രാത്രികാലങ്ങളിൽ വാഴ്ത്തപ്പെടുന്നവർ

വാലു മുറിച്ചിട്ട് ഓടുന്ന പല്ലികളെ നോക്കി കള്ളൻ ചിലച്ചു. കള്ളൻ മൂന്നുവട്ടം ചിലച്ചാൽ ഏതു കള്ളവും സത്യമായിത്തീരും.

രാജ്യം മുഴുവൻ കാത്തു നിന്നു. നേരം നട്ടുച്ചയായിട്ടും രാജാവ് ഉണർന്നതേയില്ല. അവർ കാഹളം മുഴക്കുകയും പെരുമ്പറ കൊട്ടുകയും ചെയ്തു. വലിയ വലിയ കോട്ടുവായകൾ പുറത്തേക്കു വിട്ട് രാജാവ് ഇടവും വലവും തിരിഞ്ഞു കിടക്കുക മാത്രം ചെയ്തു. മന്ത്രിസഭ സ്തംഭനാവസ്ഥയിലായി. പരാതിയുമായെത്തിയ ജനങ്ങൾ കൊട്ടാര മുറ്റത്ത് തല കറങ്ങി വീണു തുടങ്ങി. അയാൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റതേയില്ല.

രാത്രിജോലി കഴിഞ്ഞാൽ മടങ്ങിപ്പോവേണ്ടുന്ന അന്തഃപുരം കാവൽക്കാർ കുന്തവും പിടിച്ച് തൂങ്ങിക്കൊണ്ടു നിന്നു. പ്രാതലിനായി ഉണ്ടാക്കിയ ഭക്ഷണത്തിൽ ഈച്ച വീഴുകയും പാചകക്കാർ അവയെ എടുത്തു കളഞ്ഞു കൊണ്ടിരിക്കുകയും ചെയ്തു. കൊട്ടാരം വിദൂഷകർ രാജാവിനെ ഉണർത്താൻ ഒന്ന് രണ്ട് ശ്രമങ്ങൾ കൂടി നടത്തിയെങ്കിലും നടന്നില്ല.

“കുടുംബാംഗങ്ങളുടെ വിവരങ്ങൾ പരിശോധിക്കുകയാണ്, ദയവായി കാത്തിരിക്കുക”
ചിരിതയോടായി വിരലമർത്തി യന്ത്രം പറഞ്ഞു.
“ഏറെ നേരമായി കാത്തു നിൽക്കുകയാണ് യന്ത്രമേ.. എത്ര നേരം വിരലു വെച്ചിട്ടും ഒന്നും തെളിഞ്ഞു വന്നില്ല”.
“ദയവായി ഒന്നു കൂടി ശ്രമിക്കുക”
മാറ്റി മാറ്റി വെച്ച് ഇടതു കയ്യിലെ അഞ്ചും വലതു കയ്യിലെ അഞ്ചും കഴിഞ്ഞു.
കുറച്ച് കഴിഞ്ഞ് ഒന്നുകൂടി നോക്കാമെന്ന് പറഞ്ഞ് കടയുടെ വലതു വശത്തേക്ക് ക്യൂവിൽ തൊട്ടു പുറകിൽ ഉണ്ടായിരുന്നയാൾ ചിരിതയെ മാറ്റി നിർത്തി. നീല നിറത്തിലുള്ള റേഷൻ കാർഡും സഞ്ചികളും കയ്യിൽ പിടിച്ച് ചിരിത ഏറെ നേരം ആ നിൽപ്പു നിന്നു.

മെഷീനിൽ പേനയിട്ട് കുത്തി റേഷൻകടക്കാരൻ ഓരോരുത്തരുടെയും മാസ വിഹിതം വിളിച്ചു പറയുകയും പത്തിൽത്തോറ്റ കണാരൻ്റെ മോൻ അഖിൽ അത് തൂക്കിയെടുത്ത് കൊട്ടകളിലേക്കും സഞ്ചികളിലേക്കും നിറച്ചു കൊടുക്കുകയും ചെയ്തു. ഒന്നിനു മീതെ ഒന്നെന്ന മട്ടിൽ കാർഡുകൾ മേശപ്പുറത്ത് കൂടിക്കൊണ്ടിരുന്നു. ഓരോ സെറ്റ് കഴിയുമ്പോഴും പുതിയ റേഷൻ കാർഡുകുന്ന് കീഴ്മേൽ മറിച്ചിട്ട് കടക്കാരൻ ഒന്നേന്നു തുടങ്ങി പിന്നെയും പേരു വിളിക്കുന്നു.

