വിഷാദം ലയിപ്പിച്ചെടുത്ത ആസിഡ്

സംഗീത ശ്രീനിവാസ്

തൃശൂർ മുളങ്കുന്നത്തുകാവിൽ ജനിച്ചു. അപരകാന്തി ആദ്യ നോവല്‍.  ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു.
പ്രശസ്ത എഴുത്തുകാരി സാറ ജോസഫിന്റെ മകൾ.

ചില ജീവിതങ്ങള്‍ സങ്കടപൂര്‍വ്വം കുരുങ്ങിപ്പോകുന്ന ചില ഇടങ്ങളുണ്ട്.’ രക്ഷപ്പെടാനാഗ്രഹിച്ചിട്ടും പുറത്തു കടക്കാനാവാത്ത തടവറകള്‍. അത്തരം ചില ഇടങ്ങള്‍ അടയാളപ്പെടുത്തുന്ന രചനയാണ് സംഗീത ശ്രീനിവാസന്‍റെ ‘ആസിഡ്’. പെണ്‍പ്രണയത്തിന്‍റെ ആഴങ്ങളും അരുതായ്കകളും വിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്ന പൊള്ളുന്ന നോവലനുഭവം. എന്നാല്‍ ലെസ്ബിയന്‍ പ്രണയത്തിനും അപ്പുറം വിഷാദത്തിന്‍റെയും ലഹരിയുടെയും നിസ്സഹായതയുടെയും മഹാകാണ്ഡമാണ്ഈ നോവൽ.

എഴുത്തിന്‍റെ മുള്‍വഴിയില്‍ നടന്ന്‍ മുറിവേറ്റ് പാകപ്പെട്ട കഥപറച്ചിലുകാരിയെ ആസിഡില്‍ വായനക്കാർക്ക് കാണാം. കഥാപാത്രമായ് രൂപാന്തരപ്പെട്ട് എഴുത്തുകാരി സ്വയം വ്രണപ്പെടുമ്പോള്‍ വായനക്കാരന്‍റെ മനസ്സിലും കുടിയേറുകയാണ് കുറേ നിസ്സഹായ ജന്മങ്ങള്‍.

നിഷ്കളങ്കരായ രണ്ടു കുട്ടികളുടെ ചിതറിപ്പോയ സ്വപ്നങ്ങളുടെ, നിലനില്‍പ്പിനായുള്ള യുദ്ധത്തിന്‍റെ, നിറംകെട്ട ചിത്രം മനസ്സിന്‍റെ പ്രതലത്തില്‍ പിടിവിട്ടു വീഴാന്‍ പോകുന്ന ഗൌളിയെപ്പോലെ അസ്വസ്ഥത നിറയ്ക്കുന്നു. താളുകള്‍ മറിയ്ക്കുമ്പോള്‍ കാതുകളില്‍ വന്നലച്ചു വീഴുന്നത് താളം തെറ്റിയ സംഗീതമാണ്.
 
കമലയും ഷാലിയുമാണ് നോവലിലെ പെണ്‍പ്രണയികള്‍. ആരുടെയുമല്ലാത്ത, കയ്യൊപ്പുകള്‍ ഇല്ലാത്ത, ചിത്രങ്ങള്‍ അലങ്കരിക്കുന്ന ചുമര്‍ വഴികള്‍ക്കിടയിലൂടെ നടന്ന്‍ ശരികള്‍ക്കും തെറ്റുകള്‍ക്കും അപ്പുറത്തുള്ള തോട്ടത്തില്‍ എത്തുന്നവര്‍.
 
തോട്ടത്തിനകത്തെ ഒത്തമരചില്ലയില്‍ അവര്‍ നാലുപേര്‍ കൂടു വെച്ചു പാര്‍ത്തു. കമലയും ഷാലിയും കമലയുടെ ഇരട്ടക്കുട്ടികളും. ‘‘ഇല്ലാത്ത കാട്ടില്‍ ഇല്ലാത്ത പുഴയുടെ തീരത്ത് ഇല്ലാത്ത മണ്‍വീട്ടിലെ കുടിയേറ്റക്കാര്‍ നാലുപേര്‍. ഇല്ലാത്ത ഭാഷയാണവര്‍ പരസ്പരം സംസാരിച്ചത്. നോക്കി നിന്നവര്‍ അമ്പരന്ന്‍ മൂക്കത്ത് വിരല്‍ വെച്ചു. അവര്‍ക്ക് കയ്യും കാലും തരിച്ചു. സദാചാരം ഉദ്ധരിച്ചു.’’
 
