ധനുമാസപ്പുലരിയിൽ വിറതുള്ളുന്ന തളിരിലച്ചോട്ടിലൊട്ടും കുളിരാതെ, പുതു വീടിന്റെ കാഴ്ചയിലൊട്ടിയിരുന്നു.
സ്വപ്നങ്ങളെ നെഞ്ചിനുള്ളിൽ പകർത്തിയെഴുതാൻ തുടങ്ങിയകാലം മുതൽ കൂട്ടിവെച്ച മോഹങ്ങൾ മെഴുകിപ്പണിത വീടിനെ കണ്ണിലേറ്റി നിൽക്കുമ്പോളിങ്ങിനെ കുളിരും.
യൗവ്വനമനം നിറച്ചെഴുതിയ കവിതകളിലെ നായികയെ സ്വന്തമാക്കി, വീടിന്റെ അകത്തളത്തിലെ ഇരുട്ടിന്നാർദ്രതയിൽ, മിന്നാമിനുങ്ങുകളുടെ റാന്തൽവെട്ടത്തിൽ അവളുടെ മാറിൽ തലചായ്ച്ചിരുന്നു മനസ്സിലുറഞ്ഞുകൂടുന്ന വരികൾ അവളുടെ ചുണ്ടിലോതാനേറെ കൊതിച്ചിരുന്നു.
കഥചൊല്ലിക്കൊടുക്കാനാശിച്ച ചുണ്ടുകൾ വാമഭാഗമായെങ്കിലും കഥപറയാനാവിശ്യമായ ഇരുട്ടിനു കൂടുകെട്ടാൻ, പ്രണയവല്ലരിയിൽ പൂത്ത ആമ്പലും അഴകുമെന്നുമുള്ള, രണ്ട് വെളിച്ചത്തുണ്ടുകളിനി അനുവദിക്കില്ല. സ്വപ്നങ്ങളടുക്കിവെക്കാനെടുത്ത സമയം കുറച്ചധികമായിപ്പോയി! എന്തായാലും സ്വപ്നങ്ങൾക്കു തേയ്മാനമേൽക്കാതെ വീടായല്ലോ എന്നാശ്വസിച്ചു.
മഞ്ഞ് നനച്ച ഉമ്മറപ്പടിയെ തുടച്ചുണക്കാനെത്തിയ ഇളംവെയിലിലേക്കു നടന്നുകയറിയപ്പോഴാണ്, മൊബൈലൊന്നു പിടഞ്ഞൊച്ച വെച്ചത്. വീട്ടുതാമസത്തിനു പങ്കുകൊള്ളാനാവാത്തവരുടെ, അലങ്കരിച്ച വാക്കുകളും നേരമില്ലായ്മയിൽ വരണ്ടു പോയ ആശംസകളുമേറ്റു വാങ്ങാൻ ചെവി മുന്നൊരുക്കമെടുത്തു.
“ഹലോ, ദീപുമാഷല്ലേ, ഞാൻ ശ്രീജ. ലോഹീന്റെ ഓളാ. ആശാരിപ്പണിയെടുക്കുന്ന ലോഹീന്റെ”
“ങാ, ശ്രീജ എന്തുണ്ട് വിശേഷം, ലോഹിയവിടെ ഇല്ലേ?”
“ലോഹിയേട്ടൻ ങ്ങളോടെന്തേലും തെറ്റ് ചെയ്തോ? ങ്ങളെ ഫെയ്സ് ബുക്കിലെ പോസ്റ്റ്മൂലം ന്റെ കുഞ്ഞങ്ങൾക്ക് നാട്ടിലും സ്കൂളിലും ഒന്നും പോയിക്കൂടാണ്ടായിക്ക്. ഓലയിപ്പോ ഇരട്ടപ്പേരിട്ടാ ല്ലാരും വിളിക്കുന്നത്”.
പ്രതീക്ഷകൾ തെറ്റിച്ചു ഒറ്റ വീർപ്പിലുറഞ്ഞാടി നിലച്ച ഫോണിന്റെ മറുതല, തിരിച്ചു വിളിയിൽ അനാഥത്വം പേറി.
