വെളിച്ചത്തിന്റെയമ്പലം

അന്നൊരുന്നാൾ ഉച്ചതിരിഞ്ഞാണു ഞങ്ങൾ രണ്ടും
അമ്പലത്തിൻ വഴി നടന്നാ മലമുകളിൽ കേറി
പൂത്തുലഞ്ഞു നിന്ന പാത, പാതിരക്കു നൽകാൻ,
കാത്തുവെച്ചുവെന്നുതോന്നും, വീണപൂക്കൾ കണ്ടാൽ.

ഒത്തമോളിലെത്തുവാൻ അധികമുണ്ടു പക്ഷേ,
കേറിവന്ന ദൂരമല്ലേ ഉള്ളിലുള്ളൊരൂർജ്ജം ..
താഴ്വരക്കു താഴെയായി തേവരെത്തൊഴുന്ന
താഴികക്കുടം തിളങ്ങി പോക്കുവെയിലാലെ ..

അസ്തമിക്കുമന്തിമാനം കുരുതി പൂജചെയ്‌വാൻ  
പശ്ചിമാദ്രി കരുതി വെച്ചു പാടലപ്പെരുപ്പം
അമ്പലത്തിൽ നിന്നു കേൾക്കാം ശംഖനാദമൊപ്പം
കേളികൊട്ടിനുള്ള താളം, മദ്ദളപ്പെരുക്കം

ഒത്തമോളിലെത്തി ഞങ്ങൾ ശ്വാസവേഗമേറ്റീ,
ചെവിതുറന്ന കതിന കേട്ടോ?, നട തുറന്നു കാണും !
ദൂരെ ഭൂമി തന്റെ കോവിൽ പൂട്ടിയാത്രയാവും,
ചെങ്കതിരോൻ ഇത്തിരിയായ് തീരെയില്ലാത്തായി

അമ്പലത്തിൽ നടയടച്ചു കാണുമല്ലേയുണ്ണീ ..
അംബരത്തിൻ നടതുറക്കാൻ പോകയാണു നോക്കൂ !
ചോപ്പുമാച്ചു പന്തലിക്കും രാത്രി, വിണ്ണിൻ സ്ലേറ്റിൽ,
താരകങ്ങളാലെഴുതി, രാത്രിയെന്നു, കണ്ടോ?

പാറമേൽ മലർന്നു കിടന്നാണു ഞങ്ങൾ രണ്ടും,
പാതിരാപ്പടങ്ങൾ കണ്ടു! കൊള്ളിയാൻ കുതിച്ചു !
പോന്ന വഴി വീണു പോയ പൂക്കളാണതിപ്പോൾ
താരമായി പുഞ്ചിരിപ്പൂ ? തോന്നലാണോ അച്ഛാ ?

പുഞ്ചിരിച്ചു കൊൾക നീയും, മുന്തിരിപ്പഴത്തെ
കണ്ടു കൺകുളിർക്ക, കാർത്തികക്കു ശോഭയേറും !
വേടനെയ്തൊരമ്പു കണ്ടോ ? മൂർത്തി മൂന്നും കണ്ടോ ?
ആതിരക്കുരുന്നുതാരം പേടി പൂണ്ട കണ്ടോ?  

കുത്തു ചേർത്തുചേർത്തു നീ വരച്ചു നോക്കുകെത്ര
ചിത്രകഥാപാത്രലോകമീത്തെളിഞ്ഞ വാനം.
ഇത്ര ഭംഗിയുള്ള മറ്റൊരമ്പലമേതുണ്ട് ?
അത്ര ഭംഗിയുള്ളൊരംബരത്തിൻ ചോട്ടിലാണുനമ്മൾ .

ആസ്വദിച്ചിടാം നമുക്ക് രാത്രിയേറെയുണ്ട്
ആത്മമിത്രമാണിവിടം വാണിടുന്ന ദൈവം.

മലപ്പുറം ജില്ലയിലെ തവനൂർ ആണ് സ്വദേശം. എറണാകുളം ഇടക്കൊച്ചി അക്വിനാസ് കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസർ. സാമൂഹ്യമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.