാളികൾ കെട്ടിപ്പടുക്കുന്ന പുതിയ ജീവിതങ്ങളെക്കുറിച്ചുമെല്ലാം നിക്സൺ തൊമ്മിയോട് താൽപര്യത്തോടെ ചോദിച്ചിരുന്നു. കഫേയിൽ വരുമ്പോൾ മൂന്ന് വയസ്സുള്ള മകൾ അവിടെ ഓടിക്കളിക്കും. മേശപ്പുറത്ത്കയറി ചുമരിൽ സ്ഥാപിച്ചിട്ടുള്ള മൊണാലിസയുടെ ചിത്രത്തിലൂടെ അവൾ തന്റെ കുഞ്ഞുകൈപ്പത്തി ഓടിക്കുന്നതു കാണുമ്പോൾ ജ്യോത്സന, മിസിസ്സ് നിക്സണ് വലിയ ഇടവേളകൾക്ക് ശേഷം ആസ്വദിക്കാനായ മൂന്ന് ഗർഭകാലങ്ങളെ കുറിച്ചോർത്ത് അസൂയപ്പെടും.

തങ്ങളുടെ സ്കൈലാർക്ക് വീട്ടിൽ ജനലിന്നരികെയിരുന്ന് ദിവാസ്വപ്നം കാണുന്ന ജ്യോത്സന. പാൽപ്പല്ലുകൾ കാട്ടി ഓടിനടക്കുന്ന കുരുന്നുകളും അവരുടെ കലപില ശബ്ദങ്ങളുമാണ് സ്വപ്നത്തിലാകെ പൂത്തുലഞ്ഞ് നിൽക്കുന്നത്. പതിവുപോലെ നാട്ടിൽ നിന്നുള്ള ഫോൺകാളും പതിവു ചോദ്യങ്ങളും.

“വർഷം മൂന്ന് കഴിഞ്ഞില്ലേ…. വിശേഷങ്ങളൊന്നുമായില്ലേ ജ്യോസൂ?”

“ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് വല്യമ്മച. നാട്ടിൽ വരുമ്പോളെങ്ങാനും ഏതെങ്കിലും ക്ലിനിക്കിൽ പോകാനിരിക്കുവാ”

പതിന്നാല് വയസ്സുള്ള മകളെ തല്ലിയതിനാണ് നിക്സണേയും ഭാര്യയേയും അറസ്റ്റ് ചെയ്തത്. ജനിപ്പിച്ചവന്റെ അധികാരങ്ങൾ അടിയറവ് വച്ചുകൊണ്ട് കൈവിലങ്ങുമായി നിക്സൺ നിരത്തിലൂടെ നടന്നു. അയാളുടെ ലിംഗത്തിന്റെ അസ്ഥിത്വമാണ് വിചാരണക്കായി കാത്തിരിക്കുന്നതെന്ന് തൊമ്മിക്ക് തോന്നി. ശാന്തനായി നടന്നുനീങ്ങുന്ന അയാളുടെ മുഖം, ജനലിന്നരികെ നിൽക്കുന്ന തൊമ്മിയുടേയും ഭാര്യയുടേയും അടുത്തെത്തിയപ്പോൾ ഒരു പതിഞ്ഞ പുഞ്ചിരിയിലേക്ക് പരിവർത്തനപ്പെട്ടു. തൊമ്മിയുടെ ചിന്തകളിൽ ആരോ മഴുകൊണ്ട് വെട്ടി.

മോശെയുടെ വാഗ്ദത്തഭൂമിയും ശലമോന്റെ സദൃശ്യവാക്യങ്ങളും നീതിമാന്മാരുടെ പാതകളുമെവിടെ? കളിപ്പീടികയിൽ വന്നപ്പോൾ ഒരിക്കൽ യേശുവപ്പച്ഛൻ പറഞ്ഞു:

“തൊമ്മിക്കുട്ടാ വളരുമ്പോൾ നിന്നെ ഞാൻ സുവർണ്ണ മന്നകൾ പൊഴിക്കുന്ന ദേശത്തേക്ക് കൊണ്ടു പോകും”

അതെ… അങ്ങനെ ഞാൻ എല്ലാം വിറ്റുപെറുക്കി ഇംഗ്ലണ്ടിലെത്തി. യൂറോപ്പ് വലിയൊരു എലിപ്പത്തായമാകുന്നു. സ്വയം കെണിതീർക്കുന്ന മൂഷികചിന്തകൻമാരുടെ ലോകം. വേണ്ടുവോളം രതിയിലേർപ്പെട്ടോ. മാംസപിണ്ഡങ്ങളെ ജനിപ്പിക്ക്. ദൈവം ജീവനൂതി കൊടുത്തോളും. പക്ഷെ അവരെ ശിക്ഷിക്കുകയോ അടക്കിഭരിക്കയോ ചെയ്യരുത്.