ഫോണിൽ നിന്നും തെറിച്ചു വീണ വാക്കുകളുടെ കൂർത്തമുന, രാവിലെ നെഞ്ചിലോടിയ ആനന്ദ ഞരമ്പുകളെ കീറിമുറിച്ചിരുന്നു. ഞാൻ വേഗം മുഖപുസ്തകത്തിലെ പോസ്റ്റ് നോക്കി. 2K ലൈക്ക്സും 7 ഷെയറും ധാരാളം കമൻറുകളും കണ്ടു ഞെട്ടി. പോസ്റ്റിലെ വരികളിലോരോന്നിലും മനസ്സോടിച്ചു വായിച്ചു.
“വർഷങ്ങൾക്കിപ്പുറമാണ് ഞാൻ കളികൂട്ടുകാരനരികിലെത്തിയത്. ഞങ്ങളെ പരസ്പരമകറ്റിയ കുറ്റമാരോപിച്ചു പഠനം, ജോലി, വിവാഹം, കുടുംബം എന്നിവയെ പ്രതിക്കൂട്ടിൽ നിർത്താമെങ്കിലും മടിയും തിരക്കും അവയോടൊപ്പം ചേരാതെ എന്നിലേക്ക് വിരൽചൂണ്ടി നിന്നു. വീട്ടുപണിയുടെ അന്തിമഘട്ടത്തിലായിരുന്നു കരാറുകാരൻ പിണങ്ങിപ്പോയത്. ബാക്കിവെച്ച മരാമത്തുപണി വീട്ടുതാമസത്തിനു മുമ്പേ തീർത്തുതരാൻ സമീപിച്ചവരെല്ലാം ഒഴിഞ്ഞുമാറിയപ്പോഴാണ്, ജനിച്ചു വളർന്ന നാട്ടിലേക്ക് കളിക്കൂട്ടുകാരനെ തേടിപ്പോയത്. എന്നാലവനും ദൂരനാട്ടിലുള്ള അമ്മത്തറവാട്ടിലേക്ക് കുടിയേറിയിട്ട് കാലങ്ങളേറയായി എന്നറിഞ്ഞു. നാളുകൾക്കുശേഷമെത്തിയ നാടിന്റെ കഥകൾ കേട്ട ശേഷം അവനെ കണ്ടെത്തി വിഷമം പറഞ്ഞപ്പോൾ, എത്ര വേഗമാണ് എന്റെ വിഷമം അവന്റേതും കൂടിയായത്. മൂത്താശാരിയുടെ ഉറച്ച ശബ്ദത്തിലവൻ പറഞ്ഞു.
“ടാ, ദീപു ഞാനും പിള്ളേരും അടുത്ത ദിവസം തന്നെയങ്ങു വന്നേക്കാം.”
ദേ, ഇവനെ കുറിച്ചെഴുതാതെ ഞാനെഴുതിക്കൂട്ടിയൊതൊക്കെ അർത്ഥശൂന്യമല്ലേ! സ്നേഹത്തിന്റെ കരസ്പർശ്വമുള്ള പ്രിയ കളികൂട്ടുകാരൻ ‘ശത്രു’. തെറ്റിദ്ധരിപ്പിക്കുന്ന, ഈ പേരിനോടു ചേർന്നെന്റെ നെഞ്ചിലൊരു നീറുന്നൊരു ഏടുണ്ട്. അതിവിടെ തുറക്കട്ടെ.
വിജനവും വിശാലവുമായ പറമ്പിന്റെ വടക്കുപടിഞ്ഞാറേ അറ്റത്ത് രണ്ടുസെൻറ് സ്ഥലത്ത് നരവീണു, ചകിരിനാരുകളുടെ കൂമ്പാരത്തിൽ മുഖം ഞാന്നു നില്ക്കുന്ന ഓലപ്പുരയിലാണ് അവനും മൂത്ത സഹോദരി മല്ലികേച്ചിയും അന്നു താമസിച്ചിരുന്നത്. നേരെത്തേ അമ്മ നഷ്ടമായ അവന്റെ മറ്റു സഹോദരങ്ങൾ അകലെയുള്ള ബന്ധുവീട്ടിലും അച്ഛൻ രണ്ടാനമ്മയുടെ വീട്ടിലുമായിരുന്നു.
മല്ലികേച്ചിയെന്ന ഒറ്റുമരച്ചോട്ടിലായിരുന്നു അവനുണ്ടതും ഉറങ്ങിയതും ഉണർന്നതും. തൊണ്ടുതല്ലി കയർ പിരിച്ചായിരുന്നു മല്ലികേച്ചി ജീവതത്തിനിഴചേർത്തത്.