നീണ്ടു നിൽക്കുന്ന ക്യൂവിൻ്റെ ഇടയിൽ കൂടി ചിരിത ഇടക്കിടെ റേഷൻകടക്കാരനെ നോക്കിക്കൊണ്ടിരുന്നു. ഒരു കണക്കു മാഷിൻ്റെ ഗൗരവത്തോടെ അയാൾ തുടരെത്തുടരെ കണക്കുകൾ കൂട്ടിക്കൊണ്ടിരിക്കുന്നു. അരി തൂക്കുന്ന ചെറുക്കൻ മാത്രം ഇടവേളകളിൽ ചിരിതയെ ശ്രദ്ധിക്കുകയും കാരുണ്യവിലോചനനായി ഓരോ നെടുവീർപ്പിടുകയും ചെയ്തു.

കുറച്ചു കഴിഞ്ഞപ്പോൾ ക്യൂവിൽ ഒരു വെട്ടുണ്ടാക്കി ചിരിതയുടെ വലതു കൈ പെരുവിരൽ ഒന്നു കൂടി വെച്ച് കടക്കാരൻ പരീക്ഷിച്ചു നോക്കി. ഓരോ വിരല് വെക്കുമ്പോഴും അടുപ്പിൽ തീയൂതുന്നതും വെള്ളം തിളയ്ക്കുന്നതും അരി വേവുന്നതും ചിരിത സ്വപ്നം കണ്ടു.

“വിരല് വെച്ച് ശരിയാവാണ്ട് അരി തരാൻ കയ്യൂല അമ്മച്ചി…. നാളെയോ മറ്റന്നാളോ വാ.. നോക്കാ.. “

കാലി സഞ്ചിയും കയ്യിൽ പിടിച്ച് തൂക്കുകാരൻ ചെക്കനെ ഒന്നു നോക്കി സ്റ്റേഡിയം മുറിച്ച് ചിരിത നടന്നു പോയി.

രാജാവിൻ്റെ സൈന്യം തലേദിവസം കൊന്ന മനുഷ്യരെ പച്ചയ്ക്ക് പുഴയിൽ ഒഴുക്കി വിട്ടു. പണി തുടങ്ങിയ മതിലുകളും പ്രതിമകളും തുണികൊണ്ടു മൂടി. അന്തഃപ്പുരത്തിലെ ജനാലകൾ എല്ലാം തുറന്നുവെച്ചു. സൂര്യവെളിച്ചം ഇടിത്തീ പോലെ മുറിക്കുള്ളിലേക്ക് തുളച്ചു കയറി. മന്ത്രിമാർ ഓരോരുത്തരായി തട്ടി വിളിച്ചിട്ടും അയാൾക്ക് ഉണരാൻ ഉദ്ദേശമുണ്ടായിരുന്നില്ല. അയാളുടെ ചിത്രങ്ങൾക്കെല്ലാം ഒറ്റ ദിവസം കൊണ്ട് വയസ്സായി.

കള്ളൻ പകൽനേരം മുഴുവൻ കിടന്നുറങ്ങി. സമയമണി പിറകോട്ടു ചലിച്ചു. സൈക്കിൾ ചവിട്ടി തളർന്നു പോയ കാലുകളുമായി അമ്പു വീട്ടുപടിക്കൽത്തന്നെയിരുന്നു. കാലിസഞ്ചിയുമായി മടങ്ങി വരുന്ന ചിരിതയെ അയാൾ അകലെയിരുന്നു കണ്ടു. വിയർത്തു കുതിർന്ന വെളുത്ത ബ്ലൗസിൻ്റെ പിറകിൽ കൈ വെച്ച് ‘നാളെ പോയി നോക്കാം’ എന്ന് ആ മനുഷ്യൻ പ്രണയപൂർവ്വം പറഞ്ഞു.

