വെയിൽച്ചൂടേറ്റ വഴികളിലൂടെ…

മഞ്ഞു പുരണ്ട വെയിൽ പൂക്കളുടെ ചെറു ചുംബനസുഖമാസ്വദിച്ച്, സാവന്ത് ഹൗസിങ്ങ് കോളനി റോഡിലൂടെ മുന്നേ ഓടുന്ന നിഴലിനു ഒപ്പമെത്താനെന്നോണം സ്കൂട്ടറോടിച്ചു.

കോളനി റോഡ്, ടൗൺ റോഡിലേക്ക് വഴിപിരിയുമ്പോഴാണ് മൂസ്സാക്കയുടെ പെട്ടിക്കടയുടെ സമീപം ചെറിയൊരു ആൾക്കൂട്ടം കണ്ടത്. സ്കൂട്ടർ റോഡരികിലൊതുക്കി, അങ്ങോട്ടുനടന്നു.

കാലവുമായി നടത്തിയ ഗുസ്തിയിൽ പരാജയപ്പെട്ട് വിള്ളലും മങ്ങലും യഥേഷ്ടമേറ്റു വാങ്ങിയ സാരിയുടുത്തൊരു സ്ത്രീ ആൾക്കൂട്ടത്തിനിടയിൽ ഇരിക്കുന്നു. ശോഷിച്ചിരുന്ന ആ രൂപത്തിൽ നിന്നും ആൾക്കൂട്ട ബഹളത്തിനെ ഭേദിച്ചുകൊണ്ട് ശബ്ദം വരുന്നുണ്ടായിരുന്നു.

“നാങ്കെ, ആക്രി വേല താന്‍ പണ്ണത്‌. തിരുട്ട് വേല ഒന്നുമേ ചെയ്യമാട്ടെ”

കറുത്തൊട്ടിയ കവിളിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പുമണികൾ വായിൽ നിന്നുള്ള വെറ്റിലനീരുമായ് ചേർന്നു വാക്കുകളെ ചിതറി ചുവപ്പിച്ചിരുന്നു.

കോളനിക്കകത്തെ സുകുമാരൻ കോൺട്രാക്ടറുടെ വീട്ടിൽ നിന്ന് മോഷണ ശ്രമത്തിനിടയിൽ പിടിക്കപ്പെട്ടതാണെന്നു ചോദിച്ചറിഞ്ഞു.

ചെറിയൊരു ചർച്ചക്കൊടുവിൽ, ഈ പരിസരത്ത് കണ്ടു പോകരുത് എന്ന താക്കീത് നൽകി അവരെ വിട്ടയക്കാൻ തീരുമാനിച്ചു.

“ഇതിന്റെയൊക്കെ പിന്നാലെ പോയാൽ കുടുങ്ങിയതു തന്നെ.”

മനസ്സിനുള്ളിലെ സ്വാർത്ഥതയെ ആരോ തോണ്ടി പുറത്തേക്കിട്ടു. ദയനീയതയെ മൊബൈലിനുള്ളിലാക്കിയ ത്രില്ലില്‍ നീങ്ങുന്നവർക്ക് കുത്തിനോവിച്ചതിനുശേഷം പറന്നകലുന്ന തേനീച്ചക്കൂട്ടത്തിന്റെ ഹുങ്കാരമുണ്ടായിരുന്നു.

അഴുക്ക് പിടിച്ച മൂക്കുത്തിയിലും മെഴുക്ക് പുരളാത്ത തലമുടിയിലും വീണു ചിതറുന്ന വെയിൽ ശകലങ്ങൾ കുളിരുന്ന മഞ്ഞ നിറമുപേക്ഷിച്ചു ദുഃഖത്തിന്റെ ചൂടു നിറമണിഞ്ഞിരുന്നു. നൊമ്പരം നുറുങ്ങിക്കിടക്കുന്ന കണ്ണുകളിലെ വിഷാദ കഥയുടെ ഉറവിടം തേടാനൊരുങ്ങുമ്പോളായിരുന്നു ശാലുവിന്റെ വാക്കുകൾ കാതിൽ കമ്പനം ചെയ്തത്, “നേരം വൈകരുതേ, ഉച്ചയ്ക്ക് ആശുപത്രിയിൽ പോവാനുള്ളതാണ്.”

