ഈ വർഷത്തെ മലയാറ്റൂർ ഫൗണ്ടേഷന് സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരൻ വി. ജെ. ജയിംസ് അർഹനായി. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം അദ്ദേഹത്തിന്റെ ആന്റിക്ലോക്ക് എന്ന നോവലിനാണ് ലഭിച്ചത്. അവാർഡ് മേയ് 30ന് സമ്മാനിക്കും.
ഒ.വി. വിജയൻ സ്മാരക സമിതിയുടെ ഒ.വി. വിജയൻ അവാർഡും തിക്കുറിശ്ശി ഫൗണ്ടേണ്ടഷൻ നോവൽ അവാർഡും ലഭിച്ച കൃതിയാണ് ആന്റിക്ലോക്ക്. ആന്റിക്ലോക്കിന്റെ ഇംഗ്ലിഷ് പരിഭാഷ 2021-ലെ ജെ.സി.ബി. സാഹിത്യപുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിലും ഇടം നേടിയിരുന്നു. നിരീശ്വരൻ, ആന്റിക്ലോക്ക്, ചോരശാസ്ത്രം, പുറപ്പാടിന്റെ പുസ്തകം, ആൽഫ, ദത്താപഹാരം, ലെയ്ക്ക തുടങ്ങിയവയാണ് വി. ജെ. ജയിംസിന്റെ പ്രധാന കൃതികൾ.
അന്തരിച്ച സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണയ്ക്കായി രൂപീകരിച്ച മലയാറ്റൂർ ഫൗണ്ടേഷന്റെ രണ്ടാമത്തെ സാഹിത്യ പുരസ്കാരമാണിത്.