വീടുമാറ്റം അപ്ഡേറ്റ്‌ ആവാത്ത സോഫ്റ്റ്‌വെയറുകൾ

പുതിയ വീടിന്റെ
ഉമ്മറത്തിരുന്ന്
പൊളിച്ചുകളഞ്ഞ,
പഴയവീടിനെ ഓർക്കുന്ന
മനുഷ്യരുണ്ട്‌.

എത്ര ചായം തേച്ചിട്ടും;
കുമ്മായം പൂശിനരച്ച
പഴയ മൺവീടിന്റെ,
നിറത്തോളമെത്താത്ത സങ്കടം
പേറുന്നവരാണവർ

ചാണകം മെഴുകിയ
തറയെ ഓർത്തുകൊണ്ടവർ,
വരാന്തയിലെ
മാർബിളിൽ പൊള്ളിനടക്കും.

മുറ്റത്തെ വർണ്ണക്കല്ലുകൾ,
അവരുടെ കാലിനെ
സുഖിപ്പിക്കുകയില്ല.

അടുപ്പിൽ
ചകിരി പുകഞ്ഞുകത്തുന്ന
മണം കിട്ടാതെ;
“ഊണുകാലായില്ലേ?”
എന്ന് ദേഷ്യപ്പെടും.

വലിയ ഗേറ്റിനുപുറത്തുനിന്ന്
പറന്നുവരുന്ന,
ചുരുണ്ട പത്രം കണ്ട്‌,
നിരാശരാകും.

“ഇപ്പോൾ നമ്മളൊക്കെയും
ഒരുപോലാണെ” ന്നപ്പോൾ;
വായനാമുറിയിലിരുന്ന്,
“മതിലുകളി” ലെ ബഷീർ
ഊറിച്ചിരിക്കും.

പുതിയ വീട്ടിലെ
പഴയ ഒരോർമ്മയെന്നെപോലെ;
ചാരുകസേരയിലേക്ക്‌,
അവർ
സ്വയമെടുത്ത്‌ വയ്ക്കും.

പിന്നെ;
നിശബ്ദരായി,
നെടുവീർപ്പുകൾക്ക്‌
കൂട്ടിരിക്കും.

മലപ്പുറം ജില്ലയിൽ പൊന്നാനിക്കടുത്ത്‌ പുറങ്ങ്‌ എന്ന ഗ്രാമമാണു സ്വദേശം. ഖത്തറിൽ സേഫ്റ്റി എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും എഴുതുന്നു. ആദ്യ കവിതാസമാഹാരം "അമ്മ മരിച്ചുപോയ കുട്ടി" ഈ വർഷം പുറത്തിറങ്ങി