
നേരം വെളുത്തപ്പഴേക്കും രാജപുരത്ത് അതൊരു വാർത്തയായി. വാഴച്ചാൽ പള്ളിക്ക് പുറകിൽ കത്തിക്കരിഞ്ഞ ശവശരീരം. കൊലപാതകം.
ആരാണ് ? ആരാണ് ?
ആരാണ് മരിച്ചത് ?
ആരാണ് കൊന്നത് ?
പള്ളി വഴിയിലും ജംഗ്ഷനിലുമൊക്കെ ആൾക്കൂട്ടമായി. പലരും വന്നെത്തി നോക്കി മാറി നിന്നു. ആരായിരിക്കും? കണ്ടവരൊക്കെ പരസ്പരം അന്വേഷിച്ചു.
“നാട്ടിലെ ആരുമാവില്ല, സുള്ളിയിൽ നിന്നോ താഴെ നിന്നോ ആരോ കൊണ്ട് വന്നതാവും. “
“ജീപ്പ് വന്ന് പോയെന്നാ പറഞ്ഞത്. നമ്മുടെ നാണപ്പൻ കണ്ടത്രെ. “
“കള്ളൻ നാണപ്പൻ അല്ലെ, ഏയ്, അവനെ വിശ്വസിക്കാൻ പറ്റില്ല. “
“അവന് എന്തെങ്കിലും പങ്കുണ്ടോ ? “
“അവന് അതിനൊന്നും ആവതില്ല. “
“ങാ …. എന്തായാലും അവൻ പോലീസ് കസ്റ്റഡിയിലാ. പിന്നെ Cl പുതിയതാ, തെക്കു നിന്ന് വന്നതാന്നാ കേട്ടത്. പണിഷ്മെൻ്റ് കിട്ടി വന്നതാത്രെ. ആരെയും വകവെക്കില്ലന്നാ അറിഞ്ഞത് . “
ഇൻക്വസ്റ്റ് നടപടികൾ തീർക്കുന്ന തിരക്കിലായിരുന്നു സാംസൺ. ഫോറൻസിക് , സയൻറിഫിക് ഉദ്യോഗസ്ഥരും ഡിപ്പാർട്ടമെന്റ് ഫോട്ടോഗ്രാഫറും എത്തിയിട്ടുണ്ട് . അവർക്ക് ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞ് കൊടുത്തു. ബോഡി പരിശോധന പൂർത്തിയായിട്ടും മരണപ്പെട്ടയാളുടെ ശരീരത്തിൽ പരിക്കുകളൊന്നും കാണപ്പെട്ടില്ല. ഇടയ്ക്ക് കാഞ്ഞങ്ങാട് നിന്നും ഡി. വൈ.എസ്.പി എത്തി കുറെ നിർദ്ദേശങ്ങൾ നൽകി.
ഡോഗ് എത്തിയപ്പോൾ ആളുകൾ ഒന്ന് ഇളകി നിന്നു. പട്ടി മണം പിടിച്ച് സെമിത്തേരിയുടെ പുറകിലൂടെ താഴേക്ക് പോയി. അത് നാണപ്പൻ പോയ വഴിയെ പോയതാകും. താഴെ കവുങ്ങിൻ തോട്ടം വഴി കറങ്ങി തിരിച്ചു വന്നു, വഴിയിൽ കിടന്ന അടയ്ക്ക ചാക്കിൽ ഒന്നു മണത്ത് വീണ്ടും മൃതശരീരത്തിനടുത്തെത്തി മണം പിടിച്ച്, പള്ളി ജംഗ്ഷനിലേക്കോടി. പട്ടി വരുന്നത് കണ്ട് ജംഗ്ഷനിൽ നിന്നവർ ചിതറിയോടിയപ്പോൾ പട്ടി അന്വേഷണം മതിയാക്കി പാതയക്കരികിലായ് നിന്നു.
ബോഡി പോസ്റ്റുമോർട്ടത്തിനയച്ചു. പോലീസ് സർജനുള്ളത് കാഞ്ഞങ്ങാടാണ്. പോയി സർജനെ കാണണം.
രാജപുരത്തെ ആ കൊലപാതകം ഞെട്ടിച്ചു കളഞ്ഞു. മലയോര ഗ്രാമത്തിലെ ആ പോലിസ് സ്റ്റേഷനിൽ അത്രയൊന്നും ജോലി തിരക്കുകൾ ഉണ്ടാകാറില്ല. ലൈറ്റ് സ്റ്റേഷൻ പോലീസുകാർക്ക് അൽപ്പം വിശ്രമം ലഭിക്കുന്ന സ്റ്റേഷൻ. ആദ്യമാണ് സ്റ്റേഷനതിർത്തിയിൽ ഒരു കൊലപാതകം. എല്ലാവരും ആശങ്കയിലായി.
