വെയിറ്റർ പയ്യൻ

എറണാകുളത്തെ തിരക്ക് ബിരിയാണിയിലൊന്ന്
ഞങ്ങളാറാള് വട്ടത്തിലിരുന്നു തിന്നുന്നു.
മെനുകാർഡ് നോക്കാതെ,
തിരക്കിനാത്തൂന്നിറങ്ങി വന്ന വെയ്റ്റർ പയ്യനോട്-
5:1 എന്ന അനുപാതത്തില്
വെജ്, നോൺ ബിരിയാണി പറഞ്ഞു;
അത് പെട്ടന്ന് മാറ്റി 4:2 ആക്കി,
അതിലെ നാലിൽ, രണ്ടെണ്ണം സിംഗിളായി.

കുടിക്കാനും തിന്ന ശേഷം തൊട്ടുന്നക്കാനുള്ള ഡെസെർട്ടും
ഉറപ്പില്ലാതെ മാറ്റി മാറ്റി പറഞ്ഞ്
എന്തിലോ തട്ടി നിന്നു .
പയ്യൻ –
പല്ലിറുമ്മിയിട്ടുണ്ടാവും, തോന്നലാണ്
ദേഷ്യം വന്നിട്ടുണ്ടാവും, തോന്നലാണ്
ഇതിലെന്ത് സംഭവിച്ചിട്ടുണ്ടേലും
ഞങ്ങള് തെറ്റിക്കുന്നത്, പയ്യൻ
ഹൃദയവിശാലതയോടെ എഴുതി,
വെട്ടി
കുത്തി
സമന്നയത്തോടെ പിന്നെയുമെഴുതി.

കച്ചമ്മറ് സെക്കൻഡ് വിളമ്പി-
പോയെന്റെ പൊറകെ വിളിച്ച് വരുത്തി,
അച്ചാറും ഗ്ലാസും നിറപ്പിച്ചു.
ദേഷ്യപ്പെടാതിരിക്കാൻ പരിശീലിക്കുന്നത് കൊണ്ടാവാം..!
അല്ലേൽ പൈസക്ക് നല്ല ആവശ്യമുണ്ടാകും..!
പയ്യൻ ഒരു കൈ പിന്നോട്ട് കെട്ടി
വിളിക്കുമ്പോളൊക്കെ കേൾക്കുന്നു.
തിരിച്ച് തിരക്കിൽ കലങ്ങുന്നു.

ആദ്യമേ കഴിച്ച് തീർന്ന്
തിന്നതിനൊരു ഇരുത്തം വരുത്താൻ
കൂട്ടത്തിലൊരിത്തിക്കെതിരെ കസേര തിരിച്ചിട്ടു.
ഈ പയ്യാനൊക്കെ കിടക്കാൻ നേരം നല്ല-
മുട്ടുവേദനയായിരിക്കും..!
ഭാവിയിൽ വേരിക്കോസ് വെയിനും സാധ്യതയുണ്ട്.!
കടമുറിയാണേലും നമ്മള് വിചാരിക്കണ പോലല്ല
പയ്യൻ, ലൂണയെപ്പോലെ നല്ല ദൂരം ഓടുന്നുണ്ട്.

ഈന്തപ്പഴ അച്ചാറ് നന്നായിട്ടുണ്ടല്ലേ…?
അവളുടെ മറുപടി.

കൈയിൽ ടിഷ്യുവും ബില്ലും,
വേറെയെന്തേലും വേണോ സർ…?
വിനീതനായി-പയ്യൻ ഒരിക്കൽകൂടെ വന്നു.
ഞങ്ങൾ കുറച്ച് സംശയിച്ച്
ഏറിയും ഇറങ്ങിയും ഇല്ലെന്ന് തെറ്റിച്ചു.
പയ്യൻ ആറുനോട്ടം നോക്കി,
ഭാവങ്ങളോടാത്ത മുഖം;
അതിന്റെ മൃദുഭാഗത്തേക്ക്‌ നോക്കി
തുടക്കം മുതലേ കാത്തുവെച്ചിരുന്നൊരു-
ചിരി,
ഞാനവന് കൊടുത്തു.
ശേഷം തോളത്ത് തട്ടി.

അവനാ ഘട്ടറിൽ വീണു,
ഈന്തപ്പഴ- അച്ചാറും ഗ്ലാസും
ഒന്നൂടി നിറഞ്ഞു.

ഇടുക്കി ഇരുമ്പുപാലം സ്വദേശി. ഇപ്പോൾ എറണാകുളം മഹാരാജാസ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെന്റിലെ ഗവേഷണ വിദ്യാർത്ഥിയാണ്