വേനലിൽ ഒരു പുലി

വേനലിൽ
വിശന്ന്,
ദാഹം മൂത്ത്,
ഒരുപുലി കാടിറങ്ങി
നാട്ടുവഴിയിലൂടെ നടക്കുന്നു.

ആളുകൾ
ആർത്തലച്ച്
പ്രാണഭയത്താൽ
ദിക്കുതെറ്റിപ്പായുന്നു.

പുലി കൂസലന്യേ
ഒരു നാട്ടുരാജാവിൻ്റെ
തലയെടുപ്പോടെ
നടന്നുനീങ്ങുന്നു.

‘പുലിവരുന്നേപുലി’
എന്നാർത്തുവിളിച്ച
വികൃതിക്കുട്ടിയെ
പുലിപിടിച്ച്
പുറത്തിലേറ്റി
കാട്ടിലെ കഥകൾ പറഞ്ഞ്
പേടിമാറ്റുന്നു.

കുട്ടി ചിരിക്കുന്നു
പുലി നടക്കുന്നു

പുലിപ്പുറത്തേറിയ
കുട്ടിയെക്കണ്ട്
ആളുകൾ
നിലവിളി മറക്കുന്നു

പുലിക്കു ചുറ്റും
അവർ വട്ടംകൂടുന്നു
തലകുനിച്ച്
സാഷ്ടാംഗം നമിക്കുന്നു

പുലി ചിരിക്കുന്നു
കുട്ടി ഇരിക്കുന്നു

ആളുകളിലെ
ഭയം മോന്തിക്കുടിച്ച്
പുലിദാഹം ശമിക്കുന്നു

കുട്ടിയും പുലിയും
കഥകൾ പറഞ്ഞ്
കളികൾമൊഴിഞ്ഞ്
കാനനമേറുന്നു..!

ബഹ്‌റൈനിൽ ഒരു ബ്രിട്ടീഷ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. കോഴിക്കോട് ജില്ലയിലെ അരിക്കുളം - കാരയാട് സ്വദേശം. വെയിൽപ്പച്ച, ഒപ്പാരി എന്നീ കവിതാ സമാഹാരങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.