
മലയിറങ്ങി
മൂന്നാംനാളിലും
അയാളുടെ കണ്ണുകളിൽ
ഗ്രാമം നിറഞ്ഞുനിൽപ്പുണ്ടായിരുന്നു.
മഴ കലിതുള്ളി പെയ്യുന്ന
കർക്കടക രാത്രി.
ഉറ്റവരോടൊപ്പം
അന്തിയുറങ്ങി
സ്വപ്നങ്ങൾപങ്കുവയ്ക്കും മുമ്പേ
ഗ്രാമം അലറി വിളിയ്ക്കുന്നു.
ഉരുൾപ്പൊട്ടിയൊലിച്ചിറങ്ങുന്ന
കരയ്ക്കിരുദിക്കിലും
വളഞ്ഞും വലിഞ്ഞും
പുഴ വിരണ്ടോടുന്നു.
തകർക്കപ്പെട്ട
ആരാധനാലയങ്ങൾ
സ്കൂളുകൾ, റോഡുകൾ-
ഇരട്ടകൈവരിയുള്ള പാലങ്ങളെല്ലാം
കുതിർന്ന മണ്ണിൽ പുതച്ചു കിടക്കുന്നു.
മരച്ചില്ലയിലെ പറവകളിന്നെവിടെ?
കാട്ടാറിന്റെ സൗന്ദര്യമിന്നെവിടെ?
ആകാശം മൂടിക്കെട്ടിയിരുന്നു.
കാറും കോളും ഭയന്ന്
ഒറ്റപ്പെട്ട ഒരു
ദ്വീപായി ഞാനിന്നു മാറുന്നപോലെ.
നടന്നു നടന്ന്
ചുവന്നവഴികളിന്ന്
ഏകാന്തം, ജനശൂന്യം !
ഒരേ ആകാശം, ഒരേ ഭൂമി!
ദിവസങ്ങൾക്കപ്പുറം
എന്റെ ഗ്രാമം വീണ്ടെടുക്കുമായിരിക്കാം
അന്നവിടെ-
കുറച്ച് മനുഷ്യർ
വാസയോഗ്യമായ ഗ്രാമത്തെത്തേടി
അലയുന്നുണ്ടായിരിക്കും!