തൊമ്മി നഷ്ടസ്വർഗ്ഗങ്ങളെക്കുറിച്ചോർത്ത് പരിതപിക്കുന്നു. വിഭ്രാന്തിക്ക് സമാനമായ കടുത്ത അസ്വസ്ഥതകളിലേക്ക് കൂപ്പു കുത്തുന്നു. ഇംഗ്ലണ്ടിലാകമാനം മാതാപിതാക്കൾ അറസ്റ്റിലാകപ്പെട്ട കേസുകളുടെ ചരിത്രം അയാൾ ഗൂഗിളിൽ പരിശോധിച്ചു. ചാനൽ വാർത്തകളും ഡിബേറ്റുകളുമെല്ലാം തന്നെ.

നിക്സന്റെ വിചാരണ കേൾക്കാനായി ഓഫീസിൽ നിന്ന് ലീവെടുത്ത് അയാൾ പോയി. പാടത്ത് പണ്ട് കെട്ടിനിർത്താറുണ്ടായിരുന്ന ഒരു വയൽക്കോലം പോലെ ഏകാന്തത നേരിട്ടുകൊണ്ട് പ്രതിക്കൂട്ടിൽ നിക്സൺ നിൽക്കുന്നു. അനേകം വിചാരണക്കണ്ണുകൾ ഒരു പിതാവിന് നേരെ പതിച്ചിരിക്കുന്നു.

തൊമ്മിയുടെ ദുഃസ്വപ്നങ്ങളിൽ ഒരു വയൽക്കോലവും നിക്സന്റെ മകൾ പതിന്നാല് വയസ്സുകാരി ബ്രിഗേറ്റയും രംഗ പ്രവേശനം ചെയ്യുന്നു.

അവൾ ഉച്ചത്തിൽ പറയുകയാണ്,

“ഞാൻ മദ്യപിച്ചെന്നോ കൂട്ടുകാരുമൊത്ത് ശീതകാലം ചെലവിടാൻ വീട് വിട്ടുപോയെന്നോ ഇരിക്കും. നിങ്ങൾക്കെന്ത് വേണം!”

തുടർന്നുള്ള രാത്രികളിലാകെ നിദ്രാരാഹിത്യം. ഉറക്കം ഞെട്ടിയുണർന്നാൽ പിന്നെയുറങ്ങില്ല. കനത്ത ശിശിരത്തിൽ സ്കൈലാർക്ക് വിറങ്ങലിക്കുന്നു. കിടപ്പുമുറിയിലെ ജനാലയുടെ ചില്ലുകളിൽ ആർദ്രത അവ്യക്തത തീർത്തിരിക്കുന്നു. പാളത്തൊപ്പിയും കൈയ്യിൽ മൺവെട്ടിയുമായി പുറത്ത് അപ്പൻ നിൽക്കുകയാണ്. കനത്ത മഞ്ഞുവീഴ്ചയിൽ അപ്പൻ വല്ലാതെ വിറയ്ക്കുകയും ചുമയ്ക്കുകയും ചെയ്യുന്നുണ്ട്.

“കയറി വാ അപ്പാ”

അപ്പന്റെ വിരലുകൾ ജാലകത്തിലെ കണ്ണാടിയിൽ പാടുകൾ തീർക്കുന്നു. അതിലൂടെ മകനേയും ഉറങ്ങുന്ന മരുമകളേയും നോക്കിക്കൊണ്ട് തെല്ലൊരു വിഷാദത്തോടെ അങ്ങനെ നിൽക്കുകയാണ്.

“പുറത്ത് വല്ലാത്ത തണുപ്പുണ്ടപ്പാ. ഇങ്ങ് കേറി വാ. ഇതാണ് ഞാൻ പറഞ്ഞ ഞങ്ങളുടെ കൊച്ച് വീട്. കുറച്ച് പഴയതാണ്.. കേറി വാ അപ്പാ”

അപ്പൻ ഹാംലെറ്റ് രാജാവിന്റെ പരേതാത്മാവിനെപ്പോലെ പോയി മറയുന്നു. അതിന് മകനെ തലോടണമെന്നുണ്ട്.

ഇല്ല. ആരുമില്ല. വെറും തോന്നലാണ്. നഷ്ടങ്ങളുടെ ഓഹരി വീതിച്ചു തരാൻ അപ്പന്റെ ഒരംശം പോലും അവശേഷിക്കുന്നില്ല. അപ്പൻ എന്നേ മരിച്ചുപോയിരിക്കുന്നുവല്ലോ.