‘അമ്മമാരെപ്പോഴും ശരി മാത്രമാണ്. പക്ഷെ കണ്ണടച്ച് അവര്‍ പറയുന്നത് മാത്രം അനുസരിച്ചാല്‍ അത് അവരുടെ മാത്രം ആത്മവിശ്വാസമേ കൂട്ടൂ.’ അതായിരുന്നു കൌമാരത്തില്‍ കമലയുടെ വിശ്വാസം. അമ്മയുടെ സ്നേഹത്തില്‍ നിന്നും സ്വാതന്ത്ര്യത്തിന്‍റെ ആഘോഷങ്ങളിലേക്ക് ഇറങ്ങി നടക്കുകയായിരുന്നു കമലയുടെ ചെറുപ്പം. അത്താണികളില്ലാത്ത ഇടങ്ങളില്‍ തനിയേ അലയാനൊരുങ്ങുന്ന മകളെയോര്‍ത്ത് അന്ന്‍ കമലയുടെ അമ്മ നടുങ്ങി. “മുദ്രണം ചെയ്ത് കടലിന്‍റെ ആഴങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ചുംബനം ഒരു തിരയാല്‍, കാറ്റാല്‍, സുനാമിയാല്‍ തിരികേ വന്നേക്കാം. വെയില്‍ നാളങ്ങളായ് കണ്ണില്‍ ഉടക്കി നില്‍ക്കാം. കാറ്റായി മുടിയിഴകളെ തഴുകി കടന്നുപോകാം. അതുമല്ലെങ്കില്‍ സീറ്റില്‍ തൊട്ടപ്പുറത്ത് വന്നിരുന്ന് കുശലം ചോദിക്കാം. നിങ്ങളെന്തു മറുപടി പറയും. കമല ഹൃദയം മലക്കെ തുറന്നുവെച്ചു. കാറ്റിനും വെളിച്ചത്തിനും സുഗന്ധത്തിനുമായി.”
 
എന്നാല്‍ കമലയുടെ ജീവിതത്തിലേക്ക് അന്ന്‍ കടന്നു വന്നത് ഷാലിയാണ്‌. മിസോറാമിലെ മൌതം മുളങ്കാടുകള്‍ക്കിടയില്‍ നിന്നും ഇറങ്ങി വന്ന പെണ്‍കുട്ടി. മിസോറാമില്‍ പടര്‍ന്നു പിടിച്ച പ്ലേഗിനെ അതിജീവിച്ച് വന്നവള്‍. ആന്‍ഡ്രൂസിന്‍റെയും ശോശമമ്മയുടെയും സ്നേഹവും മിസോറാം ജീവിതവും അറിഞ്ഞും അനുഭവിച്ചും ഒത്തിരി നാടുകള്‍ ഓടിക്കടന്നുവന്നവള്‍. ‘കാറ്റത്ത് പൊട്ടിത്തൂവിയ വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാത്ത അപ്പൂപ്പന്‍ താടി.’ഷാലിയുടെ അമ്മക്ക് അബദ്ധത്തില്‍ പിറന്ന കുട്ടിയാണ് അവള്‍. അനാഥയായി വളര്‍ന്നവള്‍. പാതിരിയായ ആന്‍ഡ്രൂസ് എടുത്തു വളര്‍ത്തുകയായിരുന്നു ഷാലിയെ. എങ്കിലും യവൗനത്തില്‍ അവള്‍ വീടുവിട്ടിറങ്ങി. നാടുകള്‍ താണ്ടി നീണ്ട യാത്ര. ആ യാത്രയിലാണ് കമലയെ അവള്‍ ആദ്യമായ് കണ്ടുമുട്ടിയത്.
 
വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ ഒരുമിച്ച് ജീവിതം തുടങ്ങുമെന്ന് അന്നാ പെണ്‍കുട്ടികള്‍ അറിഞ്ഞിരുന്നില്ല. അവര്‍ ഒരുമിച്ച് ബാംഗ്ലൂരിലെ വീട്ടില്‍ താമസം തുടങ്ങുമ്പോള്‍ ഇരട്ടകള്‍ ആദിയും ശിവയും ചെറിയ കുട്ടികളാണ്. കമല പരാജയപ്പെട്ട ദാമ്പത്യത്തിന്‍റെ കയ്പുനീര്‍ കുടിച്ച് വല്ലാതെ പകച്ചു പോയ ഒരു സ്ത്രീയും. ബാല്യകാല സുഹൃത്ത് മാധവനായിരുന്നു കമലയുടെ ഭര്‍ത്താവ്. വേര്‍പിരിഞ്ഞതിനു ശേഷം മാധവന്‍ രണ്ടാമതും വിവാഹം ചെയ്ത് ഇരുട്ടില്‍ നിന്നും ചവര്‍പ്പില്‍ നിന്നും സ്വാതന്ത്ര്യം നേടി.
 
