ആധുനിക സമൂഹത്തില്‍ ഒരിയ്ക്കലും അംഗീകരിക്കപ്പെടാന്‍ കഴിയാത്തതും എഴുതപ്പെടാന്‍ സാധ്യതയില്ലാത്തതുമായ ഒരു തീമാണ് ലോലിതയുടേത് . നിരവധി ഇടങ്ങളില്‍ നിരോധിക്കപ്പെട്ട പുസ്തകം, ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ പുസ്തകം. ലോക സാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ പുസ്തകങ്ങളുടെ കൂട്ടത്തില്‍ നാലാം സ്ഥാനം ലഭിക്കുന്ന പുസ്തകം തുടങ്ങി ഒട്ടനവധി വിശേഷണങ്ങള്‍ ഈ നോവലിന് സ്വന്തമാണ് . രണ്ടു കാലങ്ങളിലായി ഇത് ചലച്ചിത്രമാക്കുകയും ചെയ്തിട്ടുണ്ട്. Reading Lolita in Tehran by Azar Nafisi എന്നൊരു പുസ്തകം ഉണ്ടെന്ന് വായിച്ചിട്ടുണ്ട്. ഇത്രയേറെ വിവാദങ്ങളും വിമര്‍ശനങ്ങളും പ്രശസ്തിയും എന്തുകൊണ്ടാണ് ലോലിത എന്ന നോവലിനു കിട്ടിയതു എന്നു നോക്കാം നമുക്ക് .
കൊലക്കുറ്റത്തിന് ശിക്ഷാവിധി കാത്തുകിടക്കുന്ന ഹംബര്‍ട്ട് എന്ന എഴുത്തുകാരന്റെ ഡയറിക്കുറിപ്പുകള്‍ ആണ് ലോലിത . കുട്ടിക്കാലം മുതല്‍ ഏകാന്തതയും വിഷാദവും കൂട്ടുകാരനായിരുന്ന ഹംബര്‍ട്ട് തനിക്ക് നഷ്ടപ്പെട്ടുപോയ കളിക്കൂട്ടുകാരിയുടെ ഓര്‍മ്മയും അവളിലൂടെ ആഗ്രഹിച്ച അപൂര്‍ണ്ണ രതിയും മുന്നോട്ട് നയിക്കുന്ന മനുഷ്യനാണ് . ജീവിത യാത്രയില്‍ അയാള്‍ ഒരു വിവാഹം കഴിക്കുന്നുണ്ടെങ്കിലും അത് പരാജയമാകുകയും അയാള്‍ ആ സ്ത്രീയില്‍ നിന്നും വേര്‍പെട്ടു ജീവിക്കുകയും ചെയ്യുന്നു . അക്കാലയളവില്‍ ആണ് അയാള്‍ മറ്റൊരു പട്ടണത്തില്‍ വാടക വീട് അന്വേഷിച്ചു എത്തുകയും ഷാര്‍ലറ്റ് എന്നൊരു വിധവയായ സ്ത്രീയുടെ വീട്ടില്‍ താമസം തുടങ്ങുകയും ചെയ്യുന്നത് . താമസം തുടങ്ങുവാന്‍ അയാള്‍ക്ക് പ്രേരകമായ ഘടകം ഷാര്‍ലറ്റിന്റെ മകളായ പന്ത്രണ്ടു വയസ്സുകാരി ഡോളാര്‍സ് ആണ് . ഒരു പീഡോഫീലിക്കായ ഹംബര്‍ട്ടിന്റെ കുട്ടിക്കാല കാമുകിയുടെ ഓര്‍മ്മയാണ് ഡോളരസില് ദര്‍ശിക്കുന്നത് . ലോല് അഥവാ ലോലിത എന്നു വിളിക്കപ്പെടുന്ന ആ പെൺകുട്ടിയുടെ ദർശനം ആണ് അയാളെ ആ വീട്ടില്‍ താമസിക്കാന്‍ പ്രേരിപ്പിക്കുന്നത് . തന്റെ ഇഷ്ടം, അഭിനിവേശം , ദിനേനയുള്ള കാഴ്ചകള്‍ ചിന്തകള്‍ ഒക്കെയും അയാള്‍ ഒരു ഡയറിയില്‍ കുറിച്ചിടുന്നു . ലോലിത നഷ്ടപ്പെടാതിരിക്കാനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് ഷാര്‍ലറ്റിന്റെ വിവാഹഅഭ്യര്‍ഥന അയാള്‍ സ്വീകരിക്കുന്നതും . പക്ഷേ അയാളുമൊത്ത് സുഖമായി താമസിക്കുന്നതിനായി ഷാര്‍ലറ്റ് ലോലിതയെ പഠനാര്‍ത്ഥം ദൂരേക്കയക്കുന്നത് ഹംബര്‍ട്ടിനു സഹിക്കാവുന്നതിലും അധികമായിരുന്നു . മധുവിധുവിന്റെ കാലം മുള്പ്പടര്പ്പുകള് നിറഞ്ഞതായ സമയത്ത് ഷാര്‍ലറ്റ് അയാളുടെ ഡയറി കണ്ടെത്തുകകൂടി ചെയ്യുന്നു . തന്റെ മകളെ കാമിക്കുന്ന ഒരാള്‍, അവള്‍ക്ക് വേണ്ടിയാണ് തന്നെ വിവാഹം കഴിച്ചതെന്ന ചിന്ത അവളെ ഭ്രാന്തിയാക്കുന്നു. വഴക്കുകൂടി പുറത്തേക്ക് പോകുന്ന അവള് ഒരു വാഹനാപകടത്തില്‍ മരണപ്പെടുന്നു . എന്നാല്‍ ഈ അവസരം മുതലെടുത്തുകൊണ്ടു ഹംബര്‍ട്ട് , ലോലിതയെ സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ടു ഒരു യാത്ര പോകുകയാണ് . അമ്മയുടെ മരണം പോലും അയാള്‍ അവളില്‍ നിന്നും ഒളിച്ചു വയ്ക്കുന്നു . നിര്‍ത്താതെയുള്ള ആ യാത്രകളില്‍ കൂടി അയാള്‍ ആ കുട്ടിയുമായി തന്റെ ലൈംഗികമോഹങ്ങള്‍ സാക്ഷാത്കരിക്കുകയും അവളില്‍ അന്ധനായ് പ്രണയാതുരനായി മാറുകയും ചെയ്യുന്നു . ഇടയില്‍ സ്കൂളുകളില്‍ അവളെ ചേര്‍ക്കുന്നു എങ്കിലും അയാള്‍ അവളുടെ കൂട്ടുകാരും ബന്ധങ്ങളും ഒക്കെ ഒരു സംശയരോഗിയുടെ കണ്ണുകളോടെ കാണുകയും ഒരു അമൂല്യമായ വസ്തുവായി , തന്റെ മാത്രം സ്വന്തമായ ഒന്നായി അവളെ പൊതിഞ്ഞുപിടിക്കുകയും അവള് നഷ്ടപ്പെട്ടു പോകുമെന്ന ഭയത്താല്‍ അവളെയുംകൊണ്ടു തന്റെ പലായനം തുടരുകയും ചെയ്യുന്നു . പ്രായത്തിന്റെ പക്വതയില്ലായ്മയും , അയാളുടെ അഭിനിവേശത്തെ മുതലെടുക്കുകയും ചെയ്യുന്ന ലോലിത , തക്ക അവസരത്തില്‍ മറ്റൊരാളുമായി ഒളിച്ചോടുന്നു . ഹംബര്ട്ടിനെപ്പോലെതന്നെ പ്രായമുള്ള , അവളുടെ തന്നെ ബന്ധുവായ ഒരു എഴുത്തുകാരനായിരുന്നു അത് . അവളുടെ തിരോധാനത്തെത്തുടര്‍ന്നു , ലോലിതയെ തിരഞ്ഞു നടക്കുന്ന ഹംബര്‍ട്ട് ഒരു തികഞ്ഞ ഭ്രാന്തനാവുകയാണ് . ഒടുവില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അയാളെ തിരഞ്ഞെത്തുന്ന കത്തിലൂടെ ലോലിതയിലേക്ക് അയാള്‍ എത്തുന്നു . അവള് അപ്പോഴേക്കും വിവാഹിതയും ഗര്‍ഭിണിയും ആയിക്കഴിഞ്ഞിരിക്കുന്നു. അവളുടെ ഭര്‍ത്താവിനെ കൊന്നു അവളെ സ്വന്തമാക്കാന്‍ പോകുന്ന ഹംബര്‍ട്ടിനു പക്ഷേ മനസ്സിലാകുന്നു അവളെ കെട്ടിയവന് അല്ല അവളെ തന്നില്‍ നിന്നും അപഹരിച്ചവന്‍ എന്നു. അയാള്‍ അവളോടു കാണിച്ച ക്രൂരതകളും അവിടെ നിന്നും രക്ഷപ്പെട്ട അവള് ഇന്നത്തെ ഭര്‍ത്താവില്‍ എത്തിച്ചേര്‍ന്ന കഥകളും കേള്‍ക്കുമ്പോള്‍ ഹംബര്‍ട്ട് അവളോടു അപേക്ഷിക്കുന്നത് ഭര്‍ത്താവിനെ ഉപേക്ഷിച്ച് അയാളുടെ കൂടെ ചെല്ലാന്‍ ആണ് . പക്ഷേ അവള് അതിന് തയാറാകുന്നില്ല . തുടര്‍ന്നു അവള് ആവശ്യപ്പെട്ടതിലും കൂടുതല്‍ തുക സഹായം നല്കിയ ഹംബര്‍ട്ട് , ലോലിതയെ തന്നില്‍ നിന്നും അപഹരിച്ച മനുഷ്യനെ കൊല്ലാന്‍ പുറപ്പെടുന്നു . അയാളെ കണ്ടെത്തി , വളരെ ക്രൂരമായി കൊലചെയ്യുന്ന ഹംബര്‍ട്ട് ഒടുവില്‍ പോലീസിന് കീഴടങ്ങുന്നതാണ് ലോലിതയുടെ കഥ.
