വാസ്തുഹാര

ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള കാലങ്ങളിൽ ബ്രഹ്മപുത്ര നിറഞ്ഞൊഴുകും. പുഴക്കരയിലെ താമസക്കാരെ മുഴുവൻ അഭയാർത്ഥികളാക്കുന്ന പ്രളയക്കാലമാണത്. അക്കാലത്ത് വീട് നഷ്ടപെട്ടവരിൽ ചിലരെയെല്ലാം സർക്കാർ ബംഗ്ലാദേശ് പൗരൻമാരായി മുദ്രകുത്തി. സ്വാതന്ത്ര്യത്തിനും മുമ്പേ നദീതീരത്ത് താമസമാക്കിയ പലരും തങ്ങളുടെ ഔദ്യോഗിക രേഖകൾ ബ്രഹ്മപുത്രയുടെ പ്രളയക്കാലങ്ങൾ അപഹരിച്ചത്കൊണ്ട്  മാത്രം ബംഗ്ലാദേശികളായി. 
അങ്ങനെയുള്ള നുജൂം മാലിക്ക്, അമ്മാ ജാൻ, താടി നീട്ടിവളർത്തിയ വൃദ്ധൻ പിന്നെയും ആരൊക്കയോ. അവർക്കെല്ലാം വേണ്ടി എന്നോണം സീതമ്മാൾ ചോദിക്കുന്നു ‘ഞങ്ങൾ തീവ്രവാദികളാണ് എന്ന നുണ നിരന്തരം ആവർത്തിക്കുന്നു. എല്ലാവരെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. എന്തിന്?’
അവളുടെ ചോദ്യങ്ങൾ എന്നോടല്ല മറ്റാരോടോ ആണ്. ഷിഫാ സക്തർ  എഴുതുന്നു വാസ്തുഹാര 

ണ്ണക്കറുപ്പുള്ള ഒരു ഇഴജന്തുവിനെ പോലെ തീവണ്ടി കുന്നുകൾക്കിടയിൽ മറയുന്നത് ഇവിടിരുന്നാൽ കാണാം. ഗുവാഹട്ടിയിലേക്കാവും. വടക്കോട്ടുള്ള വണ്ടി കാണുമ്പഴൊക്കെ ഇതേ തോന്നലാണ് മനസ്സിൽ. ഗാന്ധിജിയുടെ ചിത്രത്തിന് താഴെ ഇന്നലെ രാത്രി ഇരുന്നുറങ്ങിയ ചെറുപ്പക്കാരൻ ഇന്നും ഒരേ ഇരിപ്പാണ്. പാറിപ്പറക്കുന്ന തലമുടിയും തിളങ്ങുന്ന കണ്ണുകളുമുള്ള അയാളും തന്നെപ്പോലെ എത്തിച്ചേർന്നതാവും ഇവിടെ.