എത്ര കുളിച്ചാലും മാറാത്ത തൊണ്ടിന്റെ ചീഞ്ഞഗന്ധമകറ്റാൻ കുട്ടിക്കൂറ പൗഡറിൽ മുങ്ങിക്കുളിച്ചു, കൈനിറയെ പഴുത്ത നാട്ടുമാങ്ങയുമായി വൈകുന്നേരങ്ങളിൽ അവനേയും കൂട്ടി മുത്തശ്ശിയുമായി കഥപറഞ്ഞിരിക്കാൻ വീട്ടലെത്തുമായിരുന്നു.
പട്ടാളക്കഥയുടെ ‘തള്ളിന്റെ’ വീര്യമറിയാത്താ കാലത്ത് ഹിന്ദി സിനിമാക്കഥകളുടെ ലോകത്തേക്കുള്ള ഏകവഴി ലീവിനെത്തുന്ന ചെറിയച്ഛനായിരുന്നു. ‘കാളിചരൺ’, ‘ദോസ്താന’, ‘ഷാൻ, തുടങ്ങിയ സിനിമാക്കഥകൾ കേട്ട് കഴുത്തിൽ സ്കാർഫ് കെട്ടി, മുഖത്തും ചുണ്ടിലും പരുക്കൻ പാടുള്ള ശത്രുഘ്നൻ സിൻഹയുടെ ആരാധികയായി മാറുകയായിരുന്നു മല്ലികേച്ചി.
സിനിമാ മാസികകളിലൂടെ ശത്രുഘ്നൻ സിൻഹയുടെ പിന്നാലെ പോയ മല്ലികേച്ചി ആരാധനയുടെ മൂർദ്ധന്യത്തിൽ തന്റെ അനിയനെ സ്നേഹത്തോടെ ‘ശത്രു’ വെന്നു വിളിക്കാൻതുടങ്ങി. അങ്ങനെ ലോഹിതാക്ഷൻ എന്ന നീണ്ട പേരുള്ള കൂട്ടുകാരനൊന്നു ചുരങ്ങി ‘ശത്രു’ വായി.
മാനത്തെ ഇരുട്ട് പറ്റി നിൽക്കുന്ന ഇടവഴിയിലൂടെ, ശേഖരിച്ചുവെച്ച വിറകുകൊള്ളികൾ തലയിലേറ്റി തിരിച്ചുപോകുമ്പോഴൊക്കൊ മുത്തശ്ശി ചോദിക്കും
“എടീ, നിനക്കീ ഇരുട്ട് തീണ്ടിയ വഴയിലൂടെ പോകുമ്പോൾ പേടിയാവില്ലേ. ലേശം ഓലക്കണ്ണിയെടുത്തു ചൂട്ടു കത്തിച്ചോ. “
“ഇരുണ്ട ശരീരമുള്ളയെന്നെ ആരു കാണാനാ മാതുഅമ്മേ” വിയർപ്പു നനഞ്ഞ പൂച്ചക്കണ്ണുകളിറുക്കി മല്ലികേച്ചി പൊട്ടിച്ചിരിക്കും.
“പിന്നെ എല്ലാറ്റിനെയും ഓടിക്കാൻ കെല്പുള്ള ശത്രുവില്ലേ കൂടെ?” മല്ലികേച്ചി കുറുകിയ ശത്രുവിന്റെ തോളിൽ കൈയ്യിട്ടു വേഗം നടന്നു പോകുമ്പോൾ രാത്രിയിൽ കെട്ടുറുപ്പില്ലാതെ വാതിൽപ്പാളികളിൽ ഭയപ്പാട് തീര്ക്കുന്ന അനക്കങ്ങളെ കുറിച്ച് മുത്തശ്ശി വേവലാതിപ്പെടുമായിരുന്നു.
“പാവം പെണ്ണ്, അയിനെ കാക്കാൻ അതു മാത്രമേയുള്ളൂ”.
ഹിന്ദി സിനിമയിൽ ശത്രുഘ്നൻ സിൻഹ വില്ലനിൽ നിന്നും നായകനായി വളരുമ്പോൾ, ലോഹിതാക്ഷൻ ലോപിച്ചു ‘ശത്രു’ വായി നാട്ടുകാരുടേയും കൂട്ടുകാരുടേയും ഇടയിൽ വളരുകയായിരുന്നു.
