ശരത്ക്കാലക്കാഴ്ചകൾ

നീയെത്ര
പെട്ടെന്നാണ്
ഇലകളെ
മഞ്ഞയിൽ
കുളിപ്പിച്ചത്!

നഗ്നത
മറയ്ക്കുവാനാകാതെ
മരങ്ങൾ തേങ്ങുന്നു,
തളർന്ന ചിരിയോടെ
ഒരു പൂവിതൾ
കൊഴിഞ്ഞു വീണു.
പൂക്കൂടകളോ,
കണ്ണുനീരിൽ
നനഞ്ഞു
കുതിരുന്നു…

നിന്റെ വരവ്
എന്റെ പകലിനെ
നിശ്ശബ്ദമാക്കി;
രാവിനെയോ
ദുഃഖഭരിതവും.

വരണ്ട നിലങ്ങൾ
വീണ്ടും പൂക്കുവാൻ
കൊതിക്കുന്നു,
ആകാശം
ചാരനിറമാകുന്നു,
മനസ്സ് ഉൾവനങ്ങൾ
തേടുന്നു,
മൂടൽമഞ്ഞിനാൽ
കാഴ്ച മറഞ്ഞ
സ്വപ്നം
വഴിയറിയാതെ
ഉഴറുന്നു…..

എന്തിനാണ്
സന്ധ്യയിങ്ങനെ
ചുവക്കുന്നത്?
എന്തിനാണ് പക്ഷികൾ
തണുത്ത ചിറകുകൾ
ചേർത്തു പിടിക്കുന്നത്?

നിശ്ശബ്ദമായ
വിലാപങ്ങളൊതുക്കി
അവൾ ഒരുങ്ങുകയാണ്.
മഞ്ഞയിൽ നിന്നും
പച്ചയിലേക്ക്;
വരൾച്ചയിൽ നിന്നും
ഉർവരതയിലേക്ക്,
എന്നെപ്പോലെ.

എറണാകുളം ജില്ലയിലെ ആയവന സ്വദേശിനി. ഡിജിറ്റൽ മാഗസിനുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലുമായി കഥയും കവിതയും എഴുതുന്നു.