മറുനാട്ടിൽ നിന്ന് വരുന്നവരെല്ലാം ജോലി തേടി എത്തിയതാണ് എന്നത് ഒരു മിഥ്യാധാരണയാണ്. തന്നെ പോലെ സീതമ്മാളും ജോലിക്ക് വേണ്ടിയല്ലല്ലോ ഈ നഗരത്തിലെത്തിയത്. എന്തായാലും ഭയം തോന്നിക്കുന്ന ഒരു മൗനം ഈ ചെറുപ്പക്കാരനെ പൊതിഞ്ഞിരിപ്പുണ്ട്. നീണ്ടു മെലിഞ്ഞ ഒരു പോലീസുകാരൻ തിടുക്കത്തിൽ അകത്തെ മുറിയിലേക്ക് കയറിപ്പോയി. അധികം ആൾത്തിരക്കില്ലാത്തൊരു സ്റ്റേഷനാവും ഇത്. ഇന്നലെ ഉച്ചക്ക് ശേഷം വിരലിലെണ്ണാവുന്ന ആളുകളാണ് പരാതിയുമായി വന്നത്. ചിലപ്പോൾ അതിർത്തിയിലെ സ്റ്റേഷനുകളൊക്കെ ഇത് പോലെ തിരക്കൊഴിഞ്ഞവയായിരിക്കാം. പണ്ട് അബ്ബക്കൊപ്പം ബോങ്കൈഗാവിലെ സ്റ്റേഷനിൽ പോയതോർക്കുന്നു. ബ്രഹ്മപുത്രയുടെ തീരത്തെ വീട് പ്രളയത്തിൽ അപ്രത്യക്ഷമായതിൽ പിന്നെയായിരുന്നു അത്. ലിച്ചി മരങ്ങൾക്കു താഴെ പരമ്പുകളും പുല്ലുംകൊണ്ട് കെട്ടിയുണ്ടാക്കിയതാണ് വീട്. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള കാലങ്ങളിൽ ബ്രഹ്മപുത്ര നിറഞ്ഞൊഴുകും. പുഴക്കരയിലെ താമസക്കാരെ മുഴുവൻ അഭയാർത്ഥികളാക്കുന്ന പ്രളയക്കാലമാണത്. അക്കാലത്ത് വീട് നഷ്ടപെട്ടവരിൽ ചിലരെയെല്ലാം സർക്കാർ ബംഗ്ലാദേശ് പൗരൻമാരായി മുദ്രകുത്തി. സ്വാതന്ത്ര്യത്തിനും മുമ്പേ നദീതീരത്ത് താമസമാക്കിയ പലരും തങ്ങളുടെ ഔദ്യോഗിക രേഖകൾ ബ്രഹ്മപുത്രയുടെ പ്രളയക്കാലങ്ങൾ അപഹരിച്ചത്കൊണ്ട്  മാത്രം ബംഗ്ലാദേശികളായി. ദുരിതം വിതച്ച് കുലംകുത്തി ഒഴുകുന്ന നദിയിലെ ജലത്തിനൊപ്പം ആരെയും കാത്തു നിൽക്കാത്ത കാലവും ചിലപ്പോഴൊക്കെ ഗ്രാമീണരുടെ ജീവനും ഒഴുകിപ്പോയി. ഞാനല്പം നീങ്ങിയിരുന്ന

ശേഷം ചെറുപ്പക്കാരനോട് പേര്  ചോദിച്ചു.

ശബ്ദമിഷ്ടപെടാത്തൊരാളെ പോലെ അയാൾ മടിച്ചുകൊണ്ട് പേര് പറഞ്ഞു.

‘നുജൂം മാലിക്ക്’

ആ പേര് എനിക്കേറെ ഇഷ്ടമാണ്. പണ്ട് കൊക്ക്റജാറിലെ കലാപത്തിൽ കുത്തേറ്റ് മരിച്ച ചങ്ങാതിയുടെ പേരാണത്. മദ്രസ വിട്ട് വരുന്ന വഴിയിൽ ബോഡോകൾക്കിടയിൽ പെട്ടു പോവുകയായിരുന്നു അവൻ. പിന്നെയും പുറം ലോകമറിയാത്ത ഒറ്റപ്പെട്ട സംഭവങ്ങൾ എത്ര നടന്നു. അബ്ബാ ജാനെ പോലീസ് കൊണ്ട് പോയതിൽ പിന്നെ ഇത് വരെ തിരിച്ച് കിട്ടിയിട്ടില്ല. തന്റെ ഊഴത്തിന് കാത്തു നിൽക്കാതെ യാത്ര തിരിച്ചു. ഇനി ഗുവാഹത്തിയിലേക്ക് മടങ്ങാൻ സാധിക്കുമോ? അറിയില്ല.

വീട് നഷ്ടപെട്ടതിന് ശേഷം ഞങ്ങൾ ബോങ്കൈഗാവ് വിട്ട് കുറച്ച് കാലം കൊക്ക് റജാറിൽ അബ്ബയുടെ ഒരു ബന്ധുവിന്റെ കൂടെയായിരുന്നു താമസിച്ചിരുന്നത്. അക്കാലത്താണ് നുജൂമി നെ പരിചയപെടുന്നത്.

