വാഖ്നയുടെ ആയിരത്തൊന്നു രാവുകൾ

പുറത്ത് പതിനാലാം രാവ്. ആ നിലവിൽ രാജകുമാരനും അരികെ കുതിരയും നിൽക്കുന്നു. എത്ര നേരമായ്‌ കാത്തിരിക്കുന്നു? എന്നിട്ടിതാ ഇപ്പോൾ….. പരിഭവം നടിച്ച് അവൾ കണ്ണടച്ചു കിടന്നു. ഉറക്കമുണർന്നെഴുന്നേറ്റപ്പോഴേക്കും രാജകുമാരനും കുതിരയും പോയിരുന്നു. ഇനിയും ആയിരത്തൊന്നു രാവുകൾ……!

ജനൽചില്ലിലെ പുരാതനമായ ദ്വാരം അവളെ നോക്കി അഭിവാദ്യം ചെയ്തു. ആ ജനലഴികൾ അവൾക്കെന്നും നൽകിയത് പുതിയ കാഴ്ചകളായിരുന്നു. സഹസ്രാബ്ദങ്ങൾക്കുമുന്നെയും ഇന്നലെയും ഇനിയൊരായിരത്തൊന്നു രാവുകൾക്കപ്പുറവും രാജകുമാരൻ തന്റെ കുതിരപ്പുറത്തു ആ ജനലഴികൾക്കു പിന്നിലെ നിലാവിലാണ് വന്നുനിൽക്കുക.

മുറ്റത്തേക്കുള്ള പടികളിറങ്ങുമ്പോൾ കൈയിൽ കരുതിയ ബിസ്‌ക്കറ്റ് അവൾ കൈസറിനിട്ടുകൊടുത്തു. രാവിലെ എന്നും അവളുണർന്നു വരുന്നതും കാത്ത് കൈസർ പടിയരികിൽ നിൽക്കും. അവളുടെ ചാരനിറമുള്ള കണ്ണുകളിൽ അപ്പോഴൊക്കയും അവൾക്കു പോലും അവ്യക്തമായി മാത്രം ഓർക്കാൻ കഴിയുന്ന ഭൂതകാലം തെളിഞ്ഞു നിൽക്കും.


ചുവന്ന തെരുവ് സന്ധ്യയോടെ സജീവമായി. വേശ്യകളും ഇടനിലക്കാരും ആവശ്യക്കാരുമായി അവിടം നിറഞ്ഞു. പച്ചമാംസത്തിനുള്ള വിലപേശലുകൾ തകൃതിയായി നടന്നു. ചിലർ കച്ചവടമുറപ്പിച്ചകത്തേക്ക് കടന്നു. ആവശ്യം കഴിഞ്ഞപ്പോൾ പറഞ്ഞ തുക തരാതെ മുങ്ങിയവനെ തെറി വിളിക്കുന്നതിന്റെയും ശപിക്കുന്നതിന്റെയും ഇടനിലക്കാരുമായി തമ്മിലടിക്കുന്നതിന്റെയും ശബ്ദം അവിടമാകെ.

അത്തറുകളുടെ രൂക്ഷമായ ഗന്ധവും ചുണ്ടിൽ കനത്തിലിട്ട ലിപ്സ്റ്റിക്കും അവൾക്കാലോസരമായി തോന്നി. തന്റെ അടുത്തേക്ക് ആരും വരാതിരിക്കാൻ നിറകണ്ണുകളിൽ പ്രാർത്ഥനയുമായിരിക്കുന്ന അവളെ നമുക്ക് വാഖ്ന എന്നുവിളിക്കാം. ഒരു ഗുജറാത്തി പെണ്ണ്. അവളവിടെ എത്തിയിട്ട് ഇന്നേക്ക് രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രം. ഈ ദിവസങ്ങൾക്കുള്ളിൽ തന്റെ ശരീരത്തിനുമുകളിൽ പുഴുക്കളെ പോലെ അരിച്ചിറങ്ങിയ കൈകളെ ഓർത്ത് അവൾക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി. പട്ടുസാരിയിൽ പൊതിഞ്ഞ കുബേർക്കുഞ്ചി പോലെ ഭൂവനേശ്വരി ദേവി സർവ്വാഭരണ വിഭൂഷിതയായി അവളുടെ അടുത്തേക്ക് ചെന്നു. മുടികുത്തിപ്പിടിച് കട്ടിലിൽ നിന്നെഴുന്നേൽപ്പിച്ചു.