പുതിയ Cl എങ്ങിനെയാവോ എന്ന പോലീസുകാരുടെ വർത്തമാനങ്ങൾക്കിടയിലേക്കാണ് സാംസൺ എത്തിയത്.
“എല്ലാവരെയും ഫോളിനാക്ക് “
റൈറ്റർ പോലീസുകാരെയെല്ലാം രാവിലെ തന്നെ വിളിച്ച് വരുത്തിയിരുന്നു.
“എനിക്ക് നിങ്ങളെയും നിങ്ങൾക്ക് എന്നെയും പരിചയമില്ല. ഞാൻ വന്ന് ചേർന്ന രാത്രിയിൽ നമുക്കായ് ആരോ ഒരു വിരുന്നൊരുക്കി കടന്ന് പോയിട്ടുണ്ട്. ഇപ്പോൾ അവർ നമ്മുടെ കാഴ്ച ക്കകലെയാണ്. ചിലപ്പോൾ സുള്ളിയിലോ കുടകിലോ റാണിപുരത്തോ ഏതെങ്കിലും മലനിരകളിലോ, കാഞ്ഞങ്ങാട്ടെ നഗരവഴികളിലോ സഞ്ചരിക്കയാവും. അവരോടെപ്പം എത്താൻ നാം ഇത്തിരി ഓടണം. നമുക്ക് സ്വന്തമായ് ഒത്തിരി കാര്യങ്ങളുണ്ടാവും. നമുക്കതൊക്കെ അൽപ്പനേരം മാറ്റി വെയ്ക്കാം. പ്രതികളെ കണ്ടെത്തുന്നതും പിടിക്കുന്നതുമൊക്കെ ഒരു ഓഫീസറുടെ മാത്രം കഴിവല്ല. അതൊരു ടീം വർക്കാണ്. ഈ കേസിൻ്റെ അന്വേഷണത്തിന് ഞാനൊരും ടീം ഉണ്ടാക്കുകയാണ്. നാട്ടിലും സമീപപ്രദേശങ്ങളിലും കർണാടകയുടെ അതിർത്തി ഗ്രാമങ്ങളിലും ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നന്വേഷിക്കണം. സ്റ്റേഷനതിർത്തിയിലും സമീപപ്രദേശങ്ങളിലും ഉള്ള കുറ്റവാളികളെയും മുൻകുറ്റവാളികളെയും അന്വേഷിച്ച് അവരെ കൂട്ടി കൊണ്ട് വരണം. ജയിൽ റിലീസായവരെ അന്വേഷിക്കണം. രാത്രിയിലെ ഫോൺ കോളുകൾ കാമറ എന്നിവ പരിശോധിക്കണം. എല്ലായിടത്തും പട്രോളിംഗ് നടത്തണം. പരമാവധി ആളുകളെ കണ്ട് അന്വേഷിക്കണം. എല്ലാ ജീപ്പ് ഡ്രൈവർമാരെയും കാണണം, അന്വേഷിക്കണം. അന്വേഷണ വിവരങ്ങളുമായി വൈകി 7 മണിക്ക് സ്റ്റേഷനിൽ എത്തണം.” സാംസൺ പറഞ്ഞു നിർത്തി.
സാംസൺ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ എത്തിയപ്പോഴേക്കും അൽപ്പം വൈകിയിരുന്നു. മോർച്ചറിക്കുള്ളിലെ കീറി മുറിക്കപ്പെട്ട മൃതശരീര കാഴ്ചയിലേക്കാണ് അദ്ദേഹം എത്തിയത്. മരണകാരണം തിരയുന്നതിന് പോസ്റ്റുമോർട്ടം ടേബിളിന് മുന്നിൽ എത്തുന്ന അന്വേഷണ ഉദ്യോഗസ്ഥർ വിരളമാണ്. പോലീസ് സർജനെ മോർച്ചറിക്ക് പുറത്ത് വെച്ച് കാണുന്നവരും ഫോൺ വിളിച്ചന്വേഷിച്ചറിയുന്നവരും ഒന്നും അന്വേഷിക്കാത്തവരുമാണ് മിക്കവരും. ഒരു കേസ് കോടതിയിൽ നിൽക്കുന്നതും പ്രതികൾ ശിക്ഷിക്കപ്പെടുന്നതും അന്വേഷണ ഉദ്യോഗസ്ഥൻ കേസിൽ കാണിക്കുന്ന താത്പര്യവും മിടുക്കും അന്വേഷണ മികവും കൊണ്ടാണ്.