പ്രളയത്തിൽ ബ്രഹ്മപുത്രയിൽ രൂപം കൊണ്ട തുരുത്തുകളിലൊന്നിലേക്ക് താമസം മാറ്റുന്നത് വരെ ഞങ്ങൾ കൊക്ക്റജാറിൽ താമസം തുടർന്നു. തുരുത്തുകളിൽ ഞങ്ങൾ താമസം തുടങ്ങിയ ശേഷം പല കുടുംബങ്ങളും അവിടെ താമസമാരംഭിച്ചു. കലാപത്തിന്റെ നാളുകളിൽ ബ്രഹ്മപുത്രക്കും ബോഡോകൾക്കു മിടയിൽ കുടുങ്ങിയവർ തുരുത്തുകളിലഭയം തേടി.

അമ്മാ ജാൻ ഉണ്ടാക്കുന്ന തൈര് വള്ളത്തിൽ ചന്തയിൽ കൊണ്ട് പോയി വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് അബ്ബ അരിയും സാധനങ്ങളും വാങ്ങിയിരുന്നത്. മുത്തഛനെ പോലെ അബ്ബയും ജയിലിൽ കിടന്നിട്ടുണ്ട്. സ്വാതന്ത്ര്യ സമര കാലത്ത് മുത്തഛൻ വീടും കടുംബവുമുപേക്ഷിച്ച് ബംഗാളിലേക്ക് പോയി. ആസാമിലേതിനേക്കാൾ ബംഗാളിൽ സമരം ശക്തമായിരുന്നു. ഹോം റൂൾ ലീഗിൽ പ്രവർത്തിച്ചതാണ് രണ്ടര മാസത്തെ ജയിൽ ശിക്ഷക്ക് കാരണം. മീശ പിരിച്ച ഒരു പോലീസുകാരാൻ വീണ്ടും വന്ന് സീതമ്മാളെ കുറിച്ച് ചോദിച്ചു. ആദ്യമായി പോലീസ് മുറിയിൽ വരുന്നതും സീതമ്മാളെ അന്വേഷിച്ചായിരുന്നു.

സീതമ്മാളിന് അവളുടെ ഛായയായിരുന്നു. നദിയിൽ പ്രളയം തുടങ്ങുന്ന ഏപ്രിൽ മാസത്തിൽ വീടിന്റെ കോലായിലേക്ക് പുതുമണ്ണിന്റെ ഗന്ധത്തിനൊപ്പം മാമ്പഴ മഞ്ഞയുള്ള കവിൾത്തടങ്ങളിൽ മഴത്തുള്ളികളുമായി കയറി വന്ന പെൺകുട്ടി. മഴ തോർന്നപ്പോൾ യാത്ര പോലും പറയാതെ അവൾ പുറത്തെ മണൽപരപ്പിലേക്ക് ഇറങ്ങി നടന്നപ്പോൾ ഞാൻ മഴയിൽ കുതിർന്നു. തുരുത്തുകളിൽ നിന്ന് കായ്ക്കറി പറിച്ച് വള്ളത്തിൽ മടങ്ങുമ്പോൾ അവളുടെ വീടിനരികിൽ ഞാൻ വള്ളമടുപ്പിക്കും. ചിലപ്പോൾ കുട്ടയോടെ പച്ചക്കറികൾ അവൾക്ക് നൽകും. വിവാഹം കഴിഞ്ഞ് വരനോടൊപ്പം യാത്രയാവുമ്പോഴും അവളുടെ കവിളിന് മഞ്ഞനിറമായിരുന്നു.

‘വിളിക്കാമായിരുന്നില്ലേ ?’

അവൾ ചോദിച്ചു. മറുപടി യാന്ത്രികമായിപ്പോയി എന്ന് പിന്നീട് പല തവണ തോന്നിയിരുന്നു.

‘സ്വന്തമായി ജീവിതമില്ലാത്തവൻ മറ്റൊരാളെ ജിവിതത്തിലേക്ക് ക്ഷണിക്കുന്നതെങ്ങനെ?’