റിട്ടയർമെന്റിനു ശേഷം ജീവിത സമ്മർദ്ദ ലഘൂകരണ തന്ത്രത്തിന്റെ ഭാഗമായി ക്ഷുഭിത ഗ്രഹസ്ഥനിൽ നിന്നും ശാന്തനായ ഭർത്താവിലേക്കു പരിണമിച്ചു, സമയക്രമങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഭാര്യക്കു തീറെഴുതി നൽകിയവനാണ് താനെന്ന് ഓർത്തതും ട്രഷറിയെ ലക്ഷ്യമാക്കി സ്കൂട്ടർ വേഗത്തിലോടി.

പരിചയക്കാരോടുള്ള കുശലം പറച്ചിലിനും സ്നേഹാന്വേഷണങ്ങൾക്കും റേഷനേർപ്പെടുത്തി, ട്രഷറിയിൽ നിന്ന് പെൻഷനും വാങ്ങി സ്കൂട്ടർ തിരിച്ചോടുമ്പോൾ നിഴൽ വെയിലനകത്തേക്കു തിരിച്ചു കയറിയിരുന്നു.

മൂസാക്കയുടെ കടക്കരികെയെത്തിയതും ജിജ്ഞാസ കണ്ണുകളെ കടയിലേക്കൊരു ക്ഷിപ്രയോട്ടത്തിനു വിട്ടു. രാവിലെ കണ്ട സ്ത്രീ മൂസാക്കയുടെ കടക്കരികിൽ തന്നെയിരിപ്പുണ്ട്.

“മാഷേ, റിട്ടേറായേപ്പിന്നെ ങ്ങളെ ങ്ങോട്ടൊന്നും കാണാറില്ലല്ലോ?” ചോദ്യം തൊടാതെ കണ്ണുകൾ തമിഴത്തിയിരിക്കുന്ന ബെഞ്ചിലേക്ക് വഴുതി വീണതു കണ്ടിട്ടാവാം മൂസ്സാക്ക പറഞ്ഞു

“അയിന്റെ കാര്യം കുറേ കഷ്ടാ മാഷേ. കെട്ട്യോനും മകളും ഉപേക്ഷിച്ചതിന്റെ പെടച്ചിലാ അയിന്”

“അവളാ ചുന്ദരി, തൊലി വെളിപ്പ് കാട്ടി മയക്കിയതാ എന്നുടെ അണ്ണനെ. അയാൾ പോവട്ടെ പറവയില്ലാ, പശ്ശേ എന്നുടെ ചക്കിമോളെ എണുക്കു വേണം” വാക്കുകൾക്കിടയിലൂടെ ഉരുൾപ്പൊട്ടിയൊഴുകുന്ന അമ്മമനസ്സിന്റെ നൊമ്പരച്ചൂടിൽ വെയിൽ തണുത്താറിപ്പോയിരുന്നു.

കളിപ്പാട്ടങ്ങളെ കാണിച്ചു മയക്കിയാണ് തന്റെ മൂന്നു വയസ്സുകാരി ചക്കി മോളെ ആദ്യഭർത്താവും കാമുകിയും തന്നിൽ നിന്നടർത്തിയെടുത്തുതെന്നാണ് അവളുടെ ഭാഷ്യം.

ചക്കിക്കേറെ പ്രിയപ്പെട്ട പാവക്കുട്ടിയെ നൽകിയാൽ തിരികെ വരുമെന്നാണ് വിശ്വാസം. അവളെ കൊതിപ്പിച്ച പാവക്കുട്ടി സുകുമാരൻ കോൺട്രാക്റ്ററുടെ വീട്ടിലുണ്ട്. മമ്പൊരിക്കൽ ചക്കിയേയും കൂട്ടി അവിടെ ആക്രി പെറുക്കാൻ പോയപ്പോഴായിരുന്നു ആ പാവക്കുട്ടിയെ മോഹിച്ചതും അതിനു വേണ്ടി വാശിപിടിച്ചു കരഞ്ഞതും.

