ഓരോ പുസ്തകവും മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം അതർഹിക്കുന്ന ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടാറുണ്ടോ?. ഉണ്ടായിരുന്നു എന്നു വേണം പറയാൻ; കൃതഹസ്തരായ നിരൂപകർ ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ. പക്ഷേ ഇന്ന്, ഫേസ്ബുക്കിലും, നവ മാധ്യമ സുഹൃത് വലയത്തിലും മാത്രമായി പുസ്തകച്ചർച്ചകൾ ഒതുങ്ങുമ്പോൾ എഴുത്തിന്റെ പുറംമോടി മാത്രമാണ് ചർച്ച ചെയ്യപ്പെടുന്നത് എന്ന് പറയാതെ വയ്യ. ആ രചനയുടെ രാഷ്ട്രീയം പലപ്പോഴും സ്പർശിക്കപ്പെടാതെ പോകുന്നു.
എന്താണ് ഒരു പുസ്കത്തിന്റെ രാഷ്ട്രീയം? അത് കേവലം കക്ഷിരാഷ്ട്രീയമല്ല. ഒരു രചനയിൽ പരാമർശിക്കപ്പെടുന്ന ജനതയുടെ, അവരുടെ ആവാസവ്യവസ്ഥയുടെ അനുഭവപരമ്പരകളാണ് ആ രചനയുടെ രാഷ്ട്രീയം തീരുമാനിക്കുന്നത്. ഒരുപക്ഷേ അത് തികച്ചും പരോക്ഷമായി സൂചനകളിലൂടെ മാത്രം വെളിപ്പെടുന്നതും, കഥാപശ്ചാത്തലത്തിൽ അന്തർലീനമായിരിക്കുന്നതുമായ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്ന ഒന്നുമാണ്. തീർച്ചയായും ആ കൃതിക്ക് വായനക്കാരനുമായി സംവദിക്കാനുള്ളത് ആ രാഷ്ട്രീയമാണ്. അതെത്രമാത്രം വിജയിക്കുന്നു എന്നത് എഴുത്തുകാരന്റെ സംവേദനക്ഷമതയുടേയും, വായനക്കാരന്റെ സ്വാംശീകരണക്ഷമതയുടേയും സമവാക്യങ്ങൾക്കനുസരിച്ചായിരിക്കും.
സമീപകാലത്തിറങ്ങിയ പുസ്കങ്ങളിലൂടെ കടന്നുപോകുമ്പോൾ, പ്രസാധകരുടെ മാർക്കറ്റിംഗ് തന്ത്രങ്ങളിലൂന്നിയ രചനകളാണ് കൂടുതലായി ചർച്ചചെയ്യപ്പെട്ടിട്ടുള്ളത് എന്ന് കാണാം. തികച്ചും ലളിതമായ, ഹ്രസ്വകാലത്തേയ്ക്കുള്ള ലാഭമെടുപ്പ് എന്ന ബിസിനസ് സമവാക്യത്തിന്റെ ഫലമായി പിറന്നു വീഴുന്ന ത്രില്ലറുകളും കോമിക്കുകളും ഒട്ടനവധിയാണ്. പക്ഷേ, ഇത്തരം രചനകളിൽ ഗൗരവതരമായ വായന അർഹിക്കുന്നവയുടെ എണ്ണം തുലോം കുറവാണ്. സാന്ദർഭികമായ ഉത്കണ്ഠയോടെയോ സന്തോഷത്തോടെയോ, നൈമിഷികമായ ആവേശത്തിൽ വായിച്ചു പോകാം എന്നതിനപ്പുറം സമകാലിക ചുറ്റുപാടുകളുമായി സംവദിക്കുന്ന യാതൊരു രാഷ്ട്രീയവും ഇത്തരം രചനകൾ മുന്നോട്ടുവയ്ക്കുന്നില്ല.
