രാജപുരത്തെ കൊലപാതകം -അദ്ധ്യായം-9

എന്തിനാണ് സാംസൻ സർ തങ്ങളെയും കൊണ്ട് ഇത്ര ദൂരം വന്നതെന്ന് ആ പോലീസ് ഉദ്യോഗസ്ഥർക്ക് മനസിലായില്ല. ഒന്നും തുറന്ന് പറയാത്ത ഒരു ഓഫീസർ. ബഹളം വെയ്ക്കലില്ല. ശാന്തമാണ് ആ മുഖം എങ്കിലും ഏവരെയും അകറ്റി നിർത്തുന്ന ഗൗരവത്തിലാവും എപ്പോഴും. ഒരു ചിരിപോലും വൈകിയെ ആ മുഖത്ത് നിന്ന് പുറത്ത് വരൂ.

ഇന്നലെ ഉച്ചയ്ക്കാണ് ഹാൻഡ് കപ്പ് എടുത്ത് റെഡിയാകാൻ അജയനോടും സജീറിനോടും പറഞ്ഞത്. രണ്ട് ദിവസത്തെ യാത്രയുണ്ട്. യൂണിഫോം വേണ്ട. എവിടേക്കാണെന്ന് പറഞ്ഞില്ല. ചോദിക്കാനും കഴിഞ്ഞില്ല. ഡ്രൈവർ സുനിൽ റെഡിയായി പോലീസ് ജീപ്പിലിരിക്കുന്നുണ്ട്. അയാൾക്കും ഒന്നും അറിയില്ല. കൊലപാതക കേസിലെ
പ്രതികളെ തപ്പിയാണോ ? ആയിരിക്കും . രാജപുരത്ത് നിന്ന് ഇത്ര ദൂരത്തേക്ക് എങ്ങിനെ? അതിന് ആരാണ് മരിച്ചതെന്ന് പോലും ഇനിയും അറിഞ്ഞിട്ടില്ലല്ലോ. ഇന്നലെ ഇവിടെ മണ്ണാർക്കാട് എത്തിയപ്പോൾ രാത്രി വൈകിയിരുന്നു. സാംസൻ ഏർപ്പാട് ചെയ്ത ലോഡ്ജ് മുറിയിൽ യാത്രയുടെ ക്ഷീണത്താൽ ഏവരും പെട്ടെന്ന് ഉറങ്ങി.
നേരം പുലർന്ന് തുടങ്ങുന്നതെയുള്ളു വീണ്ടും യാത്ര തുടങ്ങുന്നു. എങ്ങോട്ട് ?

മണ്ണാർക്കാട് നിന്ന് കിഴക്കോട്ട് ഇരുട്ടു വീണ ആകാശത്തിന് മേൽ തെളിച്ചം വന്ന് തുടങ്ങുന്നതേയുള്ളു. റോഡ് സൈഡിലെ മയിൽ കുറ്റിയിൽ അട്ടപ്പാടി എന്നെഴുതിയിരിക്കുന്നത് കണ്ടു.
‘ അട്ടപ്പാടിക്കാണോ സാർ ?’ സഹികെട്ട് സജീർ ചോദിച്ചു.
‘ഉം. നിങ്ങൾ ഇവിടെ വന്നിട്ടുണ്ടോ ?’
‘ ഇല്ല’
‘ എന്നാൽ അട്ടപ്പാടിയെ കണ്ടോ. അത്ര സുന്ദരമാണി ഭൂമി’ സാംസൺ സാർ തന്നെയാണോ ഈ സംസാരിക്കുന്നത് . സജീർ അജയൻ്റെ മുഖത്തേക്ക് വല്ലാത്ത ഭാവത്തിൽ നോക്കി.
‘സാറിവിടെ ഉണ്ടായിരുന്നോ ?’
‘ ഉം. എസ്.ഐ ആയിരുന്നപ്പോൾ’

