രണ്ടു കാമചാരികൾ

മൂന്ന്
ഒൻപതാം നമ്പർ വീടിനെ ലക്ഷ്യമാക്കി നടക്കുന്ന ഹേമയും മൂന്നാം നമ്പർ ലക്ഷ്യമാക്കി നടക്കുന്ന മഹേഷും നെൽസൺ മണ്ടേല റോഡിൽ ‍ഇടക്കുവെച്ച് കണ്ടു മുട്ടി.
അടുത്തെത്തിയപ്പോൽ ‍അയാൾ ചോദിക്കാതെ തന്നെ അവൾ ‍ പറഞ്ഞു.
“പാലിതുവരെ കണ്ടില്ല. അതു നോക്കി റോഡിലേക്കിറങ്ങിയതാണ്.”
അയാൾ ചിരിച്ചു. എന്നിട്ട് അവൾ ചോദിക്കാതെ തന്നെ പറഞ്ഞു: ഞാനും
അപ്പോൾ അവൾ ചിരിച്ചു.
ഇരുവരുടെയും മുമ്പിൽ കടുത്ത നെടുങ്കൻ ‍പാമ്പിനെപ്പോലെ നെൽസൺ മണ്ടേല റോഡ് നീ‍ണ്ടു കിടക്കുന്നു.
ഒന്ന്
പെട്ടെന്ന് ഹേമ വല്ലാത്തൊരു അവസ്ഥയിലേക്ക് കുത്തനെ പതിച്ചു. മഹേഷുമായി ഇണചേരാനുള്ള കൊതിയിൽ കാമ വിവശയായി അവൾ ഉരുകി. ഭർ‍ത്താവിന് വെളുപ്പിനെ പോകേണ്ടി വന്നതിനാലാണ് പതിവിലും നേരത്തെ അവൾ ‍ ഉണർന്നത്. നെൽസൺ മണ്ടേല റോഡിലുള്ള ഒരു വസതിയിലും അപ്പോൾ ‍വിളക്കുകൾ ‍തെളിഞ്ഞിരുന്നില്ല.
പ്രഭാത സവാരിക്കാർ മാത്രം നടക്കാനിറങ്ങിയിരുന്നു. അവൾ‍ തനിച്ചായപ്പോഴാണ് പെട്ടെന്ന് മഹേഷിൻറെ രൂപം മനസ്സിലേക്ക് ആർ‍ത്തി പിടിച്ചെത്തിയത്. എന്നും രാത്രി ഉറങ്ങുന്നതിനു മുൻപ് അവൾ ‍ നൂറാവർ‍ത്തി മഹേഷിൻറെ രൂപം മന്ത്രിച്ച് ആ രൂപം ആവാഹിച്ചെടുക്കും. അതുമാത്രം മനസ്സിൽ ‍നിർത്തി സങ്കൽപ്പരതിയിൽ അഭിരമിക്കുമ്പോഴായിരിക്കും ചിലപ്പോൾ അപ്രതീക്ഷിതമായി ഭർത്താവിൻറെ കടന്നാക്രമണം. എതിർ‍പ്പുകളൊന്നും പ്രകടിപ്പിക്കാതെ പൂർ‍ണ്ണ വിധേയത്വത്തിൽ കിടന്നു കൊടുക്കുമ്പോഴും വിയർ‍ത്തു കിതച്ച് അയാളുറങ്ങുമ്പോഴും അവളുടെ മനസ്സിലെ ആവാഹനരൂപത്തിന് മാറ്റം വരാറില്ല.
