മഴ; എത്ര പെയ്താലും
തോരാത്തൊരോർമ്മയാണ്.
കുതിർന്നലിയുന്ന
കടലാസു വഞ്ചികളോടൊട്ടി
നിൽക്കുകയാണെന്നുമെന്റെ
ബാല്യ മഴക്കാഴ്ചകള്‍.
സീൻ 1 കാലവര്‍ഷം
ഏട്ടന്റെ ചൂണ്ടുവിരല്‍ പിടുത്തവും
അമ്മയുടെ രാസ്നാദി മണവും
അനുവാദം ചോദിക്കാൻ കാക്കാതെ
ഇടയ്ക്കിടെ
ഇടവപ്പെയ്ത്തിലെ കാറ്റുപോലെ
മനസ്സറകളിൽ
ഉപ്പു പുരട്ടി നീറ്റിക്കുന്നുണ്ട്.
കരിപുരണ്ട പാതാംപുറം പോലെ
ഇരുട്ട് കനക്കുന്നുണ്ട്.
കുഞ്ഞോർമ്മകളിൽ നിറഞ്ഞ പുഴയെന്ന്
വെറുതെ കൊതിപ്പിക്കുന്ന
കിഴക്കേ പാടത്ത്
രാത്രീൽ മിന്നുന്ന പെട്രോമാക്സ്
വെളിച്ചങ്ങൾ
കാലറ്റ്, കുലമറ്റ് പോകുന്ന
മഞ്ഞത്തവളകളെ രാത്രി സ്വപ്നങ്ങളിലേയ്ക്ക്
ഏന്തിച്ചാടിച്ചു പേടിപ്പിക്കാറുണ്ട്.
സീൻ 2 ഇടവപ്പാതി
ബാല്യത്തിനും കൗമാരത്തിനും
ഇടയിലൊരു ഇടമുണ്ട്.
കനത്തു പെയ്യാൻ കാക്കും
മഴയ്ക്ക് മുൻപേ
അയയിൽ വിരിച്ചുണക്കാനിട്ട
കുപ്പായങ്ങൾ പെറുക്കിയെടുക്കാനുള്ള
അത്രയും നേരം എന്ന്
വേണമെങ്കിൽ ചുരുക്കെഴുത്താക്കാവുന്ന ഒന്ന്.
സീൻ 3 തുലാവര്‍ഷം
പള്ളിമുറ്റത്തെ ചെമ്പക മണത്തെ
എന്തെന്നറിയാത്ത അനുഭൂതിയോടെ
ആശ്ലേഷിക്കുന്ന പെൺകുട്ടിയിൽ നിന്നും,
പഴമ മണക്കുന്ന പള്ളിയിലെ
അൾത്താരയോട് ചേർന്നുള്ള
തേപ്പു വൈകിയതിന് പിണങ്ങിയടരുന്ന
കുമ്മായക്കട്ടകൾ കാവൽ നിൽക്കുന്ന
കൽച്ചുമരിലെ പിഞ്ഞാണക്കോപ്പയിൽ നിറച്ച
‘ആനം വെള്ളത്തിൽ’ ഒന്നു തൊട്ട്
ഭക്തിയുടെ കാൽപ്പെരുമാറ്റങ്ങളിൽ
തേഞ്ഞു തേഞ്ഞ് മിനുത്തു കിടക്കും
ഇഷ്ടിക വിരിച്ച തറയിൽ
കണ്ണടച്ച് കുരിശു വരച്ചിരുന്ന
‘ദൈവഭയമുള്ള’ പെൺകുട്ടിയിലേക്ക്
പരസ്പരം വെച്ചുമാറും മഴത്തുള്ളികളുണ്ട്.
സീൻ 4 വേനല്‍മഴ
കൗമാരം ചുവന്ന,
തുടുത്ത മുഖക്കുരുക്കളിൽ
നീലയും വെള്ളയും യൂണിഫോമിട്ട
കോൺവെന്റ് സ്കൂളിലെ
പെൺകുട്ടിയുടെ ബോധാബോധങ്ങളിൽ
മുട്ടുകാലിറക്കമുള്ള
ഞൊറിവുള്ള പാവാടയ്ക്കു താഴേയ്ക്ക്
നനഞ്ഞിറങ്ങുന്ന തുലാപ്പെയ്ത്തുകളുണ്ട്,
നനുത്ത രോമങ്ങളിൽ
ഇക്കിളി കൂട്ടി പാദങ്ങളിലേയ്ക്ക്
ഊർന്നിറങ്ങുന്ന വർഷപ്പെയ്ത്തുകൾ.