ചുറ്റും പകലിൻ്റെ തെളിച്ചം വീണ് തുടങ്ങി. മണ്ണാർക്കാട് ഫോറസ്റ്റ് ചെക്ക് പോസ്റ്റും കഴിഞ്ഞ് മുകളിലേക്ക്. ഹെയർപിൻ വളവ് തിരിഞ്ഞ് പുകമഞ്ഞ് കാഴ്ച മറച്ച വഴിയിലൂടെ മുകളിലേക്ക്. മലകളും ചരിവുകളുമായി പച്ചനിറഞ്ഞ ഭൂമി മുന്നിൽ. കുളിര് പുതച്ച നേർത്ത കാറ്റ് ഇടയ്ക്കിടെ ജീപ്പിനുള്ളിലൂടെ കടന്ന് പോയി.

‘ഹൗ വല്ലാതെ തണുക്കുന്നു’

വഴി നീളെ തീറ്റ തേടി നടക്കുന്ന പശുക്കളെ കാണാം. മഞ്ഞു നനച്ച പുൽനാമ്പുകളിൽ തൊട്ടു കൂടുതൽ കൂടുതൽ പച്ചപ്പ് തേടി ഒന്നിന് പുറകെ ഒന്നായി റോഡരുകുകളിലൂടെ
ഉടമസ്ഥരാരുമില്ലാതെ അവ മേഞ്ഞ് നടന്നു.

‘സാറിവിടെ എത്ര നാൾ ഉണ്ടായിരുന്നു?’
‘രണ്ട് വർഷം’
വഴിയിൽ പുകമഞ്ഞ് നേർത്ത മഴ ചാറ്റലിന് വഴിമാറിയിരിക്കുന്നു. ഇവിടെ ഇങ്ങിനെയാണ്. കാറ്റും മഴയും മഞ്ഞും കുളിരും പുതപ്പിച്ചെടുത്ത മലകളും മരങ്ങളും മണ്ണിൻ്റെ മണമറിഞ്ഞ ആദിമനുഷ്യരുടെ പിന്മുറക്കാരും അവരുടെ മുത്തപ്പൻ ദൈവങ്ങളും അട്ടപ്പാടിയെ അശുദ്ധമാക്കാതെ പൊതിഞ്ഞ് സൂക്ഷിക്കുന്നു.

‘ നമ്മൾ ആരെ അന്വേഷിച്ചാണ് സാർ ഇവിടേക്ക് ?’ ടാർ അടർന്ന് മാറിയ കല്ലുവഴികളിലൂടെ ജീപ്പ് ചാടി ചാടി മുകളിലേക്ക്.

‘സർ നമ്മൾ എവിടേക്കാണ്?’

സാംസൻ്റെ മുഖത്ത് മറുപടി ഒന്നുമുണ്ടായില്ല.

നാടൻ പാട്ടിൻ്റെ മടിശീല കിലുങ്ങുമീ
നാട്ടിൻ പുറമൊരു യുവതി ……

സാംസൺ മൊബൈലിൽ ആ പാട്ട് ഉറക്കെ വെച്ചു. നേർത്ത വെയിലിനെ തണുപ്പിച്ച് ചുരമിറങ്ങി വന്ന ചാറ്റൽ മഴ മരച്ചാർത്തുകളിൽ താളമിട്ട് താഴേക്ക് താഴേക്ക് പോയി.

മഴയെയും മഞ്ഞിനെയും മരങ്ങളെയും പകുത്ത് മാറ്റി നനഞ്ഞ് കുതിർന്ന ഗ്രാമക്കാഴ്ചകൾക്കുള്ളിലൂടെ അകലെ പുകയിലമർന്ന മലനിരകളെ തേടിയെന്നവണ്ണം പോലീസ് ജീപ്പ് ഓടികൊണ്ടിരുന്നു. എവിടേക്കെന്നറിയാത്ത യാത്രയിൽ അട്ടപ്പാടിയുടെ മനോഹര കാഴ്ചകൾക്കായ് പോലീസുകാർ അകലങ്ങളിലേക്ക് കണ്ണു നട്ടു.