“മാഷ് ചോദിച്ചാൽ സുകു കോൺട്രാക്റ്റർ പാവക്കുട്ടിയെ തരുമായിരിക്കും”

മൂസ്സാക്ക അതു പറഞ്ഞതും ഉച്ച വെയിലിൽ ഉള്ളം തണുപ്പിക്കുന്ന തണൽത്തുരുത്ത് കണ്ട ആശ്വാസത്തോടെ അവളെന്റെ മുന്നിൽ കൈകൂപ്പി തേങ്ങിക്കരഞ്ഞു.

“മാഷേ ഇവളെ അണ്ണൻ വെറും തല്ലിപ്പൊളിയാ. കുട്ടിനോടുള്ള പിരിശം കൊണ്ടല്ല, ഓനയിനെ കൊണ്ടു പോയത് ഇവളെ വേദന തീറ്റിച്ചു രസിക്കാനാ”

മൂസ്സാക്കയുടെ ശിപാർശയും സ്ത്രീയുടെ കരിച്ചിലിനുമിടയിൽ മദ്ധ്യാഹ്ന വെയിലിനുള്ളിൽ ഞെരുങ്ങി നിൽക്കുന്ന നിഴലിനെ പോലെ ഞാനുരുകി നിന്നു.

“മൂസ്സാക്ക എനിക്കയാളെ വല്യ പരിചയം ഒന്നുമില്ല. ന്തായാലും പോയി നോക്കാം” സ്കൂളിൽ പുതുതായി പണിത കെട്ടിടത്തിന്റെ കരാറെടുത്തത് സുകു കോൺട്രാക്റ്ററായിരുന്നു. ആ വകയിൽ അയാളുമായി ഒന്നു രണ്ടു പ്രാവിശ്യം സംസാരിച്ചിരുന്നു.

നിഴലനക്കമില്ലാതെ വെയിൽ വെന്തുരുകിക്കിടക്കുന്ന സാവന്ത് കോളനിറോഡിലൂടെ നടന്നു. സമ്പന്നർ താമസിക്കുന്ന കോളനിയാണത്.

കൂറ്റൻ മതിലുകളാലും സദാ അടച്ചുവെച്ചിരിക്കുന്ന വാതിൽപ്പാളികളാലും വെളിച്ചത്തെ പുറത്താക്കിയ ജീവന്റെ തുടിപ്പില്ലാത്ത വീടുകൾ. വേലേരിപ്പൂക്കളും കോളാമ്പിപ്പൂക്കളും ശീമക്കൊന്നകളും വള്ളിപ്പടർപ്പുകളിൽ ചേർന്നു നിന്ന ജൈവ വേലികൾ പകർന്ന സ്നേഹത്തിന്റെ കെട്ടുറപ്പിനു പകരം പാരസ്പര്യത്തെ അകറ്റി നിർത്തുന്ന കൂറ്റൻ മതിലുകൾ.

വെയിൽ പച്ച ഊറ്റിക്കുടിച്ച ഇലകളും കമ്പുകളും നിറഞ്ഞ വലിയ മുറ്റത്ത് നിൽക്കുമ്പോൾ കാറ്റും നിശബ്ദതയുടെ ചൂളം വിളി പഠിച്ചിട്ടുണ്ടോ എന്നു തോന്നി. വീടിന്റെ പുറത്തു തൂക്കിയിട്ടിരുന്ന ഓട്ടുമണി ഒന്നിളക്കി. മണി നാദത്തിന്റെ തുമ്പത്തു പുറത്തേക്കിറങ്ങിവന്ന കോൺട്രാക്റ്റർ എന്നെ വീടിന്റെ അകത്തേക്കു ക്ഷണിച്ചു.