ഞാൻ താമസിക്കുന്നതിനടുത്താണ് സീതമ്മാളും താമസിച്ചിരുന്നത്. റെയിൽവേ പുറമ്പോക്കിൽ ചിതറിക്കിടക്കുന്ന പത്തോളം വീടുകൾക്കിടയിൽ ചാക്കു കൊണ്ട് മറച്ച ഒറ്റമുറി വീട്. രാമേശ്വരത്ത് തമിഴ്നാട് പോലീസിന്റെ ശല്ല്യം കാരണമാണ് അവൾ വീട് വിട്ടത്. ബിരുദത്തിന് പഠിക്കുമ്പോഴേ ഏതൊക്കെയോ സംഘടനയുമായി അവൾക്ക് ബന്ധമുണ്ടായിരുന്നു. ആ ബന്ധം ഇപ്പോഴും തുടരുന്നുണ്ടാവും. അല്ലെങ്കിൽ പോലീസിങ്ങനെ അന്വേഷിച്ചു വരുമോ?ആന്ധ്രയിലെ പോലീസും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല.

‘അപ്രഖ്യാപിത അടിയന്തിരാവസ്ഥ’ അങ്ങനെയാണ് സീതമ്മാൾ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.

‘എന്ത് കുറ്റം ചെയ്തിട്ടാണ് അവരെൻ പുരുഷനെ കൊണ്ട് പോയത്. ഞങ്ങൾ തീവ്രവാദികളാണ് എന്ന നുണ നിരന്തരം ആവർത്തിക്കുന്നു. എല്ലാവരെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. എന്തിന്?’

അവളുടെ ചോദ്യങ്ങൾ എന്നോടല്ല മറ്റാരോടോ ആണ്.

‘അവസാനമായി നീ എന്നാണവളെ കണ്ടത്?’

മുഴക്കം തോന്നിക്കുന്ന ശബ്ദത്തിൽ പോലീസ്കാരൻ ചോദിച്ചു.

അവസാനമായി കണ്ടത് രണ്ട് ദിവസം മുമ്പ് വിജയവാഡ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു. പരസ്പരം സംസാരിക്കാൻ കഴിയാത്തത്ര തിരക്കായിരുന്നു സ്റ്റേഷനിൽ.

‘നാളെ വീട്ടിലേക്ക് വരുമോ വൈകിട്ട്.’

എന്ന ചോദ്യത്തിന് ഊം എന്ന് തലയാട്ടി അപ്പോഴേക്കും തീവണ്ടി സൈറൺ മുഴക്കി. പിറ്റേന്ന് വൈകുന്നേരം ചെല്ലയ്യയാണ് പറഞ്ഞത് സീതമ്മാൾ ഊര്ക്ക് പോയീന്നു. സ്റ്റേഷനു മുകളിലെ ആസ്ബറ്റോസ് ഷീറ്റിൽ  മഴത്തുള്ളി വീഴാൻ തുടങ്ങി. പരമ്പു കൊണ്ട് മറച്ച മേൽക്കൂരയിൽ മഴക്കാല രാത്രികളിൽ തുള്ളി വീഴ്ചയുടെ പെരുമ്പറ ശബ്ദം കേൾക്കുമ്പോൾ അബ്ബാജാനൊപ്പം തുരുത്തിൽ മുള്ളങ്കി പറിക്കുന്നന്നതിനെ കുറിച്ചോർക്കും. തുരുത്തിലേക്കുള്ള തോണിയാത്രകൾ ഒരേ സമയം ആഹ്ളാദവും ഭീതിയും ഇടകലർത്തി. വളരെ കഷ്ടപെട്ടാണ് അബ്ബ ഞങ്ങളെ വളർത്തിയത്. നന്നായി പഠിച്ചിട്ടും പരീക്ഷയിൽ ജയിക്കാൻ കഴിയാത്ത വിദ്യാർത്ഥിയെ പോലെയായിരുന്നു അബ്ബ. കടുത്ത യാതനകളിലും മുറ്റത്തെ മണൽ പൂഴിയിൽ കാലുകളാണ്ടുപോയ കയറ്റു കട്ടിലിൽ ചത്ത മത്സ്യത്തെ പോലെ നിലാവു നോക്കി നീണ്ടു കിടക്കുന്ന അബ്ബാജാന്റെ മനസ്സിൽ നദിയുടെ അടിത്തട്ടിലെ ചെളി പോലെ പല തരം ചിന്തകളുടെ കുഴമറിച്ചിൽ ഞാൻ മനസ്സിലാക്കിയിരുന്നു. അമ്മാജാനുമൊത്ത് ഹോ ജാഗിരി കണ്ട്  കൂട്ടിലടച്ച തത്തയുമായി കയറി വന്ന അനിയനെ അബ്ബ ഏറെ ശകാരിച്ചു. പുറം ലോകവുമായി വലിയ ബന്ധങ്ങളില്ലാതെ തുരുത്തിൽ ജീവിക്കുമ്പോൾ കൂട്ടിലടക്കപ്പെട്ടു എന്ന തോന്നലാവാം അബ്ബയെക്കൊണ്ട് അങ്ങനെയൊക്കെ ചെയ്യിക്കുന്നത്.

