“ഹലോ , പിന്നേയ്………’” അങ്ങേത്തലക്കല്‍ അനുജനാണ്. അസമയത്ത് നാട്ടില്‍ നിന്ന് വരുന്ന ഓരോ വിളിയിലും ഏതെങ്കിലുമൊക്കെ ഒരു മരണത്തിന്റെ രൂക്ഷമായ ഗന്ധവുമുണ്ടാവും.
“നമ്മുടെ തെക്കേതിലെ ചോയിയേട്ടന് പോയി ‘’
“കൈതകുണ്ടിലെ അയ്യപ്പന് പൂശാരി .‘’
“രാജന് മാഷ് മരിച്ചു ‘’ ഇത്തവണ ആരാണ് ഇനിയിങ്ങു മടങ്ങി വരാത്ത വണ്ണം നാട് വിട്ടു പോയത് ?
“വാസേട്ടന് ‘’
കാലിന്റെ പെരു വിരലില്‍ നിന്ന് നെറുകയിലേക്ക് തണുത്ത ഒരുത്തരം തരിപ്പ് പൊടുന്നനെ ഓടി കയറി.
ഒപ്പം നൂറ്റിയമ്പത്തഞ്ച് കിലോമീറ്റര്‍ അകലെ നിന്നു ആകാശത്തിലേക്ക് ഉയരുന്ന മറുപടിയില്ലാത്ത നിലവിളികള്‍ ഓരോന്നായി അയാളുടെ കാതില്‍ വന്നു തറക്കുന്നതും അയാള്‍ അറിഞ്ഞു .
അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.
“ആരാ വിളിച്ചത് “ – ഉറക്കച്ചടവോടെ ഭാര്യ തിരക്കി.
“അപ്പു ……. നമ്മുടെ വാസേട്ടന് ‘’ രണ്ടു പേരും ഒന്നും മിണ്ടാതെ അല്പ സമയം കട്ടിലില്‍ തന്നെയിരുന്നു .
പിന്നെ പതുക്കെ അയാള്‍ ബാത്ത് റൂമിലേക്കും ഭാര്യ അടുക്കളയിലേക്കും ഒച്ചയുണ്ടാക്കാതെ നടന്നു.
കണ്ണാടിയില്‍ നോക്കി മുഖം തുടക്കുബോള് വെറുതെ തോന്നിയതായിരിക്കണം തോര്‍ത്തു മുണ്ടിനു ചെങ്കല്ലിന്റെ മണം. ഏറെ കാലം ഒരു വേട്ടനായയെ പോലെ പിന്തുടര്‍ന്ന അതെ മണം ……..
“വേഗം പുറപ്പെടു…. അവിടെ എല്ലാവരും നമ്മെ കാത്തിരിക്കുകയാണ്”
വാസേട്ടന് ഈ കൊച്ചു വെളുപ്പാന്‍ നേരത്ത് തണുത്ത് വിറച്ച് തന്നെയും കുട്ടികളെയും കാത്ത് വെള്ള മുണ്ടും പുതച്ച് ഇടനാഴിയില്‍ കിടക്കുന്നുണ്ടാവും, ചന്ദനത്തിരിയുടെ കെട്ട മണവും സഹിച്ച്
കാര്‍ സ്റ്റാര്‍ട്ട് ചെയ്യുബോള്‍ പതിവുപോലെ പോലെ അയാള്‍ പ്രാര്‍ത്ഥിച്ചു.
“എന്തു കാര്യം ചെയ്യുമ്പോഴും പ്രാര്‍ത്ഥിച്ചു വേണം തുടങ്ങാന്‍” വാസേട്ടന് എപ്പോഴും പറയുമായിരുന്നു. അങ്ങനെയായിരുന്നുവേത്രേ അയാളുടെ അച്ഛനും. പണിക്കു പോവുമ്പോള്‍ കൈക്കോട്ടും മറ്റു പണിയായുധങ്ങളുമെല്ലാം തൊട്ടു നിറുകയില്‍ വെക്കും.