ഒരുപാട് യാത്രകളുണ്ട് നോവലിനുള്ളില്‍. കമലയുടെയും ഷാലിയുടെയും യാത്രകള്‍. ആദിയുടെ യാത്രകള്‍. മാധവന്‍റെ യാത്രകള്‍. അവര്‍ക്കെല്ലാമിടയില്‍ യാത്ര ചെയ്യാന്‍ വയ്യാത്ത ഒരു കുട്ടിയുമുണ്ട്; ശിവ. എല്ലാ യാത്രകളെയും അപ്രസക്തമാക്കുന്നത് ലഹരിയുടെ മയക്കത്തിലുള്ള കമലയുടെ ആന്തരിക യാതകളാണ്. ശിവയുടെ അറ്റമില്ലാത്ത ഏകാന്തതയാണ്.
 
ആസിഡിന്‍റെ ആദ്യ തുള്ളി കമലക്ക് സമ്മാനിച്ചത് ഷാലിയായിരുന്നു. ആ ഒരു തുള്ളി കമലയുടെ അസ്വസ്ഥമായ ജീവിതത്തെ എന്നേക്കുമായി പൊള്ളിയടര്‍ത്തിക്കളയുമെന്ന് ഷാലി ഒരിക്കലും കരുതിയിരുന്നില്ല.
 
പുകയുടെ ലഹരിയില്‍ കമലയുടെ ജീവിതം അറിയാതെ അറിയാതെ നിഷിദ്ധമായവയിലേക്ക് നിലതെറ്റി വീഴുകയായിരുന്നു. ലഹരിക്ക്‌ അടിപ്പെടുന്തോറും കമല വിഷാദ രോഗത്തിന്‍റെ കാണാച്ചരടില്‍, അഴിയാക്കുരുക്കില്‍, പിടയുകയായിരുന്നു. എത്രമേല്‍ ശ്രമിച്ചിട്ടും ലഹിരിയുടെ തീ പിടിച്ച തെരുവില്‍ പെട്ടുപോയ കമലയെ രക്ഷിക്കാന്‍ ഷാലിക്കു ഒരിക്കലും കഴിയുന്നില്ല. ഒരു പക്ഷെ ആ കുറ്റബോധം കൊണ്ടാവാം കമലക്ക് വേണ്ടി അവള്‍ ഒരു ലെസ്ബിയനായി രൂപാന്തരപ്പെടാന്‍ ശ്രമിക്കുന്നത്.
 
‘കടലോരത്തെ കുഞ്ഞു മണ്‍വീടുകള്‍ക്കിടയില്‍ കടല്‍ രാക്ഷസനായി നടന്നടുക്കുന്ന ഗള്ളിവറെ കണ്ടു ഭയക്കുന്ന’ കമല. ലഹരിയുടെ ബാഡ് ട്രിപ്പുകളിലേക്ക് കൂട്ടുകാരി എടുത്തെറിയപ്പെടുമ്പോള്‍ വാതിലുകള്‍ വലിച്ചടക്കാനേ ഷാലിക്കാവുന്നുള്ളൂ. കമലയുടെ കുട്ടികള്‍ക്ക് ഷാലി ആശ്രയമാവുന്നു, അമ്മയാവുന്നു, കൂട്ടുകാരിയാവുന്നു.
 
ശരീരം തളര്‍ന്ന്‍ വീല്‍ ചെയറില്‍ കഴിയുന്ന കൌമാരക്കാരന്‍ ശിവക്ക് മോഹമായ് ഉണര്‍വായ് മാറുന്ന ഷാലി തെറ്റിനും ശരിക്കും ഇടയില്‍ ഒരു ശ്വാസത്തിന്‍റെ അകലമേയുള്ളൂ എന്ന്തിരിച്ചറിവില്‍ തെറ്റ് എന്ന പദത്തെ നിഘണ്ടുവില്‍ നിന്ന്‍ തന്നെ അടര്‍ത്തിക്കളയുന്നു. സ്നേഹത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍ തിരയുകയാണ് ഷാലി കമലയുടെ കുട്ടികളിലൂടെ.
 