പൊട്ടിപ്പോയ വല കണ്ണികൾ കൂട്ടിയോജിപ്പിച്ച് മീനുകളെ പിടികൂടാൻ എല്ലായ്പോഴും അബ്ബ തക്കം പാർത്തിരുന്നു. എങ്കിലും ബ്രഹ്മപുത്രയിൽ നിന്നുള്ള മീനുകളെ അബ്ബ ഒരിക്കലും വീട്ടിൽ കൊണ്ട് വന്നില്ല എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. പക്ഷേ പായൽ പച്ച നിറഞ്ഞ പള്ളിക്കുളത്തിലെ മത്സ്യങ്ങളെ മാത്രം അബ്ബ വീട്ടിൽ കൊണ്ട് വന്നു. കൊക് റജാറിൽ നിന്നുള്ള അതിഥികൾ വരുമ്പോൾ പള്ളിക്കുളത്തിലെ വളർത്തു മത്സ്യങ്ങൾ ഞങ്ങളുടെ വീട്ടിലെ പ്രധാന വിഭവമായി. മീൻ പിടിക്കാൻ പോയി വൈകുന്ന രാത്രികളിൽ റാന്തലിന്റെ ഇത്തിരി വെട്ടത്തിൽ പരാതികളേതുമില്ലാതെ അബ്ബയെ കാത്തിരിക്കുന്ന അമ്മാ ജാൻ ഒരു വല്ലാത്ത കാഴ്ചയാണ്.