പടിക്കൽ കൈകുത്തിയിരുന്ന് ചിരിത തൻ്റെ പത്തു വിരലുകളിലേക്ക് നോക്കി. ആ കൈകളേക്കാൾ മെലിഞ്ഞ് നീണ്ടു പോയ മറ്റു രണ്ട് കൈകൾ അവയെ തലോടി. ‘ഹസ്തരേഖാശാസ്ത്രം പറയും’ എന്നെഴുതിയ ബോർഡ് ചായ്പ്പിൽ വിറകുകൊള്ളികളായി കിടക്കുന്നു. എത്ര ചെറുതിനെയും വലുതാക്കുന്ന ഒരു ഭൂതക്കണ്ണാടിപോലെ ചിരിതയുടെ ശ്വാസം ആ വീട്ടിൽ നിറഞ്ഞു. തൻ്റെ കൈത്തണ്ടയിൽ പതിഞ്ഞ ചിരിതയുടെ കൈരേഖകൾ നോക്കി അയാൾ ഏറെ നേരമിരുന്നു.

നേരം സന്ധ്യയാകാറായിരിക്കുന്നു. കൊട്ടാരത്തിൽ എല്ലാവരും രാജാവിൻ്റെ ഉറക്കത്തെക്കുറിച്ച് ആലോചിച്ച് പരിഭ്രാന്തരായി. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രാജാവുണരുന്നില്ല എന്ന കഥ അതിർത്തികൾ തുരന്ന് അയൽരാജ്യങ്ങളിലേക്ക് കടന്നു. അവർ തക്കസമയത്തെ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. രാജാവിൻ്റെ കൂർക്കംവലി രാജ്യത്താകമാനം പടർന്നു കയറി, പരന്നിറങ്ങി. രാജാവ് ഉറങ്ങിക്കൊണ്ടേയിരുന്നു.

സൈക്കിളിൻ്റെ പെഡലു തിരിച്ച് അഴിഞ്ഞു പോയ ചെയിൻ നേരെയാക്കി അമ്പു സൈക്കിളിൽ കയറി. കാലുകളിൽ നിന്നും ഒരു തരിപ്പ് ശരീരമാകെ പടരുകയും സൈക്കിൾ ചവിട്ടുന്നതിനിടയിൽ അയാൾ അതിദാരുണമായി മോങ്ങുകയും ചെയ്തു. അയാൾക്ക് പലപ്പോഴായി ശ്വാസം മുട്ടുകയും തല കറങ്ങുകയും ചെയ്തു. വിയർത്തു തളർന്ന് ഉണങ്ങിയ കള്ളിമുൾച്ചെടി പോലെ അയാൾ ദീർഘനേരം റോഡരികുകളിൽ കുത്തിയിരുന്നു. പിന്നെയും എല്ലുന്തിയ ശരീരം സൈക്കിളിലാഞ്ഞു ചവിട്ടി. ഹൈവേയിൽ നിന്നും ഇടവഴിയിലേക്ക് സൈക്കിളു വെട്ടിക്കവേ മണ്ണുകൂനയിൽ തട്ടി താഴെ വീണു. കിടന്ന കിടപ്പിൽ കയ്പ്പുള്ള നിറമില്ലാത്ത ദ്രാവകം ഓക്കാനിക്കുകയും ശ്വാസം അതിഭയങ്കരമായി മുകളിലേക്ക് ഉയരുകയും ചെയ്തു. മേത്തു പറ്റിയ പൊടിമണ്ണ് വളരെ തിടുക്കത്തിൽ തട്ടിക്കളഞ്ഞ് സൈക്കിളെടുത്ത് നിവർത്തി അയാൾ യാത്ര തുടർന്നു .

കള്ളൻ്റെ ശരീരത്തിലേക്ക് ആവണക്കെണ്ണ ഒഴിച്ച് കരി പടർത്തി. സത്യം കടലുപോലെ കറുത്തിട്ടെന്ന് ശാസ്ത്രം.

രാജാവ് ഉറക്കത്തിൽ നിന്നും ഇനി ഉണരുകയില്ലെന്ന് ഉറപ്പായി. രാജഗുരു ഗണിച്ചു നോക്കി വരാൻ പോകുന്ന ആപത്ത് മുൻകൂട്ടി കണ്ടു. ഒടുക്കം തീരുമാനത്തിലെത്തി. കൊട്ടാരത്തിന് പുറത്ത് കൂടി നിന്ന ജനങ്ങളെ സൈന്യം തുരത്തിയോടിച്ചു. ഉറങ്ങുകയായിരുന്ന രാജാവിനെ വെളുത്ത തുണി കൊണ്ടു മൂടി. ഖജനാവിലേക്കുള്ള രഹസ്യ വഴിയിലൂടെ പുറത്തേക്കിറക്കി. പൂതലിച്ച പണം പൂത്ത മണം പേറി ഉറങ്ങുന്ന ശവം ആ രാജ പാതയിലൂടെ കടന്നു പോയി.