അകത്തളത്തിലെ ആട്ടുകട്ടിലിൽ ഇരുന്നതും ചങ്ങല ഏറെക്കാലം അള്ളിപ്പിടിച്ചിരുന്ന നിശബ്ദതയെ കരഞ്ഞകറ്റി. വെയിലിന്റെ മഞ്ഞ നിറമണിഞ്ഞ മുറിയിലെ പിരിയൻ ഗോവണിക്കരികെ ചുമരിൽ ഇരുൾ ചേർത്തു വരച്ച നിഴൽച്ചിത്രങ്ങൾക്കൊപ്പം ഒരു സ്ത്രീയിരിക്കുന്നുണ്ടായിരുന്നു.

കോൺട്രാക്റ്ററോടു കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അവരതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. മുഖമുയർത്താതെ അതിസൂക്ഷ്മതയോടെ മടിയിൽ കിടക്കുന്ന സുന്ദരിയായ പാവക്കുട്ടിയുടെ സ്വർണ്ണമുടി പിന്നിക്കൊണ്ടിരിന്നു. കൈവിരലാല്ല ഹൃദയം കൊണ്ടാണ് അവർ മുടി പിന്നിയിടുന്നതെന്നു തോന്നിച്ചു.

ചില്ലലമാരയിൽ പട്ടുപാവാടയണിഞ്ഞു കണ്ണെഴുതി പൊട്ടുതൊട്ട സുന്ദരിയായ പാവക്കുട്ടികൾ നിറച്ചുവെച്ചിരിക്കുന്നു. ഒന്നിനൊന്നിനോടുള്ള സാമ്യത പറഞ്ഞറിയിക്കാനാവില്ല. അവയിൽ കണ്ണു ചേർത്തു ഞാൻ ചോദിച്ചു

“ബുദ്ധിമുട്ടാവില്ലേൽ ഒരു പാവക്കുട്ടിയെ തരുമോ?”
കോൺട്രാക്റ്റർ അരുതാത്തതെന്തോ കേട്ടു ഞെട്ടി. ഗോവണിക്കരികിലിരുന്ന സ്ത്രീ ഓടി വന്നു ചില്ലലമാരയുടെ മുകളിലുള്ള താക്കോൽ കൈയ്യിലെടുത്തു ഗോവണിയെ ചവിട്ടി വേദനിപ്പിക്കയെന്നോണം കയറിപോയി.

അപ്രതീക്ഷിതമായ പ്രതികരണത്തിൽ തരിച്ചിരിക്കുന്ന എന്നെ നോക്കി ക്ഷമാപണം നടത്തുന്നുണ്ടായിരുന്നു കോൺട്രാക്റ്റർ.

“പാവകളല്ലവ അവളുടെ മക്കളാണ്. ഏതെങ്കിലും അമ്മ മകളെ ആർക്കെങ്കിലും കൊടുക്കുമോ?”

കോൺട്രാക്റ്റർ ആട്ടുകട്ടിലിൽ വന്നിരുന്നു അടച്ചു വെച്ചിരിക്കുന്ന സങ്കടത്തിന്റെ കിളിവാതിൽ പതിഞ്ഞ ശബ്ദത്തോടെ എനിക്ക് മുമ്പിൽ തുറന്നു.

“ഭാരതി എന്റെ ഭാര്യ, പാവ നിർമ്മാണവും എക്സ്പോർട്ടിങ്ങും നടത്തിയിരുന്ന ബാംഗ്ലൂർ ബെയ്സിഡ് സാഷ ഗ്രൂപ്പിന്റെ എം.ഡി ആയിരുന്നു. ബിസിനസ്സിന്റെ തിരക്കിൽ, സാഷമോൾക്കു അവകാശപ്പെട്ട അച്ഛന്റെയും അമ്മയുടെയും സ്നേഹ സാമീപ്യം പൂർണ്ണമായും നൽകാൻ ഞങ്ങൾക്കു കഴിഞ്ഞോ എന്നറിയില്ല”

ഒന്നും മനസ്സിലാവാതെയുള്ള എന്റെയിരിപ്പു കണ്ടിട്ടാവാം അദ്ദേഹം തുടർന്നു.