പച്ചപ്പായലുകൾ നിറഞ്ഞ പള്ളിക്കുളത്തിൽ വീശി വല വെച്ച് മീൻപിടിക്കുന്ന അബ്ബാജാന്റെ വല കണ്ണികളിൽ കുരുങ്ങുന്ന മത്സ്യങ്ങളുടെ ജീവൻ പിടയുന്ന കാഴ്ചകൾ അസഹ്യമായപ്പോൾ അബ്ബാജാനൊപ്പമുള്ള മീൻപിടുത്തം ഞാനവസാനിപ്പിച്ചു. വളർത്തുന്നവന് കൊല്ലാനുള്ള അവകാശമുണ്ടോ എന്ന ആശങ്ക എന്നിൽ ശക്തമായ കാലമായിരുന്നു അത്. ഇപ്പോൾ ഓരോ വെള്ളിയാഴ്ചകളിലും ഏത് നിമിഷവും തെന്നി വീഴാവുന്ന പള്ളിക്കുളത്തിന്റെ കൽപടവുകളിൽ നിന്ന് ‘വുളു ‘ എടുക്കുമ്പോൾ കുളത്തിലെ പച്ചകലർന്ന വെള്ളത്തിൽ അബ്ബാജാനാൽ അപഹരിക്കപെടാൻ പോകുന്ന മീൻ ജീവനുകളിലേക്ക് അറിയാതെ കണ്ണുകൾ പായാൻ തുടങ്ങും. ബ്രഹ്മപുത്രയുടെ പ്രളയക്കാലങ്ങളിൽ വീടു നഷ്ടപ്പെട്ടവരുടെ അതേ നിസഹായത പള്ളിക്കുളത്തിലെ മീൻ കണ്ണുകളിൽ ഞാൻ പല തവണ കണ്ടു. ഗ്രാമോത്സവത്തിന്റെ നാളുകളിലെ വർണ്ണാഭമായ രാത്രികളിൽ ബ്രഹ്മപുത്രയുടെ കൈവഴികളിലൊന്നിന്റെ തീരത്ത് വഴിവാണിഭക്കാർ നിരത്തി വെച്ച വില കുറഞ്ഞ വസ്ത്രങ്ങളിൽ നിന്ന് ആ വർഷത്തെ പെരുന്നാൾ കോടി ഞാനും അനുജനും തിരഞ്ഞെടുത്തപ്പോൾ അകന്ന ബന്ധുവിന്റെ മരണം ഒരു കാരണമായി പറഞ്ഞ് അമ്മാ ജാൻ പെരുന്നാൾ കോടി നിരസിച്ചു. കൊടിയ ദാരിദ്ര്യത്തിൽ നിന്നും കുതറി മാറാനുള്ള ഒരു ശ്രമമായിരുന്നു അത്. കരിയിലകൾ വീണ് കിടക്കുന്ന മരച്ചോട്ടിലെ കച്ചവടക്കാരി പെൺകുട്ടി വെച്ചു നീട്ടിയ നീലയിൽ മഞ്ഞപുള്ളികളുള്ള വളകൾ ഒരിക്കലും വളയണിയാത്ത അമ്മാ ജാൻ വാങ്ങിയപ്പോൾ എനിക്ക് അത്ഭുതമായി. പെൺകുട്ടികളെ ഏറെ ഇഷ്ടപ്പെട്ട അമ്മാ ജാൻ തനിക്കൊരു പെൺകഞ്ഞ് പിറക്കാതെ പോയതിന്റെ നഷ്ടബോധത്താൽ വെറുതെ വാങ്ങിയതായിരിക്കാം ആ കുഞ്ഞു വളകൾ. പിന്നീട് കലാപത്തിന്റെ നാളുകളിൽ പെൺകുഞ്ഞ് പിറക്കാതെ പോയത് എത്ര നന്നായി എന്നാശ്വസിച്ചിട്ടുണ്ട് അമ്മാജാൻ. കലാപകാലത്ത് ചുറ്റുപാടുകളിൽ നിന്നുയർന്നു കേട്ട

സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളികളും പിന്നീട് അഭയാർത്ഥി ക്യാമ്പുകളായി വേഷപ്പകർച്ച നടത്തിയ സ്കൂൾ മുറികളിലെ രാത്രിയുറക്കങ്ങൾക്കിടയിൽ കേട്ട അടക്കിപിടിച്ച തേങ്ങലുകളും ജീവിതം ചിലപ്പോഴെല്ലാം പ്രളയക്കാലത്തെ ബ്രഹ്മപുത്രപോലെ പ്രക്ഷുബ്ധമാണ് എന്നെന്ന പഠിപ്പിച്ചു. രണ്ട് പോലീസുകാർ താടി നീട്ടിവളർത്തിയ ഒരു വൃദ്ധനെ എനിക്കും നുജൂമിനുമിടയിലേക്ക് വലിച്ചെറിഞ്ഞു. പഴന്തുണി നിറച്ച ചാക്കുകെട്ടുപോലെ അയാൾ ചുമരിന്റെ കോണിലേക്ക് തല്ലിയലച്ചു. അയാളുടെ ചുവന്ന കണ്ണുകൾ ദൈന്യതയോടെ ദയ യചിക്കുന്നതു പോലെ തോന്നിച്ചു. പോലീസുകാരിലൊരാൾ വൃദ്ധന്റെ  മുഖമടച്ച് ആഞ്ഞ് ചവിട്ടി. ബൂട്ട്സിട്ട കാലുകൊണ്ട് മുഖം ഞെരുക്കിയപ്പോൾ അയാൾ ഒന്ന് പിടഞ്ഞു. കണ്ണുനീരു കലർന്നചോര സിമൻറു തറയിലേക്കിറ്റു വീണു. വീണ്ടും പോലീസുകാരൻ ചവിട്ടാൻ കാലുയർത്തിയപ്പോൾ അയാൾ കിടന്ന് കൊണ്ട് മുഷ്ടികൾ ചുരുട്ടി മുദ്രാവാക്യം പോലെ എന്തൊക്കെയോ വിളിച്ച് പറഞ്ഞു. എല്ലാം കണ്ട് പകച്ച് നിൽക്കുകയാണ് എന്നെ പോലെ നുജൂമും.

