വാക്കടയാളങ്ങൾ

എനിക്കത്രയും പ്രിയപ്പെട്ട
കാടനക്കങ്ങളിൽ
ചുമ്മാ നടക്കാൻ,

ഇലമെത്തകളിൽ
ഉറുമ്പനക്കം കാണാൻ ,
ചിതൽ തുരുത്തുകളിൽ
കൈചേർത്തിരിക്കാൻ

മുള കിലുക്കങ്ങളിൽ,
പാറയൊഴുക്കുകളിൽ ,
കാൽ നനച്ചിരിക്കാൻ
വിരിക്കാത്ത ദൂരത്തിനപ്പുറം
നീ വന്നില്ല .

ഇരുളായിരുന്നിട്ടും
കൂരിരുളിനെ പ്രണയിച്ച
കൂറ്റാക്കൂറ്റിരുട്ടിനോട്
നീ പറഞ്ഞതാകട്ടെ
വെളിച്ചമില്ലായ്മയുടെ കഥയും .
നീയോളം നിവരുന്ന
തീരമില്ലെന്ന
മുദ്രകുത്തലിലാണ്
നീയെന്നെ ഒടിച്ചുകുത്തിയത്.
നീ നാട്ടിയ കൊടികളിലെല്ലാം
ചുളിവു കുടഞ്ഞ വിഴുപ്പു മണവുമായിരുന്നു.

നീയണിയാത്ത
നേരത്തിനൊക്കെയും
മഞ്ഞളുരഞ്ഞ കറപ്പാടുണ്ടെന്ന
വിഷമിറക്കലിലാണ്
നീയെന്നെ തളച്ചിട്ടതും

ചേർത്തു വയ്ക്കലുകളെ
വെറും വാക്കിലടയാളമായി
തീർക്കാൻ മാത്രമാണല്ലോ
നീ എന്നെ
എന്നിൽ നിന്നും പറിച്ചെടുത്തതും.

കോളേജ് അധ്യാപിക. എറണാകുളം സ്വദേശിനി. ആനുകാലികങ്ങളിലും ഓൺലൈൻ മാസികകളിലും കവിതകൾ എഴുതുന്നു.