മുള്ളി എന്ന ചെറുപട്ടണം കടന്ന് വണ്ടി ഇടത്തോട്ട് തിരിഞ്ഞു. വഴി പിന്നെയും നേർത്തതായി. എവിടെയും പച്ചപ്പ് മാത്രം. മരങ്ങളിൽ ഊയലാടി റോഡിലേക്കിറങ്ങി.
ഒന്ന് തിരിഞ്ഞ് നോക്കി ഓടുന്ന കുരങ്ങുകളെ ഇടയ്ക്കിടെ കാണാം. കാടും മരങ്ങളും മറച്ച് പിടിച്ച ചെറുഗ്രാമങ്ങളെ പിന്നിട്ട് ആകാശത്തിനതിര് തീർത്ത് നിൽക്കുന്ന മലനിരകൾക്കരികിലേക്കാണ് യാത്ര.

ഇലക്ട്രിക്ക് ഫെൻസിങ്ങ് വേലി തിരിച്ച പലയിടങ്ങളിലും ആനയുടെ പടം വച്ച ബോർഡുകൾ ഭയപ്പെടുത്തുന്നു. മുന്നിലെ പുകമഞ്ഞിനെ മാറ്റി മഴ പിന്നെയും നനച്ചിറങ്ങി. അട്ടപ്പാടി എന്ന ഈ നിശബ്ദ താഴ്‌വാരങ്ങളിൽ ഇങ്ങിനെ മഴയും മഞ്ഞും മനുഷ്യജീവിതങ്ങളിൽ ഇടയ്ക്കിടെ കുളിര് തീർത്ത്, മലകൾക്ക് അപ്പുറം പൊള്ളാച്ചിയുടെയും കോയമ്പത്തൂരിലെയും ഊഷരതയ്ക്കുള്ളിലേക്ക് അകന്ന് പോകും.

കൂടത്ത പാലം എന്ന് ബോർഡ് ചെറിയ പാലത്തിൻ്റെ കാഴ്ചകൾ കാണിച്ചു തന്നു. ഒരു ചെറു ഗ്രാമം. ചലനങ്ങളില്ലാതെ ശാന്തമായ ഗ്രാമം. ചെറുവീടുകൾക്കുള്ളിൽ എവിടെയൊക്കെയോ മനുഷ്യർ ഒളിച്ചിരിക്കാം. അല്ലെങ്കിൽ അകലെ താഴ് വാരങ്ങളിലെ മണ്ണിൽ കൃഷിയൊരുക്കുകയാവാം. വഴിയിലെമ്പാടും അലയുന്ന പൈക്കളാണ്. പശുക്കൾക്കൊപ്പം കഴുതകളുമുണ്ട്.

“ആനയുണ്ടാവും. സൂക്ഷിച്ച് ഓടിക്ക്. ഇത് ഷോളയൂർ കാടിൻ്റെ ഭാഗമാണ്. “മഴനനഞ്ഞഴുകിയ വഴിയിൽ കെട്ടിനിന്ന ചെളിവള്ളം തെറിപ്പിച്ച് വേഗത്തിൽ ജീപ്പോടിക്കുന്ന ഡ്രൈവറെ തൊട്ട് സാംസൺ പറഞ്ഞു. ജീപ്പിലെ നിശബ്ദ യാത്രക്കിടയിലെ സാംസൻ്റെ വർത്തമാനം കേട്ട് പുറകിലിരുന്ന പോലീസുകാർ ഒന്നിളകിയിരുന്നു. വഴിയിൽ വാഹനങ്ങൾ ഒന്നുമില്ലല്ലോ.
‘ആന വന്നാൽ എന്തു ചെയ്യും സാർ?’
‘എന്ത് ചെയ്യാൻ’ സാംസൺ പതിയെ ചിരിച്ചു. പല സ്ഥലത്തും ഫെൻസിങ്ങ് വേലികൾ തകർത്തെറിഞ്ഞിട്ടുണ്ട്.

