വിഷുവെനിക്കേറ്റം പ്രിയംപകർന്നോൾ
മേടമടിയിൽ പുലർന്നു പൂക്കാലമായോൾ
കൊഴിയുന്ന കാലക്കറുപ്പിനെനീക്കിയോൾ
വരുംകാലമേറ്റം നിറവുതന്നോൾ..
ഋതുസംക്രമത്തിന്നു കാണിക്കയാകുവാൻ
കർണികാരപ്പെണ്ണ് പൊന്നണിഞ്ഞു.
കുഴലൂതും കണ്ണന്നുമഞ്ഞപ്പട്ടുടയാട
തരിവള നിറദീപമായ് തെളിഞ്ഞു…
ഇവിടെയീമണ്ണിലിനി പൊഴിയാതിരിക്കുവാ-
നിതളടരാത്താരമിഴികളാകാൻ
ഇരവിലും പകലിലും നക്ഷത്രമണിമാല
കനകം നിറച്ചു ചിരിച്ചുനിന്നു…
പുതുനാമ്പുനീട്ടിയീ ജീവിതം തളിരിടാൻ
പുലർവെട്ടമായ് വന്നുദിച്ചിടുന്നോൾ
പുതുസ്വപ്നവാതിൽക്കലെത്തിനോക്കും
കുഞ്ഞു,മിഴികൾക്കു വിസ്മയചാന്തുതന്നോൾ
ഒരുവർഷമൊരുമാത്രമാത്രം വിടർന്നാലും
കരളിലായെന്നും വസന്തമായോൾ
ഒരു സാന്ത്വനത്തിന്റെ പൂമരച്ചന്തമായ്
കുളിരിടുമോർമ്മയിൽ പൂത്തുനിന്നോൾ…
ഒപ്പംതുടിച്ചുനടന്നവൾ; പൊട്ടിച്ചിരിച്ചു മൊഴിഞ്ഞവൾ
ചാരത്തുകെട്ടിപ്പിടിച്ചു കരഞ്ഞവൾ
പ്രാണന്റെ കയ്പുനീർപാടെ തുടച്ചവൾ
എൻ്റെപ്രണയമായ് പെയ്തുനിറഞ്ഞവൾ…
ഒരു വത്സരത്തിന്റെ നൈവേദ്യമാണ് നീ!
എൻ്റെനിനവിലെന്നെന്നും നിലാച്ചിരി നീ!
ഒഴിയാത്ത സ്നേഹമധുരസൗഭാഗ്യമായ്
കരുതിയ കനവിൻ്റെ കൈനീട്ടമാണു നീ!