“അരീ ഭാണ്ഡ്, ഉഡോ… നിന്റെ ആരാ ചത്തത്. ഒരുത്തനെ കിട്ടിയിട്ടുണ്ട്.. ബഡാ പാർട്ടിയ. ഇനി മോങ്ങിക്കൊണ്ടിരുന്നു എല്ലാം നശിപ്പിച്ചാൽ പച്ചവെള്ളം തരില്ല നിനക്ക്.” അവൾ ആ സ്ത്രീക്ക് മുന്നിൽ പേടിച്ചു നിന്നു. ഒരുങ്ങിയിരിക്കാൻ പറഞ്ഞ് അവർ പുറത്തേക്കിറങ്ങി. അല്പസമയത്തിനുള്ളിൽ കുടിച്ചു ലക്കുകെട്ട ഒരുവൻ മുറിയിലേക്ക് കയറി.

“അരെ മേരാ ഹൂർ , ആപ്ക ന്യാം ക്യാഹേ? ” വലത് കൈയിലെ കുപ്പി വീഴാതെ പിടിച്ച് ഇടതു കൈകൊണ്ട് അയാൾ അവളുടെ മുടിയിൽ പിടിച്ചു. വേദന കൊണ്ടവൾ കരഞ്ഞപ്പോൾ ബൂട്ടിട്ട കാലുകൊണ്ട് ചോരത്തുടിപ്പ് മാറാത്ത അവളുടെ കാലുകളിൽ ചവിട്ടി. അവളുടെ പുളച്ചിൽ കണ്ട് അയാൾ ആർത്തട്ടഹസിച്ചു
അയാളവളെ കിടക്കയിലേക്ക് തള്ളിയിട്ടപ്പോൾ തന്നെ ഇവിടെ കൊണ്ടുവന്നു വിറ്റ അമ്മാവന്റെ അതേ പ്രായമാണ് അയാൾക്ക് എന്നവൾ വെറുപ്പോടെ ഓർത്തു.

രാവിലെ, വലിച്ചെറിഞ്ഞ ഗർഭനിരോധന ഉറകൾക്കും ഉണങ്ങിയ മുല്ലമാലകൾക്കും മുകളിൽ മഞ്ഞുവീഴുമ്പോൾ അവൾ മുറിയിൽ പ്രജ്ഞയറ്റുറങ്ങുകയായിരുന്നു. വിരസമായ പകലുകളും വേദനിപ്പിക്കുന്ന രാവുകളും പലതും കടന്നുപോയി. ഒരിക്കൽ അവളെ തേടിയെത്തിയത് ഒരു എഴുത്തുകാരനായിരുന്നു. കാഷായ വസ്ത്രവും തുകൽ സഞ്ചിയും ധരിച്ച് അയാൾ അകത്തേക്ക് കടന്നപ്പോൾ വാഖ്ന അറിയാതെ എഴുന്നേറ്റു. അയാളിൽ അവൾ ഒരു രക്ഷകനെ തിരയുകയായിരുന്നു. വന്നയുടനെ അയാൾ ഒരു കസേരയിൽ ഇരുന്നു. അവളോട് അവിടെ ഇരിക്കാൻ ആംഗ്യം കാട്ടി. മദ്യപാനം അയാളുടെ കണ്ണുകളെ ചുവപ്പിച്ചിരുന്നു. അവളെ ഭയം വല്ലാതെ വേട്ടയാടി.

“മലയാളം മാലൂം ഹെന?” അയാൾ വഴങ്ങാത്ത നാവിനെ വരുതിയിലാക്കിക്കൊണ്ട് ചോദിച്ചു.

“തോഡാ മാലൂം “

“എന്നാൽ നമുക്ക് സംസാരിക്കാം”

അവൾ അമ്പരപ്പോടെ അയാളെ നോക്കി.

“നിന്റെ ഈ ഒരു ദിവസം മുഴുവൻ എന്റേതാ. അതിന് ആ തള്ള എന്റെ കൈയിൽ ആകെ ഉണ്ടായിരുന്ന അയ്യായിരം രൂപയാണ് തട്ടിയെടുത്തത് ” അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“എന്താ നിന്റെ പേര്?”