വഴിയോരക്കണ്ണുകളെ
കണ്ടില്ലെന്നു നടിക്കുമ്പോഴും
ഉള്ളിൽ വെറുതെയൊരു
ചൂട് തോന്നിക്കുന്ന മഴത്തണുപ്പുകൾ.
ഉറക്കിലും മിന്നൽവെളിച്ചങ്ങളിൽ,
തെളിയാതെ തെളിഞ്ഞു
പുഞ്ചിരിച്ചു കടന്നു പോയിരുന്ന
സുഖമുള്ള ചില തീകായലുകളുണ്ട്,
മഴയിലും… നേര്.
സീൻ 5 ഞാറ്റുവേല
മഴയോടൊപ്പം യൗവനത്തിലേക്ക്.
മുഴുപ്പാവാടയിൽ നിന്നും
ദാവണിയിലേക്ക് വളർന്ന്,
അഞ്ചരമീറ്ററിലെ
സാരിയിലേക്കൊതുങ്ങും മുൻപേ
ഇടവേളപോലൊരു
ചുരിദാർ കാലം ഓർമ്മയിലുണ്ട്,
കന്നിവെയിൽ പോലെ തെളിഞ്ഞ്.
കത്തുന്ന പ്രണയം കണ്ണുകളിൽ
എത്ര മനോഹരമായ് ‘അവൻ’ ഒതുക്കിവെച്ചെന്ന്,
വേനൽമഴയുടെ
വേഴാമ്പൽ ദാഹം പോലെ
ഇന്നുമോർമ്മയിലെ
കെടാത്തിരിനാളമാണ്.
സീൻ 6 കള്ളക്കര്‍ക്കിടകം
വടക്കുംനാഥന്റെ പവിഴമല്ലികൾ
എത്ര പെട്ടെന്ന് വളർന്നുവെന്നോ,
ഒപ്പം ഞാനും.
പൂവുകൾ നിറഞ്ഞു ചിരിച്ചു കാറ്റിൽ
കൊഴിച്ചിടുമ്പോഴും
വടുക്കളേറുന്നതു ആത്മാവിനെ
ബാധിക്കുകയേയില്ലെന്ന്
ഇന്നാളു കണ്ടപ്പോഴും
എന്നോട് പറഞ്ഞതാണ്,
ഉണ്ണികളെ ചേർത്തു പിടിച്ചു
വെറുതെയൊന്നു ഓർമ്മപുതുക്കാൻ
ചെന്നപ്പോൾ; അതും കർക്കിടകം
മുഖം കറുപ്പിച്ച് ഇരുട്ടാക്കിയൊരു നട്ടുച്ചയ്ക്ക്.
സീൻ 7 പുതുമഴ
നോക്കൂ…
അനിവാര്യമായ ചില
പറിച്ചു നടപ്പെടലുകളുണ്ട്, ജീവിതത്തിൽ.
കാലം തെറ്റിയെത്തുന്ന
കാലവർഷം പോലെ,
കറുപ്പിനെ വെന്നിയെന്നു നടിച്ച്
ചില വെള്ളിരേഖകൾ
കണ്ണാടി കാട്ടിത്തരുന്നുണ്ട്.
കടലേറിയെന്നെത്തേടിയെത്തും
പെരുമഴയൊച്ചകളുണ്ട്,
പാതിരാവിൽ,
പടിഞ്ഞാട്ടുള്ള ജനൽ തുറന്നിട്ട്
ഞാനെന്നിലേക്കാവാഹിക്കും
ചില
ഗന്ധർവ്വാലിംഗനങ്ങൾ.
സീൻ 8 പെരുമഴ
വിശ്വസിച്ചേക്കില്ല നിങ്ങൾ.
ബാല്യത്തെ,
യൗവ്വനത്തെ;
അടരാതെ കാക്കുന്നത്
അടയാതെ തുറന്നു പിടിക്കുന്ന
പാളികളിലൂടെ
അണച്ചുപിടിക്കുന്ന
പടിഞ്ഞാറൻ പെയ്ത്തുകളാണ് !
FADE OUT
വീണ്ടും മഴ