കമലയുടെ അമ്മ നാട്ടില്‍ ഒറ്റക്കായിരുന്നു താമസം. അമ്മ മരിച്ചപ്പോള്‍ തറവാട് വിറ്റ് ഏറണാകുളത്ത് ഫ്ലാറ്റ് വാങ്ങാന്‍ ആഗ്രഹിക്കുകയാണ് കമല. അതിനായി ബാംഗ്ലൂരിനോട് വിട പറയണം. ബംഗ്ലൂര്‍ ജീവിതം ഉപേക്ഷിച്ച് പോകാന്‍ ഷാലിക്കോ കുട്ടികള്‍ക്കോ മനസ്സുണ്ടായില്ല. നാട്ടിലേക്കുള്ള പറിച്ചുനടല്‍ കലങ്ങി മറിഞ്ഞ കുട്ടികളുടെ ജീവിതങ്ങള്‍ ഒന്നു കൂടി പ്രക്ഷുബ്ധമാക്കുകയാണ്. വെളിച്ചം കയറാത്ത തറവാട്ട് മുറികള്‍ അവര്‍ക്ക് ദുരിതങ്ങളുടെ തടവറയാണ്. ഓരോ കുടുസ്സുമുറിയിലും അവരെ കാത്തിരുന്നത് ഇരുട്ടാണ്‌. ആ ഇരുട്ട് അവരുടെ ജീവിതത്തിലേക്കും കുടിയേറുന്നു. ശ്വാസം മുട്ടല്‍ സഹിക്കാനാവാതെ ആദി സ്വന്തം വഴി തേടി ഇറങ്ങുന്നു. പോണ്ടിച്ചേരിയിലെ നാടകക്കളരിയിലെ മോളിയറും കൂട്ടുകാരും ശക്തി എന്ന മിടുക്കന്‍ കുട്ടിയും അവന്‍റെ അമ്മ വിനീതയും ആദിയുടെ ദിവസങ്ങള്‍ക്ക് അര്‍ഥം നല്‍കുന്നു. തളര്‍ന്നു കിടക്കുന്ന ശിവക്ക് എല്ലാമായിരുന്നു ഇരട്ട സഹോദരന്‍ ആദി. ആദി വീടുവിട്ട് പോയിക്കഴിയുമ്പോള്‍ കൂട്ടു നഷ്ടമാവുന്നത് ശിവയ്ക്കാണ്. ആദിയുടെയും ശിവയുടെയും നനുത്ത സാഹോദര്യത്തിന്‍റെ നീരുറവയാണ് ആസിഡിന്‍റെ ചവര്‍പ്പിറ്റുന്ന അടരുകളില്‍ തെളിയുന്ന വ്യതിരക്ത നൈര്‍മല്യം.
 
ലഹരിയുടെ എല്ലാ പാപക്കറകളും കഴുകിക്കളയാന്‍ എഴുത്തുകാരി കണ്ടെത്തിയ തെളിനീര്‍ തടാകമായിരിക്കാം ആദിയുടെയും ശിവയുടെയും നിര്‍മ്മലസ്നേഹം. ഭാവികാലത്തിന്‍റെ പ്രതിനിധികളാണെങ്കിലും ആദിയും ശിവയും ആദിമകാരുണ്യത്തിന്‍റെ ചൈതന്യമാണ്, നിറവാണ്. ആസിഡിന് ജീവനേകുന്നതും മൂല്യമേകുന്നതും ലെസ്ബിയന്‍ പ്രണയത്തിന്‍റെ അതിരുകള്‍ക്കപ്പുറത്തേക്ക് കൃതിയെ വളര്‍ത്തുന്നതും ഈ കുട്ടികളാണ്. “ആദിയെന്നാല്‍ തുടക്കം. തുടക്കം ഇരുട്ടാണ്‌. നേര്‍ത്ത ഒരു പ്രകാശ ധാര പോലും അവനെ വിറകൊള്ളിച്ചു. ഇരുട്ടില്‍, ജലത്തില്‍ അവനറിഞ്ഞത് മറ്റൊരു സ്പര്‍ശമാണ്. മൃദുലമായ മറ്റൊരു കാല്‍പ്പാദം. കൈത്തലം. കവിള്‍. അവനെപ്പോല്‍ മറ്റൊരാള്‍. ശാന്തിയുടെ കറുത്ത തടാകത്തില്‍ ചളിയിലും പൂക്കളിലും ജീവനുണര്‍ന്നത് അവര്‍ കൈകാലിട്ടടിച്ചപ്പോളാണ്.”
 
നോവലിലെ ഏറ്റവും മനോഹരമായ ഭാഗങ്ങള്‍ ആദിയുടെയും ശിവയുടെയും ചെറുപ്പകാലവും മാധവന്‍റെയും കമലയുടെയും അസ്വാരസ്യങ്ങള്‍ നിറഞ്ഞതെങ്കിലും അല്‍പകാലം മാത്രം നീണ്ട ജീവിതവുമാണ്. “എല്ലാ കൗമാരങ്ങളും പച്ചമരത്തണലിലല്ല. കമലയുടെ കുട്ടികള്‍ വെന്തുമലച്ച മഞ്ഞസൂര്യനു കീഴെയാണ്. അവിടെ തണലുകള്‍ മോഹങ്ങളായി അവശേഷിച്ചു.”
 