“വാഖ്ന “

“ഓഹ് വാഖ്ന… സംസാരിക്കുന്നവൾ… നീ എന്താ ഇതുവരെ സംസാരിച്ചിട്ടുള്ളത്, സമൂഹത്തിനുവേണ്ടി..? നിനക്ക് വേണ്ടി..? നിന്റെ ഈ അവസ്ഥയ്‌ക്കെതിരെ..? എവിടെ ” അയാൾ ഒരു സിഗരറ്റ് കത്തിച്ചുവലിച്ചു.

അസഹിനീയമായ അതിന്റ മണം അവളെ അലോസരപ്പെടുത്തി. അത് അയാൾ ശ്രദ്ധിച്ചു.

“പുകവലിക്കരുതെന്നെങ്കിലും നീ നിനക്ക് വേണ്ടി പറഞ്ഞിട്ടുണ്ടോ..”

അവൾ അടക്കാനാവാതെ കരഞ്ഞുപോയി.

“കുട്ടി പറയാനുള്ളത് പറയുക തന്നെ വേണം… ആയിരത്തൊന്നു രാവുകളിലെ ഷഹർഷദയുടെ മുന്നിലൊരു വാളുണ്ട്. കഥ കേൾക്കുന്ന സുൽത്താന്റെ കൈയകലത്താണത്. സുൽത്താനൊരു ഇഷ്ടക്കേട് വന്നാൽ ആ വാൾ ഷഹർഷദയുടെ കഴുത്തിൽ പതിക്കും. എന്നിട്ടും അവൾ കഥ പറഞ്ഞുകൊണ്ടിരുന്നു.”

ആ രാത്രിയിലുടനീളം അയാൾ പരസ്പര ബന്ധമില്ലാതെ എന്തല്ലാമോ പറഞ്ഞു. എപ്പോഴോ അവൾ ഉറങ്ങിപ്പോയിരുന്നു. രാവിലെ ഉണർന്നപ്പോൾ അയാളിരുന്നിടത്തു ‘ആയിരത്തൊന്നു രാവുകൾ ‘ ആണ് അവൾ കണ്ടത്. പിന്നീട് പലപ്പോഴും അയാളവിടെ വന്നു. അയാൾക്കൊരുപാട് സംസാരിക്കാനുണ്ടായിരുന്നു. രാത്രിയിൽ അവൾ ഉറങ്ങിക്കഴിഞ്ഞാൽ അവളുണരുമ്പോൾ കാണുന്നിടത്തായി ഓരോ പുസ്തകം വെച്ച് അയാൾ പോയി. വേദനകൾ കടിച്ചിറക്കാൻ അവൾ വായിച്ചു തുടങ്ങി. അവളുടെ തകരപ്പെട്ടിയിൽ അവൾ ആ പുസ്തകങ്ങൾ സൂക്ഷിച്ചു. അവളുടെ കണ്ണീർച്ചാൽ വറ്റി, അവൾ ചുവന്ന തെരുവിൽ ആത്മാർഥമായി പുഞ്ചിരിക്കാൻ കഴിയുന്ന ആദ്യത്തെ പെണ്ണായി. അവളുടെ മുഖത്തെ മായാത്ത പുഞ്ചിരി എല്ലാവർക്കും അത്ഭുതമായിരുന്നു. ഭൂവനേശ്വരി ദേവി അവളെ സദാ ചീത്തപറഞ്ഞു. അവർ എവിടെക്കെങ്കിലും പോകുമ്പോൾ അവൾക്ക് കാവലിനാളെയിരുത്തി. രാത്രിയിൽ ഏതെങ്കിലും നിമിഷകാമുകനോട് അവൾ സംസാരിക്കുന്നത് പരിഭ്രമത്തോടെ വന്നെത്തിനോക്കുന്ന ഭൂവനേശ്വരി ദേവിയുടെ കണ്ണുകൾ അവളെ കൂടുതൽ സന്തോഷിപ്പിച്ചു. അവൾക്ക് വിശപ്പും ദാഹവും ഇല്ലാതായി. അവൾ ഭ്രാന്തമായി വായിച്ചു, ഭ്രാന്തമായി ചിന്തിച്ചു, ഭ്രാന്തമായി പൊട്ടിച്ചിരിച്ചു. സൗമ്യതയോടെ സ്വപ്‌നങ്ങൾ കാണുകയും എന്തിനോവേണ്ടി വിശക്കുകയും ചെയ്തു. വാഖ്ന സംസാരിച്ചു തുടങ്ങി. അവൾക് പലരോടും പലതും പറയാനുണ്ടായിരുന്നു.

