റാണി

ഒറ്റയ്ക്കൊരുത്തിയൊരു
കൊട്ടാരം പണിതു,
റാണിയായി വാണു.

സേവകലക്ഷങ്ങൾ നിറഞ്ഞു,
രുചിയേറിയ മാംസമെന്നും ഭോജിച്ചു,
ചുടുചോര ദാഹമകറ്റി,

യുദ്ധത്തിനറയ്ക്കുന്ന
അയൽ രാജ്യങ്ങളേറെയും,
സമ്പത്തെല്ലാം അടിയറവ് വച്ചു,
അറകളിൽ പൊന്ന് നിറഞ്ഞു,
ചതിയും.

അജാനബാഹുക്കൾ കാവൽനിന്നു,
പള്ളിയുറക്കത്തിൽ
കൊട്ടാരം ഉണർന്നിരുന്നു,
രാജാക്കന്മാർ കിരീടം
മറന്നു സേവിച്ചു .

പെണ്ണുങ്ങളെല്ലാം ,
റാണിയുടെ ചുറ്റുമിരുന്നു
കൂലിക്ക് പാട്ടുപാടി.
ആണുങ്ങളോ,
മദ്യകുപ്പികളെറിഞ്ഞുടച്ചു
ചോറും കറികളും വെച്ച് വീട്ടിലിരുന്നു,

പിന്നെയുള്ളവർ
പേടിയില്ലാതെ ജീവിച്ചു.

റാണിയൊരിക്കൽ
കൊട്ടാരം വിട്ടോടിയൊളിച്ചു,
രാജ്യമാകെ നിലച്ചു.

സേവകരോക്കെ പിരിഞ്ഞുപോയി,
പട്ടിണിയേറി ,
യുദ്ധത്തിനൊരുങ്ങിയാളുകൾ
അറകളൊക്കെകാലിയാക്കി,
കാവലില്ലാതെയായി,
പാട്ടുകളും.

മദ്യപാനികളേറി
ജീവിക്കാനറിയാത്തവരുടെ നാടായി
റാണിയില്ലാത്ത നാട്.

യുഗങ്ങൾ കഴിഞ്ഞ്
റാണി തിരികെയെത്തി
കൊട്ടാരമില്ല,
കാവലില്ല
ആരുമില്ല
ഒന്നുമില്ല.

വീണ്ടും
കൊട്ടാരം പണിതു,
റാണിയായി വാണു.
പക്ഷേ,
ആരുമില്ല
ഒന്നുമില്ല
റാണി മാത്രം.
റാണി.

വിദ്യാർത്ഥിനി,എഴുത്തുകാരി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി