വിഷവിത്ത്

ലോകം വിറയ്ക്കുന്നിന്നൊരു രോഗവിഷാണുവിൽ –
സർവ്വം പരിത്യജിച്ചടിയറവു പറയുന്നു.
അങ്ങ് വുഹാനിലെ തെരുവിൽ വിപത്തായ് –
മരണം വിതച്ചട്ടഹാസം മുഴക്കവെ,
ഊഴിയിലന്യോന്യം പൊരുതി മരിക്കുന്ന –
മാനുഷ ജൻമങ്ങൾക്കറുതി വരുത്താനോ?
ലോകം മുഴുവനും വ്യാപരിച്ചെത്തിയാ –
കുഞ്ഞു വിഷാണു, ഇന്നുള്ളം കരിക്കുന്നു..

ഭൂലോകമൊന്നാകെ കൈക്കുള്ളിലാക്കുവാൻ
വെമ്പിയ മർത്യൻ, ഭയക്കുന്നു മർത്യനെ.
ഒടുവിൽ സ്വഗേഹത്തിലഭയം പ്രാപിച്ചു കൊ –
ണ്ടകലങ്ങൾ തേടുന്നു, സഭയിൽ നിന്നന്യനായ്..

നിശ്ശബ്ദമുരുകുന്നു തെരുവുകൾ, ആദ്യമായ് –
ആളൊഴിഞ്ഞാരവങ്ങളകലുന്നു രാപ്പകൽ.
ആകാശപാതകൾ നിശ്ചലം, കൺമുന്നിൽ –
ആദൃശ്യമായ്ത്തീർന്നൂ ശകടങ്ങൾ ചുറ്റിലും.

ആണവായുധങ്ങളക്രമ രാഷ്ട്രങ്ങൾ –
സൂക്ഷ്മമീ അണുവിൻ്റെ മുന്നിൽ പകച്ചുപോയ്.
ദിനമെത്ര മരണം കുമിഞ്ഞു കൂടുന്നു, ഈ –
രോഗാണു നിർദ്ദയം ഞെട്ടറ്റു വീഴ്ത്തുന്നു.

മനുഷ്യൻ നിരാലംബനായ് ഗൃഹം പൂകുമ്പോൾ –
സ്വച്ഛന്ദരായ് ജീവജാലങ്ങൾ മേയുന്നു.
ഗർവ്വോടെ കയ്യടക്കിക്കൊണ്ട പ്രകൃതി തൻ –
പ്രതികാരമോ, മണ്ണിൻ പ്രതിഷേധ യുദ്ധമോ?

ഒരോർമ്മപ്പെടുത്തലായ് വീണ്ടും പ്രകൃതി –
പരീക്ഷിപ്പൂ, ക്ഷണികമാം ജീവിതം നിസ്തുലം.
പ്രാണഭയത്തോടെ ഓരോ ദിനങ്ങളും
എണ്ണുന്നു, മുന്നിൽ മഹാമാരിയുറയുന്നു.

കാറ്റും കരയും കടലും പുഴകളും –
അതിജീവനത്തിൻ്റെ സ്പന്ദനം തേടുന്നു..
ഭരണകൂടങ്ങളവിശ്രമം തോൾചേർന്ന് –
പൊരുതുന്നുണ്ടാതുര സേവകർക്കൊപ്പമായ്..

കണ്ണിമ ചിമ്മാതെ രാപ്പകലില്ലാതെ –
നാടിൻ്റെ രക്ഷയ്ക്കായ് ഓടി നടക്കുവോർ..
ചിന്തിച്ചു പോകുന്നു ഇവരല്ലോ ദൈവങ്ങൾ –
ആത്മരക്ഷ മറന്നെത്തും മാലാഖമാർ..

മനുഷ്യാ, നിൻ വിഷലിപ്തമായ മനസ്സിനെ –
മാറ്റിയെടുക്കാനവതരിച്ചൊരണു മുന്നിൽ..
മതമില്ല, മതിലില്ല, വർഗ്ഗീയ ഭ്രാന്തുകൾ –
ഒട്ടുമേ ഇല്ലാതെ തീർത്തും മനുജനായ്..

ഒത്തൊരുമിച്ച് പൊരുതിടാം കർശനം –
ഓരോ അമൂല്യമാം ജീവനും കാത്തിടാം.
മാതൃകയായിടാം ലോകചരിത്രത്തിൽ
മാനവരാശിതൻ ആത്മസമർപ്പണം.

ആനുകാലികങ്ങളിലുും നവമാധ്യമങ്ങളിലും എഴുതാറുണ്ട്. ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ഡാറ്റാ അനലിസ്റ്റ് . കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുന്നു. കണ്ണൂർ സ്വദേശിയാണ്.