ദിവസങ്ങൾ പറന്നുപോയി. ഒരു രാത്രിയിൽ അയാൾ ഓടിക്കിതച്ച് അവൾക്കരികിലെത്തി. അവൾ സന്തോഷം കൊണ്ട് സ്വയം മറന്നു. പക്ഷെ പെട്ടന്ന് തന്നെ അയാളുടെ കണ്ണിലെ ഭീതി അവൾ തിരിച്ചറിഞ്ഞു. അയാളുടെ വസ്ത്രം വിയർത്തൊട്ടിയിരുന്നു.

“വാഖ്ന, ഞാൻ പോവുകയാണ് എന്നന്നേക്കുമായി. നാളത്തെ സൂര്യോദയം കാണാൻ ഞാൻ ഉണ്ടാവില്ല. സംസാരിക്കുന്നവരുടെ തലയറുക്കനാണ് ലോകത്തിനിഷ്ടം.” ബാഗിൽ നിന്ന് മീരയുടെ ആരാച്ചാറിന്റ കോപ്പിയെടുത്തു അവൾക്കു നേരെ നീട്ടുമ്പോൾ അയാൾ അവളോട് മന്ത്രിച്ചു…,

“ലോകം നിനക്കെന്തു തന്നുവോ അതു നീ തിരിച്ചു കൊടുക്കണം” അയാളവളെ ആദ്യമായി ചുംബിച്ചു. അപ്പോൾ അയാൾക്ക് മരണത്തിന്റെ മണമായിരുന്നു. അതിഷ്ടമല്ലെന്നു പറയാൻ അവൾ തലയുയർത്തി. അന്നാദ്യമായി അയാളുടെ കണ്ണുകൾക്ക് ചാരനിറമാണെന്നവൾ തിരിച്ചറിഞ്ഞു. ഒന്നും പറയാതെ വാഖ്ന അയാളുടെ ചൂട് പറ്റിക്കിടന്നു.

കാലങ്ങൾ കടന്നുപോയി. വർഗീയവാദികൾ വെടിവച്ചു കൊന്ന എഴുത്തുകാരന്റെ വാർത്ത മാധ്യമങ്ങളും ജനങ്ങളും മറന്നുകഴിഞ്ഞിരുന്നു. അപ്പോൾ വാഖ്ന അവളുടെ മകൾക്ക് ആയിരത്തൊന്നു രാവുകളിലെ കഥകൾ പറഞ്ഞുകൊടുക്കുകയായിരുന്നു. മകളുടെ വളർച്ച വാഖ്‌നയെ പേടിപ്പിച്ചു. ഒരു ദിവസം രാത്രി കിഴവിഭൂവനേശ്വരി ദേവി ഒരെണ്പതു വയസ്സുകാരനെ സൽക്കരിക്കുന്നത് വാഖ്ന കണ്ടു. ആ ധനികൻ തന്റെ അമ്മാവനാണെന്ന് അവൾ പെട്ടന്ന് തിരിച്ചറിഞ്ഞു. ഒരിക്കൽ മുഷിഞ്ഞ കൈലിയും ബനിയനുമിട്ട് തന്നെ ലക്ഷങ്ങൾക്ക് വേണ്ടി വിറ്റ ആ മനുഷ്യൻ ഇന്നൊരു പ്രമാണിയാണ്. അവളുടെ മനസ്സിൽ പകയെരിഞ്ഞു . അവരുടെ സംസാരം ശ്രദ്ധിച്ച് വാഖ്ന അവിടെ തന്നെ നിന്നു. വൈകാതെ തന്റെ മകളും വഞ്ചിക്കപ്പെടാൻ പോകുന്നു എന്നവൾ തിരിച്ചറിഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ അവൾ പരിഭ്രമിച്ചു.

“ലോകം നിനക്കെന്തു തന്നോ അത് നീ തിരിച്ചു കൊടുക്കണം ” ആ വാക്കുകൾ അവളെ ഉണർത്തി. വാഖ്ന മകളുടെ അടുത്തേക്ക് ചെന്നു. ആ പത്തുവയസുകാരിയോട് അവൾ ആദ്യമായി തന്റെ കഥ പറഞ്ഞു.