മരണപ്പെട്ട ആളുടെ മൃതശരീരത്തിൻ്റെ ഇൻക്വസ്റ്റ് പോലെ തന്നെ ഡോക്ടേഴ്സിനൊപ്പം പോസ്റ്റുമോർട്ടവും നിരീക്ഷിക്കണം എന്നതാണ് സാംസൻ്റെ രീതീ . മോർച്ചറിക്കുള്ളിലെ കാഴ്ച ഏറെപ്പേർക്കും ഭയചകിതമായ കാഴ്ചയാണ്. മരണപ്പെട്ടയാളുടെ ശരീരം കാണുന്നത് തന്നെ ഭയമാകുന്നവർ എങ്ങിനെയാണ് തലയോട് തകർക്കപ്പെട്ട, നെഞ്ചിൻ കൂടാരങ്ങൾ വെട്ടിപ്പൊളിച്ച ഒരു മനുഷ്യരൂപത്തെ കാണുന്നത്.
മരണത്തിൻ്റെ മണമുറങ്ങുന്ന മോർച്ചറി മുറിയിലെ കൊന്നും മരിച്ചും ചീഞ്ഞും പുഴുത്തും എത്തിച്ചേരുന്ന മൃതദേഹങ്ങളെ തൊട്ടും പിടിച്ചും മരണകാരണം തിരയുന്നവരാരും അമാനുഷികരല്ല, വെറും സാധാരണ മനുഷ്യർ. പോലീസ് ഡോക്ടർ, നേഴ്സിംഗ് അസിസ്റ്റൻ്റ്, അറ്റൻഡർ. ജീവിക്കാനായ് വിവിധ തൊഴിലിടങ്ങളിൽ ജോലി നേടിയ സാധാരണക്കാർ. തങ്ങളുടെ ജോലിയെ ഭംഗിയാക്കുന്നവർ.
എംപ്ലോയ്മെൻ്റ് ഓഫീസുകളിൽ പേര് രജിസ്റ്റർ ചെയ്ത് ജോലിക്കായ് കാത്തിരുന്ന് കാത്തിരുന്ന് പ്രായപഴക്കത്തിൽ ആരോഗ്യ വകുപ്പിൽ നേഴ്സിംഗ് അസിസ്റ്റൻസായും അറ്റൻഡറായും ജോലി കിട്ടിയവരാണ് മോർച്ചറിക്കുള്ളിൽ മരണം തണുപ്പിച്ച ശരീരങ്ങൾ കീറി മുറിക്കുന്നത്.
അല്പം പേടിയും കൗതുകവുമായാണ് സാംസൺ ആദ്യമായ് ഒരു പോസ്റ്റ് മോർട്ടം കണ്ടത്. ദിവസങ്ങളോളം മനസിൽ നിന്നിറങ്ങിപ്പോകാത്ത കാഴ്ച. മരണത്തിൻ്റെ തണുപ്പേറി മുന്നിലെ മേശമേൽ കിടക്കുന്ന മനുഷ്യ ശരീരത്തിലെ അഴുക്കുകൾ കഴുകി കളഞ്ഞ്, സർജിക്കൽ ബ്ലേഡ് കൊണ്ട് കഴുത്തിന് മുൻവശം മുറിച്ച് പിന്നെ താഴേക്ക് നെഞ്ചിൻ കൂടും വയറും പുക്കിളിന് മുകളിൽ വരെ കീറി പിളർന്ന് വയ്ക്കുന്നു. യാതൊരു വൈഷമ്യവുമില്ലാതെ കൈ കൊണ്ട് ശരീരത്തിനുള്ളിലെ എല്ലാ ഭാഗങ്ങളും കുടലും ആമാശയവു കരളും ഹൃദയവും നാക്കും വരെ എടുത്ത് മേശപ്പുറത്ത് നിരത്തും. പുറത്തെടുത്ത കുടലുകൾ എയർ കയറി ജീവനുള്ളത് പോലെ ചിലപ്പോൾ വീർത്ത് വരും. എയർ പോകാൻ അവയിൽ ദ്വാരങ്ങളിട്ട് വെക്കും.