പേരിനുള്ളിലെ കഥയറിയാതെ പലരും ചോദിക്കുമായിരുന്നു “ന്തൊരു ചേച്ചിയാ, അനിയനാരെങ്കിലും ‘ശത്രു’ വെന്നു പേരിടുമോ?” ശത്രുവെന്ന് വിളിക്കുമ്പോഴും ശത്രുതയെന്തെന്നിയാത്ത മിത്രമായിരുന്നു ലോഹിതാക്ഷനെനിക്കെന്നും.
മഴമാറി ഇടവഴികളിലെ നനവിന്നുറവ വറ്റുന്ന മാസം, മണ്ണുകുഴച്ചു കെട്ടുകെട്ടി കളം വരച്ചു ഗോലി കളിച്ച ഒരോർമ്മ കണ്ണീർമഴയായ് പെയ്യാൻ തുടങ്ങിയിട്ടു ഏറെക്കാലമായി.
നിക്കിയുമായി ഗോലി കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ശത്രു ഒറ്റച്ചക്രമുരുട്ടി വന്നത്.
“ഞാനുണ്ടേ കളിക്കാൻ”.
“ഇതു ഗോലി വെച്ചിട്ടുള്ള കളിയല്ല, പൈസ കളിയാ, നീ മാറി നില്ക്ക്?
നിക്കി ശത്രുവിനെ ഒഴിവാക്കി. വിഷമത്തോടെ മാറി നിന്ന ശത്രു വള്ളിട്രൗസറിന്റെ പിന്നിയ കീശയിൽ നിന്നെടുത്ത തീപ്പെട്ടി കൂട്ടിനുള്ളിൽ നിന്നു ഒരു രൂപ നാണയം പുറത്തെടുത്തു.
“ഞാനുമുണ്ടേ!”
അതുകണ്ടയുടനെ ഞാൻ, കശുവണ്ടിവിറ്റവകയിൽ കിട്ടിയ 10 പൈസ നിക്കിയെ ഏല്പിച്ചു കളിക്കാതെ മാറി നിന്നു. ഗോലി കളിയിൽ അഗ്രഗണ്യനായ നിക്കിയെ തോല്പിക്കാൻ ശത്രുവിനാവില്ല എന്നുറപ്പോടെ. അരമണിക്കൂറിനകം ശത്രു കാലിയായ തീപ്പെട്ടിപ്പെട്ടി കീശയിൽ നിക്ഷേപിച്ചു വ്യസനത്തോടെയെന്നെ നോക്കി.
നിക്കിയുടെ ചുമലിൽ കൈ കെട്ടി, നേടിയെടുത്ത മുതല് പങ്കുവെക്കാൻ ശങ്കരച്ഛന്റെ കടയിലേക്കു നടക്കുമ്പോൾ വിതുമ്പാറായ കാർമേഘം പോലെ ശത്രു നനഞ്ഞ മണ്ണിലിരിക്കുന്നുണ്ടായിരുന്നു.
പിറ്റേദിവസം രാവിലെ സ്കൂൾ മുറ്റത്തു സർക്കസ്സിനു പോകേണ്ടവരുടെ ക്യൂവിൽ നില്ക്കുമ്പോൾ കീശയൊന്നു തൊട്ടുനീക്കി. ഇന്നലെ ശത്രുവിൽനിന്നു തട്ടിയെടുത്ത പൈസയ്ക്ക് വാങ്ങിച്ച ഉപ്പിലിട്ട നെല്ലിക്കയും നാരങ്ങയച്ചാറും യഥാസ്ഥാനത്തുണ്ടെന്ന് ഉറപ്പിച്ചു.
സർക്കസ്സ് കൂടാരത്തിൽ നിന്നു ഐസ് വാങ്ങാനായി നീക്കിവെച്ച 25 പൈസയുടെ മേൽ മൃദുവായി തലോടുമ്പോഴായിരുന്നു ശത്രുവും മല്ലികേച്ചിയും സ്കൂളിലേക്ക് നടന്നു കയറുന്നത് കണ്ടത്.
