രാത്രിവണ്ടി

രാത്രിവണ്ടിക്കകം
മൗനാവലി.
പുറത്താഞ്ഞു കത്തി –
ക്കെടും മിന്നൽച്ചെടി,
തൂവാന മുത്തണി-
പ്പീലി ചിമ്മി
ചേലപോലൊട്ടി
നിന്മേനിയെന്നിൽ.

കാട്ടിലൂടൊറ്റവണ്ടി-
ക്കിതപ്പിൽ
പാട്ടുതാളത്തിൽ
സവാരി വേഗം.
മുന്നിൽ വെളിച്ച-
ത്തുരങ്ക ദൂരം.

കാട്ടിൽ തെളിഞ്ഞ
മഴപ്രദേശം
കൂരിരുൾ മൂടി –
പ്പുതച്ച കൂര.

നിൽക്കുന്നു വണ്ടി-
യിടത്തുചേർന്ന്.
നിർവികാരച്ചൂ –
ടണിഞ്ഞ ഡ്രൈവർ

മുൻ വെളിച്ചം താണ്ടി
വന്നൊരുവൾ
കുഞ്ഞു പാവാട,
നനഞ്ഞ മേനി.

മൂന്നു തട്ടുള്ള
ചെറിയ പാത്രം
ഡ്രൈവർക്കു നല്കി –
ത്തിരിഞ്ഞു വെക്കം
കൂരയിലേക്കിരുട്ടായ്
മറഞ്ഞാൾ.
സൂര്യനെല്ലിക്കാടിറങ്ങി
വണ്ടി.

നീയുറങ്ങുന്നില്ല
യെന്നു മെല്ലെ
കോടത്തണുപ്പു –
ള്ളൊരൊച്ച പിഞ്ഞി:
“മോളുറങ്ങിക്കാണു-
കില്ല വീട്ടിൽ.. ”

ഏറും തണുപ്പിനാ-
ലല്ലയെന്നോ
നിന്നുടൽ താളം
വിറച്ചതപ്പോൾ ?

മുന്നിൽ വെളിച്ചം
നയിച്ച പാത
നീലച്ച കോട
പിളർന്നു നീളെ.

ചോറ്റുപാത്രത്തിൽ
പളുങ്കു ചേർത്തു
രാവുറഞ്ഞുള്ള –
നീർമൊട്ടുമാല.

കവിയും ചലച്ചിത്ര സംവിധായകനുമായ രാ. പ്രസാദ് , ആലപ്പുഴ ജില്ലയിൽ തകഴി സ്വദേശിയാണ്. ഇല, കടൽ ഒരു കുമിള ,മേഘമൽഹാർ, പ്രേമത്തിന്റെ സുവിശേഷം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരണി എന്ന ചിത്രം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മണ്ണെഴുത്ത് മാസികയുടെ പത്രാധിപരാണ്.