വെയിലിലേക്ക് നീളുന്ന നോട്ടം

അപരാഹ്നം. വെയിൽ വെന്തു വീണ തെരുവ്. ചുട്ടുപഴുത്ത വാഹനങ്ങൾ എന്നോ വരാനിരിക്കുന്ന ശിശിരത്തെ കാത്തുകിടക്കുന്നു.

മട്ടുപ്പാവിലേക്കിറങ്ങാനുള്ള ചില്ലുവാതിൽ തഴുതിട്ടു നിന്നു. അകത്തു നേർത്ത തണുപ്പ് പടർത്തിക്കൊണ്ട് എയർ കണ്ടിഷണറിന്റെ മുരൾച്ച. കിടക്കയോട് ചേർന്നുള്ള പീഠത്തിൽ തെരുവിനെ അഭിമുഖീകരിച്ചിരിക്കുന്ന ഇലച്ചെടിക്ക് വെളിയടപ്പിളർപ്പിലൂടെ തെരുവും അതിനപ്പുറത്തെ മൈതാനവും ദൃശ്യമാണ്.

കൃത്രിമപ്പുല്ലു വിരിച്ച മൈതാനത്ത് കുട്ടികൾ കാൽപ്പന്തു കളിക്കുന്നു. അവരുടെ ആരവങ്ങളും പരിശീലകന്റെ വിസിലൊച്ചയും ചില്ലുഭിത്തിയെ ഭേദിച്ച് അയാളുടെ ബോധമണ്ഡലത്തിൽ ചൂഴ്ന്നിറങ്ങി.

മേശപ്പുറത്തെ കമ്പ്യൂട്ടർ സ്‌ക്രീനിൽ നിന്ന് മിഴികൾ പിൻവലിച്ച് കസേര പിന്നോട്ടാക്കി അടുത്തു ചാരിവെച്ചിരുന്ന ഊന്നുവടികളുടെ സഹായത്തോടെ എഴുന്നേറ്റു.
രണ്ടുമണിക്കൂറിലധികമായി തുടർച്ചയായി ജോലിചെയ്യാനാരംഭിച്ചിട്ട്. അയാൾ അങ്ങനെയാണ്; ഒന്നിൽ മുഴുകിയാൽ അതിൽത്തന്നെ ലയിച്ചിരിക്കും.

ഒരു കാറപകടത്തിൽ പ്പെട്ട് ഇടതുകാലിനു സ്വാധീനം നഷ്ടപ്പെട്ടതു മുതൽ വീട്ടിലിരുന്നാണ് ജോലി. തീ പാറുന്ന വെയിലിലൂടെ അയാളുടെ കണ്ണുകൾ മൈതാനത്തെ ലക്ഷ്യമാക്കി നീന്തി.

ഓരോ കുട്ടിയിലും തപ്പിത്തിരഞ്ഞ് ചുറുചുറുക്കുള്ള ഒരൊമ്പതുവയസ്സുകാരന്റെ ഏഴാം നമ്പർ ജഴ്‌സിയിൽ അയാളുടെ കണ്ണുടക്കി. തന്റെ സ്വപ്നങ്ങൾ ഗോളടിയ്ക്കുന്നത് അയാൾ ചില്ലു വാതിലിന്മേൽ ചാരിനിന്ന് കണ്ടു.

കുവൈറ്റിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ ചാർട്ടേഡ് അക്കൗണ്ടൻറ്. ഇടുക്കി തോപ്രാംകുടി സ്വദേശി. "വസന്തങ്ങളുടെ താക്കോൽ " കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.