ഡസ്കേഴ്സ് ഹിൽസ് എന്ന ടൂറിസ്റ്റ് ഹോം. ഇവിടെയും സഞ്ചാരികൾക്കായി റിസോർട്ടുകളും ഹോം സ്റ്റേകളും ഉണ്ടെന്ന് തോന്നുന്നു. ഡ്രൈവർ ജിപ്പ് പെട്ടെന്ന് നിർത്തി. നേർത്ത മഴയും മഞ്ഞുമുണ്ട്.
‘ആനയാണോ ? ‘ പേടിയോടെ പോലീസുകാർ ചോദിച്ചു.
സാംസൺ വലതുവശത്തെ മരക്കൊമ്പുകളിലേക്ക് വിരൽ ചൂണ്ടി. മരങ്ങളിലെ ചില്ലകളിൽ മഴനനത്തിരിക്കുന്ന മയിലുകൾ കൗതുക കാഴ്ചയായ്. നിരവധിയെണ്ണമുണ്ട് . മയിലുകളുടെ കൂട്ടം വർണ്ണച്ചിറകുകൾ ഒതുക്കി മുന്നിലെ കാഴ്ചകൾ കണ്ട് ഇരിപ്പാണ്.

കാടും മരങ്ങളും അകലെ മലകളിലേക്ക് മറഞ്ഞ് കഴിഞ്ഞു. റോഡിനിരുവശത്തേക്കും വലിയസമതല കാഴ്ചകൾ. വഴിയരുകിൽ കാവലൊരുക്കി കാത്തിരിക്കുന്ന പോലെ അവിടവിടായി ചെറുമരങ്ങൾ. ഇടയ്ക്ക് കാണുന്ന ചെറുവീടുകൾക്ക് മുന്നിലായ് തമിഴ്നാട്ടിലെ പുളിമരങ്ങളുമുണ്ട്.

‘മലയ്ക്കപ്പുറം തമിഴ്നാടാണ്’ സാംസൺ പറഞ്ഞു.

മഴ മാറി മഞ്ഞ് മാത്രമായ്. ഇടയ്ക്കിടെ തൊട്ടുനനച്ച് പോകുന്ന പുകമഞ്ഞ് . മരങ്ങളില്ല, കാടുകളില്ല, വീടുകളില്ല ചെറുപുല്ലുകൾ വളർന്ന് പച്ചനിറമാർന്ന
നനഞ്ഞുതിർന്ന മണ്ണിൽ മഞ്ഞു തൊട്ടു തൊട്ടു പോകുന്ന മായ കാഴ്ച മാത്രം. അകലെ മലനിരകളെ മഞ്ഞ് പുതച്ചിരിക്കയാണ്. എത്രമനോഹരം എത്ര സുന്ദരം ഈ ഭൂമി,
നിശബ്ദമായ ഈ ഭൂമി കാഴ്ചകളുടെ വിരുന്ന് ഒരുക്കുകയാണ്. സഞ്ചാരികളുടെ വരവിനായ് കാത്തിരിക്കയാണ്. അകലെ കാറ്റാടി യന്ത്രങ്ങളുടെ മനോഹര കാഴ്ചകൾ. ഇവിടെയും ഇലക്ട്രിക് ഫെൻസിങ്ങുകൾ ഉണ്ടല്ലോ. അകലെയുള്ള മലനിരകളിറങ്ങി ആനക്കൂട്ടങ്ങൾ ഈ സമതലങ്ങളിലേക്ക് എത്തുമോ?

ഒരു ചെറിയ ജംഗ്ഷനിലേക്ക് വണ്ടി എത്തിനിന്നു വഴി രണ്ടായി തിരിയുന്നു. ഇടത് വശത്തേക്കുള്ള വഴിയിൽ കിടന്ന ഒരു ജിപ്പ് ഹോണടിച്ച് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് പോയി.
‘അതിന് പുറകെ’ സാംസൺ പറഞ്ഞു. ” ഇതാണ് ഗോഞ്ചിയൂർ. അട്ടപ്പാടിയിലെ അവസാന ഗ്രാമം”.

