വഴിത്താരയിൽ ഓർമ്മകൾ തേടി

റിട്ടയറായതിൽ പിന്നെ,
പോസ്റ്റുമാൻ
തോളിലൊരു ബാഗും തൂക്കി,
കനംവെച്ച മൗനവും പേറി
പഴയ ആ ഗല്ലിയിലൂടെ
നടന്ന്,
കെട്ടിടങ്ങളോരോന്നിലും
കയറിയിറങ്ങുന്നു;
മുമ്പത്തെ പോലെ
യൂണിഫോമില്ലെന്നു മാത്രം.

ഇയാൾക്കിതെന്തുപറ്റിയെന്ന്
ആരോ ചോദിച്ചു.
പിരിഞ്ഞതിൽപ്പിന്നെ
ഒന്നും ചെയ്യാനില്ലാതെ
മനസ്സിളകിയതാണെന്ന്
ആക്രിക്കടക്കാരൻ മാമ.

ചിട്ട മുറിഞ്ഞ
ഒറ്റമുറി ജീവിതത്തിന്റെ
അടയാളം കണ്ടില്ലേ,
അയാളുടെ
കോലം നോക്കൂ -എന്നും..

അതിൽപ്പിന്നെ,
അയാളെ കാണുമ്പോഴൊക്കെ
അവരുടെ കണ്ണുകളിൽ
ദയയുടെ നനവ്..

ഓരോ വാതിലിലും മുട്ടി,
കണ്ണുകൊണ്ടാരെയോ പരതി,
ഒരു വാക്കും മിണ്ടാതെ,
നിരാശയോടെ
അയാൾ മടങ്ങുമ്പോൾ
വീട്ടുകാരും സങ്കടത്തിലാവും..

യൂണിഫോമില്ലാതൊരു ദിവസം
കയറിച്ചെല്ലാൻ
കണ്ടെത്തിയോരു വിലാസം
അയാളുടെ
ഓർമ്മകൾക്ക് പിന്നിൽ
മറഞ്ഞിരിപ്പുണ്ടെന്ന്  
ആരും അറിഞ്ഞില്ല.

വയനാട് ജില്ലയിൽ വൈത്തിരി സ്വദേശി. മുംബൈയിൽ പത്രപ്രവർത്തകൻ ആണ്. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതിവരുന്നു.