ഹോംനഴ്സിന്റെ എമർജെൻസി കാളിനുശേഷം തിടുക്കപ്പെട്ട് നാട്ടിലേക്ക് പറന്നപ്പോൾ അപ്പൻ മൃത്യുവെന്ന ആശ്വാസത്തേയും കാത്തുകൊണ്ട് കട്ടിലിൽ വിരിച്ചൊരു പനയോലയുടെ അവ്യക്തമായ ജ്യോമിതീയ രൂപങ്ങളിലേക്ക് ഒതുങ്ങിക്കൂടിയിരുന്നു. ഏറെക്കാലത്തെ തളർവാതം. ഓർമ്മയും കുറച്ച് വാക്കുകളും മാത്രമെ അപ്പനിൽ അവശേഷിച്ചിരുന്നുള്ളു. തട്ടിൻപുറത്തെ സാധനങ്ങൾക്കിടയിൽ പഴയൊരു ചൂരലും കണ്ടു എന്ന് പറഞ്ഞപ്പോൾ അപ്പന്റെ കണ്ണുകൾ സജലങ്ങളായി. അപ്പന്റെ പക്കൽ കണ്ണുനീരുമുണ്ട്. അദ്ദേഹം കരയുന്നത് താനിത് വരെ കണ്ടിട്ടില്ല. തൊമ്മി ലീവ് എക്സ്റ്റെന്റ് ചെയ്തുകൊണ്ട് രോഗിയെ പരിചരിച്ചു. മലം കോരുകയും കുളിപ്പിക്കുകയും ദിവസേന വസ്ത്രം മാറ്റുകയും ചെയ്തു.

ഒരിക്കൽ അപ്പൻ ചുമകലർന്ന നനുത്ത വാക്കുകൾ കൊണ്ട് മകനോട് പറഞ്ഞു:

“എടാ നീ ഇതൊക്കെ വിൽക്കുകാണേൽ നിന്റെ അമ്മച്ചിയുടെ കല്ലറയും അതിനോട് ചേർന്ന് ഒരു തുണ്ട് ഭൂമിയും ഒഴിച്ചിട്ടേക്കണം. വല്ലപ്പോഴും വരണം. അവൾക്ക് റോസാച്ചെടികളൊക്കെ വല്യഷ്ടായിരുന്നു. പറ്റുകാണേൽ.. ” അപ്പൻ മുഴുമിച്ചില്ല. നെഞ്ചിൻകൂട് കലങ്ങുന്ന നിലക്കാത്ത ചുമ.. ഏതാനും ആഴ്ചകൾ കഴിഞ്ഞുള്ള പള്ളിപ്പെരുന്നാളിനുശേഷം ഒരു ദിവസം രാവിലെ അപ്പൻ. പണ്ട് തൊമ്മി പീടിക കെട്ടിക്കളിച്ചിരുന്നിടത്ത് കെട്ടിയ അമ്മച്ചിയുടെ കല്ലറക്കരികിലേക്ക് നീങ്ങി.

“പുറത്ത് ആരെയാ നോക്ക്ണ് ടോമിച്ചാ?”

“ആരുമില്ല.”

“തണുപ്പുണ്ട്. പനിപിടിക്കും. ഈയിടെയായി രാത്രിയിലെന്താ ഉറങ്ങാതെ ഇങ്ങനെ ഉലാത്തിക്കൊണ്ടിരിക്കണേ. വരൂ ഉറങ്ങാം”

“ഉറക്കം വരുന്നില്ല”

“വെള്ളം വേണോ?”

“ഞാൻ ഛർദ്ദിക്കുമെന്ന് തോന്നുന്നു”

“തലവേദനയുണ്ടോ. ടാബ്ലെറ്റെടുത്ത് തരട്ടേ”

“നമുക്ക് നാട്ടിലേക്ക് മടങ്ങാം ജ്യോസൂ. ഈ ദേശം തലമുറകളുടെ തുടർച്ചക്ക് പറ്റിയതല്ല”

മൗനം.

“നീ എന്തേ ഒന്നും പറയാത്തത്?”

“വന്ന് കിടക്ക് ടോമിച്ചാ. നേരം വെളുത്തിട്ട് സംസാരിച്ചാ പോരെ അതൊക്കെ”

“എന്ത് കഷ്ടപ്പെട്ടിട്ടാണ് ഇവിടെ സെറ്റിലാകാൻ പറ്റിയത്” പ്രാതൽ വിളമ്പുമ്പോൾ ജ്യോത്സന പറഞ്ഞു.

