തുലാവർഷക്കാറ്റിനൊപ്പം പെയ്തൊഴിയാത്ത മഴയിൽ തന്റെ സഖിയുടെ കൈകളിൽ കൈ കോർത്തു കൊണ്ടവൻ പതിയെ നടന്നു. ചുറ്റുഭാഗത്തും ഭംഗിയോടെ വിരിഞ്ഞുനിൽക്കുന്ന ഒരു പറ്റം വീടുകളും ആൾതിരക്കുകളില്ലാത്ത മഞ്ഞ മൈതാനവും തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന ആൽമരവും. കിനാവിന്റെ വരമ്പിലിരിക്കുന്ന ആ പ്രണയജോഡികളുടെ ഇടയിലേക്ക് തോരാമഴ കൂടി വന്നപ്പോൾ പുതുതലമുറയുടെ ഭാഷ പോലെ ‘വൈബ്’ എന്ന നിർവീകരണലഹരി അവിടെല്ലാമടിഞ്ഞുകൂടി.
“എന്തൊരു ഭംഗിയാണല്ലേ ഈ മഴക്ക്…. “
അവളുടെ കൊതിയേറും ചോദ്യത്തിന് അവന്റെ ചുണ്ടുകളിൽ നിന്ന് ചെറുപുഞ്ചിരി മാത്രമേ ഉതിർന്നു വീണുള്ളൂ. മറ്റേതോ ഇതിഹാസ പ്രണയ ലോകത്ത് അടിമപ്പെട്ടതുപോലെയുള്ള സന്തോഷത്തിന്റെ പുഞ്ചിരിയും നോട്ടവുമായിരുന്നത്.
“എന്താ ഒന്നും പറയാത്തെ…? “
അവളുടെ ആവർത്തന ചോദ്യങ്ങളിൽ നിന്നായിരുന്നു അവന്റെ ചിന്തകൾക്ക് മുക്തി ലഭിച്ചത്. ഒന്നുമില്ലന്ന് മാത്രം ചൊല്ലിക്കൊണ്ട് ആ മഴയുടെ ലോകത്ത് അവളെയും നെഞ്ചോട് ചേർത്ത് കൊണ്ട് ദൂരേക്ക് നോക്കി അവനിരുന്നു. അവന്റെ ഓരോ നീക്കങ്ങളിൽ നിന്നും തന്നെ അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു എത്രത്തോളം അവനിന്ന് സന്തോഷിക്കുന്നുണ്ടെന്ന്
“പെണ്ണെ എന്തൊരു പ്രണയമാണല്ലേ നമ്മുടെത്… ഒരിക്കലും അവസാനിക്കാതെ ഇങ്ങനെ തന്നെയെന്നും നമ്മളിരുന്നെങ്കിലെന്ന് ഞാനറിയാതെ ചിന്തിച്ചു പോവുകയാണ് “
അവന്റെയാ മറുപടിയിൽ നെഞ്ചിലേക്ക് ഒരുതവണകൂടി അവൾ പതിയെ ചാഞ്ഞിരുന്നു. ആകാശത്തിൽ നിന്ന് ഉതിർന്നു വീഴുന്ന മഴത്തുള്ളികളിലേക്ക് തന്റെ കൈകൾ നീട്ടിക്കൊണ്ട് അവൾ പതിയെ കുലുങ്ങിച്ചിരിച്ചു. അവളുടെ കൈകളിലെ കുപ്പിവളകളും അതിനനുസരിച്ച് പൊട്ടിച്ചിരിച്ചു.
“ഈ മഴയും അവസാനിക്കരുത്, നമ്മോടൊപ്പം ഇവരും പ്രണയിക്കട്ടെ… മനസും ഹൃദയവും ഒരു പോലെ സമാധാനത്തിന്റെ വരമ്പുകളിൽ ഒഴുകിയാടുന്ന പോലെ തോന്നുവാ…. ഞാൻ ആലോചിക്കുകയായിരുന്നു ഈ മഴയിൽ എത്രയാത്ര ഹൃദയങ്ങളാവും നമ്മെ പോലെ സന്തോഷിക്കുന്നുണ്ടാവുക. ഈ മഴയെ നെഞ്ചോട് ചേർത്ത് നിർത്തിയിട്ടുണ്ടാവുക! ഇതൊന്ന് അവസാനിക്കാതെയിരുന്നെങ്കിൽ. ഈ തണുപ്പും മഴയും നിന്റെ പ്രണയവുമെല്ലാം എന്നുമെന്നും ആസ്വദിച്ചു കൊണ്ട് ഇങ്ങനെ ജീവിച്ചു ജീവിച്ച്….”
