കണ്ണൂർ ജില്ലയിലെ കുറ്റിക്കോലിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. നാടകരംഗത്തും, ഗ്രന്ഥശാലാ പ്രവർത്തനത്തിലും ശാസ്ത്രസാഹിത്യപരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം തുടങ്ങി സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു. ദീർഘകാലം കുറ്റിക്കോൽ യുവജനവായനശാലയുടെ സെക്രട്ടറിയും ലൈബ്രേറിയനുമായിരുന്നു. ഹൃദ്രോഗം കാരണം എട്ടുകൊല്ലത്തോളമായി പൂർണ്ണമായും കിടപ്പിലായിരുന്നു. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. എസ് പി സി എസ്സ് പ്രസിദ്ധീകരിച്ച ഭീഷ്മരും ശിഖണ്ഡിയും (നോവൽ), തമോഗർത്തം (നാടകങ്ങൾ), ചിത്രശലഭങ്ങളുടെ പൂമരം (ബാലസാഹിത്യം), ചിന്തപബ്ളിഷേഴ്സിന്റെ ഖാണ്ഡവം(നോവൽ) കവിതയിലെ വൃത്തവും താളവും (പഠനം), അടയാളം (കവിതകൾ), കൈരളി ബുക്സിന്റെ ഇര,(ഖണ്ഡകാവ്യം), അകമുറിവുകൾ (കവിത), കുറ്റിക്കോൽ കലാസമിതി പ്രസിദ്ധീകരിച്ച പാര (നാടകം) മെയ്ഫ്ലവറിന്റെ വാരിക്കുഴിയും വാനരസേനയും (ബാലസാഹിത്യം) എന്നിവയാണ് പ്രസിദ്ധീകൃതമായ പ്രധാന കൃതികൾ. സാമൂഹ്യ മാധ്യമങ്ങളിലും എഴുതിയിരുന്നു.
ആദരാഞ്ജലികൾ..
അദ്ദേഹം കഴിഞ്ഞ ആഴ്ച തസറാക്കിനയച്ചു തന്ന ഒരു ചെറുകവിത
വാഴക്കൂമ്പുവറുത്തു തേങ്ങ
ചിരവിച്ചേർത്തിട്ടിളക്കീടണം,
കാമ്പിൽ മോരുമരപ്പുചേർത്തു
തിളയിൽ പോർന്നീടണം ജീരകം,
കായ് നേർപ്പായിമുറിച്ചു മഞ്ഞൾ,
വിറകിൻതീയും, വറുത്തീടണം,
കായുപ്പേരി, പഴംനുറുക്കുമധുരം
രംഭേ രമിക്കുന്നു ഞാൻ!
*രംഭ= വാഴ, അപ്സരസ്സ്