“ടോമിച്ചനൊന്ന് ചിന്തിച്ച് നോക്കിയേ. ഇനി നാട്ടിലാകെയുള്ള ഒന്നരസെന്റ് ഭൂമി കൊണ്ട് എങ്ങനെ ജീവിക്കും.
എനിക്കുള്ളതും വിറ്റു. അല്ലെങ്കിത്തന്നെ അപ്പുറത്തുള്ളോരെ അറസ്റ്റ് ചെയ്തതിന് അച്ചാച്ചനെന്തിനാ ഉറക്കമിളയ്ക്കുന്നേ? എല്ലാ മക്കളും അങ്ങനെയാകണമെന്നുണ്ടോ. ആയിരിക്കണക്കിന് മലയാളികൾ ഇവിടെ കുടുംബമായി കഴിയുന്നില്ലേ. അതിനെക്കുറിച്ചൊക്കെ കടന്ന് ചിന്തിക്കാതിരിക്കുന്നതല്ലേ നല്ലത്. ?ഈയിടെയായി ടോമിച്ചൻ വല്ലാതെ വറീഡാകുന്നുണ്ട്. ഒന്നിനുമൊരു ശ്രദ്ധയുമില്ലാ ഉറക്കവുമില്ല. വേണമെങ്കിൽ നമുക്കൊരു കൗൺസിലറെ കാണാം”

“ഞാൻ കണ്ടോളാം….. കണ്ടേ തീരൂ”

രാവുകൾതോറും ഒരു നെരിപ്പോടിലെന്നപോലെ ഹൃദയം ഉരുകുന്നു. എപ്പോഴെക്കയോ അപ്പന്റെ വിരലുകൾ ജാലകച്ചില്ലുകളിൽ പാടുകൾ സൃഷ്ടിക്കുന്നു.

ഇത് ഒടുങ്ങിയേ തീരു. ശാന്തിയെ തച്ചുടക്കുന്ന പ്രഹേളികക്ക് ഉത്തരം കണ്ടെത്തിയേ തീരു.

“അപ്പാ ഞാൻ ബീജങ്ങളെ കൊല്ലാൻ പോവുകയാണ്”

മുടിയനായ പുത്രനെ തടഞ്ഞ പ്രവാചകൻമാരില്ല. ഉള്ളതൊക്കെയും വിറ്റു. തിരികെച്ചെന്ന് കുറ്റമേറ്റുപറഞ്ഞ് മാപ്പിരക്കാൻ അപ്പന്റെ കുഴിമാടം മാത്രമേയുള്ളു. പുറപ്പെട്ടു നേടിയ വാഗ്ദത്തഭൂമികയെന്നത് പുത്രോല്പാദനം നടത്തി വാഴാൻ കഴിയാത്ത തരിശുനിലമാകുന്നു. അവിടെ ശലമോന്റെ വാക്യങ്ങളില്ല. അതിനാൽ താൻ, ബലിപീഠത്തിനരികെ മകനുനേരെ കത്തിയോങ്ങി നിൽക്കുന്ന അബ്രഹാമിനെപ്പോലെ ആകേണ്ടി വരുന്നു. കത്തിചുഴറ്റി എറിഞ്ഞുകളയാൻ മേഘങ്ങൾക്കിടയിൽ ജാഗ്രതയൊടെയിരിക്കുന്ന ദൈവമില്ല. ഉറങ്ങാത്ത രാത്രികളിൽ തുടിച്ചു പുളയുന്ന ബീജങ്ങളെ കൈയ്യിലെ വായ്ക്കത്തികൊണ്ട് അരിഞ്ഞു തള്ളുന്ന പാതകത്തിലേക്ക് തൊമ്മിയുടെ ചിന്തകൾ വ്യാപരിക്കുന്നു.

“അപ്പാ നമുക്ക് പിൻതുടർച്ചയുണ്ടാവില്ല…. മാപ്പ്!”

സ്കൈലാർക്ക് പാടുന്ന ഒരു സായാഹ്നം. വിട്ടിനുള്ളിലെ മൗനത്തിലേക്ക് പക്ഷി അതിന്റെ ശ്രുതി മീട്ടുന്നു.

തൊമ്മി പറഞ്ഞു: “ജ്യോസൂ അടുത്തയാഴ്ച ഞാൻ നാട്ടിലേക്കൊരു യാത്ര പോവുകയാണ്. കൊച്ചിയിൽ എനിക്ക് പരിചയത്തിലൊരു കൗൺസിലറുണ്ട്. മടങ്ങുന്നതിന് മുൻപ് അമൃതയിൽ ചെന്ന് കൗണ്ടും ഒന്ന് പരിശോധിക്കാം”

“എന്റെ വേളാങ്കണ്ണി മാതാവേ… ഞങ്ങളെയൊന്ന് അനുഗ്രഹിച്ചിടേണമേ… ആയിരം മെഴുതിരികൾ കത്തിച്ചോളാമേ”

“ഫ്രീയാകുമ്പോൾ ആ ലഗേജൊന്ന് ശരിയാക്കി വയ്ക്ക്. നിനക്ക് എന്താണ് നാട്ടിൽ നിന്ന് കൊണ്ടുവരേണ്ടത്. ഒരു ലിസ്റ്റ് തയ്യാറാക്കിക്കോ”

“ഒന്നും വേണ്ടാല്ലോ… ടോമിച്ചാ”

അയാൾ ഭാര്യയെ കെട്ടിപ്പിടിച്ചു ചുംബിച്ചു.