ആദിയുടെ അഭാവത്തില്‍ കമലയില്‍ വിഷാദവും മയക്കുമരുന്നും ഇരട്ടിക്കുകയാണ്‌. അമ്മയുടെ ഒരു സ്പര്‍ശം പോലും കിട്ടാത്ത ശിവക്ക് പിന്നെ എല്ലാം ഷാലി ആയിരുന്നു. എന്നാല്‍ ശിവയേയും ഷാലിയേയും തമ്മില്‍ വലിച്ചടുപ്പിച്ച തൃഷ്ണകളുടെ ഉന്മാദം കമലക്ക് ക്ഷമിച്ചുകൊടുക്കുവാന്‍ ആവുന്നതിനും അപ്പുറമായിരുന്നു. “വര്‍ഷങ്ങളായ് കിടക്കയില്‍ കിടന്നുപോയ ഒരു പാവം കുഞ്ഞ്. അവള്‍ കുനിഞ്ഞുനിന്ന്‌ അവനെ കെട്ടിപ്പിടിച്ചു. അവന്‍റെ നെറുകയില്‍ ഉമ്മവെച്ചു. മുല കുടിക്കുന്ന ഒരു കുഞ്ഞിനെപോലെ അവളുടെ കരവലയത്തില്‍ അവന്‍ സുരക്ഷിതനായി. ചില ജീവികള്‍ക്ക് സ്പര്‍ശം ഒരു അനിവാര്യതയാണ്.” നിരാലംബനായ ശിവ ഷാലിയില്‍ കണ്ടെത്തുന്ന ജൈവതാളം തെറ്റെന്ന്‍ വിധിക്കാന്‍ നമുക്കാവില്ല. തളര്‍ന്ന ശരീരത്തില്‍ ഉണര്‍ന്നിരിക്കുന്ന കാമനകളുമായി ഒരു ചെറുപ്പക്കാരന്‍ നടത്തുന്ന സമരത്തോട്, അനുസരണയില്ലാത്ത അവന്‍റെ ചെറുപ്പത്തോട്‌, സഹാനുഭൂതി മാത്രം തോന്നിപ്പിക്കുവാന്‍ സംഗീതയുടെ അക്ഷരങ്ങള്‍ക്കാവുന്നു.
 
കമലയുമായി പിണങ്ങി തറവാട്ടില്‍ നിന്ന്‍ ഇറങ്ങിയതിനു ശേഷം തിരികേ ചെന്നു താന്‍ കമലയുടെതാണെന്ന് പറയാന്‍ ഷാലി ആഗ്രഹിക്കുന്നുണ്ട്. കമലെയെപ്പിരിഞ്ഞു മക്കളെപ്പിരിഞ്ഞു ഇരിക്കുക വിഷമമാണ് അവള്‍ക്ക്. ചെയ്തുപോയത് തെറ്റാണെങ്കില്‍ അത് ഏറ്റു പറയാനും ഷാലി തയ്യാറാണ്. നേര്‍രേഖയില്‍ നടക്കുന്നവര്‍ക്ക് വേണ്ടി മാത്രമുള്ളതല്ല ഈ ലോകം. വഴി തെറ്റി അലയുന്നവര്‍ക്കും കൂടി അവകാശപ്പെട്ടതാണല്ലോ ആകാശവും ഭൂമിയും.
 
“സ്നേഹത്തിന്‍റെത് ഒരു നിമിഷമാണ് എങ്കില്‍ ആ നിമിഷമാണ് ഈ ഭൂമിയിലേക്ക് ഏറ്റവും വലുത്. യഥാര്‍ത്ഥ സ്നേഹം ഒരാളോടുണ്ടെങ്കില്‍ നാം അയാളെ സ്വതന്ത്രനാക്കും. അയാള്‍ തിരിച്ചു വരുന്നെങ്കില്‍ അയാള്‍ നുക്കുള്ളതാണ്. തിരിച്ചു വരുന്നില്ലെങ്കില്‍ എവിടെ എങ്കിലും പോയി സമാധാനമായി ജീവിക്കട്ടെ എന്ന്‍ കരുതണം.” സ്നേഹം മനുഷ്യനെ സ്വതന്ത്രനാക്കുന്നതാണ്, കൂട്ടിലടക്കുന്നതല്ല എന്ന്‍ എഴുത്തുകാരി പറഞ്ഞുവെക്കുന്നു.
 