മഹേഷിനെ കുറിച്ചെല്ലാം തന്നെ അവൾ അറിഞ്ഞു വെച്ചിരിക്കുന്നു. ജംഗ്ഷനിൽ എസ്.ടി.ഡി ബൂത്തും ഡി.ടി.പി സെൻറെറും നടത്തുന്ന മഹേഷ് നെൽസൺ മണ്ടേല റോഡിലെ ആറ് വീടുകൾ ക്കപ്പുറത്ത് ഒൻ‍പതാം നമ്പർ വീടുവാങ്ങി താമസം തുടങ്ങിയിട്ട് രണ്ടുവർ‍ഷം കഴിഞ്ഞിരിക്കുന്നു. ഗൃഹപ്രവേശനത്തിന് ക്ഷണിക്കാൻ അയാൾ ഭാര്യയോടൊപ്പം വന്നപ്പോഴാണ് ആദ്യമായി സംസാരിക്കുന്നത്. അതിനുമുമ്പ് മഹാത്മാഗാന്ധി റോഡിലെ ഏതോ വീട്ടിൽ ‍വാടകക്ക് താമസിക്കുകയായിരുന്നു അവർ.
ഇവിടെ വന്നതിനു ശേഷമാണ് അയാളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. കോളേജിലേക്ക് പോകുമ്പോഴും ചിലപ്പോൾ മടങ്ങുമ്പോഴുമൊക്കെ അയാൾ അഭിമുഖമായി ചുവന്ന ബൈക്കിൽ കടന്നു പോകാറുണ്ട്. ചിലപ്പോൾ ‍ഒറ്റക്ക്, ചിലപ്പോൾ ഭാര്യയോടൊപ്പം. എപ്പോഴായാലും ബൈക്ക് നിർത്തി എന്തെങ്കിലും സംസാരിക്കും. എടുത്തുപറയത്തക്ക യാതൊരു പ്രത്യേകതകളുമില്ലാത്ത, സുമുഖൻ എന്നുപോലും പറയാനാവാത്ത മഹേഷിൽ എന്താകർഷണമാണ് തനിക്കു തോന്നുന്നതെന്ന് ഹേമക്ക് എത്ര ഗഹനമായി ചിന്തിച്ചിട്ടും പിടികിട്ടിയില്ല. അയാളെ കാണുമ്പോൾ,‍ ആ ശബ്ദം കേൾ‍ക്കുമ്പോൾ‍ ഉടലാകെ ഒരു തരിപ്പും ഒരു നനവും. മറ്റൊരു പുരുഷനോടും ഇന്നുവരെ തോന്നിയിട്ടില്ലാത്ത ആസക്തിയാണിത്.
ഹേമ സ്വയം പറഞ്ഞു : ‘എനിക്കയാളെ ഒരിക്കലെങ്കിലും അനുഭവിക്കണം. അല്ലാതെ ഈ ശരീരം അടങ്ങില്ല.’
ഇന്നലെ ബസ്റ്റോപ്പിൽ വെച്ച് അയാളുടെ ഭാര്യയെ കണ്ടിരുന്നു. ലോഹ്യം പറച്ചിലിനിടയിൽ അച്ഛൻറെ അസുഖം പ്രമാണിച്ച് രണ്ടു ദിവസം അച്ഛനോടൊത്തു ചിലവഴിക്കാൻ സ്വന്തം വീട്ടിലേക്കു പോവുകയാണെന്നും രണ്ടു ദിവസത്തേക്ക് മഹേഷിനുള്ള ആഹാരം ഫ്രിഡ്ജിൽ ‍വെച്ചിട്ടുണ്ടെ‍ന്നും ഹേമ മനസ്സിലാക്കി.
അപ്പോൾ‍ ഈ നിമിഷം മഹേഷ് അയാളുടെ വീട്ടില്‍ തനിച്ചാണ്. അവളുടെ ഓരോ അണുവും അയാൾ‍ക്കു വേണ്ടി ചുട്ടുപൊള്ളി.
കതകു പൂട്ടി, ഗേറ്റു തുറന്ന് അവൾ നെൽസൺ മണ്ടേല റോഡിലേക്കിറങ്ങി ഒൻ‍പതാം നമ്പർ ‍വീട് ലക്ഷ്യമാക്കി നടന്നു.
