രണ്ടാമൂഴം

കാലങ്ങൾക്കു ശേഷം
രണ്ടാമതും ഗർഭം ധരിക്കുന്നത്

വറ്റിവരണ്ടൊരു നദിയിൽ
പുതിയൊരുറവനീരോടുന്നതോ

പരിലാളനങ്ങൾക്കു നടുവിലൊരാന്തൂറിയം
തളിരിട്ടു നിൽക്കുന്നതോ

ഒഴുക്കിൽ നീന്തിയെത്തിയ
പരൽമീൻ കൂട്ടത്തിലൊന്ന്
തപസ്വിയുടെ കൈക്കുമ്പിളിൽ കയറിക്കൂടിയതോ

പതികാലത്തിൽ തുടങ്ങി
മേളപ്പെരുക്കത്തിന്റ
ഹർഷോന്മത്തിയിലേക്കുള്ള
പ്രയാണമോ

ചെറുതിന്റെ വ്യാസത്തിൽ നിന്നും
വലുതലേക്കു നിറയുന്ന
രണ്ടാമൂഴമാണത്!

ചിരപരിചിതമായ ജന്മനാട്
കാലങ്ങൾക്കു ശേഷം
കാണുമ്പോൾ മാത്രം
തോന്നുന്ന ചിലത്

കാലത്തിന്റെ മുഖങ്ങൾ
നിശബ്ദമുൾക്കൊണ്ട
മനസ്സുടൽ ചേർന്നൊരു കവിത

അറിഞ്ഞനുഭവിച്ച
പേറ്റുനോവിനെ
വീണ്ടുമാശിക്കുന്ന വാത്സല്യം

അരുതുകളുടെ
തടവറയിലേക്ക്
സൃഷ്ടിയുടെ വെളിച്ചം
പകർന്ന വൈഭവം

കടിഞ്ഞൂൽ പൊട്ടത്തരങ്ങൾ
‘അമ്മയാധി’ യുടെ ശീതളിമ
യിലെത്തിയ രണ്ടാം ഭാവത്തിന്
സൗന്ദര്യ… ലഹരി.

ഇനിയാദ്യം മുതൽ
അമ്മിഞ്ഞയൂട്ടി, ഇളംകൈ
പുണർന്നുറങ്ങാൻ
കാത്തിരിപ്പിന്റെ സുകൃതം!

തൃശ്ശൂർ കോളങ്ങാട്ടുകര സ്വദേശിനി. പെരുമ്പിലാവ് മാർ ഒസ്താത്തിയോസ് കോളേജ് അധ്യാപികയാണ്. ആനുകാലികങ്ങളിൽ (സാമാന്തര, ഓൺലൈൻ ) ഇടങ്ങളിൽ എഴുതുന്നു.