ഇരുളടഞ്ഞ തറവാട്ടു മുറികളിലെ ഏതോ മൂലകളില്‍ഒളിഞ്ഞിരിക്കുന്ന ഭീതിയുടെ സര്‍പ്പക്കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ പോലും കമലയെ നടുക്കുന്നു. “നൂറു കണക്കിന് പ്രാവുകളാണ് കമലയുടെ വീടിന്‍റെ മുകള്‍ത്തട്ടില്‍ താമസിക്കുന്നത്. കമലയും മക്കളും വന്നതിന് ശേഷം പ്രാവുകളുടെ കുറുകലില്‍ പോലും സങ്കടമുണ്ട്. അടക്കിപ്പിടിച്ച ഒരു വിഷാദത്തൂവല്‍ ഓരോ ചിറകടിയിലും താഴേക്ക് പൊഴിഞ്ഞു വീണു.. എന്നിട്ടും അവ വീടൊഴിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല. താഴെ വിഷാദം തീണ്ടിയ മനുഷ്യര്‍ ഉറങ്ങുന്നു. ശ്വസിക്കുന്നു. പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുന്നു. അവര്‍ നമ്മുടെ അതിഥികളാണ്. പ്രാവുകള്‍ പരസ്പരം പറഞ്ഞു.’
 
വായനക്കാരനിലേക്കും ഈ വിഷാദം പകരുന്നു സംഗീത സൃഷ്ടിക്കുന്ന പശ്ചാത്തലങ്ങള്‍. ആ പ്രാവുകളെപ്പോലെ സഹാനുഭൂതിയോടെ കമലയേയും മക്കളെയും ഷാലിയേയും നാം കൂടെ കൂട്ടുന്നു. വീടൊഴിഞ്ഞു പോകാന്‍ കൂട്ടാക്കാത്ത പ്രാവുകളായ് മാറുന്നു നമ്മളും. കമല ലഹരിയില്‍ നിന്നും രക്ഷപ്പെട്ടെങ്കില്‍, ഷാലി മടങ്ങി എത്തിയെങ്കില്‍, ശിവ ഒന്ന്‍ എഴുന്നേറ്റ് നടന്നെങ്കില്‍, ആദിയുടെ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞെങ്കില്‍ എന്നെല്ലാം ആശിച്ചുകൊണ്ട് കൂടെത്തന്നെ നില്‍ക്കുന്നു അനുവാചകന്‍.
 
എന്നാല്‍ ഒരു ഫെയറി ടെയിൽ പോലെ ‘ഹാപ്പിലി എവര്‍ ആഫ്റ്റര്‍’ ജീവിതം ആഘോഷിക്കാന്‍ ആസിഡിലെ കഥാപാത്രങ്ങള്‍ക്കാവുന്നില്ല. കാരണം ആസിഡ് നിസ്സഹായതയുടെ കണ്ണീരും ഉപ്പും പുളിയുമാണ്.
 
“കമലയുടെ തറവാടിന്‍റെ മേല്‍ക്കൂരയില്‍ നിന്നും പക്ഷിക്കണ്ണുകളിലൂടെ നോക്കിയാല്‍ മണ്ണില്‍ തലയോട്ടികള്‍ ചിരിച്ചുമറിഞ്ഞു കഥ പറയുന്നുണ്ട്.” മനുഷ്യന്‍റെ അഹന്തകള്‍ കത്തിതീരുന്ന ഇടങ്ങള്‍. അഹന്തകള്‍ തീവിഴുങ്ങിപ്പോകുമ്പോള്‍ മനുഷ്യന് തന്‍റെ നിസ്സാരത മനസ്സിലാക്കാതെ തരമില്ലല്ലോ.
 
മയക്കുമരുന്നിന്‍റെയും പ്രണയത്തിന്‍റെയും ലെസ്ബിയന്‍ രതിയുടെയും അങ്ങേയറ്റം വരെയുള്ള യാത്രയില്‍, പിന്‍വിളികള്‍ ഒന്നും കാതില്‍ വീഴാത്ത ദുരന്തയാത്രയില്‍, ഒരു വിഷാദഭരിത കാവ്യം പോലെ കമല നമ്മെ അസ്വസ്ഥമാക്കുന്നു. കമലയുടെ മക്കളെ നാം നെഞ്ചോടു ചേര്‍ക്കുന്നു. ലെസ്ബിയന്‍ അല്ലായിരുന്നിട്ടും കൂട്ടുകാരിക്കൊപ്പം കഴിയുന്ന ഷാലിയെ പോലും വായനയുടെ ഒരു ഘട്ടത്തിലും തള്ളിക്കളയാന്‍ അവുന്നില്ല. രണ്ടുമക്കളെയും ചേര്‍ത്തുപിടിച്ച് കിടന്ന്‍ അമ്മക്കിളി അവസാന നിദ്രയിലേക്ക് തണുക്കുമ്പോള്‍ ‘കമലേ, പോകരുതേ’ എന്നൊരു തേങ്ങല്‍ തൊണ്ടയില്‍ വിങ്ങുന്നത് നാം അറിയുന്നു. അമ്മയെ തണുക്കാന്‍ അനുവദിക്കാത്ത മക്കളുടെ ശരീരത്തിലെ ചൂടിനോടൊപ്പം സ്നേഹത്തിന്‍റെ ഇത്തിരിച്ചൂട് കമലക്കായ് വായനക്കാരനും കരുതി വെക്കും, നിശ്ചയം.
 