പേടി കാതിൽ മൂളിയതോടെ ഞാൻ ക്യൂവിലൊതുങ്ങി നിന്നു. ഹെഡ്മാസ്റ്ററുടെ വാറണ്ടുമായെത്തുന്ന പ്യൂൺ കേശവേട്ടനെയും പ്രതീക്ഷിച്ചു ഞാൻ നിന്നു. അല്പസമയത്തിനുശേഷം മല്ലികേച്ചിയും ശത്രുവുമെന്റെരികിലേക്കു നടന്നു വന്നു. ഒന്നും ചെയ്യാനില്ലാതെ പകച്ചു നിന്നു ഞാൻ. ശത്രു വേഗം എന്റെ മുമ്പിൽ ക്യൂവിൽ കയറി നിന്നു.
“സർക്കസ്സിനു പോകാൻ സ്കൂളിൽ ഏല്പിക്കേണ്ട പൈസ ഇന്നലെ എവിടെയോ കളഞ്ഞു. ഇടവഴിയിലൊക്കെ ഞാള് കുറേ നോക്കി”
ശത്രു തലതാഴ്ത്തി നില്ക്കുകയായിരുന്നു. മല്ലികേച്ചി പോകുമ്പോൾ ഒരു രൂപ എന്നെ ഏല്പിച്ചു കൊണ്ട് പറഞ്ഞു.
“സർക്കസ്സ് കൂടാരത്തിൽ നിന്നു എന്തേലും വാങ്ങിച്ചു കഴിച്ചോ. അവനെ ഏല്പിച്ചാൽ എവിടേലും കൊണ്ട് പോയി കളയും”.
മുന്നോട്ട് നടന്നു പോയ മല്ലികേച്ചി വീണ്ടും തിരിച്ചു വന്നു, ചെവി ഒലിപ്പുള്ള ശത്രുവിന്റെ ചെവിയിൽ പഞ്ഞി തിരുകിവെച്ചെന്നോട് പറഞ്ഞു.
“മോനെ ഞ്ഞി ശത്രുവിനെ നല്ലോണം നോക്കണേ”. ശത്രുവിന്റെ കവിളിലൊരുമ്മയും കൊടുത്തു മല്ലികേച്ചി തിരിഞ്ഞു നോക്കാതെ നടന്നു പോയി.
ശത്രുവിന്റെ പൈസക്കു വാങ്ങിച്ചു വെച്ച സാധനങ്ങളും ബാക്കിപൈസയും അവന്റെ കൈയ്യിൽ പിടിപ്പിക്കാൻ ശ്രമിച്ചപ്പോൾ, അവനതു വാങ്ങാതെ പറഞ്ഞു.
“ടാ, ഇതിങ്ങള് കളിച്ചു നേടിയതല്ലേ! എനിക്കു വേണ്ട”. ഞാനവന്റെ മുമ്പിൽ തലകുനിച്ചു നിന്നു.
സർക്കസ്സ് കൂടാരത്തിലിരുന്നു ഞങ്ങൾ സന്തോഷത്തോടെ സാധനങ്ങൾ വാങ്ങിച്ചും കൊണ്ടുപോയ സാധനങ്ങൾ പങ്കുവെച്ചും കഴിച്ചു. വൈകുന്നേരം, തിരിച്ചു ബസ്സിറങ്ങിയപ്പോഴേക്കും അടുത്ത വീട്ടലെ രവിയേട്ടനും ഇളയച്ഛനും വന്നു ശത്രുവിനെയും കൂട്ടി വേഗം നടന്നു പോയി.
വീട്ടിലെത്തിയപ്പോൾ ശത്രുവിന്റെ വീട്ടിനുചുറ്റും നിറയെ ആളുകൾ, വെയിൽ കണ്ണടച്ച നാട്ടുമാഞ്ചോട്ടിൽ നിന്നു, മാറിൽ കിടന്ന തോർത്തുമുണ്ടിൽ കണ്ണീരൊപ്പി മുത്തശ്ശിയങ്ങോട്ട് നോക്കി നില്ക്കുന്നുണ്ടായിരുന്നു.
“മല്ലിക പോയി മോനെ! ഓള് ശത്രുവിനെയും സർക്കസ്സിനു പറഞ്ഞയച്ചു തീ കൊളുത്തിയതാ!”
