റാ റാ റാസ്പുട്ടിൻ

അവൻ….. സാത്താന്റെ കണ്ണുള്ള പാതിരീ !
മരിച്ചിട്ടും എന്നെയിങ്ങനെ തുറിച്ചുനോക്കുന്ന
അവന്റെ തീക്ഷ്ണനയനങ്ങൾ..

അറിയില്ലേ നിങ്ങൾക്ക് എന്നെ ?
ഞാൻ അലക്സാൻഡ്രിയ …
തകർന്നു പോയ റഷ്യൻ സാമ്രാജ്യത്തിന്റെ
ഒടുവിലത്തെ ചക്രവർത്തിനി.
ഒരിക്കൽ നിന്നിൽ വീണടിഞ്ഞവൾ !
………………………………….

ഞാൻ നിങ്ങളെ ഒരിടത്തേയ്ക്കു കൂട്ടികൊണ്ടു പോകുകയാണ് .
ഇപ്പോൾ നിങ്ങൾ മഞ്ഞുറയുന്ന നേഹാ നദിക്കരയിലാണ്.
രക്തഛവി പുരണ്ട നീലസാറ്റിൻ കുപ്പായത്തിൽ
വറ്റിത്തീരാത്ത മറ്റൊരു വിഷക്കടലായി അതാ അവൻ…
ഞണ്ടുകൾ കയറിയിറങ്ങുന്ന
തണുത്തു മരവിച്ച വിലക്ഷണമായ നീണ്ട കൈവിരലുകൾ
തരിമണലിൽ നിന്നും മണൽശില്പം പോലെ പുറത്തേയ്ക്ക് നീണ്ട്.

ഈ വിരലുകൾ എന്നെ ഇപ്പോഴും
ജുഗുപ്സാവഹപാരമ്യതയിലെ മത്തുജലം കുടിപ്പിക്കുന്നു.
ചീകിവയ്ക്കാത്ത നിന്റെ നീണ്ട മുടിയിഴകൾ…
മഞ്ഞുമലയൊഴുകും ഇടതൂർന്ന താടി!
നിന്റെ മാന്ത്രികചത്വരത്തിനുള്ളിൽ
വീണുപിടക്കും നൂറു നൂറ് പെണ്ണിടങ്ങൾ!
ഇവരിലൊരുവളെന്ന് കരുതിയോ ഈ ഞാനും …?

ഹേ … ഉന്മാദിയായ പാതിരീ …
തിരുവസ്ത്രത്തിലെ കലാപകാരീ ….
ഉണരൂ …നിന്റെ മുറിക്കാത്ത നഖങ്ങൾ
ചെറിപ്പഴങ്ങളുടെ നിറമുള്ള ഈ മാറിടങ്ങൾക്കുനേരെ ഉയരട്ടെ ….
നിർദ്ധാരണം ചെയ്യപ്പെട്ട നിന്റെ തിരുവസ്ത്രത്തിനുള്ളിൽ
ഞാനെന്റെ സാമ്രാജ്യത്തെ അടിയറവെയ്ക്കുന്നു .
കൂർത്ത കുന്തമുന പോലുള്ള നിന്റെ കണ്ണുകളിൽ
പ്രണയമല്ല, ഞാനെന്റെ മകന്റെ രക്തം കട്ടപിടിക്കുന്ന
രോഗമുക്തിയുടെ രക്തപാനം ചെയ്യട്ടെ ..

നീ ചെന്നു വീണിടങ്ങൾ ….
പാപത്തിലൂടെ പാപമുക്തി നേടിയിടം
കറുത്ത മാജിക്കിന്റെ ലോകത്തെ
ചെന്നായ്ക്കൂട്ടങ്ങളുടെ ആനന്ദനൃത്തം;
പരസ്യ രതിക്രീഡകൾ… മധുശാലാ തല്പങ്ങൾ;
നീ തലോടുമ്പോൾ
കുതിച്ചു പായുന്ന കുതിരക്കൂട്ടങ്ങൾ ;
നിന്റെ അനുഗ്രഹത്താൽ
സുഖം പ്രാപിച്ച വിവരദോഷികൾ ;
ഈ കൊട്ടാരത്തിലെ വാലാട്ടിപ്പട്ടികൾ, ഉപചാപകർ
ഇവരാരും തന്നെ നിന്നെ രക്ഷപ്പെടുത്തുമെന്ന് കരുതണ്ട.
നിന്റെ മരണം എന്റെ കൈകൾ കൊണ്ട് തന്നെ !
ഉറപ്പിച്ചു കൊള്ളൂ കാമസ്വരൂപാ …
കൗടില്യപുരോഹിതാ..
………………………………………………………
പക്ഷേ … എനിക്കു മുമ്പേ …
ആരാണ് നിന്റെ വിധിയെഴുതിയത് ?
നീ തകർക്കാൻ ശ്രമിച്ച സാർ ചക്രവർത്തിമാർ,
മഡ്രീനയിലും കേക്കിലും ഒളിപ്പിച്ച സയനൈഡിന്
നിന്നെ സ്പർശിക്കാൻ പോലുമായില്ലല്ലോ …
സുഷ്മുനാനാഡിയിൽ തുളഞ്ഞു കയറിയ
വെടിയുണ്ടകൾക്കുനേരെ,
നീ നിന്റെ പുച്ഛച്ചിരിയുതിർത്തുയർത്തെഴുന്നേറ്റതും
മരണം നിന്റെ മുന്നിൽ
വിവസ്ത്രയാക്കപ്പെട്ട സ്ത്രീയെപ്പോലെ
നാണിച്ചു തലതാഴ്ത്തിയതും ഞാൻ കണ്ടു.

എന്നാൽ പ്രിയപ്പെട്ട നിഷ്ഠൂരനായ സാത്താനേ…..
ദീനവത്സകാ….സമാനതകളില്ലാത്ത വിപ്ളവകാരീ….
അവസ്ഥാദ്വയങ്ങളുടെ
വേഷപ്പകർച്ചയിൽ ജീവിച്ച്, വീരശയനം പൂകിയ,
മരണത്തിലും തോൽക്കാത്ത നിനക്കുമുമ്പിൽ
ഞാനുമെന്റെ രാജ്യവും ഇതാ തലകുനിക്കുന്നു….

ഉദ്ധരിക്കാത്ത
ആയിരമായിരം ലിംഗങ്ങൾക്കു മുമ്പിൽ
നീ ഇന്നും എഴുതപ്പെടാനാവാത്ത നിത്യവിസ്മയം !

കവയിത്രി, കഥാകൃത്ത്. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റിബോർഡിൽ സബ് എൻജിനീയറായി ജോലി ചെയ്യുന്നു. തുശ്ശൂർ ജില്ലയിൽ മണ്ണുത്തി - മാടക്കത്രയിലാണ് താമസം. "ദേ ജാവു', 'പ്രാണാദൂതം' എന്നീ രണ്ടു ചെറുകഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും സജീവം