പറഞ്ഞു തീരും മുമ്പേ അവളതെല്ലാം സ്വയം ചിന്തിച്ച് കൊണ്ട് വിണ്ടുമൊന്ന് കുലുങ്ങി ചിരിച്ചു. മഴയെയും ആസ്വദിച്ചു കൊണ്ട് കയ്യിലെ ആവിപറക്കുന്ന കട്ടൻചായ മാധുര്യത്തോടെ പതിയെ കുടിച്ച് അവർ പരസ്പരം പ്രണയിച്ചു.
പ്രണയോന്മാദത്തിന്റെ മധുമഴ നനഞ്ഞു കൊണ്ട് ചീറിപ്പായുന്ന അവന്റെ ബൈക്കിനു പിന്നിൽ അവനോടൊട്ടി അവളിരുന്നു.
റോഡിലെ കുഴികളിൽ തളം കെട്ടിനിറഞ്ഞ ചളിവെള്ളം. പാതയോരത്തെ ഒരു കോൺക്രീറ്റ് പൈപ്പിനുളിൽ മഴയേയും പേടിച്ച് ദൂരേക്ക് നോക്കി നിൽക്കുന്ന ഒരു അമ്മയും രണ്ടുമക്കളും. ഒരുകുഴി കയറിയിറങ്ങിയ ബൈക്ക് ചിതറിത്തെറിപ്പിച്ച ചളി വെള്ളത്താൽ ആ അമ്മയും മക്കളും നനഞ്ഞു കുളിച്ചു.
തന്റെ മേൽ വീണ അഴുക്കിനെ മറന്ന്, സാരിത്തുമ്പു കൊണ്ട് ആ സ്ത്രീ കുട്ടികളെ തോർത്തിയുണക്കി. കയ്യിലുള്ള റൊട്ടി കഷ്ണത്തിന്റെ ചെറിയൊരു പങ്ക് മാത്രം എടുത്ത് ബാക്കി രാത്രി കഴിക്കാനായി അവർ മാറ്റിവെച്ചു.
പ്രതീക്ഷയോടെ ഇടയ്ക്കിടെ മഴയ്ക്ക് വല്ല ശമനവുമുണ്ടാവുമോയെന്ന് പുറത്തേക്ക് എത്തിവലിഞ്ഞ് നോക്കുന്ന അവരിൽ നിരാശ പന്തലിച്ചു നിന്നു.
ഇനിയും എത്രയെത്ര വീടുകളിൽ കയറി ഇറങ്ങിയാലാണ് തനിക്ക് നാളേക്ക് ഭക്ഷിക്കാനുള്ള അന്നം ലഭിക്കുകയെന്ന് ആലോചിച്ച് അവർ കൂടുതൽ സങ്കടപ്പെട്ടു. മക്കളെ ചേർത്തുപിടിച്ചുകൊണ്ട് അവർ ദീർഘനിശ്വാസം വിട്ടു.
ഒരു തവണ കൂടി മഴക്ക് വല്ല ശമനവുമുണ്ടോയെന്ന് എത്തി വലിഞ്ഞു നോക്കിക്കൊണ്ട് ആ മാതാവ് ആരോടെന്നില്ലാതെ ഉറക്കെ പിറുപിറുത്തു.
“എന്തൊരു നശിച്ചമഴയാണിത്,ഇതൊന്ന് വേഗം അവസാനിച്ചിരുന്നുവെങ്കിൽ “
ദൂരെ ഓടിയകലുന്ന ഒരു ബൈക്കിന്റെ ചുവന്ന പിൻവെളിച്ചം തിളങ്ങിയ അവരു കണ്ണുകളിൽ ഒരു പൊട്ടിപ്പൊളിഞ്ഞ വീടിന്റെ രൂപം മിന്നിമറഞ്ഞു