ആസിഡിന്‍റെ ആഖ്യാനശൈലി ഒരു ഹൈഡ് ആന്‍ഡ്‌ സീക്ക് കളിപോലെ തുടര്‍ച്ച എവിടെ എന്ന അന്വേഷണത്തിന്‍റെ രസം പകരുന്നുണ്ട്. ഋജുവായ സ്ഥലകാലങ്ങളിലൂടെ അല്ല കഥ വികസിക്കുന്നത്. ഭൂതവും വര്‍ത്താനവും കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന കഥനരീതിയാണ് ഇവിടെ കാണുന്നത്. മയക്കുമരുന്നിന്‍റെ ബാഡ്ട്രിപ്പില്‍ കമലയുടെ ഭ്രമാത്മക ചിന്തകള്‍ മാജിക്കല്‍ റിയലിസത്തിന്‍റെ സുന്ദരമായ ആവിഷ്കാരമാവുന്നു. പോണ്ടിച്ചേരിയിലെ വീണാപാണി ചൌളയുടെ നാടകക്കളരിയിലെ ആദിയുടെ ജീവിതം അപരിചിതമായ കലാലോകത്തേക്ക് വായനയെ എത്തിക്കുന്നു. പ്രകൃതിയും നാടകവും നൃത്തവും സംഗീതവും ചിത്രകലയും എല്ലാം നോവലില്‍ സാന്നിധ്യമാവുമ്പോള്‍ കുറേ നേരമെങ്കിലും കമലയുടെ ദുഖങ്ങളെ നാം മറന്നു പോവുന്നു.
 
എന്നാല്‍ ആദിയുടെ നാടുവിടല്‍ പോലെ ചില ഭാഗങ്ങളില്‍ കഥാവഴിയില്‍ അപ്രസക്തമായവ കൂടിച്ചേര്‍ന്ന്‍ സ്ഥൂലമാകുന്നുണ്ട് രചന. രാമച്ച കര്‍ട്ടനില്‍ നിന്ന്‍ തണുത്ത കാറ്റ് വന്ന്‍ മുഖത്തു തട്ടുമ്പോള്‍ ഉള്ള സുഖം പോലെ ഭാഷയുടെ ചാരുതയാണ് ഈ നോവലിന്‍റെ അഴക്‌. പ്രണയതീവ്രമായ നിമിഷങ്ങളിലും ശോകമൂകമായ വേളകളിലും സംഗീതയുടെ ഭാഷ വികാരങ്ങള്‍ക്ക് ഒപ്പം നടക്കുന്നു. നോവല്‍ വായിച്ചു തീര്‍ത്താലും വീണ്ടുമൊരിക്കല്‍ കൂടി വായിക്കാന്‍ തോന്നുന്നത് എവിടെയൊക്കെയോ വായിച്ചു മുഴുവനാക്കാത്ത വികാരങ്ങള്‍ ബാക്കിവെച്ചു പോരുന്നതുകൊണ്ടാണ്.
 
കമലയും ഷാലിയും കണ്ടുമുട്ടുന്ന യാത്രയില്‍ ചുറ്റമ്പലത്തിനു വെളിയിലെ രതിചിത്രങ്ങളുടെ നഗ്നത പേറുന്ന കരിങ്കല്‍ ബിംബങ്ങളെക്കുറിച്ച് രണ്ടാളും ഒരു സംവാദത്തില്‍ ഏര്‍പ്പെടുന്നുണ്ട്. “ഈ ബിംബങ്ങള്‍ മറച്ചു പിടിക്കുന്നത് ഒരു വലിയ പ്രകാശത്തെയാണ്‌. ചെറുവിരല്‍ കൊണ്ട് കണ്ണുകള്‍ അടച്ചാല്‍ തല്ക്കലത്തേക്കെങ്കിലും വലിയ ഈ ലോകം മുഴുവന്‍ കാഴ്ചയില്‍ നിന്നു മറയും. അതുപോലെ ചെറിയ മനസ്സ് മറച്ചു പിടിക്കുന്നത് വലിയ പ്രപഞ്ചത്തെയാണ്. അമ്പലം ഒരു പ്രതീകമാണ്. സ്വയം തിരിച്ചറിയാനുള്ള ഇടം. പുറം തോടുകള്‍ വെടിഞ്ഞ് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അവനെ പ്രേരിപ്പിക്കുന്ന ഇടം. അമ്പലത്തിന്‍റെ അകം മനസ്സിന്‍റെ ഉള്ളറയാണ്. ഭോഗങ്ങള്‍ക്ക് അതിരുവിട്ട പ്രാധാന്യം കൊടുക്കുന്ന മനുഷ്യന് ചുറ്റമ്പലത്തിലെ രതിബിംമ്പങ്ങളില്‍ ചുറ്റിക്കറങ്ങാനെ കഴിയൂ. അതൊരു പുറംപാളിയാണ്. ഞാന്‍ എന്ന ഭാവം ചുറ്റിക്കറങ്ങുന്ന വഴികള്‍. ഭോഗി അകത്തമ്പലത്തില്‍ ചെന്നാലും എന്നെ രക്ഷിക്കൂ രക്ഷിക്കൂ എന്ന്‍ കരഞ്ഞുകൊണ്ടിരിക്കും. ആര് ആരെ രക്ഷിക്കാന്‍? അകത്തിരിക്കുന്ന കരിങ്കല്‍ മൂര്‍ത്തിയോ? നിന്നെ രക്ഷിക്കാന്‍ നീയല്ലാതെ മറ്റൊരാള്‍ ഈ ഭൂമിയിലില്ല. നീ എത്രയൊക്കെ ദ്വൈതങ്ങളുടെ ആളാണെങ്കിലും അദ്വൈതം നിന്‍റെ ഉള്ളിലുണ്ട്. പൊരുളുകളുടെ പൊരുളായ എല്ലാ ജീവ ജാലങ്ങളുടെയും ചൈതന്യമായ പരബ്രഹ്മം.”
 