രണ്ട്
കടുത്ത ഏകാന്തതയുടെ ഒരു രാത്രിക്കുശേഷം പുലർച്ചെ ഉണർന്നെഴുന്നേറ്റ മഹേഷ് വാതിൽ തുറന്ന് മുറ്റത്തിറങ്ങി. അരണ്ട‍ വെളിച്ചവും നേർ‍ത്ത തണുപ്പുമുണ്ട്. മുറ്റത്തു വീണു കിടക്കുന്ന പത്രമെടുക്കാനായി ഗേറ്റിനു സമീപത്തേയ്ക്കു നടക്കുമ്പോഴാണ് പച്ച മാരുതിയിൽ ഹേമയുടെ ഭർത്താവ് സ്വയം ഡ്രെെവ് ചെയ്ത് പോകുന്നത് കണ്ടത്. പെട്ടെന്ന് ഒരു നിമിഷം കൊണ്ട് അയാളുടെ ഉടലിൽ ‍ ഒരു മിന്നലാട്ടം പടർന്നു.
നെൽസൺ മണ്ടേല റോഡിലെ മൂന്നാം നമ്പർ‍ വീട്ടിൽ ഹേമ ഇപ്പോൾ ‍ഒറ്റക്കാണെന്ന ബോധം അയാളുടെ സർ ‍വ്വാംഗങ്ങളെയും കോരിത്തരിപ്പിച്ചു. പതിവുപോലെ ഇന്നലെ രാത്രിയിലും ഉറങ്ങുന്നതിനു മുമ്പ് നൂറാവർ‍ത്തി ഹേമയുടെ പേരുരുവിട്ട് രൂപം ആവാഹിച്ചതാണ്. ആ വീട്ടിൽ‍ ഭാര്യയില്ലാതെ ഉറങ്ങുന്ന ആദ്യത്തെ രാത്രിയായിരുന്നു അത്. അയാൾ തനിച്ചായ ആ രാത്രിയിൽ ആർ‍ത്തി പിടിച്ച് മനസ്സിലേക്കെത്തിയ ഹേമ അവിടെ ഇരിപ്പുറപ്പിച്ചു.
എന്നും രാത്രി ഉറങ്ങുന്നതിനു മുമ്പ് അയാൾ‍ ഹേമയുടെ നാമം നൂറാവർത്തി മന്ത്രിച്ച് ആ രൂപത്തെ ധ്യാനിച്ചാവാഹിക്കും. അതു മാത്രം മനസ്സിൽ നിർ‍ത്തി സങ്കൽ‍പ്പ രതിയിൽ അഭിരമിക്കുമ്പോഴായിരിക്കും ചിലപ്പോൾ‍ അപ്രതീക്ഷിതമായി ഭാര്യയുടെ പടർ‍ന്നു കയറൽ‍. എതിർ‍പ്പുകളൊന്നും പ്രകടിപ്പിക്കാതെ പൂർ‍ണ്ണമായി സഹകരിക്കുമ്പോഴും വിയർ‍ത്തു കിതച്ച് അവളുറങ്ങുമ്പോഴും അയാളുടെ മനസ്സിലെ ആവാഹനരൂപത്തിന് മാറ്റം വരാറില്ല.
ഹേമയെകുറിച്ചെല്ലാം തന്നെ അയാൾ അറിഞ്ഞുവെച്ചിരിക്കുന്നു. വിമൺസ് കോളേജിലെ അദ്ധ്യാപികയായ ഹേമയെ എസ്.ടി.ഡി ബൂത്തിലിരുന്ന് പലപ്പോഴും കണ്ടിട്ടുണ്ട്. ഭംഗിയായുടുത്ത സാരിയുടെ ഞൊറികളാണ് ആദ്യം കണ്ണിൽ‍ പെട്ടത്. മഹാത്മാഗാന്ധി റോഡിലെ വസതിയിൽ വാടകക്ക് താമസിക്കുന്ന നാളുകൾ‍ മുതലേ ശ്രദ്ധിച്ചു തുടങ്ങിയതാണ്. പിന്നീട് നെൽസൺ മണ്ടേല റോഡിൽ വീടുവാങ്ങി താമസം തുടങ്ങിയ ശേഷമാണ് അതേ റോഡിൽ തന്നെയാണ് അവളും താമസിക്കുന്നുന്നതെന്നറിഞ്ഞത്. ഗൃഹപ്രവേശനത്തിന് ഹേമയെയും ഭർ‍ത്താവിനെയും ക്ഷണിച്ചിരുന്നു. അന്നാണ് ആദ്യമായി സംസാരിക്കുന്നത്.