വാസക്ടമി* കഴിഞ്ഞുള്ള ചെറിയ വിശ്രമ വേളയിൽ താൻ നടത്തിയ ബീജഹത്യയെക്കുറിച്ചല്ല, പ്രണയഹത്യയെക്കുറിച്ചായിരുന്നു തൊമ്മി ചിന്തിച്ചുകൊണ്ടിരുന്നത്. ഭാര്യ ഇതറിയുമ്പോൾ താൻ വെറുക്കപ്പെടുവാൻ പോവുകയാണ്. ഭാരമുള്ള ചിന്തകൾ എക്കാലവും തനിയെ പേറാൻ തക്ക കഠിനഹൃദയനല്ലല്ലോ താൻ. പ്രണയത്തിന്റെ പച്ചപ്പാടത്തിലൂടെ നടക്കാൻ പഠിപ്പിച്ചത് ജ്യോത്സനയാണെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു.

വർഗ്ഗീസങ്കിൾ കൊണ്ടുവന്ന ബന്ധമായിരുന്നു ജ്യോത്സനയുടേത്. ജീവിതത്തിലൊരിക്കലേ പെണ്ണുകാണലുണ്ടായിട്ടുള്ളു. അത് നടക്കുകയും ചെയ്തു. ബിടെക് കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞപ്പോൾത്തന്നെ അമ്മച്ചി വർഗ്ഗീസങ്കിളിനോട് പറഞ്ഞിരുന്നു…,

“മരിക്കണേന് മുമ്പ് അവനൊരിടത്ത് ചെന്ന് കേറ്ണത് കാണുണോന്ന്ണ്ട് വർഗ്ഗീസേ… നിന്റെ പരിചയത്തിലാരെങ്കിലുമുണ്ടേൽ നോക്കണേ”

തന്റെ ലോകം ഒറ്റയാൻചിന്തകളുടേത് മാത്രമായിരുന്നു. കല്യാണപ്പിറ്റേന്ന് ജ്യോത്സന ചോദിച്ചിരുന്നു:

“ടോമിച്ചൻ ഒട്ടും റൊമാന്റിക്കല്ലല്ലേ?”

“ഇല്ല…. എന്റെ ചുറ്റുപാടുകൾ പ്രണയദരിദ്രമായിരുന്നു. പോത്തുകൾ, പാടം പിന്നെ കുറച്ച് പുസ്തകങ്ങൾ. ഇത്രയൊക്കെയുണ്ടായിരുന്നുള്ളു. കോളേജിൽ ചെന്നിട്ടും കാര്യമായ പുരോഗതിയൊന്നുമുണ്ടായിരുന്നില്ല. ഒറ്റക്ക് നടക്കുന്നവനായിരുന്നു”

“സാരമില്ല. ഞാൻ പഠിപ്പിക്കാം… ആട്ടെ മധുവിധുവിന് നമ്മളെങ്ങോട്ടാ പോവാൻ പോണത്?”

“നീലഗിരി”

താഴ്ന്നിറങ്ങുന്ന പ്രണയത്തിന്റെ കോടമഞ്ഞ്. വിശാലമായ താഴ്വാരങ്ങൾ. ചുംബനങ്ങളുടെ പതിഞ്ഞ ഒച്ച കേൾക്കാം. കാതുകളിൽ കടിച്ചുകൊണ്ടുള്ള അവളുടെ കുസൃതികൾ.

ചില പുരുഷൻമാർക്ക് ഭാര്യ ഒരു സാന്ത്വനം മാത്രമല്ല, പിടിവള്ളി കൂടിയാണ്. ആജീവനാന്തം സ്നേഹത്തിന്റെ പച്ചപ്പ് നിലനിർത്താൻ വേണ്ടിയാണല്ലോ കുട്ടികളടങ്ങിയ കുടുംബജീവിതത്തിന്റെ ആവശ്യകത. എത്രയൊക്കെ സ്നേഹമുണ്ടെന്ന് പറഞ്ഞാലും ഏതൊരു സ്ത്രീയാണ് ഒരു കുഞ്ഞിനെ കൊടുക്കാൻ ശേഷിയില്ലാത്തവനോട് ഉള്ളിന്റെ ഉള്ളിൽ ഒരു തുള്ളി അവജ്ഞ വച്ചു പുലർത്താത്തത്. ഒരു വെട്ടുകൊണ്ട് താൻ പ്രണയത്തെ ഇല്ലായ്മ ചെയ്തു. ഇനിയങ്ങോട്ട് തന്റെ ഭാഗം ഒരപരൻ അഭിനയിക്കുന്നു. തൊമ്മി ക്ലിനിക്കിലെ കിടക്കയിൽ കിടന്നുകൊണ്ട് തനിക്ക് വരാനിരിക്കുന്ന വലിയ അവഗണനകളെക്കുറിച്ച് ചിന്തിച്ചു.