മുത്തശ്ശിയോടൊപ്പം ശത്രുവിന്റെ വീട്ടിലെത്തി. മുറ്റത്തു വലിച്ചു കെട്ടിയ ടാർപ്പായച്ചോട്ടിലെ വെള്ളത്തുണിക്ക്, ഉടലു കത്തിക്കരിഞ്ഞ വാഴയിലയുടെ മണമായിരുന്നു. ഉമ്മറ ചായ്പിലിരുന്നു കവിളിലെ ഓർമ്മച്ചൂടുള്ള ചുണ്ടടയാളം തടവി ഏങ്ങലടിക്കുന്ന ശത്രുവിനെ കുന്തിരിക്കത്തിന്റെയും ചന്ദനത്തിരിയുടെയും പുകച്ചുരളമർത്തി പിടിച്ചിരുന്നു.
ജീവനില്ലാത്ത മല്ലികേച്ചിയെ വീണ്ടും വിഴുങ്ങിയ ചിതാഗ്നി താണ്ഡവമടങ്ങി നിശബ്ദമാകുന്നതുവരെ ഞങ്ങളവിടെയിരുന്നു.
“പാവം കുറേ കഷ്ടപ്പെട്ടു ജീവക്കാനനുവദിക്കില്ലാന്നു വെച്ചാ ന്താ ചെയ്യുക. ന്നാലും ഓൾക്ക് ശത്രൂനെ ഓർക്കായിരുന്നു “. മുത്തശ്ശിയുടെ ആത്മഗതം കേട്ടു നാട്ടുമാവിന്റെ മോളിലുദിച്ച നക്ഷത്രം, കരിമേഘത്തിനുള്ളിൽ ഉരുണ്ടുമാറിക്കളഞ്ഞു.
മല്ലികേച്ചിയുടെ ഉള്ളുരുക്കവും പ്രാണൻ പിടഞ്ഞു പറഞ്ഞതും തീനാളത്തിലൊതുങ്ങതു കണ്ടു വിണ്ടടർന്നു പോയ ചുമരുകളാരോടും കഥയൊന്നുമിതുവരെ പറഞ്ഞിട്ടില്ല.
ചില കഥകളങ്ങിനെയാണ് കടങ്കഥകളായ് മാറുന്നത്. ഒറ്റമരങ്ങളെന്നും കാറ്റ് തീർക്കുന്ന ചുഴലികളിലെ കുരുക്ക് മുറുകുന്നതറിയാതെ കഴുത്ത് നീട്ടിവെച്ചുകൊടുക്കില്ലേ. മരണമൊഴി കൊടുക്കാതെ, മരണം പുതച്ചു, ഇലകളടർന്നു വീണു കൊണ്ടേയിരുന്നു.
സ്നേഹം ചുരത്തിയ തായ് വേരറ്റതോടെ ശത്രുവിന്റെ ജീവിതമൊന്നാടിയുലഞ്ഞു. സ്കൂളിലെ വരവ് കുറഞ്ഞു. രണ്ട് മൂന്ന് വർഷങ്ങൾക്കു ശേഷം അവനും ചേട്ടന്റെ കൂടെ ആശാരിപ്പണിക്കു പോയി തുടങ്ങിയിരുന്നു.
സ്കൂളിൽ ഞാൻ കണക്കിന്റെ സൂത്രവാക്യങ്ങളിൽ കുരുങ്ങിക്കിടക്കുമ്പോൾ, മനകണക്കിൽ ഉടലളവുതെറ്റാതെ മുറിച്ചു ചിന്തേരിട്ടു മരത്തിൽ കൃത്യതയാർന്ന ഓട്ടകളും വടിവുകളും കൊത്തി നല്ലൊരു പണിത്തരമാക്കുന്ന മേലാശ്ശാരിയായി ശത്രുവെന്ന കളിക്കൂട്ടുകാരൻ ഉയർന്നിരുന്നു.”
മുഖപുസ്തകത്താളിൽ നിന്നു കണ്ണ്, ശത്രുവിന്റെ കരവിരുതിൽ പണിത മനോഹരമായ ഉമ്മറവാതിലിൻ തറഞ്ഞു നില്കുമ്പോഴായിരുന്നു, നിമ്മി ചായയുമായി കടന്നു വന്നത്.
“ഇതെന്താ രാവിലെ തന്നെ കൂട്ടുകാരന്റെ കരവിരുത് ആസ്വദിക്കുകയാണോ? ന്താ ഒരു സന്തോഷയില്ലായ്മ?”