പലപ്പോഴും വഴിയിൽ വെച്ച് അവരെ അഭിമുഖീകരിക്കാറുണ്ട്. എടുത്തു പറയത്തക്ക യാതൊരു പ്രത്യേകതകളുമില്ലാത്ത സുമുഖി എന്ന് പോലും പറയാനാവാത്ത ഹേമയിൽ എന്താകർഷണമാണ് തനിക്കു തോന്നുന്നതെന്ന് മഹേഷിന് എത്ര ഗഹനമായി ചിന്തിച്ചിട്ടും പിടികിട്ടിയില്ല. അവളെ കാണുമ്പോൾ, ആ ശബ്ദം കേള്‍ക്കുമ്പോൾ, ഒരുതരം തരിപ്പ് പടരുന്നു. അരക്കെട്ടിൽ ‍ഒരു കാവടിയാട്ടം. ഉടൽ ‍മദ്ധ്യത്തിൽ ‍ഒരനക്കം.
മറ്റൊരു സ്ത്രീയോടും ഇന്നുവരെ തോന്നിയിട്ടില്ലാത്ത ആസക്തിയാണിത്. മഹേഷ് സ്വയം പറഞ്ഞു: ‘എനിക്കവളെ ഒരിക്കലെങ്കിലും അനുഭവിക്കണം. അല്ലാതെ ഈ ശരീരം അടങ്ങില്ല.’
പുലർച്ചെ പച്ച മാരുതിയിൽ അവളുടെ ഭർ‍ത്താവ് പോകുന്നതു കണ്ടപ്പോൾ ഇന്‍കം ടാക്സ് ഓഫീസർ ‍ആയ അയാൾ ഏതോ ഔദ്യോഗിക ആവശ്യത്തിന് ദൂരെയെവിടെയോ പോവുകയാണെന്നും ഉടനെ തിരിച്ചെത്താന്‍ സാധ്യത ഇല്ലെന്നും മഹേഷ് മനസ്സിലാക്കി. അപ്പോൾ ഈ നിമിഷം ഹേമ അവളുടെ വീട്ടിൽ തനിച്ചാണ്.അയാളുടെ ഓരോ അണുവും അവള്‍ക്കു വേണ്ടി ചുട്ടു പൊള്ളി. പെട്ടെന്ന് വല്ലാത്ത ഒരവസ്ഥയിലേക്ക് മഹേഷ് കുത്തനെ പതിച്ചു. ഹേമയുമായി ഇണ ചേരാനുള്ള തീരാത്ത കൊതിയിൽ ‍കാമവിവശനായി അയാൾ ഉരുകി.
കതകു പൂട്ടി ഗേറ്റു തുറന്ന് അയാൾ ‍നെൽസൺ മണ്ടേല റോഡിലേക്കിറങ്ങി മൂന്നാം നമ്പർ ‍വീട് ലക്ഷ്യമാക്കി നടന്നു.
തിരുവല്ല മേപ്രാൽ സ്വദേശി. വഴിയറിയാതെ, ആരുമല്ലാത്തൊരാൾ എന്നിവയ്ക്ക് കുങ്കുമം അവാർഡ്. ദ്വൈതം എന്ന തിരക്കഥയ്ക്കു അമച്വർ ലിറ്റിൽ സിനിമ അലയുടെ പ്രഥമ പുരസ്ക്കാരം. കണ്ണാടിക്കത്തുകൾ (കഥകൾ), ഞാണിന്മേൽകളി ( നോവൽ) എന്നിവ മറ്റു കൃതികൾ.