നിക്സൺന്റെ ചെറുമകൾ ഓടിക്കളിക്കുന്നത് നോക്കി ദിവാസ്വപ്നം കണ്ടിരിക്കുന്ന ഭാര്യയെ കാണുമ്പോൾ തൊമ്മിക്ക് സഹതാപമുണ്ടാകുമായിരുന്നു. പലപ്പോഴും അവളെ സാന്ത്വനപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു.

“നീ വിഷമിക്കണ്ട ജ്യോസൂ… ഞാൻ ജനിക്കുമ്പോൾ അപ്പന് അമ്പതിനടുത്തായിരുന്നു പ്രായം. അമ്മച്ചിക്ക് നാല്പതും. ദൈവം എപ്പോഴാണ് അനുഗ്രഹിക്കയെന്ന് പറയാൻ പറ്റുകേലാ”

നാട്ടിൽ നിന്ന് തിരികെയെത്തിയപ്പോൾ എയർപ്പോർട്ടിൽ ഭാര്യ വിളിക്കാൻ വന്നിരുന്നു.

“പോയിട്ടെന്തായി ടോമിച്ചാ?”

“പ്രതീക്ഷക്ക് വകയുണ്ട് ഡിയർ”

മാഞ്ചസ്റ്ററിലേക്ക് പോകുമ്പോൾ ടാക്സിയിൽ ജ്യോത്സന അയാളുടെ ചുമലിൽ തലചായ്ച്ചിരുന്നു.

“രണ്ടാഴ്ച ടോമിച്ചനെ വല്ലാതെ മിസ് ചെയ്തു”

“മീ ടൂ”

“ഇപ്പോൾ ഉറക്കം ശരിയാകുന്നുണ്ടോ?

“ങ്ഹും”

“എന്നാലിന്നുറങ്ങണ്ടാ”… ഒരു കുസൃതിച്ചിരിയോടെ അവൾ പറഞ്ഞു.

നീലിച്ച രാത്രിയിൽ വീണ്ടും രൂപങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഓണാട്ടുകരക്കാർ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ ഘോഷിച്ചുകൊണ്ട് വരുന്ന ഓച്ചിറക്കെട്ടുകാളകൾ. പിന്നെ കുട്ടിക്കാലത്ത് ഉത്സവപറമ്പിൽ ഉറക്കമിളച്ചിരുന്ന് കണ്ട കഥകളി വേഷങ്ങൾ. കിടക്കയുടെ ഇടത്തേവശത്ത് അസ്വസ്ഥനായി ഞെരിപിരികൊള്ളുന്ന തൊമ്മിയുടെ ഉപബോധമനസ്സിൽ കേളികൊട്ടിന്റെ ദ്രുതതാളം നിറയുന്നു. ചുട്ടികുത്തിയ വേഷങ്ങൾ… കഥാവശേഷരായ കഥാപാത്രങ്ങൾ … അവർ അരങ്ങിലേക്ക് ചിലങ്ക കുലുക്കിക്കൊണ്ട് വരിവച്ച് പോവുകയാണ്. പച്ചയും കത്തിയും. ഉടഞ്ഞ ഛായാമുഖിക്കരികെ കൈയ്യിൽ വാടിയ സൗഗന്ധികവുമായി തനിക്ക് പ്രണയമൊരു മരീചികമാത്രമാണന്നറിഞ്ഞുകൊണ്ട് നിൽക്കുന്ന ഭീമൻ. പിന്നെ കഥയില്ലാത്ത കീചകൻ അലറി വിലപിക്കുന്ന… അതെ, കഥയില്ലാത്ത കത്തിവേഷം ചാണ്ടിയുടെ മകൻ തൊമ്മി.

“ജ്യോസൂ എണീക്ക്.. എണീക്ക്നീ…. യെന്നെ ശരിക്കും നീ സ്നേഹിക്കുന്നുണ്ടോ?” ഭാര്യയെ അയാൾ കുലുക്കി ഉണർത്താൻ ശ്രമിക്കുന്നു.