“ആയമാരുടെയും ജോലിക്കാരുടെയും ഇടയിൽ വളർന്ന സാഷക്ക് പാവക്കുട്ടികളായിരുന്നു അച്ഛനും അമ്മയും കൂട്ടുകാരും. അവൾ സംസാരിച്ചതും കളിച്ചതും പാവക്കുട്ടികൾക്കൊപ്പമായിരുന്നു” ചില്ലലമാരകളിലെ പാവകളെ തേടിപ്പോയ അദ്ദേഹത്തിന്റെ കണ്ണുകൾ തിരിച്ചുവന്നത് ഈറൻ തുള്ളികളെയും കൂട്ടുപിടിച്ചായിരുന്നു.

“രണ്ടുവർഷം മുമ്പ് വീട്ടിലെ നീന്തൽക്കുളത്തിൽ വീണ പാവക്കുട്ടിയെ രക്ഷിക്കാനായിരുന്നു സാഷ അവളുടെ ജീവൻ നൽകിയത്. കണ്ണടച്ചു കിടക്കുപ്പോഴും പാവക്കുട്ടിയെ അവൾ ചേർത്തുപിടിച്ചിരുന്നു.”

ചില്ലലമാരയിലെ പാവക്കുട്ടികൾ ചിത്രശലഭ ചിറകണിഞ്ഞ മാലാഖക്കുട്ടികളെ പോലെ തോന്നി.

“സാഷ മോളോടൊപ്പം മാലതിയുടെ മനസ്സിന്റെ സമനിലയും വിടപറഞ്ഞകന്നിരുന്നു. പാവക്കുട്ടികളാണ് അവൾക്കെല്ലാം. മുകളിലത്തെ നില പാവകളുടെയും അവളുടെയും വേറിട്ട ലോകമാണ്. മക്കളോട് കളി പറയുന്ന, പൊട്ടിച്ചിരിക്കുന്ന, കൊഞ്ചിക്കുന്ന അമ്മയാണവളവിടെ. ഞാനങ്ങോട്ടു കയറിച്ചെല്ലാറില്ല. ആരും പാവക്കുട്ടികളെ തൊടുന്നത് അവൾക്കിഷ്ടമല്ല”

മാനസിക നില തെറ്റിയ മനസ്സിന്നാശ്വാസം നൽകുന്ന പാവക്കുട്ടികളെ ഒന്നു നോക്കി. വെയിൽ പൊട്ടിച്ചിതറിവീണ മുറ്റത്തിറങ്ങുമ്പോൾ മനസ്സു വെന്തുരുകുന്നുണ്ടായിരുന്നു. വെയിലിനെ വിഴുങ്ങി തണൽ തീർത്ത മുറ്റത്തിനരികെയുള്ള വള്ളിക്കുടിലിൽ നീലപ്പട്ടു പാവാടയണിണിഞ്ഞ മൂന്നു സുന്ദരിപ്പാവകൾ വട്ടത്തിലിരുന്നു കഥ പറയുന്നു. എന്റെ നോട്ടം അവയുടെ മുകളിലും ഉമ്മറത്തേക്കിറങ്ങി വന്ന കോൺട്രാക്റ്ററിലും മാറി മാറി പതിഞ്ഞു. പാവക്കുട്ടിയെ ഞാൻ കൈയ്യിലെടുത്തതും വെയിലിൽ നിന്നും പുറത്തുചാടിയ നിഴൽ പാവക്കുട്ടിക്കൊപ്പം ചേർന്നു നില്ക്കുന്നതു പോലെ തോന്നി. കോൺട്രാക്റ്ററുടെ കണ്ണുകൾ ‘പാവയെ എടുത്തോളൂ” എന്നു പറഞ്ഞതിനുപരി കൈ ആംഗ്യത്തിന്റെ ഉറപ്പും കിട്ടിയതോടെ ഞാൻ വേഗം ഗേറ്റിലൂടെ പുറത്തു കടക്കുമ്പോൾ വെയിലുമായി കൈകോർത്തു വന്ന കാറ്റിനു ഒരു കുഞ്ഞിന്റെ കുറുകി കരച്ചിലുണ്ടായിരുന്നു.