ആ കുട്ടിക്ക് ഒന്നും മനസിലായില്ല. ‘ആയിരത്തൊന്നു രാവുകൾ’ അവളുടെ കൈയിൽ കൊടുക്കുമ്പോൾ അവൾ മകളോട് പറഞ്ഞു “അച്ഛനാണിത് “

അപ്പോഴേക്കും വാതിൽ തുറന്ന് അയാൾ അകത്തേക്ക് കയറി. കട്ടിലിനടിയിൽ കരുതിയിരുന്ന വെട്ടുകത്തി വാഖ്ന അയാൾക്കെതിരെ വീശി. ഒന്നും നോക്കാതെ ഓടി രക്ഷപ്പെടാൻ അവൾ മകളോട് ആക്രോശിച്ചു. മകളെ തടഞ്ഞു വെച്ച ഭൂവനേശ്വരി ദേവിയെ അവൾ തുണ്ടംതുണ്ടമായി വെട്ടി. അപ്പോഴൊക്കെയും അവൾ മകളോട് രക്ഷപ്പെടാൻ പറഞ്ഞുകൊണ്ടിരുന്നു. ബോധം നശിച്ചവളെപ്പോലെ മകളത് കേട്ടുനിൽക്കുക മാത്രം ചെയ്തു. പുറകിൽ നിന്ന് അമ്മാവന്റെ കത്തിക്കിരയായപ്പോൾ വാഖ്ന ഉറക്കെ നിലവിളിച്ചു. അമ്മയുടെ രക്തം തെറിച്ച് മകൾ ഉറക്കത്തിൽ നിന്നെന്നപോലെ ഉണർന്നു. അവൾ ആ വീടുവിട്ടോടി. ചുവന്ന തെരുവിന്റെ മതിലുകളും കവാടങ്ങളും പിന്നിട്ട് അവൾ ഓടിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു വീടിനു മുന്നിൽ ബോധമറ്റുവീഴുമ്പോൾ, അവളുടെ കൈകളിൽ മുറുകെ പിടിച്ച ആയിരത്തൊന്നു രാവുകൾ ഉണ്ടായിരുന്നു.


അമ്മയുടെ രക്തത്തിന്റെ മണമുള്ള പുസ്തകം മറിച്ചുകൊണ്ട് അവൾ പുൽത്തകിടിയിൽ അങ്ങനെ ഇരുന്നു. മറ്റുകുട്ടികളൊക്കെ കളിക്കുകയായിരുന്നു. അവൾ അമ്മ പറഞ്ഞ കഥകളോർത്തുകൊണ്ട് താളുകൾ മറിച്ചുകൊണ്ടിരുന്നു. അപ്പോൾ അവളുടെ മുടിയിഴകളെ തഴുകിപ്പോയ കാറ്റിന് അമ്മ പറഞ്ഞുകേട്ട അച്ഛന്റെ മരണത്തിന്റെ മണമുള്ളതായി അവൾക്കു തോന്നി. പേജുകൾക്കിടയിൽ നിന്ന് പൊടുന്നനെ ആ കുതിര പുറത്തേക്കു ചാടി. കടിഞ്ഞാൺ പിടിച്ചുകൊണ്ടു രാജകുമാരനുമുണ്ടായിരുന്നു നിയമങ്ങളൊക്കെ തെറ്റിച്ചുകൊണ്ട് രാജകുമാരനിതാ അവൾക്കുമുന്നിൽ.

അവളുടെ ചാരനിറമുള്ള കണ്ണുകൾ പതുക്കെ നിറഞ്ഞു തുടങ്ങി. അവൾ രാജകുമാരന്റെ അടുത്തേക്ക് നീങ്ങി. ആ തണുത്ത ശരീരം അവനേറ്റു വാങ്ങി. കുതിരപ്പുറത്തുകയറി ചീറിപ്പാഞ്ഞു. മലകളും കുന്നുകളും മന്വന്തരങ്ങളും ഋതുക്കളും വസന്തവും കടന്ന് ആ കുതിര ചീറിപ്പാഞ്ഞു.

അടഞ്ഞു കിടന്ന ‘ആയിരത്തൊന്നു രാവുകൾ’ പൊട്ടിയ ജനലഴിക്കിടയിൽ രണ്ട് ചാരനിറമുള്ള കണ്ണുകൾ തിരഞ്ഞുകൊണ്ടിരുന്നു.

കണ്ണൂർ ജില്ലയിലെ, തൊടീക്കളം, കണ്ണവം സ്വദേശി. കേരള സെൻട്രൽ യൂണിവേഴ്സിറ്റി ഒന്നാം വർഷ മലയാളം ബിരുദാനന്തരബിരുദ വിദ്യാർത്ഥിനി. കഥകളും കവിതകളും എഴുതുന്നു.