ഈ കഥയുടെ തീമാണ് വായനയുടെ എല്ലാ രസവും തകര്‍ത്ത് കളയുന്നതെന്ന് പറയാതിരിക്കാന്‍ കഴിയില്ല . ഒരു കുട്ടിയോട് ഒരു മദ്ധ്യവയസ്കന് തോന്നുന്ന അഭിനിവേശം മാത്രമല്ല അയാള്‍ക്ക് പെൺകുട്ടികളുടെ ഒക്കെ നേരെ തോന്നുന്ന വികാരാവേശവും ചിന്തകളും എന്തുകൊണ്ടോ മനസ്സിന് വെറുപ്പുളവാക്കുന്ന ഒന്നായിരുന്നു. കുത്തഴിഞ്ഞ ലൈംഗികതയുടെ ലോകവും ലൈംഗിക വൈകൃതങ്ങളും ഒരു കാലഘട്ടത്തിന്റെ സംസ്കാരമായി കണക്കാക്കപ്പെടുന്നുണ്ട് . വളരെ ക്രൂരമായി അയാള്‍ തന്റെ എതിരാളിയെ കൊല്ലുന്നതും മറ്റും വിവരിക്കുമ്പോള്‍ അയാളിലെ മാനസികാരോഗിയുടെ പൂര്‍ണ്ണതയെ കാണിക്കുന്ന ഒന്നായി തോന്നി. ആ കൊലപാതകം അയാൾക്കായിരുന്നു വേണ്ടിയിരുന്നത് എന്നൊരു ധാരണ വായനയുടെ അവസാനത്തില്‍ ഉണ്ടാകുകയും ചെയ്തു . തീര്‍ച്ചയായും ആസ്വദിച്ച് വായിക്കാവുന്ന ഒരു നോവല്‍ ആയി തോന്നിയില്ല പക്ഷേ ഈ നോവലിന്റെ പ്രത്യേക്ത അതിന്റെ ശൈലിയാണ് . വിവരണങ്ങളിലെ പ്രതീകാത്മകതകളും , ജീവസ്സുറ്റ കാഴ്ചകളും ഒക്കെ ഡയറിക്കുറിപ്പിന്റെ മാതൃകയില്‍ പറഞ്ഞു പോകുന്ന നോവല്‍ , എഴുത്തിന്റെ മനോഹാരിതയെ വെളിപ്പെടുത്തുന്നു . ഒരു കഥയെ , വായനക്കാരനില്‍ സമ്മിശ്രമായ വികാരങ്ങള്‍ ഉണര്‍ത്തിക്കാന്‍ പാകത്തിന് സമ്മേളിപ്പിക്കാനുള്ള എഴുത്തുകാരന്റെ കരവിരുത് ഈ നോവലിനെ വ്യത്യസ്ഥപ്പെടുത്തുന്നു. അതിനാല്‍ത്തന്നെ ഈ നോവലിന്റെ പ്രശസ്തിയും , വിമര്‍ശനങ്ങളും പഠനങ്ങളും കാമ്പുള്ള പ്രവര്‍ത്തികള്‍ ആയിത്തന്നെ വിലയിരുത്തപ്പെടുന്നതില്‍ പ്രത്യേകിച്ചു പ്രശ്നങ്ങള്‍ ഒന്നുംതന്നെ ഉണ്ടെന്ന് തോന്നുന്നില്ല .
ലോലിത (നോവല്‍)
വ്ലാഡിമിര്‍ നബക്കോവ്
വിവര്‍ത്തനം സിന്ധു ഷെല്ലി
ഡി സി ബുക്സ്
വില : ₹ 350.00