മൂസ്സാക്കയുടെ കടയിലെത്തുമ്പോൾ വെയിൽച്ചൂടിൽ മനസ്സ് വിയർത്തൊട്ടിയിരുന്നു. കടയടച്ചു മൂസ്സാക്ക ഇറങ്ങാൻ തുടങ്ങിയിരുന്നു

“ഓ മാഷ്ക്ക് കിട്ടി അല്ലേ. ഒരു സുന്ദരിമോളു അല്ലേ”

മൂസ്സാക്ക സ്നേഹത്തോടെ പാവക്കുട്ടിയെ കൊഞ്ചിച്ചു. ‘ഓള് കുറേ നേരം ങ്ങളെ കാത്തിരുന്നു. ബാലവാടി വിടുന്നതിന്റെ മുമ്പേ പോയാൽ ഓൾക്ക് മോളെ ഒന്നു കാണാം. അതാ പോയത്”

“ഞാനീ പാവക്കുട്ടിയെ…”

“മാഷ് അയിനെ വീട്ടിലേക്കു കൊണ്ടു പോയ്ക്കോളൂ. ഓളെ നാളെ ഞാനങ്ങോട്ട് അയക്കാം”

വീട്ടിലെത്തുമ്പോൾ ശാലു ഉമ്മറത്തുതന്നെ നിലയുറപ്പിച്ചു നില്പുണ്ടായിരുന്നു എന്റെ കൈയ്യിലെ പാവക്കുട്ടിയെ കണ്ടതും അവൾ സന്തോഷത്തോടെ പറഞ്ഞു

“കൊച്ചുമോൾ പറഞ്ഞതു നിങ്ങളോർത്തു വെച്ചിരുന്നു അല്ലേ!. കൊച്ചുമോളുടെ പ്രിയ അപ്പൂപ്പനല്ലേ?. അവർ അടുത്താഴ്ച ഇങ്ങോട്ട് വരുന്നുണ്ട്.”

ഒന്നും മിണ്ടാതെ പാവക്കുട്ടിയെ ചില്ലലമാരയിൽ വെക്കുമ്പോൾ മനസ്സിന്റെ കോണിലെവിടെയോ കാരണമെന്തെന്നറിയാതെ ഒരു വേദന തൂങ്ങി നിൽക്കുന്നുണ്ടായിരുന്നു.

അന്നുപുലർച്ചെ മിന്നി വെട്ടിയ ഇടിയിൽ ഉറക്കം ഞെട്ടിയകന്നു. ചോർന്നൊഴുകിയ മഴയോടൊപ്പം മനസ്സിലൂടെ ഒരു നേർത്ത രോദനമൊഴുകുന്നതു പോലെ തോന്നി.

“മഴ ന്റെ മോളെ നനച്ചു തണുപ്പിക്കല്ലേ?”. മാതൃത്വത്തിന്റെ തേങ്ങൊലികൾ കാതിൽ അനുരണനം ചെയ്തതോടെ ഉറക്കം പൂർണ്ണമായും പിണങ്ങിയകന്നു. ഞാൻ ലിവിംഗ് റൂമിൽ വന്നിരുന്നു. ചില്ലലമാരക്കകത്തെ പാവക്കുട്ടിയുടെ വെള്ളാരം കണ്ണുകളെന്നോട് കെഞ്ചുന്നുണ്ടായിരുന്നു.

