വരൂ നമുക്ക് അന്യരാകാം; ആപാദചൂഡം

ആരംഭത്തിലേക്കുള്ള
ആഗ്രഹിക്കാത്ത
തിരിച്ചുപോക്കാണ്
മടക്കയാത്ര….

മദപ്പാടുള്ള
നേരത്ത്-
പോയവഴികളിലൂടെ
ഒരു ആന,
തിരിച്ചുവരുംപോലെ-
കഷ്ടപ്പെട്ട്…

പുകഞ്ഞെരിയുന്ന
മനസാണ്
മടക്കയാത്രക്കുള്ള
ഇന്ധനം.
ആളിക്കത്തുമ്പോൾ
ഊളിയിട്ടു പോയ-
പുഴകൾ വരെ
ചാടിക്കടന്നു വരും!
ഭാവനകൾ
വേദനകളാവും.
നിറങ്ങൾ
കറുപ്പിലും വെളുപ്പിലും
വന്നടിഞ്ഞു-
മരംപോലെയാകും…

വഴികളിൽ-
മഞ്ഞുവീഴില്ല,
മഴ പെയ്യില്ല,
പൂക്കൾ ചിരിക്കില്ല,
പൂമ്പാറ്റകൾ പറക്കില്ല.
മൺപാതയിൽ-
പാദം പൊള്ളും,
കണ്ണിരുളും,
ചെവികളടയും,
ഓർമകൾ മരവിക്കും.

പ്രണയം,
ഒരു വള്ളികണക്കെ
വളർന്നുപടർന്ന മരം-
ഉള്ളുപൊള്ളയാകും.
അപ്പോഴും
ചിതലെടുത്തത്,
തൊലിപ്പുറം മാത്രമാവും.
കാതൽ അവിടെ
പ്രാണനായി കിടക്കും

ഒരർത്ഥത്തിൽ
വിരഹം-
പിന്നോട്ടുള്ള നടത്തമേയല്ല…
മടക്കയാത്ര കണക്കെ
മുന്നോട്ടുള്ള കുതിപ്പാണ്.
വരൂ…
നമുക്ക് ഇനി-
അന്യരാകാം

നടന്നവഴികളത്രയും
തിരിച്ചുപോകുക
പതിയെമതി,
പ്രണയത്തിന്‍
ആലക്തികമില്ല ബാക്കി.
പറഞ്ഞതത്രയും
തിരിച്ചെടുക്കുക
പതുക്കെമതി,
കാലവശമണയുകയാണ് വാക്ക്…

ഒരു നുള്ള്,
വേദനയെങ്കിലും-
എടുക്കുക..
വിതയ്ക്കുക
ഓര്‍മയുടെ താഴവാരങ്ങളില്‍.
നനയ്ക്കുക നീ,
ഒരിറ്റ് കണ്ണീരുകൊണ്ടെന്നും.
വേരാഴ്ന്നുയരട്ടെ
പ്രേമത്തിന്‍
പ്രാക്തനപാപം !

ചിരിച്ചതൊക്കെയും
തിരിച്ചുനല്‍കുക.
ചുണ്ടുകള്‍ പല്ലുകളോട്
ചേര്‍ത്തുവയ്ക്കുക.
കണ്ണുകള്‍ കണ്ണാടിമുഖം
തച്ചുടയ്ക്കട്ടെ,
ഇത്തിരി
ചോരയിലെഴുതട്ടെ
പ്രേമകേളിതം

നാം നടന്നകലുക,
പൂക്കളില്ലാത്ത-
പൂമ്പാറ്റയില്ലാത്ത–
നീണ്ടമണ്‍പാതയില്‍നിന്നു
ഞാന്‍
അപ്പൊഴും പറയും;
മത്തമയൂരമല്ല,
അരിച്ചുവീണ
പ്രണയത്തിന്റെ വെയിലാണ്.
ചൂടുക
അടുത്തജന്മമെങ്കിലും,
ആപാദചൂഡം

കോഴിക്കോട് സ്വദേശി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മലയാള ദൃശ്യ മാധ്യമ പ്രവർത്തകൻ ആണ്