ഡോക്ടർമാർ ശരീരവും പാർട്സുകളും സൂക്ഷ്മമായി പരിശോധിക്കും. ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങളുമായ് ഒത്തു നോക്കും. കഴുത്തിലെ കശേരുക്കളിലെ ചതവുകളിൽ നിന്നും കടിച്ച് മുറിച്ച നാവിലെ മുറിവുകളിൽ നിന്നും ഹൃദയത്തിലും കരളിലും നിറഞ്ഞ ബ്ലഡ് പ്രഷറിൽ നിന്നും ശരീരത്തിലും ഉള്ളിലും ഏറ്റ മുറിവുകളിൽ നിന്നും ആമാശയങ്ങളിൽ നിറഞ്ഞ വിഷവസ്തുക്കളിൽ നിന്നും മരണ കാരണം കണ്ടെത്തും. വിശദമായ പരിശോധനയും മറ്റും ആവശ്യമെങ്കിൽ ഫോറൻസിക് ലാബിലേക്ക് അയയ്ക്കേണ്ടവ കട്ട് ചെയ്യിച്ച് ലായനികൾ നിറച്ച കുപ്പികളിലാക്കും. പിന്നെ ശരീരവും പാർട്സുകളും നന്നായി കഴുകി ചോരയും വേസ്റ്റും കളയും . പുറത്തെടുത്ത അവയവങ്ങൾ ചെറു കഷണങ്ങളാക്കി വയറ്റിനകത്തേക്ക് തിരികെ നിക്ഷേപിക്കും. പിന്നെ ബ്ലേഡ് കൊണ്ട് തലയുടെ മുൻവശം നെറ്റിക്ക് മുകളിലായ് ഇരു ചെവികളുടെയും ഭാഗത്തേക്ക് കീറി തലയുടെ മേൽഭാഗം മുടിയുൾപ്പടെ പുറകോട്ട് തൊപ്പി പോലെ മടക്കിവെയ്ക്കും. പിന്നെ സിസിലും ചുറ്റികയും കൊണ്ട് തലയോട്ടി ചുറ്റും പൊട്ടിച്ചു മാറ്റുന്ന കാഴ്ച കണ്ടപ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നി. കൈയിലെടുത്ത തലച്ചോർ പരിശോധിച്ച്, ആവശ്യമുള്ളത് ശേഖരിച്ച് ബാക്കി വയറിനുള്ളിലാക്കും. ബാക്കിയാവുന്ന എല്ലാ വേസ്റ്റുകളും വയറിനുള്ളിലാക്കി മൊത്തം താഴെ നിന്ന് മുകളിലേക്ക് തുന്നിക്കെട്ടും. തലയ്ക്കുള്ളിൽ പഞ്ഞിയും മറ്റും വെച്ച് രൂപം വരുത്തും. പിന്നെ ഭംഗിയായ് പൗഡറും ഡ്രെസ്സുകളും ഇട്ട് അണിയിച്ചൊരുക്കും.
രണ്ട് മണിക്കൂർ ചീഞ്ഞതും പുഴുത്ത് പുഴുവരിച്ചതും വെന്തും ചീർത്തും ഭീകരമായതും മണം പരത്തിയതും വാഹനങ്ങൾ കയറി ചതഞ്ഞരഞ്ഞ് മുഖവും കൈയ്യും കാലും തലയും ഇല്ലാതായവയും വേർപെട്ട് പോയവയും യാതൊരു അറപ്പും ഭയവുമില്ലാതെ കീറി മുറിച്ചു പെറുക്കി കൂട്ടിയും ചേർത്തു വെച്ചും മരണകാരണം തിരയുന്ന സാദാ മനുഷ്യരോട് വല്ലാത്ത ആദരവ് തോന്നും. സംസ്ഥാനത്തെ മിക്ക മോർച്ചറികളിൽ ഇതൊക്കെ ചെയ്യുന്നത് സ്ത്രീകളും കൂടിയാണ്. ചിലയിടങ്ങളിൽ സ്ത്രീകൾ മാത്രമാവും. ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജിലും ഓരോ ദിനവും വന്ന് ചേരുന്ന മരണം തണുപ്പിച്ച മൃതശരീരങ്ങൾക്കൊപ്പം അവരും തങ്ങളുടെ തണുത്ത ജീവിതം ജീവിച്ച് തീർക്കുന്നു.
രാജപുരത്തെ കൊലപാതകം ശ്വാസം മുട്ടിച്ചാണെന്ന് സർജൻ തീർത്ത് പറഞ്ഞു. മരണപ്പെട്ടയാളെ എവിടെയോ കിടത്തി കഴുത്തിന് ഇടത് വശം ഞെരിച്ചിട്ടുണ്ട്. അത് ഒരു പക്ഷെ കാലുകൊണ്ട് ആകാം. കഴുത്തിലെ കശേരുക്കുകൾ പൊട്ടിയിട്ടുണ്ട്. വലതു കാലിലെ മുട്ടുചിരട്ട പൊട്ടിയിട്ടുണ്ട് . വലത് കാലിൽ ഏതോ അപകടത്തിൽപ്പെട്ട് ഓപ്പറേഷൻ നടത്തി കമ്പി ഇട്ടിട്ടുണ്ട്. ആ ഭാഗത്ത് ഞരമ്പ് മുറിഞ്ഞ് ചോര വാർന്നിട്ടുണ്ട്. ശരീരം ആകെ പൊള്ളലേറ്റിട്ടുണ്ട്. DNAയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യാം. എല്ലാം കണ്ട് ബോദ്ധ്യപ്പെട്ട് സാംസൺ മടങ്ങി.
(തുടരും…)