വീണ്ടും വീണ്ടും കോലിട്ടിളക്കി കനൽത്തരികൾ മേലോട്ട് പായുന്നത് അയാൾ രസത്തോടെ നോക്കിനിന്നു. അടുത്തുള്ള ഉണങ്ങിയ കുറ്റിക്കാടുകളിലേക്ക് കനലു കോരിയിട്ട് ഊതിയൂതി കത്തിച്ചു. ഓരോ തവണയും കുമിഞ്ഞു കൂടുന്ന ചാരം വാരി ചാക്കുകളാക്കി ഒരു മൂലയിൽ കൂനയ്ക്കിട്ടു.

വെളുത്ത കോട്ടൺ സാരി കൊണ്ട് വരിഞ്ഞു മുറുക്കി പൊതിഞ്ഞ ശരീരം സൈക്കിളിൽത്തന്നെ വെച്ച് അമ്പു അയാൾക്കടുത്തേക്ക് നടന്നു. അയാൾ അമ്പുവിൻ്റെ വരവ് പ്രതീക്ഷിച്ചിട്ടെന്ന പോലെ കനലിളക്കുന്ന കമ്പു കൊണ്ട് അങ്ങോട്ടു വരാം എന്ന് ആംഗ്യം കാട്ടി. അടുത്തു വച്ചിരിക്കുന്ന ചിമ്മിണിക്കുപ്പി കയ്യിലെടുത്ത് അമ്പുവിൻ്റെ അടുത്തേക്ക് നടന്നു. ചിരിതയുടെ വരിഞ്ഞു കെട്ടിയ ചെറിയ ശരീരം തട്ടി തോളിലിട്ടു. കത്തിക്കൊണ്ടിരുന്ന ചിത ഒരാന്തലുമായി നോക്കി നിന്നു.

തൻ്റെ പേരു തുന്നിച്ച കോട്ടുകൾ അണിയിപ്പിച്ച് വെളുത്ത തുണിയിൽ പൊതിഞ്ഞ് ഉറങ്ങുന്ന രാജാവിൻ്റെ ശരീരം കത്തിക്കാൻ മന്ത്രിമാർ ചിത കൂട്ടി. ഉറക്കച്ചടവുള്ള ആ രാത്രിയുടെ ഗന്ധം പുറത്തു വരാതിരിക്കാൻ സുഗന്ധദ്രവ്യങ്ങൾ പലതായി നിറച്ചു വെച്ചു. അവസാനമായി ഉണർത്താൻ കഴിയുമോ എന്ന് ഒരിക്കൽ കൂടി അവരെല്ലാവരും ശ്രമിച്ചു നോക്കി. സൂര്യാസ്തമയത്തോടെ രാജശരീരം ചിതയിലേക്കെടുത്തു.

ആ രാത്രി ദിവ്യമോഷണത്തിനിറങ്ങിയ കള്ളന് രണ്ട് സ്വപ്നങ്ങൾ മോഷണ മുതലുകളായി കിട്ടി.
ശ്‌മശാനത്തിലെ വെണ്ണീറു ചാക്കുകൾക്കു മുകളിൽ ഉറങ്ങാൻ കിടന്ന സൂക്ഷിപ്പുകാരൻ അറിയാതെ ആ രണ്ടു വിശുദ്ധ സ്വപ്നങ്ങൾ കള്ളൻ കട്ടുകൊണ്ടു പോയി.

ഒന്ന്, അരിക്കലത്തിൽ വേവുന്ന ചോറിൻ്റെ ചൂര് രണ്ട്, ഉറക്കം നടിച്ച രാജാവിൻ്റെ കോട്ടുവായ.

ആ വിധം അന്ന് രാത്രി കള്ളൻ വാഴ്ത്തപ്പെട്ടവനായി.

കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശി. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ മലയാള വിഭാഗം ഗവേഷക. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം. നിലവിൽ സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി.