വിരലുകളകലുന്ന വിധം

ഡാറ്റ കഴിഞ്ഞ് മുടിഞ്ഞിരിക്കവേ
കോൺടാക്റ്റ്സെടുത്ത് വെറുതെ
സ്ക്രോൾ ചെയ്തു നോക്കി,
സ്റ്റാറ്റസ് വ്യൂവേഴ്സിൽ മാത്രം
കണ്ടു പരിചയമുള്ള അനേകം മനുഷ്യർ
തിരിഞ്ഞും മറിഞ്ഞും നിൽക്കുന്നു.

‘സോളോ ലൈഫ്’ എന്ന് എബൗട്ടുള്ള
ഒരു കോളേജ് കൂട്ടുകാരന്റെ
പ്രൊഫൈലിലെന്റെ കണ്ണുടക്കി,
തനിച്ചിടക്കിടെ ട്രിപ്പടിക്കുന്നയവന്റെ
സ്റ്റാറ്റസ് ചിത്രങ്ങളെന്റെ
മനസ്സിൽ തെളിഞ്ഞു വന്നു.

മിനിഞ്ഞാന്ന് ഉരുൾ ജനിപ്പിച്ച
ഹൃത്തുടക്കുന്ന കഥകളിലവനെ
കണ്ടത് ഞാനോർത്തു,
വിധവയായ അമ്മയെയും
ഏകപെങ്ങളെയും
മണ്ണെടുത്ത വാർത്തയെന്റെ
തൊണ്ടക്ക് പിടിച്ചു,

ഞാനാ ഏബൗട്ട് വീണ്ടും നോക്കി
‘സോളോ ലൈഫ്’ നോടൊപ്പം
വിക്ടറിയെന്ന് രണ്ട് വിരലുകൾ
അകന്ന് നിൽക്കുന്നു.

മലപ്പുറം മഞ്ചേരി സ്വദേഷൈനി. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ആണ്