“എന്നെ അമ്മയുടെ അരികിൽ കൊണ്ടു പോകൂ” മഞ്ഞുകാറ്റിന്റെ ചൂളം വിളി കുറുകി പരിഭവരോദനമായി മാറിയിരുന്നു.

രാവിലെ സ്‌കൂട്ടർ ഓടുമ്പോൾ മഞ്ഞു കാറ്റിൽ പൊഴിഞ്ഞു വീഴുന്ന വെയിൽ പൂക്കൾക്ക് തീരെ ചൂടുണ്ടായിരുന്നില്ല.

പാവക്കുട്ടിയെ കോൺട്രാക്റ്ററുടെ മുറ്റത്തരികെയുള്ള വള്ളിക്കുടിലിൽ വെച്ചു തിരിച്ചിറങ്ങമ്പോൾ വീട്ടുജോലിക്കാരിയെ കണ്ടു. ഭാരതി മാഡത്തിനു അസുഖം കൂടി വയലൻറായതിനാൽ ശാന്തി ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നറിഞ്ഞു. മുറ്റത്തെ വള്ളിക്കുടിലിൽ കളിക്കാനിരുത്തിയ മോളെ കാണാനില്ല എന്നു പറഞ്ഞാണ് പെട്ടന്ന് വയലൻറായത്.

അമ്മയെ കാണാൽ തന്റെ അരികിൽ നിന്നും ധൃതികൂട്ടി ഇറങ്ങിപ്പോയ പാവക്കുട്ടിയെ ഒന്നുകൂടിനോക്കി സ്കൂട്ടറിൽ കയറുമ്പോൾ മകളെ കാണാത്ത അമ്മയുടെ കരച്ചിലും ബഹളവും കാതിൽ ചിതറി വീഴുന്നുണ്ടായിരുന്നു.

വാ പൊളിച്ചു നിൽക്കുന്ന പൊരി വെയിലിലൂടെ ശാന്തിഹോസ്പ്പിറ്റലിൽ നിന്നും തിരികെ വരുമ്പോൾ, സുകുമാരൻ കോൺട്രാക്റ്ററുടെ വീടിന്റെ ഗേറ്റ് കടന്നു ഇന്നലെ കണ്ട തമിഴ് സ്ത്രീ പോകുന്നതു പോലെ തോന്നി. സ്കൂട്ടർ വീട്ടു മുറ്റത്ത് പാർക്ക് ചെയ്തു ഉമ്മറത്തേക്ക് കയറുമ്പോൾ ശാലുവിന്റെ ചോദ്യം ചിന്തയെ കീറിമുറിച്ചിരുന്നു.

“നിങ്ങൾ രാവിലെ എവിടെയാ പറയാതെ പോയത്. ഞാൻ എവിടെയൊക്കെ അന്വേഷിച്ചു”

പൊരിവെയിൽ സ്നേഹിച്ചുണക്കിയ ചുണ്ടുകളെ നനപ്പിച്ചു ഒന്നു പറയാതെ ഞാനവളെ കേട്ടുനിന്നു.

“പിന്നെ നിങ്ങളെ അന്വേഷിച്ചു ഒരു തമിഴ് സ്ത്രീ വന്നിരുന്നു. എന്തോ പാവ എന്നൊക്കെ പറയുന്നുണ്ടായിരുന്നു”

ഇന്നലെ ചില്ലലമാരയിൽ വാങ്ങിവെച്ച പാവക്കുട്ടിയെവിടെ? വിധിയുടെ വെയിൽച്ചൂടിൽ വറ്റിവരണ്ടുപോയവരുടെ മാനസമാനത്ത് സ്നേഹത്തിന്റെ മഴവില്ലു വരയ്ക്കാൻ പോയിരിക്കുകയാണവൾ. മകൾ നഷ്ടമായ അമ്മയുടെ ജീവതാകാശത്തോ മകളെ തിരിച്ചു കിട്ടാനാഗ്രഹിക്കുന്ന അമ്മയുടെ ജീവതാകാശത്തോ.