ചെയ്യും തൊഴില്‍ തന്നെയാണ് ദൈവം. എല്ലാം വാസേട്ടന് പറഞ്ഞു തന്നതാണ്. തനിക്ക് അഞ്ചും അനുജന് മൂന്നും വയസുള്ളപ്പോഴാണ് അച്ഛന് മരിച്ചത്. വാസേട്ടന് പതിനഞ്ചും
അച്ഛന്റെ മരണശേഷം വാസേട്ടന് തലമുറകളായ് കൈമാറി വന്ന കുടുംബത്തിന്റെ ജീവിത ഉപാധിയായ, കല്ലു കൊത്തു മഴുവെടുത്ത് ചീനിപ്പാറകുന്നിനു മുകളിലെ ചെങ്കല്ലു മടകളില്‍ അന്നവും അഭയവും തേടിപോയി. വാസേട്ടന്റെ കൌമാരം ഒരു വീടിനെ സ്വന്തം ചുമലില്‍ മൌനമായി ഏറ്റുവാങ്ങി. അമ്മയാവട്ടെ എന്നും രാവിലെ വലിയ വീടുകളിലെ മുറ്റങ്ങളില്‍ തന്റെ ദുഖത്തെ ചൂലു കൊണ്ട് വരച്ചു കൊണ്ടിരുന്നു . കഥയൊന്നുമറിയാതെ ഞാനും അനുജനും പള്ളിക്കൂടത്തിലേക്ക് പോയും വന്നുമിരുന്നു
കാറിലെ തണുത്ത കാറ്റിലും ചെങ്കല്ലിന്റെ മണം അയാളെ പിന്തുടര്ന്നു. ചില മണങ്ങള്‍ മനുഷ്യരുടെ ഗതിക്കെട്ട കാലത്തിന്റെ ഓര്‍മ്മകളെ അവരുടെ തലച്ചോറിലേക്ക് തിരികെ വിളിച്ചു വരുത്തി മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അപമാനിക്കും. അതു കൊണ്ടാണ് വീടിനു ചെങ്കല്ലു വേണ്ട ഹോളോ ബ്രിക്സ് തന്നെ മതിയെന്നു
കരാറുക്കാരനോട് അയാള്‍ നിര്‍ബന്ധം പിടിച്ചത്.
“പുല്ല്യാണിക്കാവ് ഭഗവതി ,വാസേട്ടന് പെട്ടെന്നു മരിക്കണേ”
നാല്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചത് ഭഗവതി കേട്ടത് ഇപ്പോഴാണന്നറിഞ്ഞതും അയാള്‍ പെട്ടെന്ന് ബ്രൈക്ക് ചവിട്ടി . വണ്ടി സൈഡാക്കി.
“എന്തു പറ്റി ?’’.
‘ഒന്നുമില്ല, മുന്നിലെ ആ ചെങ്കല്ലു വണ്ടി പോയ്ക്കോട്ടെ അവര്‍ കല്ലുകള്‍ ടാര്‍പായ കൊണ്ട് മൂടിയിട്ടില്ല ……”
ചെങ്കല്ലു വണ്ടി മറയുന്നത് വരെ അവര്‍ ഒന്നും മിണ്ടാതെ കാറിനുള്ളില്‍ തന്നെ ഇരുന്നു. ആ സമയമത്രയും ഭാര്യയില്‍ നിന്ന് തന്റെ ഭൂതക്കാലത്തെ മറച്ചു പിടിക്കാന്‍ അയാള്‍ ഏറെ കഷ്ട്ടപ്പെടുകയായിരുന്നു. കോളേജ് തലം മുതലുള്ള തന്റെ വീര സാഹസങ്ങള്‍ മാത്രമേ അയാള്‍ ഭാര്യയോടു പങ്കുവെച്ചിട്ടുള്ളൂ. കോളേജിലെ രാഷ്ട്രീയം, സമരം, അടിപിടികള്‍, കള്ള് കുടികള്‍, സൃഹുത്തുകളുടെ പ്രണയങ്ങള്‍ ….. തന്റെ പ്രണയം ബോധപൂര്‍വം മറച്ചു പിടിച്ചു.
മറക്കുന്നതും മറച്ചു പിടിക്കുന്നതും ഒരു മിടുക്കാണെന്ന് ഇതിനകം അയാള്‍ പഠിച്ചു കഴിഞ്ഞിരുന്നു. രാത്രിയിലവിടെ എത്തുമ്പോള്‍ വാസേട്ടന്റെ വീട് കരഞ്ഞു തളര്‍ന്നു കിടക്കുകയായിരുന്നു. അയാളെയും കുട്ടികളെയും കണ്ടപ്പോള്‍ ഉറക്കത്തില്‍ ഉണര്‍ന്ന കുഞ്ഞിനെപോലെ, ആ വീട് ഒരിക്കല്‍ കൂടി കരഞ്ഞു. അയാളും കരഞ്ഞു.
എല്ലാം അറിഞ്ഞും അറിയാത്തപോലെ വാസേട്ടന് ഇടനാഴിയില്‍ ഒറ്റക്ക് കിടക്കുകയാണ്.
“നാളെ, കാലത്ത് ഷൊർണ്ണൂരിലേക്ക് കൊണ്ട് പോവുകയാണ്” പുതിയ ഒരു തോര്‍ത്തു മുണ്ട് നീട്ടി കൊണ്ട് അനുജന്.
അയാള്‍ തോര്‍ത്തു മുണ്ട് വാങ്ങി ഏറെ നേരം അതിലേക്ക് തന്നെ നോക്കി നിന്നു. ഇരുട്ടില്‍ മുറ്റത്തേക്ക് ഇറങ്ങി തെക്കോട്ട് വെറുതെയൊന്നു പാളിനോക്കി. കൈയെത്തും ദൂരത്ത് പുളിവാറുകള് നല്കുന്ന ആ പുളിമരം ഇപ്പോഴും അവിടെയുണ്ടോ ?
