കോടമഞ്ഞിൻപുതപ്പൊന്നിതാ
ശാന്തമായുറങ്ങും നിളക്കുമീതേ
ഗാഢംപുണർന്നങ്ങു കിടപ്പതല്ലോ
പൊന്നുഷഃസന്ധ്യ പിറന്നന്നേരം !.
പുലർകാലസൂര്യൻ ചിരിച്ചിടുമ്പോൾ
ചിതറുന്ന പൊൻപ്രഭയേല്ക്കയാലേ
മഞ്ഞിൻപ്പുതപ്പിതാ മാറിടുന്നു
പൊന്നിൽക്കുളിച്ചൊരു കംബളംപോൽ !.
ഉദയാർക്കബിംബം പതിഞ്ഞ നേരം
കനകത്തിൻമൂശ ചൊരിഞ്ഞപോലെ
സ്വർണ്ണച്ചെരാതുകൾ തെളിച്ച ചേലിൽ
നിളയിലെയോളങ്ങൾ തെന്നിനീങ്ങി !.
നീരാവി നേർത്ത ജ്വാലപോലെ
നീരിൻ മുകളിലുയർന്നിടുന്നു,
നിളയുടെയപ്പുറക്കാഴ്ചയെല്ലാം
നിറമില്ലാതായതുപോലെയല്ലോ !.
നിളയുടെയുദരം പിളർത്തി നിത്യം
മണലൂറ്റിവില്ക്കുന്ന കൂട്ടരല്ലാം
മടിയോടെ നിന്നുവിറച്ചിടുന്നു
മാമരം കോച്ചുംതണുപ്പിനാലെ !.
തണവുള്ള നീർത്തടമൊന്നിൽനിന്നും
പുലർകാലസ്നാനം കഴിഞ്ഞുപോകും
പുതുമോടി മാറാത്ത പെണ്ണൊരുത്തി
മിഴികൾക്കു ചേലായ് നടന്നുനീങ്ങി !.
ഇലകൾ പൊഴിക്കും ഹിമത്തുള്ളിപോൽ
ഈറനാം പെണ്ണിൻമുടിത്തുമ്പുകൾ
കുടയുംജലത്തിന്റെ മുത്തുകളിൽ
ചെമ്പകപ്പൂവിൻസുഗന്ധമുണ്ടേ !.
നിരയായിനില്ക്കും തരുക്കളിലായ്
കുളിർകോരിനില്ക്കും ഹിമമണികൾ
മണിമുത്തുപോലെ കൊഴിഞ്ഞിടുമ്പോൾ
ചിരിതൂകിനില്ക്കുന്നു പുൽനാമ്പുകൾ!.
ഒരു കൊറ്റി വന്നൊരു കുറ്റിമേലേ
ചിറകൊന്നൊതുക്കിക്കുനിഞ്ഞിരുന്നു
ഒരു കുഞ്ഞുമീനിന്റെ കാഴ്ച കാണാൻ
ഇനിയെത്രനേരം തണുത്തിരിക്കും ?.
തുഴപാകിവെച്ച കൊതുമ്പുതോണി-
ത്തുഞ്ചത്തു നില്ക്കുന്ന മുക്കുവന്റെ
വലപാറിവീഴുന്ന ചിത്രമൊന്ന്
തിമിരംപിടിച്ചൊരു കാഴ്ചയായേ !.
ഇരതേടിയെത്തിയ കൊറ്റികൾപോൽ
ചെറുചെമ്മീൻ കോരിയെടുക്കുവാനായ്
നിളതന്നിൽ തപ്പിപ്പരക്കയായി
മുക്കുവർ ചെറുചെറുകൂട്ടമായി.
ഇളവെയിൽ പോയൊരു നേരമതിൽ
നീലനിറം ചാർത്തിനിന്ന മാനം
നിളയുടെയോളപ്പരപ്പിലായി
തെളിവുള്ള നീലപ്പുതപ്പു ചാർത്തി .