നിറഞ്ഞ സമതല കാഴ്ചകൾക്ക് മേലെ അങ്ങു ദൂരെ വളർന്നിറങ്ങിയ മലനിരകൾ. മഞ്ഞിൽ വിടർന്ന് നിൽക്കുന്ന ഒറ്റതിരിഞ്ഞ ചെറുമരങ്ങൾ. എന്ത് ഭംഗി ……എന്ത് ഭംഗി.

വണ്ടി ചെന്ന് എത്തി നിന്നത് വലിയ ഒരു വടവൃക്ഷത്തിന് ചുവട്ടിലാണ്. ആകാശത്തെ താങ്ങി അതങ്ങനെ ഒറ്റക്ക് നിൽക്കയാണ്. ചുവട്ടിൽ ഒരു മുത്തപ്പൻ തറ. ആദിമ മനുഷ്യരുടെ ദൈവങ്ങളാകാം. ഗോഞ്ചിയൂരിനെ കാക്കുന്ന ദൈവങ്ങൾ. ദൈവങ്ങൾക്ക് തണലൊരുക്കി മഹാമേരുവായി ആ വട വൃക്ഷം. വലതു വശത്തെ കല്ലും മണ്ണും നിറഞ്ഞ ചെറു വഴിയിലൂടെ ജീപ്പ് വീണ്ടും മുന്നോട്ട്. അധിക ദൂരമെത്തും മുമ്പെ ഭൂമിയുടെ കാഴ്ചകൾ മറച്ച് വലിയ മതിൽക്കെട്ട്. ഗേറ്റ് കടന്ന് അകത്തേക്ക്. റിസോട്ടു നിർമ്മാണമാണെന്ന് തോന്നുന്നു. വലിയ കെട്ടിടത്തിൻ്റെ ചിത്രം. കുറെ തൊഴിലാളികൾ പണിയിലുണ്ട്.

‘പെട്ടെന്ന് ഇറങ്ങ്’ സാംസൺ വണ്ടിയിൽ നിന്നിറങ്ങി കൊണ്ട് പറഞ്ഞു.

‘ആ ഗേറ്റ് അടയ്ക്ക് ആരും പുറത്ത് പോകരുത്’.

മുന്നിലെ ജീപ്പിൽ നിന്നിറങ്ങിയവരും സാംസൻ്റെ അടുത്ത് എത്തി. പണിക്കാർ പോലീസ് ജീപ്പു കണ്ട് അമ്പരന്ന് നിൽക്കയാണ്. സൂപ്പർവൈസർ എന്ന് തോന്നിക്കുന്ന രണ്ട് പേർ സാംസൻ്റെ അടുത്തെത്തി എന്തോ പറഞ്ഞു. പിന്നെ തൊഴിലാളികൾ എല്ലാവരോടും അടുത്തേക്ക് വരാനും പറഞ്ഞു.
‘ആരാ ….. ഷെമീർ ?’
എല്ലാവരും പരസ്പരം നോക്കി. അവർക്കിടയിൽ നിന്ന് ഒരാൾ സാവധാനം പുറത്തേക്ക് വന്നു. ഒരു നാൽപ്പത് വയസുകാരൻ.
‘കൂടെയുള്ള ആളെവിടെ?’ സാംസൺ ചോദിച്ചു.

അയാൾ മിണ്ടിയില്ല.

േo….. സാംസൻ്റെ അടിയേറ്റ് അയാൾ മുഖം പൊത്തി.

‘ ഞാനാണ്’ ഒരാൾ നടന്ന് അടുത്ത് എത്തി.

പേര് ?

‘ജോയി’

‘രണ്ടിനെയും വിലങ്ങ് വെക്ക്’

( തുടരും …..)

കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.