വയറ്റാട്ടി തള്ള

മഴനനഞ്ഞ്,
വെയിലുകൊണ്ട്,
മഞ്ഞുകൊണ്ട്,
കല്ലിൽ ചവുട്ടി,
മുള്ളിൽച്ചവുട്ടി,
വിണ്ട കാലടികൾ
അമർത്തിച്ചവുട്ടി,
മലയിറങ്ങി വരും വയറ്റാട്ടി തള്ള.

അടിവാരത്തപ്പോൾ പേറ്റുനോവിൽ
അലറികരയുന്നുണ്ടാവും
പെണ്ണൊരുത്തി.

വായിലെ മുറുക്കാൻ പത
നീട്ടി തുപ്പി,
തോളിലെ ഭാണ്ഡക്കെട്ട്
താഴെ വെച്ച്,
പെറാൻ പോകുന്ന പെണ്ണിന്റെ
മുറിക്കകത്തു കേറി,
തുണികൊണ്ടൊരു മറകെട്ടി,
വായിൽ വരുന്ന
ചീത്ത മുഴുവനും പറഞ്ഞ്
പേറെടുക്കും തള്ള…
അപ്പോൾ പെണ്ണിന്റെ
നിലവിളി നിന്നു..
ഒരു കുഞ്ഞിന്റെ കരച്ചിൽ
പടരുമവിടാകെ..

ചോരക്കുഞ്ഞിനെ തൂത്തു തുടച്ചു,
തുണിയിൽ പൊതിഞ്ഞ്
മുറിക്കു പുറത്തുവന്നു..
“തന്തക്കാലാ…”
എന്ന് നീട്ടിവിളിക്കും തള്ള.

തന്തക്കും ബന്ധുക്കൾക്കും
കുഞ്ഞിനെ കാണിച്ച്
പെണ്ണിന്റെയടുത്തു കുഞ്ഞിനെ കിടത്തി,
തള്ള തിരിച്ചിറങ്ങി
മുറ്റത്തുവന്നു ആകാശം നോക്കും.

രാത്രിയെങ്കിൽ നക്ഷത്രവും
പകലെങ്കിൽ സൂര്യനെയും നോക്കും.
എന്നിട്ടൊരറ്റ പറച്ചിലാണ്..
ഭരണി, കാർത്തിക, അശ്വതി…. അങ്ങനെ.
ഇതും പറഞ്ഞു
ആരെങ്കിലും കൊടുത്ത
പൊകലേം ചുരുട്ടികെട്ടി
മലകയറും തള്ള.

മലമുകളിലൊരു
മരപ്പൊത്തിലാണ് തള്ള താമസം
പ്രസവത്തിലെ മരിച്ച കുഞ്ഞുങ്ങൾ
നക്ഷത്രങ്ങളായി രാത്രികാലത്ത്
തള്ളയോടൊത്ത്
മലമുകളിൽ വന്നു കളിക്കാറുണ്ട്.
അടിവാരത്തെ തലമൂത്തവർ
പറയുന്ന കഥയാണിത്….

2

മൂപ്പന്റെ മകൾക്ക്
പ്രസവവേദന വന്നത്
സന്ധ്യക്കായിരുന്നു..
പെണ്ണിന്റെ നിലവിളി
ഉച്ചത്തിലായിട്ടും
രാത്രിയേറെയായിട്ടും
തള്ള മലയിറങ്ങി വന്നില്ല.

മൂപ്പനും പരിവാരങ്ങളും
മലമുകളിലേക്ക് നോക്കി
അസ്വസ്ഥരായി നിൽക്കുമ്പോൾ
പട്ടണത്തിൽ പോയി പഠിച്ചുവന്ന
മൂപ്പന്റെ മകൻ
മൊബൈൽ കുത്തി എങ്ങോട്ടോ വിളിച്ചു.

അല്പം കഴിഞ്ഞപ്പോൾ
വീട്ടുമുറ്റത്തൊരു ആംബുലൻസു വന്നു
നിലവിളിച്ചോണ്ടിരുന്ന പെണ്ണിനേം കേറ്റി
വണ്ടി ഇരുട്ടിൽ മറഞ്ഞു.

ആശുപത്രിയിൽ ചെന്ന പാടെ
പെണ്ണ് പെറ്റ്..
മണിക്കൂറും, മിനുട്ടും, സെക്കൻഡും നോക്കി
കുട്ടി ജനിച്ച സമയം നഴ്സ് പറഞ്ഞു.

അന്ന് രാത്രിയിൽ
അടിവാരത്ത്,  
ഉറങ്ങാതിരുന്ന കുഞ്ഞുങ്ങളെ
തോളിൽ കിടത്തി
ഉറക്കാൻ മുറ്റത്തുകൂടെ നടന്നവർ
മലമുകളിലൊരു
കാഴ്ച കണ്ടു …

ഒരു വലിയ നക്ഷത്രം
മലമുകളിൽ നിന്നും
ആകാശത്തേക്ക്
ഉയർന്നുയർന്നു പോകുന്നു..
ഒപ്പം,
കുറെ കുഞ്ഞുനക്ഷത്രങ്ങളും.

സർക്കാർ സർവീസിൽ നിന്നും വിടുതൽ ചെയ്ത് തൃശൂർ താമസം. അനുകാലികങ്ങളിൽ രണ്ടു കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവ മാധ്യമങ്ങളിൽ എഴുതുന്നു.