വാക്കിന്റെ പൊരുൾ

വാക്കാണഗ്നി ഹിമം ഉദയം ഇരവ്
വാഴ്ത്തു പാട്ടുകൾ സ്മൃതികൾ ജതികൾ
ജ്ഞാനവും പൊരുളും വെളിച്ചവും നീ
ഉദയമാണ് നിന്നുണർത്തു പാട്ട്
ഇരുളും വെളിച്ചവും നിൻ കുഞ്ഞുങ്ങൾ
വാക്കാലമൃതം അഭയം
അജ്ഞർതന്നപാര ശാന്തി
വാക്കേ വരിക നിൻ നിഗൂഢമാം
മൃതസഞ്ജീവനിയേന്തി.

ജ്ഞാനികൾ നിന്നിലേറി കുതിപ്പൂ
പ്രപഞ്ച ജ്ഞാനം നിറക്കാൻ.
പേരുകൾ പലതെന്നാകിലും
ജ്ഞാനമെന്ന ഔഷധ-
മേന്തി അജയ്യരായവർ
വിനയർ വിശാലർ വിമലർ.
വാക്കാലറിവിൻ കുടം നിറച്ചവർ
നിരാസക്തനായ് നിർമ്മലനായ്
നവീകരിക്കപ്പെട്ടവനാത്മം
നിറഞ്ഞു മുമുക്ഷുരായി.

വാക്കേ തുടരുക നിൻജൈത്രയാത്ര
പാർത്ഥനിവൻ പരംപൊരുളാർജിച്ച ഭാരതഭൂവിൽ
നിറയ്ക്കുക നിത്യവിസ്മയങ്ങൾ
തൻ അപാരതേജസ്.

വാക്കാലൊഴിഞ്ഞുപോമന്ധകാരമീ
വാക്കാൽ നിറയുമന്ധകാരം
അല്പജ്ഞാനികളിവർ
വാക്കിൻ വിത്തെറിഞ്ഞു
നൂറുമേനി കൊയ്തെടുക്കുമീ
കെട്ടകാലം.
വാക്കേ മടങ്ങുക
ഗർഭപാത്രത്തിന്നനന്തതയിൽ .

പാതയോരത്തിന്നരികിൽ
മരണമേറിയ വാക്കിൻ കുഞ്ഞുങ്ങ –
ളിവർ സത്യമെന്ന പേരുകാർ.
വായ്ക്കരിയിട്ടു കരയുന്നത-
പൂർണർ രണ്ടുപേർ
അതിന്നപദാനമോതി.
തിരസ്കൃതരിവരഭയാർത്ഥികൾ
പാണൻ പാട്ടിലെ ധീരർ ചാവേറുകൾ
ഉണ്മയാലങ്കം ജയിക്കാനുറച്ചവർ.

ദൂരെയാ തരുവിൻ മറവിലാമായ-
ക്കാഴ്ച പോലതി സുന്ദരം
വേഷങ്ങൾ ഭൂഷകൾ ചായങ്ങ-
ളൊന്നിച്ചു തീക്ഷ്ണ സൗന്ദര്യരൂപി-
കളിവർ വാക്കിൻ കുഞ്ഞുങ്ങ-
ളസത്യമെന്ന പേരുകാർ.

പിൻവെട്ടിയങ്കം ജയിപ്പവരിവർ
അവനിയിൽ അതിമോദമോടെ വാണിടുന്നു.

വഴിവാണിഭക്കാർ വണിക്കുകൾ
ന്യായാധിപർ ചരിത്ര സൂക്ഷിപ്പുകാർ
മന്ത്രിതന്ത്രിമാർ പൗരോഹിത്യ മേലാളന്മാരൊക്കെയു-
മീ വാക്കിന്നകമ്പടിക്കാർ.

വാക്കേ ഉണർത്തുക നിന്നുണ്മയാലീ
മായക്കാഴ്ചയിലുലയുമീ മാനവരേ.

കണ്ണൂർ കീഴറ സ്വദേശി. ഖത്തറിൽ മലയാള അദ്ധ്യാപിക. സമൂഹ മാധ്യമങ്ങളിലും സൗഹൃദ വേദികളിലും എഴുതുന്നു.