വായനക്കാരന്റെ ആന്തരചോദനകളുമായി കൃത്യമായ രാഷ്ട്രീയം പങ്കു വയ്ക്കുന്ന എഴുത്തുകൾ ഇല്ലെന്നല്ല; തീർച്ചയായും ഉണ്ട്. പക്ഷേ, നവമാധ്യമങ്ങളിലെ സ്യുഡോ വാഴ്ത്തുകളുടെ കുത്തൊഴുക്കിൽ അത്തരം എഴുത്തുകൾ പലപ്പോഴും താൽക്കാലികമായ ഒരു തിരശ്ശീലയ്ക്കു പിന്നിലേയ്ക്കു തള്ളിമാറ്റപ്പെടുന്നുണ്ട് എന്നത് വാസ്തവമാണ്. എന്നിരിക്കിലും അവയൊക്കെയും കാലങ്ങൾക്കു ശേഷവും വായനക്കാരനോട് സംവദിക്കുമെന്നുറപ്പാണ്; ഏതു കാലത്തും സമകാലികമായിരിക്കുമെന്നുറപ്പാണ്.
സമീപകാലവായനയിൽ, അങ്ങനെ കൃത്യമായ രാഷ്ട്രീയം പറയുന്നതായി ശ്രദ്ധയിൽപ്പെട്ട ഒരു പുസ്തകമാണ് ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ‘രാമർമുടി’ എന്ന നോവൽ. നോവൽ എന്ന നിർവചനത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന വലിപ്പം ഈ പുസ്തകത്തിനില്ല എങ്കിലും, ഇതിന്റെ പ്രമേയവും കഥാ പശ്ചാത്തലവും തീരെ ചെറുതല്ല; എന്നുമാത്രമല്ല, വായനക്കാരന്റെ ഭാവനയ്ക്കൊപ്പിച്ച് എത്ര വേണമെങ്കിലും വികസിക്കുന്ന കഥാപ്രപഞ്ചമാണ് ഈ കൊച്ചുനോവലിൽ എഴുത്തുകാരൻ ഒളിപ്പിച്ചുവച്ചിരിക്കുന്നത് എന്ന് പറയേണ്ടിവരും.
അനൂപ് കക്കാട് എന്ന എഴുത്തുകാരന്റെ, പ്രസിദ്ധീകൃതമായ ആദ്യ രചനയാണ് ‘രാമർമുടി’. അതിന്റേതായ ബാലാരിഷ്ടതകൾ അവിടവിടെ കാണാനുമുണ്ട്. പക്ഷേ, എന്നെ ആകർഷിച്ചത് വളരെക്കുറച്ച് കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന വലിയൊരു പശ്ചാത്തലമാണ്. സമകാലിക ജീവിതസാഹചര്യങ്ങളുമായി കഥാപശ്ചാത്തലത്തേയും കഥാ പാത്രങ്ങളേയും കോർത്തിണക്കുന്നതിൽ എഴുത്തുകാരൻ കാണിച്ചിട്ടുള്ള വൈഭവം പ്രശംസനീയം തന്നെയാണ്. സമകാലികചുറ്റുപാടുകൾ മാത്രമല്ല, ചരിത്രവും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ഭാവനയുടെ ഒരു മായാലോകം തന്നെയാണ് ഈ നോവലിൽ നമ്മൾ കാണുക. പാരിസ്ഥിതിക ചൂഷണങ്ങളും, ഭക്തിക്കച്ചവടവും, അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകളുമെല്ലാം എഴുത്തുകാരൻ ഈ ചെറിയ കൃതിയിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്.
അതും ഒട്ടും മുഴച്ചുനിൽക്കാതെ, കഥാഘടനയും പ്രമേയവും ആവശ്യപ്പെടുന്ന അനുപാതത്തിൽത്തന്നെ. ഈ നോവൽ നിങ്ങൾക്ക് വിവിധ ഡയമെൻഷനുകളിൽ വായിക്കാം എന്നതാണ് ഞാൻ കണ്ട മറ്റൊരു പ്രത്യേകത. നഷ്ട പ്രണയത്തിന്റെ സുഗന്ധം പൊഴിക്കുന്ന ഒരു രചനയായി നിങ്ങൾക്കിത് വായിക്കാം. അതേസമയം തന്നെ വിശ്വാസത്തിന്റേയും അവിശ്വാസത്തിന്റേയും നേർത്ത നൂൽപ്പാലത്തിലൂടെ നടക്കുന്ന മനുഷ്യരുടെ കഥയുമാണ് ‘രാമർമുടി’. പഴമയുടെ വിശുദ്ധിയെ പുൽകാൻ കൊതിക്കുന്നതോടൊപ്പം തന്നെ ജീർണ്ണിച്ച വ്യവസ്ഥിതികളോട് കലഹിക്കുന്നുമുണ്ട് ഈ എഴുത്ത്. ആചാരങ്ങളുടേയും അനാചാരങ്ങളുടേയും അതിർവരമ്പുകൾ നിശ്ചയമില്ലാത്ത നിഷ്കളങ്കരായ ഒരു കൂട്ടം ജനങ്ങളുടെ കഥയാണ് ‘രാമർമുടി’ പറയുന്നത്. അതോടൊപ്പം തന്നെ, എക്കാലത്തും മനുഷ്യസഹജമായ ചതിയും വഞ്ചനയും കാപട്യവും പ്രതികാരവും അതിജീവനത്തിനായുള്ള പോരാട്ടവും നിറഞ്ഞതാണ് ‘രാമർമുടി’യുടെ കഥാപ്രപഞ്ചം.
എണ്ണത്തിൽ കുറച്ചേ ഉള്ളൂവെങ്കിലും കഥാപാത്രങ്ങളെല്ലാം തന്നെ മിഴിവും വ്യക്തിത്വവുമുള്ളവരാണ്. ഒരുപക്ഷേ നായക കഥാപാത്രത്തേക്കാൾ മിഴിവുണ്ട് നായികയായ മാളവിക എന്ന കഥാപാത്രത്തിന്. കഥാനായകന്റെ നഷ്ട പ്രണയത്തിന്റെ നിഴൽ എന്ന് ആദ്യമൊക്കെ തോന്നുമെങ്കിലും കഥ മുന്നോട്ടു പോകുമ്പോൾ ശക്തയായ സ്ത്രീ കഥാപാത്രമായി മാറുന്നുണ്ട് മാളവിക. അതുകൊണ്ട് തന്നെ ഇത് ഒരു സ്ത്രീപക്ഷ രചന കൂടിയാണ് എന്ന് പറയുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു. പ്രകൃതി ചൂഷണത്തിന്റെ ദുരന്ത ഫലങ്ങളും നോവലിൽ കടന്നു വരുന്നുണ്ട്. പ്രകൃതി സ്ത്രീയാണല്ലോ; ആ അർത്ഥത്തിലും പ്രകൃതിപക്ഷ രചനയായ ‘രാമർമുടി’ സ്ത്രീപക്ഷ രചന തന്നെയാണ്.
‘രാമർമുടി’യുടെ രാഷ്ട്രീയം എന്തെന്നു ചോദിച്ചാൽ അത് വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കുമുപരിയായി നൻമയുടെ രാഷ്ട്രീയമാണ്, ജനപക്ഷ രാഷ്ട്രീയമാണ്, പ്രകൃതിപക്ഷ രാഷ്ട്രീയമാണ്, സ്ത്രീപക്ഷ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയം കൃത്യമായി വായനക്കാരനോട് സംവദിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുമുണ്ട്. എഴുത്തുകാരൻ ആമുഖക്കുറിപ്പിൽ പറയുന്നതു പോലെ ‘രാമർമുടി’ ഒരു സ്വപ്ന ഭൂമിയാണ്. മായക്കാഴ്ചകളുടെ സ്വപ്നഭൂമി!
‘രാമർമുടി’ യിലൂടെ നിങ്ങൾ യാത്രതുടങ്ങിയാൽ, യാത്ര അവസാനിക്കുമ്പോഴും ആ മായക്കാഴ്ചകൾ നിങ്ങളെ വിടാതെ പിന്തുടരും…
രാമർമുടി – നോവൽ
രചന – അനൂപ് കക്കാട്
പ്രസാധകർ – ലോഗോസ് ബുക്സ്
വില 110 രൂപ