“ഉവ്വ്.ഒന്നുറങ്ങ് ടോമിച്ചാ പ്ലീസ്” പാതിയുറക്കത്തിൽ ഭാര്യ പതിയെ പിറുപിറുക്കുന്നു.

കിടയ്ക്കക്കരികിലെ ബോട്ടിലിൽ നിന്ന് കുറച്ച് വെള്ളമെടുത്ത് തൊമ്മി ഭാര്യയുടെ മുഖത്തേക്ക് തളിച്ചുണർത്തി.

“പറയ് ജ്യോസു….. നീ ശരിക്കുമെന്നെ…?”

“ടോമിച്ചാ നിങ്ങൾക്കെന്ത് പറ്റീ? ഞാനെന്താണ് വേണ്ടത്.. മാറ് പിളർന്നു കാട്ടിത്തരാൻ ഞാൻ ഹനുമാനൊന്നുമല്ല”

കത്തിവേഷത്തിന് ഒന്ന് അലറിക്കരയണമെന്നുണ്ട്.

പ്രാതലിന് സാമ്പാർ വിളമ്പുമ്പോൾ ഭാര്യ സൗമ്യമായി ചോദിച്ചു:

“ആ കൗൺസിലർ എന്താണ് പറഞ്ഞുതന്നിരിക്കുന്നത്. പോയത് പോലെത്തന്നെയുണ്ട്. ആവലാതി കൂടിയിട്ടേയുള്ളു. പോരാത്തതിന് സംശയവും”

“നമുക്ക് കുട്ടികളുണ്ടായില്ലേൽ നീ എന്നെ വിട്ടു പോകുമോ ജ്യോസൂ?”

“എനിക്ക് നല്ല പ്രതീക്ഷയുണ്ട് ടോമിച്ചാ”

“ഒരുപക്ഷെ എന്റെ പ്രശ്നം കൊണ്ടാണേൽ..”

“എന്റേതുമാകാല്ലോ. നമ്മൾ മുട്ടിപ്പായി പ്രാർത്ഥിക്കുന്നില്ലേ ടോമിച്ചാ. ആധിപിടിക്കാണ്ടിരി”

മനസ്സ് അസ്വസ്ഥതകളിലേക്ക് വീണ്ടും തിരിയുകയാണ്. ബാല്യത്തിൽ കളിക്കാൻ കൂടിയവരാരും ഇപ്പോളില്ല. ‘ഇസ്ഹാക്കേ.. ബെത്ലെഹേമിലെ കുരുന്നുകളെ നിങ്ങളെവിടേ? ‘ വചനങ്ങളിൽ പ്രകാശമില്ല. അവ നിശബ്ദമായി ഇരുട്ടിൽ കിടക്കുന്നു. ദൈവം മറഞ്ഞിരിക്കുന്നു. തീർത്തും ഒറ്റപ്പെടുകയാണ്.

സമൂഹമാധ്യമങ്ങളിലെ ഭാര്യയുടെ പ്രൊഫൈലുകളിൽ തനിക്കറിയാത്ത ഒരു ജാരൻ കുടിയിരുപ്പുണ്ടോ എന്ന് തൊമ്മി തിരയുവാൻ തുടങ്ങി. രാത്രിയുടെ ശാന്തതയിൽ വീണ്ടും അപശ്രുതി പടരുന്നു. വേഷങ്ങളും പൊയ്ക്കോലങ്ങളും നിറയുന്നു. നിദ്രാരാഹിത്യത്തിൽ നിന്നും പ്രഹേളികകളിൽ നിന്നും രക്ഷ നേടാനായി തൊമ്മിയുടെ ചിന്തകൾ ഒന്നുകൂടി ഉയർത്തിപ്പിടിച്ച കത്തിയിലേക്ക് വ്യാപരിക്കുന്നു.

അപ്പാ മാപ്പ്.

“എല്ലാ ചെലവിനും പുറമേ പത്തുലക്ഷം” തൊമ്മി വിലപേശി.

“ഇല്ല മിസ്റ്റർ ടോം” ഡോക്ടർ പറഞ്ഞു.

“ഇരുപത് ലക്ഷം”

“താങ്കളുടെ ഭാര്യയൊക്കെത്തന്നെ. ബട്ട് വൈ? ഒരു പെൺകുട്ടിയെ അവളോടറിയിക്കാതെ… മെഡിക്കൽ എത്തിക്സിനെതിരാണതൊക്കെ”

“അൻപത് ലക്ഷം”

ഡോക്ടർ ഒന്നും പറയുന്നില്ല.

ഉറക്കമില്ലാത്ത ഒരു രാത്രികളിലൊന്നിൽ ഭാര്യയെ പുണർന്നുകൊണ്ട് അയാൾ പറഞ്ഞു:

“നീയെന്നെ ഉപേക്ഷിക്കരുത് ജ്യോസൂ. നീയല്ലാതെ എനിക്ക് മറ്റാരുമില്ല”

“ഞാൻ ഉപേക്ഷിച്ച് പോകുമെന്ന് ടോമിച്ചന് തോന്നുന്നുണ്ടോ?”

“എനിക്ക് ഉറപ്പു വേണം ജ്യോസൂ”

“ഉറപ്പ്”

“നാട്ടിൽ പോയപ്പോൾ പഴയൊരു സുഹൃത്ത് ഒരു ഫെർട്ടിലിറ്റി സെന്ററിന്റെ കാര്യം പറഞ്ഞു. പലരും നല്ല അഭിപ്രായം പറഞ്ഞൂന്നാ കേക്കണത്. നമുക്കവിടെയും കൂടെയൊന്ന് നോക്കാം”

ജ്യോത്സന വീണ്ടും മെഴുകുതിരികൾ നേർന്നു.

ശാന്തമായ സായാഹ്നം. ഓച്ചിറയിലെ ഒരു തുണ്ട് ഭൂമിയിലുള്ള കുഴിമാടത്തിൽ അപ്പനും അമ്മച്ചിയും ഉറങ്ങിക്കിടന്നു. തൊമ്മി പതിയെ നടന്നു കയറി. ഒരു കൈയ്യിലൊരു മൺവെട്ടിയും മറ്റേതിലൊരു പൊതിയുമുണ്ടായിരുന്നു. കുഴിമാടങ്ങൾക്കപ്പുറത്തായി കിടന്നിരുന്ന പാറപ്പുറത്തിരുന്ന് കുറച്ച് നേരം വിശ്രമിച്ചു. പിന്നെ കുഴിവെട്ടാൻ തുടങ്ങി. പൊതിയഴിച്ച്, ഡോക്ടർ വെട്ടിയറുത്തുകൊടുത്ത ഭാര്യയുടെ ഗർഭപാത്രം കുഴിയിലേക്കിട്ട് മൂടിയതിന് ശേഷം വീണ്ടും പാറമേൽ വന്നിരുന്ന് വിശ്രമിച്ചു. ക്ഷീണമകന്നപ്പോൾ കുഴിമാടങ്ങൾ വണങ്ങി കുരിശുവരച്ചതിന് ശേഷം തൊമ്മി സഹോദര രക്തം കൈയ്യിൽ പുരണ്ട കയീനെപ്പോലെ പുരയിടത്തിൽ നിന്നിറങ്ങി നടന്നു. ചാണ്ടിയുടെ പിൻതുടർച്ച മണ്ണിലഴുകാൻ തുടങ്ങിയിരുന്നു.

മേഘങ്ങൾക്കിടയിലിരുന്നുകൊണ്ട്, ലോകം സൃഷ്ടിച്ച ദൈവം ചോദിച്ചു:

“കരുവാക്കലിൽ ചാണ്ടിയുടെ മകനേ നീ എന്തിനിത് ചെയ്തു?”

തൊമ്മിക്ക് സന്തോഷമായി. താൻ ഒറ്റയാനല്ല. ദൈവം മറഞ്ഞിരിക്കുന്നില്ല. എന്റെ ചെയ്തികളോട് ഒടയതമ്പുരാൻ പ്രതികരിക്കുന്നുണ്ടല്ലോ. ഭാര്യയെ അത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും അവളെ പിരിഞ്ഞിരിക്കാൻ വയ്യെന്നും അയാൾക്ക് പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഇത്രമാത്രം ദൈവത്തോട് പറഞ്ഞു:

“ഒരുറപ്പിന് വേണ്ടി കർത്താവേ”

എങ്ങുനിന്നോ പള്ളിമണി കേട്ടു.

ശലമോന്റെ വാക്യങ്ങളും ദൈവത്തിന്റെ പ്രതിവചനങ്ങളും പ്രപഞ്ചത്തിന്റെ നിശബ്ദതയിലെവിടെയോ തണുത്തുറഞ്ഞു കിടന്നു.

                  ------ **** ------

*വാസക്ടമി– വന്ധ്യംകരണത്തിനായി പുരുഷൻമാർ നടത്തുന്ന ലഘു ശസ്ത്രക്രിയ

തിരുവനന്തപുരം സ്വദേശി. എൻ. എസ്.എസ് നിലമേൽ കോളേജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് ലക്ചററായിരുന്നു. ഇപ്പോൾ മുംബൈയിൽ ജോലി നോക്കുന്നു. മുഖങ്ങൾ മാസിക, ഭാഷാ സാഹിത്യ മാസിക, അടയാളം ഓൺലൈൻ എന്നിവയിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.