വിപണിയിലേക്കുളള ചൂണ്ടക്കുരുക്കായ ലെസ്ബിയന്‍ പ്രണയമെന്ന പുറം ചട്ടയിലെ വെളിപ്പെടുത്തല്‍ ഈ നോവലിന്‍റെ ഭൂമികയെ സങ്കുചിതമായ ഒരു തലത്തിലേക്ക് ഒതുക്കാന്‍ ശ്രമിക്കുകയാണ്.
 
ആസിഡിന്‍റെ പുറം കാഴ്ചകള്‍ക്ക് അപ്പുറത്തേക്ക് നോട്ടമെത്തിക്കാന്‍ കഴിയുന്ന വായനക്കാരന് സ്നേഹത്തിന്‍റെ അടിയൊഴുക്കുകളും നിസ്സഹായമായ മനുഷ്യാവസ്ഥകളുടെ പിടച്ചിലുകളും കണ്ടെത്താനാവും. ലഹരിജീവിതത്തിലേക്കും ആസക്തികളിലേക്കും വഴുതി വീണാല്‍ നഷ്ടമാകുന്ന ജീവിത വസന്തത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുകയാണ് ആസിഡ്. ചില്ലുപാളികള്‍ കൊണ്ട് തീര്‍ത്ത കൂട്ടില്‍ സ്വന്തം കുഞ്ഞുങ്ങളെ വീണുടയാതെ സൂക്ഷിക്കേണ്ട അമ്മ തന്നെ സ്വയം തകര്‍ന്നുടഞ്ഞു വീഴുകയാണ് ഇവിടെ. “കമലയുടെ ഓരോ തോല്‍വികളും മരങ്ങള്‍ക്കിടയില്‍ നിന്നും തുറസ്സുകളിലേക്കുളള പതനമായിരുന്നു.” കാടുപോലെ, തെളിനീരുറവ പോലെ സുന്ദരിയായിരുന്ന കമല ആസിഡിന്‍റെ ആക്രമണത്തില്‍ യവൗനത്തില്‍ തന്നെ പടുകിഴവിയായി രൂപാന്തരപ്പെടുകയാണ്. “ആരും കാണാതെ സ്വര്‍ഗത്തില്‍ നിന്നും ഞാന്‍ വഴുതിയിറങ്ങി വന്നത് നിന്‍റെ വാതിലിനു പിന്നില്‍ ഒളിച്ചുനില്‍ക്കാനാണ്.”
 
രണ്ടു വ്യത്യസ്ത ശൈലികള്‍ സംഗമിക്കുന്ന കഥ പറച്ചിലിളുടെ മൃദുലമായ കാവ്യഭാഷയും ചടുലമായ പുതുതലമുറ ഭാഷയും കൈകോര്‍ത്ത് പോകുന്ന രീതിയാണ് സംഗീത അവലംബിച്ചിരിക്കുന്നത്.
 
മെല്‍ക്വിയാഡിസിന്‍റെ പ്രളയ പുസ്തകം എന്ന കഥാ സമാഹാരം പ്രസിദ്ധീകരിച്ചു. പുഴഡോട്ട്കോം ചെറുകഥാ പുരസ്കാറാം, അബുദാബി അരങ്ങ്, ദോഹ സമന്വയം, ദോഹ സംസ്കൃതി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദോഹയില്‍ പബ്ലിക് ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനില്‍ ജോലി ചെയ്യുന്നു