ശത്രുവാണെന്‍റെ മിത്രം

ശത്രുക്കളെയാണെനിക്കിഷ്ടം
എന്തെന്നാല്‍
നമ്മുടെ മുന്നിലോ പിന്നിലോ
എപ്പോഴും അവരുടെയൊരു
കണ്ണുണ്ടാവും.
ദൂരെ നിന്നോ അടുത്തു നിന്നോ
ചുറ്റിപ്പിടിക്കുമൊരു ശ്രദ്ധയുണ്ടാവും.
വീഴ്ച്ചയില്‍ പുറമേ ചിരിക്കുമെങ്കിലും
ഉള്ളു കടയുമൊരു വേദനയുണ്ടാവും.
അശ്രദ്ധമായൊരു ശ്രദ്ധയില്‍
കൂട്ടിക്കെട്ടിയ കയറിനൊരറ്റത്ത്
കുടുക്കിയിട്ടിട്ടുണ്ടാവും.

വിട്ടുപോയ ഒരുപദം
ഓര്‍മ്മയിലൊരു ചിരി
മറവിയെന്നൊരിരുളില്‍
ക്രദ്ധമായൊരു നോട്ടം
നിഴലെന്നൊരു പിടിവിടായ്ക
എന്തൊരസ്വസ്ഥതയാവും
കാണാതിരുന്നാല്‍.

പ്രണയിയേക്കാളും കഷ്ടമാണ്
ശത്രുവിന്‍റെ ഹൃദയം.
അത്രയും അസൂയാകലുഷിതം.
കണ്ടാലതു പിടിവിടും.
കണ്ടില്ലെങ്കിലോ ഓടിപ്പിടിക്കും.
ഒരുവനിലില്ലാത്തതും കാണും
ഉള്ളതോ കരുതലോടെ
മറച്ചു പിടിക്കും.
ആധികളത്രയും
പറയാതെയറിയും
ശത്രുവാണെന്‍റെ മിത്രം.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. പത്ത് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.