അനങ്ങാതെ അതവിടെ തന്നെ നില്ക്കുന്നു. മരം പെയ്യുന്നത് പോലെത്തെ ഒരു വിറയല്‍ ശരീരമാസകലം പടര്‍ന്നു. അന്ന് ആ നിമിഷം പുളിമരത്തെയും വാസേട്ടനെയും കൊല്ലാന്‍ തോന്നിയുണ്ട്.
യു. പി വിഭാഗത്തിലെ ലോങ്ങ് ജംമ്പില്‍ ഒന്നാംസ്ഥാനം കിട്ടിയെങ്കിലും ആകെയുണ്ടായിരുന്ന ഏക ട്രൌസറിന്റെ മൂട് രണ്ടായി കീറിയ കാര്യം ഏറെ സങ്കടത്തോടെയാണ് അന്നു വൈകുന്നേരം അമ്മയോട് പറഞ്ഞത്.
“സാരമില്ല ,അമ്മ തുന്നി തരാട്ടോ, തല്ക്കാലം ഏട്ടന്റെ തോര്‍ത്തു മുണ്ട് ഉടുത്ത് കളിക്കാന്‍ പൊയ്ക്കോ” അമ്മ തന്ന ധൈര്യത്തിലാണ് അന്നു കളിക്കാന്‍ പോയത്.
പണി മാറ്റി തളര്‍ന്നു വന്ന ഏട്ടന് തലയില്‍ എണ്ണയും തേച്ച് ,കുളിക്കാന്‍ തോര്‍ത്തു മുണ്ട് കാണാത്തതില്‍ കലി പൂണ്ടു പുളി വാറു തേടി മുറ്റത്തേക്കിറങ്ങി. അയാളെ പേര് ചൊല്ലി ഒന്നു രണ്ടു പ്രാവശ്യം ഉറക്കെ വിളിച്ചെത്രേ. അയാള്‍ ഒന്നും കേട്ടില്ല. അരയില്‍ നിന്നു തോര്‍ത്തു മുണ്ട് പുളിവാറുകള്ക്കൊപ്പം ആകാശത്തിലേക്കു പറന്നുയര്‍ന്നു.
വാസേട്ടനെ ഷൊർണ്ണൂരിന്റെ ആകാശം ഏറ്റുവാങ്ങാന്‍ തുടങ്ങി. മടക്കയാത്രയില്‍ ആംബുലന്‍സില്‍ ഇരുന്നു കൊണ്ട് ദൂരെ കാണുന്ന ചീനിപ്പാറക്കുന്നിനെ വെറുതെ ഒന്നു നോക്കി. കുന്നിന്റെ ഏറിയ പങ്കും ജെ സി ബി കൊണ്ട് പോയി. നാടിന്റെ വികസനത്തിന്റെ അടയാളങ്ങളാമായി പുത്തന്‍ വീടുകള്‍ അവിടെയെല്ലാം തലയെടുപ്പോടെ ഉയര്‍ന്നു നില്ക്കുന്നു.
വീടിനു പിറകിലെ ചായ്പ്പില് വെച്ച് നനഞ്ഞ മുണ്ടും മറ്റും മാറുമ്പോള്‍ കൂട്ടിയിട്ട ഉണങ്ങിയ വിറകുകള്‍ക്കടിയില്‍ തുരുമ്പു വന്നു ദ്രവിച്ച ആ പഴയ കല്ല് കൊത്തു മഴു അജ്ഞാത ശവം പോലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടു.
അയാളെ ഇന്നത്തെ അയാളാക്കാന്‍ വേണ്ടി വാസേട്ടന് ഭൂമി കുഴിച്ചു കുഴിച്ചു താഴോട്ടു പോയത് ഈ മഴു കൊണ്ടാണ്.
ആ മഴുവിലൂടെ മണ്ണിലേക്കിറങ്ങിയ വിയര്‍പ്പു തുള്ളികള്‍… ചെങ്കല്ലു മടയില്‍ ഇട്ടു മൂടിയ സങ്കടങ്ങള്‍ …. മണ്ണിലടിഞ്ഞ സ്വപ്നങ്ങള്‍….
ഹൃദയം നുറുങ്ങുന്ന വേദനയോടെ അത് കൈയിലെടുത്തു നെഞ്ചോടു ചേര്‍ത്തു പിടിച്ചു ഉച്ചത്തില്‍ അലറി കരഞ്ഞു. പകരം നല്കാന് ഈ കരച്ചില്ലലാതെ മറ്റൊന്നും അയാളുടെ കൈവശമുണ്ടായിരുന്നില്ല.
എല്ലാവരും വീടിന്റെ പിറകിലേക്ക് ഓടികൂടി. കണ്ടവരെല്ലാം നിശബ്ദരായി ആ കാഴ്ച നോക്കി നിന്നു. അയാളുടെ ഭാര്യയും മക്കളും മാത്രം കഥയറിയാതെ മിഴിച്ചു നിന്നു.
അവര്‍ ഈ കഥ വായിച്ചിട്ടില്ലല്ലോ …….