മുഖത്തായസപ്പെട്ടു ഒരു ചിരി വരുത്തി നടന്നകാര്യങ്ങൾ അവളിലെത്തിച്ചു.
“നിങ്ങൾക്കീ മുഖപുസ്തകത്താളിലെ പുതുവായനാ രീതിയെ കുറിച്ചൊന്നുമറിയില്ല. കളിക്കൂട്ടുകാരനോടും അവന്റെ ചേച്ചിയോടുള്ള സ്നേഹമൊന്നും ആർക്കും വേണ്ട. ആ ഇരട്ടപ്പേരില്ലേ ‘ശത്രു’ എനിക്കുമതിഷ്ടായി, ആ പേരു വൈറലാകും”.
“ഇനിയൊന്നുമാലോചിക്കേണ്ട അതങ്ങു ഡിലീറ്റു ചെയ്തേക്കൂ. ഇനി പോസ്റ്റുടിമ്പോൾ എനിക്ക് കാണിച്ചിട്ട് ഇട്ടാമതി”
അക്ഷരം തിരുത്തിതരുന്നവൾ അവസരം കിട്ടിയപ്പോൾ ഉപദേശകയുമായി. കൂടുതൽ അലോചിക്കാതെ ഞാനാ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പിറ്റേന്ന്, നിദ്രയുടെ പടിയിൽ ക്ഷീണിച്ചു വീണതിനാൽ, വൈകിയായിരുന്നു ഉമ്മറ വാതിൽ തുറന്നത്. പൂമുഖത്ത് സഞ്ചിയും വെച്ചു, തിരിഞ്ഞുനിന്നൊരാൾ ഷർട്ടിന്റെ ബട്ടൺ ഇടുന്നു.
‘ലോഹിതാക്ഷാ’ ഞാനോടി അവനരികിലെത്തി
“ഇതെന്താടാ, ഒരു പുതിയ വിളി, നീ അങ്ങിനെയല്ലല്ലോ വിളിക്കാറ്. ശ്രീജ പറഞ്ഞതു കേട്ടു നീ പേടിച്ചു പോയോ?”
മൗനമണിഞ്ഞു നിന്ന എന്റെരികിലേക്കു അവൻ വന്നു.
“ശത്രു വെന്ന പേരിനോടു ചേർന്നൊരു തരാട്ടിന്നോർമ്മ കൂടിയുണ്ട്, ന്റെ, മല്ലിയേച്ചി. ചകിരിയുടെ സ്വർണ്ണ നൂലിഴകൾ ഇഴപിരിഞ്ഞ മുടി തൂവി വിടർത്തി മല്ലികേച്ചിയുടെ ‘ശത്രൂ’ ന്നുള്ള വിളിയുണ്ടല്ലോ… മറക്കാനാവില്ലടാ. ചികരി പിരിഞ്ഞു മുറുകുന്നൊരു ബലമാ ‘ശത്രു’ ന്നുള്ള വിളികേൾക്കുമ്പോൾ”.
ചെറു നനവു പൊടിഞ്ഞ ഞങ്ങളുടെ മനസ്സിന്നിടയിലേക്ക് കുട്ടികൂറ പൗഡറിന്റെയും പഴുത്ത നാട്ടുമാങ്ങയുടെയും ഓർമ്മഗന്ധം തങ്ങിനിന്നു.
“ശ്രീജയോട് കാര്യങ്ങളൊക്കെ പറഞ്ഞത് ഇന്നലെയാണ്. ഇപ്പോ അവളും ‘ശത്രു’ വിനെ സ്നേഹിച്ചു തുടങ്ങിയിട്ടുണ്ട്.
നീ ഡിലീറ്റ് ചെയ്ത പോസ്റ്റ് അവൾ സേവ് ചെയ്തിരുന്നു. ഇന്നതാ അവളുടെ പോസ്റ്റ്”. പിന്നിലെത്തിയ നിമ്മി ചിരിച്ചോണ്ടു പറഞ്ഞു “‘ശത്രു’ വൈറലായില്ലേ!”
നിമ്മിയുടെ തമാശയിലാണ്ടു ചിരിച്ചു, ബാക്കിവെച്ച അല്ലറ ചില്ലറ മരാമത്തുപണി ചെയ്യാനായി ശത്രു വെള്ളാരം കല്ലിന്റെ പൊടിയിലൂടെ ഉളി മൂർച്ചകൂട്ടി നിന്നു.