രാത്രിയിൽ ഒരു പോലീസുകാരൻ വന്ന് നുജൂമിനെ അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. നുജൂം മടിച്ചപ്പോൾ അയാൾ ബലം പ്രയോഗിച്ചു. അല്പം കഴിഞ്ഞപ്പോൾ ഉച്ചത്തിലുള്ള നുജൂമിന്റെ കരച്ചിലു കേട്ടു. അടുത്ത ഊഴം തന്റേതായിരിക്കാം. കാര്യങ്ങൾ കൂടുതൽ കുഴപ്പങ്ങളിലേക്കാണ് ചെന്നെത്തുന്നതെന്ന് മനസു പറയുന്ന പോലെ.

തീവണ്ടിയുടെ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. നേരം വെളുക്കാൻ തുടങ്ങുന്നതേയുള്ളു. ഒരു പോലീസുകാരൻ വൃദ്ധനെ ലാത്തി കൊണ്ട് കുത്തി എഴുന്നേല്പിച്ചു. തന്നോട് എണീക്കാൻ ആംഗ്യം കാട്ടി. വരാന്തയിൽ നീരു വെച്ച മുഖവുമായി നുജൂമു മുണ്ടായിരുന്നു. പുറത്ത് ഇരുട്ട് മാഞ്ഞിരുന്നില്ല. നുജൂമിനെയാണാദ്യം ജീപ്പിൽ കയറ്റിയത്. എനിക്കൊട്ടും ഭയം തോന്നിയില്ല. നുജൂമിനടുത്തായി ഞാനിരുന്നു. വൃദ്ധനെ കയറ്റാൻ പോലീസുകാർക്ക് ബലം പ്രയോഗിക്കേണ്ടി വന്നു.

വെളിച്ചം പരക്കാൻ തുടങ്ങിയപ്പോൾ   ഞങ്ങൾ കാട്ടിലെത്തിയിരുന്നു. കുത്തിയും കുലുങ്ങിയും കല്ലിട്ട വഴിയിലൂടെ ജീപ്പ് മുരണ്ട് നീങ്ങി. റോഡിനു ചുറ്റും കാട്ടുമരങ്ങൾ വെളിച്ചത്തെ തടഞ്ഞു നിർത്താൻ പാടുപെടുന്നു വിജനമായ ഒരിടത്തെത്തിയപ്പോൾ വണ്ടി നിർത്തി. ഡോർ തുറന്ന് തന്ന പോലീസുകാരൻ രക്ഷപെട്ട് പോകാനെന്നവണ്ണം ഇറങ്ങി ഓടാൻ പറഞ്ഞു.

നുജൂമാണ് ആദ്യം ഇറങ്ങി ഓടിയത്. പിറകെ ഞാനും. വൃദ്ധനെ ഞങ്ങൾ തിരിഞ്ഞ് നോക്കിയില്ല. പുറത്ത് ദിക്കുകളെ പ്രകമ്പനം കൊള്ളിച്ച് ഒരു വെടി പൊട്ടി.

ആദ്യ പുസ്തകം 'രഫ്തര ഫ്ത ഒരു ഗസൽ മാത്രമല്ല' എന്ന കഥാസമാഹാരം. അദ്ധ്യാപക സംഘടനയായ കെ എച്ച് എസ് ടി യു നടത്തിയ പ്രഥമ ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. എടക്കര ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ സാമ്പത്തിക ശാസ്ത്രാദ്ധ്യാപകൻ. ആനുകാലികങ്ങളിൽ എഴുതുന്നു. മലപ്പുറം സ്വദേശി.